Saturday, 14 July 2012

[www.keralites.net] ലോകമറിയുന്ന ഇവര്‍ ഇന്ന്‌ ഒന്നുമറിയുന്നില്ല, ആരെയും

 

ലോകമറിയുന്ന ഇവര്‍ ഇന്ന്‌ ഒന്നുമറിയുന്നില്ല, ആരെയും!‍
ന്യൂഡല്‍ഹി: കൃഷ്‌ണമേനോന്‍ മാര്‍ഗിലെ 6എ വസതിയില്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി രണ്ടാം ബാല്യത്തിലെന്നോണം ഓര്‍മകള്‍ അലട്ടാത്ത ലോകത്താണ്‌. നിയന്ത്രിത സന്ദര്‍ശകരെ നോക്കി, കുഞ്ഞുങ്ങളെപ്പോലെ പല്ലില്ലാമോണ കാട്ടി ചിരിക്കും... ഒരിക്കല്‍ ലോകം കാതോര്‍ത്തിരുന്ന ആ മഹാവാഗ്മിയുടെ നിതാന്തമൗനത്തിനു മുന്നില്‍ സന്ദര്‍ശകരുടെ ഹൃദയം നുറുങ്ങും.

എല്‍.കെ. അദ്വാനിയെപ്പോലെ അടുപ്പമുള്ള നേതാക്കളെ അടല്‍ജിക്കു തിരിച്ചറിയാമെന്നു ബി.ജെ.പി. അവകാശപ്പെടുമ്പോഴും ആ മസ്‌തിഷ്‌കത്തില്‍നിന്നു ഭൂതകാലത്തെ മറവിരോഗം 
മായ്‌ച്ചുകളഞ്ഞെന്നതാണു സത്യം. വളര്‍ത്തുമകളുടെ ഭര്‍ത്താവ്‌ രഞ്‌ജന്‍ ഭട്ടാചാര്യയാണ്‌ അദ്ദേഹത്തോടൊപ്പമുള്ളത്‌. ഞാന്‍ രാഷ്‌ട്രീയത്തെ വിട്ടെങ്കിലും രാഷ്‌ട്രീയം എന്നെ വിടുന്നില്ലെന്നു പറഞ്ഞ നേതാവിന്റെ വിദൂരസ്‌മൃതികളില്‍പ്പോലും രാഷ്‌ട്രീയം കടന്നുവരുന്നില്ല. വാജ്‌പേയിയുടെ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെയും കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയരഞ്‌ജന്‍ദാസ്‌ മുന്‍ഷിയേയും മറവിയുടെ മാറാല മൂടിയിരിക്കുന്നു, എന്നേയ്‌ക്കുമായി.

കവികളിലെ നേതാവെന്നും നേതാക്കളിലെ കവിയെന്നും വിഖ്യാതനായ വാജ്‌പേയിയുടെ പ്രസംഗങ്ങള്‍പോലും കവിത തുളുമ്പുന്നതായിരുന്നു. എതിരാളികള്‍ക്ക്‌ കുറിക്കുകൊള്ളുന്ന അസ്‌ത്രങ്ങളും. 'അന്‌ധേരാ ഛഡേഗാ, സൂരജ്‌ ഉഠേഗാ, കമല്‍ ഖിലേഗാ' (അന്ധകാരം നീങ്ങും, സൂര്യനുദിക്കും, താമര വിരിയും)- ഒരിക്കല്‍ ബി.ജെ.പി. അധികാരത്തില്‍ വരുമെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള വാജ്‌പേയിയുടെ പ്രഖ്യാപനം പ്രസിദ്ധമാണ്‌. 1980 ഏപ്രില്‍ ആറിനു ഡല്‍ഹിയില്‍, ബി.ജെ.പിയുടെ പ്രഥമ സ്‌ഥാപകദിനത്തിലായിരുന്നു അത്‌. ബി.ജെ.പിയുടെ വളര്‍ച്ച ആരും സ്വപ്‌നത്തില്‍പ്പോലും കാണാത്ത നാളുകളിലെ ആ പ്രവചനം അണികള്‍ക്ക്‌ ആവേശമായി. പിന്നീട്‌ അതു യാഥാര്‍ഥ്യമാകുകയും ചെയ്‌തു.

വാക്കുകള്‍കൊണ്ട്‌ ജനലക്ഷങ്ങളെ ത്രസിപ്പിച്ച വാജ്‌പേയിയുടെ പ്രസംഗശൈലിയും താളാത്മകമായിരുന്നു. വാചകങ്ങള്‍ക്കിടയില്‍ നിമിഷങ്ങള്‍ നീളുന്ന മൗനം. പാതിയടഞ്ഞ കണ്ണുകളുമായി ആകാശത്തേക്കു തല ചരിച്ചുനിന്ന്‌, അന്തരീക്ഷത്തില്‍നിന്നു വാക്കുകള്‍ വലിച്ചെടുത്ത്‌ വീണ്ടും സദസിലേക്ക്‌ എറിയുകയായിരുന്നു പതിവ്‌. അര്‍ധവിരാമത്തിനുശേഷം വരുന്ന വാക്‌പ്രവാഹത്തിലാണ്‌ പ്രതിയോഗികള്‍ക്കുനേരേയുള്ള ആയുധം ഒളിപ്പിച്ചിരിക്കുന്നത്‌ എന്നറിയാവുന്ന പത്രപ്രവര്‍ത്തകര്‍ അടുത്ത നിമിഷത്തിനായി കാതുകൂര്‍പ്പിച്ചു. പ്രായമേറിയതിനൊപ്പം വാചകങ്ങള്‍ക്കിടയിലെ മൗനത്തിന്റെ ആഴം നീണ്ടു. വരികള്‍ക്കിടയിലുളള മൗനം മഹാമൗനത്തിനു വഴി മാറുകയാണെന്ന്‌ ആരും അന്നു കരുതിയില്ല.

2006 അവസാനം ലഖ്‌നൗവില്‍ നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയുടെ സമാപനവേളയിലായിരുന്നു വാജ്‌പേയിയുടെ വിടവാങ്ങല്‍ പ്രസംഗം. ഡല്‍ഹിയിലേക്കുള്ള പാത ലഖ്‌നൗവിലൂടെയാണെന്നു സൂചിപ്പിച്ചാണ്‌ അന്നദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്‌. ഇന്നിപ്പോള്‍ അഴിമതിക്കേസില്‍ കേന്ദ്രമന്ത്രിമാര്‍ രാജിവച്ചൊഴിയുമ്പോഴും ജയിലില്‍ അടയ്‌ക്കപ്പെടുമ്പോഴും കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ബി.ജെ.പിക്കു സാധിക്കാതിരിക്കുമ്പോള്‍, നരേന്ദ്രമോഡിയും സഞ്‌ജയ്‌ ജോഷിയും കൊമ്പു കോര്‍ക്കുമ്പോള്‍, ദേശീയനേതൃത്വത്തെ യെദിയൂരപ്പ വരച്ചവരയില്‍ നിര്‍ത്തുമ്പോള്‍... വാജ്‌പേയിയുടെ വാക്കുകള്‍ക്കായി ജനകോടികള്‍ വെറുതേ കാതോര്‍ക്കുന്നു. ജന്മദിനാശംസയര്‍പ്പിച്ച്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വാജ്‌പേയിയെ ഭീഷ്‌മപിതാമഹനോടാണ്‌ ഉപമിച്ചത്‌.

അടിയന്തരാവസ്‌ഥയോടുള്ള പുച്‌ഛം മുഖത്തു പ്രകടിപ്പിച്ച്‌, കൂച്ചുവിലങ്ങണിഞ്ഞ ഒറ്റയാനെപ്പോലെ, 1976-ല്‍ അറസ്‌റ്റ് വരിച്ച ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെയും മറവിരോഗം കീഴടക്കി.

വാജ്‌പേയിയേയും ഫെര്‍ണാണ്ടസിനെയും ശുശ്രൂഷിക്കുന്നത്‌ ഒരേ ഹോസ്‌പിറ്റല്‍ ഏജന്‍സിയാണ്‌. ഫെര്‍ണാണ്ടസ്‌ പൂര്‍ണമായും കിടപ്പിലാണ്‌. നെഞ്ചില്‍ ഘടിപ്പിച്ച കുഴല്‍വഴി ദ്രവരൂപത്തിലാണു ഭക്ഷണം നല്‍കുന്നത്‌.

മൂന്നു ദശാബ്‌ദത്തിലേറെ അകന്നുനിന്ന ഭാര്യ ലീല കബീറാണ്‌ അദ്ദേഹത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്‌. അനുകൂല കോടതിവിധി നേടി ആഴ്‌ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ കാണാന്‍ ജോര്‍ജിന്റെ സഹോദരന്‍ എത്തും.

മറവിരോഗം ബാധിച്ച മറ്റൊരു നേതാവ്‌ മുന്‍ വാര്‍ത്താവിതരണമന്ത്രി പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷിയാണ്‌. പ്രതിഭാ പാട്ടീലിനെ രാഷ്‌ട്രപതിയാക്കാന്‍ അക്ഷീണം പ്രയത്നിച്ച അദ്ദേഹം പുതിയ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ അറിയുന്നതേയില്ല. സഹപ്രവര്‍ത്തകനും സുഹൃത്തുമായ പ്രണബ്‌ മുഖര്‍ജി രാഷ്‌ട്രപതി പദവി ഉറപ്പിച്ചപ്പോഴും റെയ്‌സിനാ ഹില്ലില്‍നിന്ന്‌ ഏറെ അകലെയല്ലാത്ത അപ്പോളോ ആശുപത്രിയിലാണ്‌ ദാസ്‌ മുന്‍ഷി.

സ്വയം ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയില്ല. 34 വര്‍ഷം നീണ്ട ബംഗാള്‍ ഭരണത്തില്‍നിന്ന്‌ ഇടതുപക്ഷം പടിയിറങ്ങിയത്‌ സി.പി.എമ്മിന്റെ പഴയ പ്രതിയോഗി അറിഞ്ഞില്ല. തനിക്കു പകരം ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഭാര്യ ദീപാ ദാസ്‌ മുന്‍ഷി കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അങ്കം വെട്ടുന്നതും അദ്ദേഹത്തിന്‌ അജ്‌ഞാതം. 2009-ല്‍ ഡല്‍ഹിയിലെ തണുപ്പുകാലത്താണ്‌ ദാസ്‌ മുന്‍ഷിയില്‍നിന്ന്‌ ഓര്‍മ വിടപറഞ്ഞത്‌.

ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ (എയിംസ്‌) ചികിത്സയ്‌ക്കുശേഷം ജര്‍മനിയില്‍ സ്‌റ്റെം സെല്‍ തെറാപ്പി ചെയ്‌തെങ്കിലും പ്രയോജനപ്പെട്ടില്ല. അപ്പോളോ ആശുപത്രിയിലെ മുറിയില്‍ പാര്‍ലമെന്റ്‌ നടപടി ക്രമങ്ങള്‍ മാത്രമല്ല ഫുട്‌ബോള്‍ കളി നടക്കുമ്പോഴും ടിവി ഓണാക്കാറുണ്ട്‌. 20 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ അപ്പോഴെല്ലാം നിസംഗത മാത്രം.

ഡി. ധനസുമോദ്‌
 
 
Prince

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment