Sunday, 17 June 2012

[www.keralites.net] ദിശാബോധമില്ലാത്ത രണ്ടു പാര്‍ട്ടികള്‍ |

 

കോണ്‍ഗ്രസ് എന്തു പറഞ്ഞാലും അതെല്ലാം സുവിശേഷ പ്രസംഗകന്റെ ശബ്ദഘോഷം പോലെയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തക സമിതി അംഗങ്ങളും സംസ്ഥാന അധ്യക്ഷന്മാരുമുള്‍പ്പെടെ നൂറോളം പ്രതിനിധികളുടെ യോഗത്തിലും കോണ്‍ഗ്രസിന്റെ അവസ്ഥ വ്യത്യസ്തമായിരുന്നില്ല. അതിജീവനത്തിന്റെ വികാരങ്ങളുയര്‍ത്തുന്ന പ്രഭാഷകനെപ്പോലെയാണ് പാര്‍ട്ടി അഭിനയിച്ചത്. എതിരാളികളെ ആക്രമിച്ചുകൊണ്ടുമാത്രം അതിജീവനം നേടാനാവില്ല. കുതിച്ചുയരുന്ന വിലക്കയറ്റത്തെക്കുറിച്ചും ഒടുങ്ങാത്ത അഴിമതിക്കഥകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സ്വന്തം നാട്ടുകാരോട് തൃപ്തികരമായ മറുപടി പറയേണ്ടതുണ്ട്. ഖജനാവിനെ കൊള്ളയടിക്കുന്ന അഴിമതികള്‍ തുടരുമ്പോള്‍തന്നെ തകരുന്ന സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള നടപടികളൊന്നുമുണ്ടാകുന്നില്ല. എന്നിട്ടും ഇതിന് ഔദ്യോഗിക വിശദീകരണമൊന്നുമില്ല. നമ്മള്‍ പ്രശ്നങ്ങള്‍ തരണംചെയ്യുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മുദ്രാവാക്യമോ വിമര്‍ശകര്‍ക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആക്രമണമോ പ്രയോജനം ചെയ്യില്ല. പാര്‍ട്ടി അനുയായികള്‍ പണ്ടത്തെപ്പോലെ അത്ര പാവങ്ങളല്ല ഇപ്പോള്‍. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടണം.
കോണ്‍ഗ്രസ് നേതാക്കളുടെ, പ്രത്യേകിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അമിത ആത്മവിശ്വാസം ജനങ്ങള്‍ അത്രക്കങ്ങ് സ്വീകരിക്കുന്നുമില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനമാകട്ടെ, ഒട്ടും മെച്ചമല്ല. പൊതു തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം മാത്രം അകലെയാണ്. സമ്പദ് വ്യവസ്ഥയും വോട്ടര്‍മാരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്താനുള്ള നടപടികള്‍ക്ക് അത്രയേറെ സമയമില്ല.
മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്ന് ഞാന്‍ കരുതി. രാഹുല്‍ ഗാന്ധി കൂടുതല്‍ നിര്‍ണായക റോളിലെത്തുമെന്നും പുതുമയാര്‍ന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിച്ചു. ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള പരിമിതികള്‍ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, സ്വന്തം നോമിനിയെ രാഷ്ട്രപതി ഭവനിലെത്തിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ തളര്‍ച്ചക്ക് കാരണമെന്ന് പാര്‍ട്ടിക്ക് പറയാനാകില്ല. കോണ്‍ഗ്രസ് വലിയൊരവസരമാണ് നഷ്ടമാക്കിയത്. ആശയ ദാരിദ്യ്രം നേരിടുന്ന പാര്‍ട്ടിക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ ഉല്‍പാദന വളര്‍ച്ചയുണ്ടാക്കുന്നതിനോ അറിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. ബദലെന്ന് പറയാവുന്ന ബി.ജെ.പിയാകട്ടെ അവിടെയുമില്ല, ഇവിടെയുമില്ല എന്ന അവസ്ഥയിലാണ്. അടുത്തിടെ, ബി.ജെ.പി അധികാരം മണത്തതാണ്. കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ അകല്‍ച്ച അവരെ ബി.ജെ.പിയോട് അടുപ്പിക്കുമെന്നും പാര്‍ട്ടി കരുതി. എന്നാല്‍, സ്വന്തം പാളയത്തില്‍തന്നെ കാര്യങ്ങള്‍ അത്ര പന്തിയല്ലാതിരിക്കേ എങ്ങനെയാണ് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാവുക.
ആര്‍.എസ്്.എസ് തുടര്‍ന്നും സ്വാധീനം ചെലുത്തുമെന്ന കാര്യം ബി.ജെ.പിക്ക് അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല; പാര്‍ട്ടിയിലെ നല്ലൊരു ഭാഗം മറ്റൊരു ഇമേജ് ആണ് ആഗ്രഹിക്കുന്നതെങ്കിലും. ഒന്നാമതായി, ആര്‍.എസ്.എസ് തങ്ങളുടെ രാഷ്ട്രീയ വിഭാഗമായി രൂപവത്കരിച്ചതാണ് ജനസംഘം. ഇത് പിന്നീട് ബി.ജെ.പിയായി. അതിനാല്‍, പിതൃത്വം തള്ളിക്കളയാനാകില്ല. രണ്ടാമതായി പാര്‍ട്ടിക്ക് സ്വന്തമായി കേഡറില്ല. മധ്യവര്‍ഗത്തില്‍നിന്നുള്ള ബി.ജെ.പി നേതൃത്വം ആര്‍.എസ്.എസ് പ്രചാരകരെ അത്രക്കങ്ങ് ഇഷ്ടപ്പെടുന്നില്ല. എങ്കിലും, അവര്‍ തന്നെയാണ് പാര്‍ട്ടിയുടെ മുഖ്യ കരുത്തും. ബി.ജെ.പി ഒരു കാലത്തും യഥാര്‍ഥ അര്‍ഥത്തിലുള്ള ഒരു പാര്‍ട്ടിയായിരുന്നില്ല. ആര്‍.എസ്.എസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ട് ജനതാപാര്‍ട്ടി പഴയ ജനസംഘം അംഗങ്ങളെ പുറത്താക്കിയതിനോടുള്ള പ്രതികരണമായാണ് ബി.ജെ.പിയുടെ പിറവി. ബി.ജെ.പിയെ ആര്‍.എസ്.എസ് തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു. ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ അടല്‍ ബിഹാരി വാജ്പേയിക്കുപോലും കാക്കി നിക്കര്‍ ധരിച്ച് അറ്റന്‍ഷനില്‍ നില്‍ക്കേണ്ടി വന്നു. അതിനാലാണ് ആര്‍.എസ്.എസിന് പാര്‍ട്ടിയെ ആഗ്രഹിക്കുമ്പോഴെല്ലാം വരുതിയിലാക്കാന്‍ കഴിയുന്നത്. ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആര്‍.എസ്.എസ് നോമിനിയാണ്. അതുകൊണ്ടുതന്നെയാണ് എല്‍.കെ. അദ്വാനിക്കും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിനും ഇഷ്ടമല്ലാതിരുന്നിട്ടും ഗഡ്കരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍പ്പുള്ളവരാകട്ടെ, ഒന്നും തുറന്നുപറയാന്‍ ധൈര്യപ്പെടുന്നില്ല.
ആരെ, എപ്പോള്‍ ഉയര്‍ത്തിക്കാണിക്കണമെന്ന് ആര്‍.എസ്.എസിന് അറിയാം. 2014 പൊതുതെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമ്പോള്‍ പ്രധാനമന്ത്രിയാകുമെന്ന മട്ടിലാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പെരുമാറ്റം. നിരവധി പേര്‍ പ്രധാനമന്ത്രിപദ മോഹികളായി രംഗത്തുവരുന്നതിനെ ആര്‍.എസ്.എസ് വിമര്‍ശിച്ചിട്ടുണ്ട്. ഒരുപക്ഷേ, മോഡിയെ ഉയര്‍ത്തിക്കാട്ടാന്‍ സമയമായിട്ടില്ലെന്ന് സംഘടനക്ക് തോന്നുന്നുണ്ടാകാം. അല്ലെങ്കില്‍, ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സാധ്യതയുള്ള നിഷ്പക്ഷമതികളെ മോഡി വരുന്നത് പിന്തിരിപ്പിച്ചേക്കാം എന്ന് കരുതുന്നുണ്ടാകാം.
എന്നാല്‍, മോഡിയുടെ രംഗപ്രവേശം രാജ്യത്തെ വിഭജിക്കുമെന്ന കാര്യം ആര്‍.എസ്.എസ് മനസ്സിലാക്കുന്നില്ല. ഗുജറാത്തില്‍ മുസ്ലിംകളോട് ചെയ്ത ക്രൂരതയുടെ പേരില്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ രാജ്യം തയാറാകില്ല. തനിക്കെതിരായ അനവധി കേസുകളില്‍നിന്ന് മോഡി ഇനിയും രക്ഷപ്പെട്ടിട്ടുമില്ല. മോഡി കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ ആര്‍.എസ്.എസിന് കാത്തിരിക്കേണ്ടി വരും.
അദ്വാനിയുടെ അസന്തുഷ്ടി മനസ്സിലാക്കാവുന്നതാണ്. ജനതാപാര്‍ട്ടിയില്‍നിന്ന് പുറത്തായവരെ ബി.ജെ.പിയുടെ കീഴില്‍ ഒരുമിച്ച് കൂട്ടിയത് അദ്ദേഹമാണ്. വിധേയത്വത്തോടെ സേവിച്ച ആര്‍.എസ്.എസ് തന്നെ ലോക്സഭ പ്രതിപക്ഷ നേതാവാക്കിയില്ലെന്ന് അദ്ദേഹത്തിന് പരിഭവമുണ്ട്. സത്യത്തില്‍, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷന്‍ എന്ന പദവിയില്‍ അദ്ദേഹത്തെ കുടിയിരുത്തിയ ബി.ജെ.പി എം.പിമാരാണ് അതിന് കാരണക്കാര്‍.
തൊഴുത്തില്‍ക്കുത്തും സ്ഥാനമോഹവും പിടികൂടിയ രണ്ടു ദേശീയ പാര്‍ട്ടികളും-കോണ്‍ഗ്രസും ബി.ജെ.പിയും-രാജ്യത്തെ നയിക്കാന്‍ യോഗ്യരല്ലെന്നത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. രാജ്യത്തെ നയിക്കാന്‍, ചെറുതെങ്കിലും വിശാല കാഴ്ചപ്പാടുള്ള ഒരു പാര്‍ട്ടിയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment