Sunday 17 June 2012

[www.keralites.net] പൊലീസിന്റെ 'ഹൈടെക് തന്ത്രം'

 

ചന്ദ്രശേഖരന്‍ വധം: പ്രതികളെ വലയിലാക്കിയത് പൊലീസിന്റെ 'ഹൈടെക് തന്ത്രം'

 

വടകര: ടി.പി. ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത് കേരളപൊലീസിന്റെ സൈബര്‍ സെല്ലിന്റെ തന്ത്രപരമായ നീക്കം. തിരുവനന്തപുരം ഹൈടെക് സെല്ലിന്റെയും വടകര, കണ്ണൂര്‍ എസ്.പി ഓഫിസുകളിലെ സൈബര്‍സെല്ലിന്റെയും നീക്കമാണ് പ്രതികളെ പിടികൂടാന്‍ സഹായമായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച ശാസ്ത്രീയ അന്വേഷണമാണ് ഹൈടെക് സെല്‍ നടത്തിവരുന്നത്.
മേയ് നാലിന് രാത്രി 10.15ഓടെ വള്ളിക്കാട് ടൗണിലാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഒഞ്ചിയം ഏരിയയിലെ മൊബൈല്‍ ടവറുകളില്‍ നിന്ന് പുറത്തേക്കും അകത്തേക്കും 1000ത്തിലേറെ ഫോണ്‍ കോളുകള്‍ പോയതായി അന്വേഷണത്തില്‍ മനസ്സിലായി. ഇതോടൊപ്പം മേയ് നാലിന് രാത്രി 10വരെ ഒഞ്ചിയം മേഖലയിലെ സി.പി.എം നേതാക്കളുടെ ലാന്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിച്ചു. സംശയമുള്ളവരുടെ നമ്പറുകള്‍ വിശദമായ പരിശോധിച്ചപ്പോള്‍ കേസന്വേഷണത്തിന് സഹായകരമായ ഒട്ടനവധി വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം ഒകെ, സക്സസ്, ഡണ്‍ എന്നിങ്ങനെയുള്ള മെസേജുകള്‍ അയച്ചവരെയും സൈബര്‍ സെല്‍ വഴി തിരിച്ചറിയാന്‍ കഴിഞ്ഞു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലെന്ന് തെറ്റിദ്ധരിപ്പിച്ചവരെ പിടികൂടാന്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ സാധിച്ചു. ന്യൂമാഹി ഇരട്ടക്കൊലക്കേസില്‍ കൊടി സുനിയെ പിടികൂടിയത് മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നാണ്. ഇതറിയാവുന്നത് കൊണ്ടാണ് ഒഞ്ചിയത്ത് ചന്ദ്രശേഖരനെ വധിക്കാനായി എത്തുമ്പോള്‍ തന്റെ കേന്ദ്രത്തില്‍തന്നെ സുനി ഫോണ്‍ സൂക്ഷിച്ചത്. സംഘത്തില്‍പ്പെട്ടവരെല്ലാം സംഭവം നടന്നശേഷം മറ്റുള്ളവരുടെ ഫോണാണ് ഉപയോഗിച്ചത്. എന്നാല്‍ അതും മനസ്സിലാക്കാന്‍ സൈബര്‍ സെല്‍ വഴി കഴിഞ്ഞു. കൊലയാളി സംഘത്തിലുണ്ടായിരുന്ന സിജിത്ത് ഫോണ്‍ മൈസൂരിലെ താമസസ്ഥലത്താണ് സൂക്ഷിച്ചത്. കേസിലെ നിര്‍ണായക കണ്ണിയായ കുഞ്ഞനന്തന്‍ താവളം മാറ്റുന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത് സൈബര്‍ സെല്‍ വഴിയാണ്. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഐ.ജി അനൂപ് കുരുവിള ജോണ്‍ സംസ്ഥാന ഹൈടെക് സെല്‍ മോധാവികൂടിയായത് കേസന്വേഷണം എളുപ്പമാക്കുകയും ചെയ്തു

ടി.പി. ചന്ദ്രശേഖരന്‍ വധകേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനെ പിടികൂടാന്‍ ഉറച്ച് പൊലീസ്. കുഞ്ഞനന്തന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കയാണ്. അതിനുമുമ്പ് കുഞ്ഞനന്തനെ പിടികൂടാന്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.
കൊടി സുനിയുടെ ഒളിസങ്കേതം കണ്ടെത്തിയതുപോലെ സി.പി.എം അനുഭാവികളെ ഉപയോഗിച്ച് കുഞ്ഞനന്തനെ വലയിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വി.എസ്. ആഭിമുഖ്യമുള്ള കാസര്‍കോട്ടെ നിരവധി പ്രവര്‍ത്തകര്‍ ഇതിനായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സഹായവാഗ്ദാനവുമായി ഔദ്യോഗിക പക്ഷത്തെ ചില പ്രവര്‍ത്തകരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സൂചനയനുസരിച്ച് വെള്ളിയാഴ്ച പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ കയ്യൂര്‍-ചീമേനി-മടിക്കൈ പഞ്ചായത്തുകളിലെ ചിലയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. മടിക്കൈ ഇരിക്കുളത്തെ പ്രമുഖ സി.പി.എം നേതാവിന്റെ വീട്ടില്‍ ഏതാനും ദിവസം കുഞ്ഞനന്തന്‍ തങ്ങിയതായി പാര്‍ട്ടിയിലെ ചിലരാണ് പൊലീസിനെ അറിയിച്ചത്. കുഞ്ഞനന്തന്റെ മൊബൈല്‍ നമ്പര്‍ ഒരു മാസമായി പ്രവര്‍ത്തനരഹിതമാണ്. എല്‍.ഐ.സി ഏജന്റായ ഭാര്യയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇദ്ദേഹം വര്‍ഷങ്ങളോളം ഉപയോഗിച്ചുവന്ന ഈ സിംകാര്‍ഡ് മാറ്റി, താല്‍ക്കാലിക നമ്പറില്‍ പലരേയും ബന്ധപ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളുമായി ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ പുതിയ സിംകാര്‍ഡ് ഉപയോഗിക്കുന്നതായി പൊലീസിന് വിവരമുണ്ട്.
വി.എസ്. അനുകൂലികള്‍ കാസര്‍കോട് ജില്ലയില്‍ കൂടുതലായതിനാല്‍ കുഞ്ഞനന്തനെ കണ്ണൂരിലെ ഏതെങ്കിലും പാര്‍ട്ടി കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസ്. കുഞ്ഞനന്തന്‍ ചികിത്സ തേടാന്‍ ഇടയുള്ളതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment