Sunday 24 June 2012

[www.keralites.net] ടോര്‍ച്ചായും മൊബൈല്‍ചാര്‍ജറായും സിഗ്നല്‍ ബൂസ്റ്ററായും....കുട

 

ടോര്‍ച്ചായും മൊബൈല്‍ചാര്‍ജറായും സിഗ്നല്‍ ബൂസ്റ്ററായും....കുട

 


-ഷെരീഫ് വെണ്ണക്കോട്‌




മഴ നനയാതെയും വെയില്‍കൊള്ളാതെയും നടക്കാന്‍ മാത്രമുള്ളതല്ല കുടയെന്ന് തെളിയിക്കുകയാണ് ലണ്ടനിലെ ഒരു വിദ്യാര്‍ഥി. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പി.എച്ച്.ഡി. വിദ്യാര്‍ഥി കെന്നറ്റ് ടോങ് ആണ് കുടയുടെ പുത്തന്‍ സാധ്യതകള്‍ കണ്ടെത്തുന്നത്.

ഒരേ സമയം കുടയായും, മൊബൈല്‍ സിഗ്‌നലുകള്‍ കുറവുള്ള സ്ഥലങ്ങളിലെ സിഗ്‌നല്‍ ബൂസ്റ്ററായും, മൊബൈല്‍ ചാര്‍ജറായും, ടോര്‍ച്ചായും ഉപയോഗിക്കാവുന്ന വിവിധോദ്ദേശ കുടയാണ് കെന്നറ്റ് ടോങിന്റെ സൃഷ്ടി. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ജെയിംസ്‌ബോണ്ട് കുട'.

വിദൂര സ്ഥലങ്ങളില്‍ യാത്രചെയ്യുമ്പോള്‍ മൊബൈലുകള്‍ക്ക് റേഞ്ച് കിട്ടാതെ വരിക ഒരു സാധാരണ സംഭവമാണ്. മൊബൈലുകളുടെ ബാറ്ററി തീരുന്നതും സാധാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'ബൂസ്റ്റര്‍ ബ്രോളി' (Booster Brolly) എന്ന് പേരുള്ള ഈ കുട തുണയ്‌ക്കെത്തും. ഇരുട്ടത്തിത് ടോര്‍ച്ചായും ഉപയോഗിക്കാം.

മൊബൈല്‍ സിഗ്‌നലുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ ടവറുകളില്‍ നിന്നുള്ള ദുര്‍ബല റേഡിയോ സിഗ്‌നലുകള്‍ പിടിച്ചെടുത്ത് ശക്തിപ്പെടുത്തുകയും, ചുറ്റും ഒരു ഷവര്‍പോലെ സിഗ്‌നലുകള്‍ നല്‍കുകയാണ് കുട ചെയ്യുന്നത്. ഇതിനായി ഹൈ-ഗെയിന്‍ ആന്റിനയും കുറഞ്ഞ ശക്തിയിലുള്ള സിഗ്‌നല്‍ റിപ്പീറ്ററും ചേര്‍ന്നുള്ള സങ്കേതമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

പഴയ കാലന്‍കുടകളുടേതുപോലെ മുകള്‍ഭാഗത്ത് നിന്ന് തള്ളിനില്‍ക്കുന്ന അലുമിനിയം ഭാഗമാണ് ആന്റിനയായി പ്രവര്‍ത്തിക്കുക. കുടയുടെ തുണിയില്‍ തുന്നിച്ചേര്‍ത്ത സോളാര്‍ പാനലുകളില്‍ നിന്ന് ഇതിനുള്ള വൈദ്യുതി ലഭ്യമാക്കുന്നു.

കുടയുടെ പിടിയില്‍ ഘടിപ്പിച്ച 12 വോള്‍ട്ടിന്റെ രണ്ട് ബാറ്ററികളിലാണ് സോളാര്‍ വൈദ്യുതി സംഭരിക്കുന്നത്. പിടിയിലുള്ള യു.എസ്.ബി. പോര്‍ട്ടുവഴി മൊബൈല്‍ ചാര്‍ജിങും സാധ്യമാകുന്നു.
മൊബൈല്‍ മാത്രമല്ല ക്യാമറ തുടങ്ങിയ ഉപകരണങ്ങളും ചാര്‍ജ് ചെയ്യാം. മൂന്നു മണിക്കൂര്‍കൊണ്ട് ഒരുസ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പിടിയില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി. ബള്‍ബാണ് കുടയെ ടോര്‍ച്ചാക്കി മാറ്റുന്നത്. കുടയുടെ ഭാരം വെറും 800 ഗ്രാം മാത്രം.

ബ്രിട്ടണിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ആണ് ഈ ഹൈടെക് കുട പുറത്തിറക്കുന്നത്. എന്നാല്‍, ഇത് പുറത്തിറക്കുന്ന ദിവസവും വിലയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വേനലോടെ സംഭവം വിപണിയിലെത്തുമെന്നാണ് സൂചന.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment