Monday, 25 June 2012

[www.keralites.net] ബിജെപിയില്‍ അധികാര മോഹികള്‍‍

 

ബിജെപിയില്‍ അധികാര മോഹികള്‍‍

Text Size: Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net

Fun & Info @ Keralites.net

ബിജേഷ്‌ എമ്പ്രാന്തിരി

പി.പി. മുകുന്ദന്‍. വിശേഷണങ്ങളാവശ്യമില്ലാത്ത സ്വയം സേവകന്‍. ആര്‍.എസ്‌.എസുകാരന്റെ കാര്‍ക്കശ്യവും പൊതുപ്രവര്‍ത്തകന്റെ

സൗമ്യതയും കൈമുതലായ വ്യക്‌തിത്വം. ഒരുകാലത്ത്‌ ഭാരതീയ ജനതാപാര്‍ട്ടിയുടെ അനിഷേധ്യ നേതാവ്‌. അഭിനന്ദനങ്ങളും

ആരോപണങ്ങളും ഒരുപോലെ ഏറ്റുവാങ്ങി. ഒരുദിവസം അപ്രതീക്ഷിതമായി സജീവ രാഷ്‌ട്രീയത്തോടു വിടപറഞ്ഞ്‌ തന്റേതായ

ലോകത്തേക്ക്‌ പിന്‍വാങ്ങിയ മുകുന്ദന്‍ ഇന്ന്‌ ആളും ആരവവും ഒഴിഞ്ഞ്‌ കണ്ണൂര്‍ മണത്തണയിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്‌ . ആര്‍.എസ്‌.എസ്‌. പ്രചാരകും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവുമായിരുന്ന പി.പി. മുകുന്ദന്‍ പ്രാഥമിക അംഗത്വം മാത്രമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഒതുങ്ങിയതിനു കാരണമെന്തായിരുന്നു?

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന മുകുന്ദന്‌ പലതും പറയാനുണ്ട്‌. അദ്ദേഹം മനസുതുറക്കുന്നു.

ആര്‍.എസ്‌.എസ്‌. പ്രചാരകനായിരിക്കെ സംഘത്തിന്റെ നിര്‍ദേശപ്രകാരം ബി.ജെ.പിയിലെത്തിയതാണ്‌ താങ്കള്‍. പാര്‍ട്ടിയില്‍ കേരളത്തിന്റെ ചുമതലയും ദക്ഷിണേന്ത്യയുടെ ചുമതലയും വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ചു. എന്നിട്ടും എന്തുകൊണ്ട്‌ സംഘത്തിനും പാര്‍ട്ടിക്കും അനഭിമതനായി?

എന്നെ ആരും ഒഴിവാക്കിയതല്ല. ഞാന്‍ സ്വയം പിന്‍മാറിയതാണ്‌. പാര്‍ട്ടിക്കകത്തെ അന്തര്‍നാടകങ്ങള്‍ സുഖകരമായിരുന്നില്ല. ജനാധിപത്യരീതികള്‍ നഷ്‌ടപ്പെട്ട സ്‌ഥിതിയായിരുന്നു. ഭിന്നാഭിപ്രായമുള്ളവര്‍ക്കു തുടരാന്‍ പ്രയാസമുള്ള സ്‌ഥിതി വിശേഷം. അതോടൊപ്പംതന്നെയാണ്‌ കേരളത്തിന്റേതൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളുടെ ചുമതല എനിക്കു നല്‍കിയത്‌. തുടര്‍ന്ന്‌ മദ്രാസ്‌ ആസ്‌ഥാനമായാണ്‌ പ്രവര്‍ത്തിച്ചത്‌. ഇത്‌ കേരളത്തിലെ പാര്‍ട്ടിയുമായി അകലാന്‍ കാരണമായി. പിന്നീട്‌ ദക്ഷിണേന്ത്യക്കു മാത്രമായുള്ള സെക്രട്ടറി പദവി കേന്ദ്രനേതൃത്വം എടുത്തുകളഞ്ഞു. അതോടെയാണ്‌ സജീവ വരാഷ്‌ട്രീയത്തില്‍നിന്ന്‌ പിന്‍വാങ്ങാന്‍ തീരുമാനിച്ചത്‌.

ദക്ഷിണേന്ത്യയുടെ ചുമതല വഹിക്കുമ്പോഴും കേരളത്തിന്റെ ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. എന്തുകൊണ്ടാണ്‌ അങ്ങനെയൊരു നീക്കമുണ്ടായത്‌?

കേരളത്തില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത്‌ ചിലര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. അവരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഞാന്‍ തടസമാകുമെന്നു തോന്നിയിരിക്കാം.

പാര്‍ട്ടിയിലെ സാഹചര്യം മോശമായിരുന്നുവെന്ന്‌ പറഞ്ഞു. എന്തായിരുന്നു അത്‌?

പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമുണ്ടാക്കാന്‍ ബോധപൂര്‍വമായ പല ശ്രമങ്ങളും നടന്നിരുന്നു. ഞാന്‍ ജനറല്‍ സെക്രട്ടറിയായത്‌ രാമന്‍പിള്ളക്ക്‌ ഇഷ്‌ടപ്പെട്ടില്ല എന്ന്‌ പ്രചരിപ്പിച്ചാണ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയത്‌. അതിനു കാരണം ഞാന്‍ പാര്‍ട്ടി ചുമതലയേറ്റ1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ്‌. ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വോട്ടു കുറഞ്ഞു. വോട്ടുമറിച്ചു എന്നായിരുന്നു ആരോപണം. അന്വേഷണം നടത്തി. പക്ഷേ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടില്ല. കോണ്‍സ്രുമായും ലീഗുമായും സഖ്യമുണ്ടാക്കി എന്നതായിരുന്നു പ്രധാന ആരോപണം. അന്നുമുതല്‍തന്നെ അകല്‍ച്ച തുടങ്ങിയിരുന്നു.

മറ്റൊന്ന്‌ പാര്‍ട്ടിയുടെ സമുന്നതരായ പലര്‍ക്കും പുറത്തേക്കുപോകേണ്ടിവന്നു. രാമന്‍പിള്ള സാറുള്‍പ്പെടെയുള്ളവര്‍. അത്‌ ഏറെ ഖേദകരമായ സ്‌ഥിതിയാണ്‌. പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച നേതാവായിരുന്നു രാമന്‍പിള്ള. അദ്ദേഹത്തെപോലുള്ളവരെ പാര്‍ട്ടിയില്‍ നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമായിരുന്നു. അന്ന്‌ ഒ. രാജഗോപാല്‍ സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ രാമന്‍പിള്ളയുമായി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അതൊന്നും നടന്നില്ല.

1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ വിവാദമുണ്ടാക്കിയതാണ്‌ കോ-ലീ-ബി സഖ്യം. അത്‌ യാഥാര്‍ഥ്യമായിരുന്നില്ലേ?

അത്‌ വാസ്‌തവത്തില്‍ സഖ്യമായിരുന്നില്ല. ജയസാധ്യത കണക്കിലെടുത്ത്‌ നടത്തിയ ഒരു അഡ്‌ജസ്‌റ്റ്മെന്റ്‌ മാത്രമായിരുന്നു. ബി.ജെ.പിക്ക്‌ ജയസാധ്യതയുള്ള ചില മണ്ഡലങ്ങളില്‍ ലീഗും ലീഗിനു സാധ്യതയുള്ള ചില മണ്ഡലങ്ങളില്‍ ബി.ജെ.പിയും പരസ്‌പരം സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചു. അതിന്റെ ഭാഗമായാണ്‌ ബേപ്പൂര്‍ മണ്ഡലത്തില്‍ ലീഗ്‌ സ്‌ഥാനാര്‍ഥിയെ പിന്‍വലിച്ചതും പകരമായി വടകരയില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയെ പിന്‍വലിച്ചതും. പാര്‍ട്ടിനേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടെയുമായിരുന്നു ഈ നീക്കങ്ങളെല്ലാം നടന്നത്‌. അന്ന്‌ പാര്‍ട്ടി പ്രസിഡന്റായിരുന്ന കെ. രാമന്‍പിള്ളയാണ്‌ സ്‌ഥാനാര്‍ഥികളെ പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിച്ചത്‌. ഇക്കാര്യം കേന്ദ്ര നേതൃത്വത്തിനും അറിവുണ്ടായിരുന്നു. ഒ. രാജഗോപാലാണ്‌ കേന്ദ്ര നേതൃത്വവുമായി സംസാരിച്ചത്‌. അന്ന്‌ ബി.ജെ.പി. ജയിച്ചിരുന്നെങ്കില്‍ ഈ വിവാദമൊന്നും ഉണ്ടാകില്ലായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ എന്റെ തലയില്‍കെട്ടിവയ്‌ക്കാനാണ്‌ പാര്‍ട്ടിയിലെ പലരും ശ്രമിച്ചത്‌. തോല്‍വിയുടെ പിതൃത്വമേറ്റെടുക്കാനാണ്‌ എല്ലാവര്‍ക്കും മടി.

ബി.ജെ.പിയില്‍ വോട്ടുചോര്‍ച്ചയും വോട്ടുകച്ചവടവും കുറേക്കാലമായി കേള്‍ക്കുന്നതാണ്‌. ഈ ആരോപണങ്ങള്‍ ശരിവയ്‌ക്കുന്ന തരത്തിലാണ്‌ പല തെരഞ്ഞെടുപ്പ്‌ ഫലങ്ങളും.?

വോട്ടുകച്ചവടം എന്നെല്ലാം പറയുന്നത്‌ അസംബന്ധമാണ്‌. ഒരാള്‍ വിചാരിച്ചാല്‍ പരമാവധി അഞ്ചോ പത്തോ വോട്ടുകള്‍ മറിക്കാന്‍ കഴിഞ്ഞേക്കും. അതിലപ്പുറം ഒന്നും നടക്കില്ല. ലക്ഷക്കണക്കിന്‌ വോട്ടുകള്‍ മറിക്കാന്‍ ഒരു നേതാവു വിചാരിച്ചാലും സാധിക്കില്ല.

2005ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.കെ. പദ്‌മനാഭന്‌ കെട്ടിവച്ചകാശ്‌ നഷ്‌ടപ്പെടുന്ന സ്‌ഥിതിയുണ്ടായി. അതിനു തൊട്ടുമുമ്പ്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ രണ്ടുലക്ഷത്തോളം വോട്ടുകള്‍ നേടിയ സാഹചര്യത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായില്ല എന്നു പറയാന്‍ കഴിയുമോ?

തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ എനിക്ക്‌ കേരളത്തിന്റെ ചുമതല ഉണ്ടായിരുന്നില്ല. എങ്കിലും പറയാം അന്ന്‌ വോട്ടുകച്ചവടമൊന്നും ഉണ്ടായില്ല. ജൂലൈ കലാപത്തോടനുബന്ധിച്ച്‌ വിദ്യാര്‍ഥി പരിഷത്തിനെതിരെ അന്ന്‌ പാര്‍ട്ടി പ്രസിഡന്റായിരുന്ന പദ്‌മനാഭന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അതൃപ്‌തി ഉളവാക്കിയിരുന്നു. അതിന്റെ പ്രതിഫലനമാണ്‌ തെരഞ്ഞെടുപ്പില്‍ കണ്ടത്‌.

താങ്കള്‍ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദാവുദ്‌ ഇബ്രാഹിമുമായി ബന്ധം, അനധികൃത സ്വത്തു സമ്പാദനം.. അങ്ങനെ പലതും.?

എനിയ്‌ക്ക് ദാവൂദുമായി ബന്ധമുണ്ടെന്നു പറഞ്ഞത്‌ ഒ. രാജഗോപാലാണ്‌. പിന്നീട്‌ കേന്ദ്രനേതൃത്വം ഇടപെട്ട്‌ അദ്ദേഹത്തെക്കൊണ്ട്‌ അത്‌ തിരുത്തിക്കുകയും ചെയ്‌തു. രാജഗോപാല്‍ ഖേദപ്രകടനം നടത്തി.

എങ്കിലും അദ്ദേഹം അങ്ങനെ പറയാനിടയായ സാഹചര്യം എന്താണെന്ന്‌ ഇന്നും എനിക്കറിയില്ല. രാജഗോപാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സമയത്താണ്‌ എന്നെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നത്‌. പിന്നീട്‌ കേന്ദ്രനേതൃത്വം കേരളവുമായുള്ള സംഘടനാപരമായ കാര്യങ്ങള്‍ ഞാനുമായാണ്‌ ചര്‍ച്ച ചെയ്‌തിരുന്നത്‌. അത്‌ ഒരുപക്ഷേ രാജഗോപാലിന്‌ ഇഷ്‌ടപ്പെട്ടിരിക്കില്ല.

ഇത്തവണ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാജഗോപാലിനു പകരം മറ്റാരെങ്കിലും മത്സരിക്കണമായിരുന്നുവെന്ന്‌ താങ്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ നിലപാടുകളേയും വിമര്‍ശിച്ചു. പക്ഷേ രാജഗോപാല്‍ 30000ത്തിലധികം വോട്ടുകള്‍ നേടി മികച്ച പ്രകടനം കാഴ്‌ചവച്ചു.?

നെയ്യാറ്റിന്‍കരയില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്‌ രാജഗോപാലിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്‌. പക്ഷേ പാര്‍ട്ടിയുടെ സംഘടനാ ചുമതല വഹിച്ചിരുന്ന വ്യക്‌തി എന്ന നിലയില്‍ എനിക്കറിയാമായിരുന്നു അവിടെ ജയിക്കില്ല എന്ന്‌. കാരണം ജയിക്കണമെങ്കില്‍ 52000 വോട്ടുകളെങ്കിലും ലഭിക്കണം. 143 ബുത്തുകളാണ്‌ നെയ്യാറ്റിന്‍കരയില്‍ ഉള്ളത്‌. ഒരു ബൂത്തില്‍നിന്ന്‌ ശരാശരി 300 വോട്ടുകളെങ്കിലും ലഭിക്കണം. പാര്‍ട്ടിയുടെ ഇന്നത്തെ സ്‌ഥിതിയനുസരിച്ച്‌ അത്‌ സാധ്യമല്ല. തെരഞ്ഞെടുപ്പുഫലം തെളിയിച്ചതും അതുതന്നെയാണ്‌. ഒരു ബൂത്തില്‍ മാത്രമാണ്‌ പാര്‍ട്ടിക്ക്‌ 200 വോട്ട്‌ ലഭിച്ചത്‌. ബാക്കിയെല്ലാ ബൂത്തുകളിലും അഞ്ചുമുതല്‍ അറുപതു വോട്ടുകള്‍വരെ നേടാനേ കഴിഞ്ഞുള്ളൂ. കൃത്യമായ വിലയിരുത്തല്‍ നടത്തിയാല്‍ ഇതു നേരത്തെ മനസിലാക്കാമായിരുന്നു.

അങ്ങനെയൊരു സാഹചര്യത്തില്‍, വളര്‍ന്നുവരുന്ന ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരെ മത്സരിപ്പിച്ചിരുന്നെങ്കില്‍ അത്‌ ആ വ്യക്‌തിയെ നേതൃനിരയിലേക്ക്‌ ഉയര്‍ത്താന്‍ സഹായകമാവുമായിരുന്നു.

പാര്‍ട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ്‌ തന്ത്രവും തെറ്റായിരുന്നു. യു.ഡി.എഫിനെ കടന്നാക്രമിക്കുകയും എല്‍ഡി.എഫിനോട്‌ മൃദുസമീപനം സ്വീകരിക്കുകയും ചെയ്‌തത്‌ തെറ്റായിപ്പോയി.

എന്തുകൊണ്ടാണ്‌ എല്‍.ഡി.എഫിനോട്‌ ഇത്തരമൊരു സമീപനം സ്വീകരിച്ചത്‌?

അഞ്ചാംമന്ത്രി വിവാദം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബി.ജെ.പി. നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പിന്‌ ഇറങ്ങിയത്‌. ഈ സമയത്ത്‌ അഞ്ചാംമന്ത്രി പ്രശ്‌നത്തില്‍ ശക്‌തമായ നിലപാടെടുത്തത്‌ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയുമാണ്‌. എന്‍.എസ്‌.എസിന്റെ ശരിദൂരം നിലപാടും എസ്‌.എന്‍.ഡി.പിയുടെ നിലപാടും ബി.ജെ.പിക്ക്‌ അനുകൂലമാകുമെന്നും ഹിന്ദുവോട്ടുകള്‍ കൂടുതല്‍ നേടാനാകുമെന്നും നേതൃത്വം വിശ്വസിച്ചു.

ഇതിനിടയ്‌ക്കാണ്‌ ടി.പി. ചന്ദ്രശേഖരന്‍ വധം നടക്കുന്നത്‌. ടി.പി. വധത്തേക്കാള്‍ മൃഗീയമായിരുന്നു കെ.ടി. ജയകൃഷ്‌ണന്‍ വധം. അന്ന്‌ ബി.ജെ.പിയും ചില സാംസ്‌കാരിക പ്രവര്‍ത്തകരും ഒഴിച്ചുള്ളവരാരും അതിനെതിരേ പ്രത്യക്ഷത്തില്‍ രംഗത്തുവന്നിരുന്നില്ല. അതേസമയം ടി.പി. വധത്തെത്തുടര്‍ന്ന്‌ സി.പി.എം. ഒഴികെയുള്ളവരെല്ലാം അക്രമരാഷ്‌ട്രീയത്തിനെതിരെ രംഗത്തുവരികയും ചെയ്‌തു. അക്രമ രാഷ്‌ട്രീയത്തിന്‌ ഏറ്റവും അധികം ഇരയാകപ്പെട്ട പാര്‍ട്ടി എന്ന നിലയ്‌ക്ക് ടി.പി. വധത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടിയിരുന്നത്‌ ബി.ജെ.പിയായിരുന്നു. അതുണ്ടായില്ല. മറിച്ച്‌ ഇതേക്കുറിച്ച്‌ പറയാന്‍ ഒട്ടും അര്‍ഹതയില്ലാതിരുന്ന യു.ഡി.എഫ്‌. ഇത്‌ ഏറ്റെടുക്കുകയും ചെയ്‌തു.

നെയ്യാറ്റിന്‍കരയില്‍ പരാജയപ്പെടാന്‍ കാരണം ഇതുമാത്രമാണോ?

അഞ്ചാം മന്ത്രി വിവാദവും ടി.പി. വധവും മൂലം പാര്‍ട്ടിക്കനുകൂലമായ ഒരു ധ്രുവീകരണം ഉണ്ടാകുമെന്ന്‌ കരുതിയിരുന്നു. അതുണ്ടായില്ല. മറ്റൊന്ന്‌ നെയ്യാറ്റിന്‍കരയില്‍ ഏറ്റവും പ്രബലമായ നാടാര്‍ സമുദായത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനും പാര്‍ട്ടിക്കായില്ല. എന്‍.എസ്‌.എസ്‌. സമദൂരത്തില്‍നിന്ന്‌ ശരിദൂരത്തിലേക്കും പിന്നീട്‌ മന:സാക്ഷി വോട്ടിലേക്കും നിലപാട്‌ മാറ്റിയതും പാര്‍ട്ടിക്ക്‌ ദോഷകരമായി.

കെ.ടി ജയകൃഷ്‌ണന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അച്ചാരുപറമ്പില്‍ പ്രദീപനെ കാലാവധിക്കുമുമ്പ്‌ ജയില്‍ മോചിതനാക്കി. ഇതുമായി ബന്ധപ്പെട്ട്‌ കോടതിയെ സമീപിച്ചെങ്കിലും പിന്നീട്‌ കേസ്‌ പിന്‍വലിക്കുകയായിരുന്നു. എന്തായിരുന്നു കാരണം.?

ജയകൃഷ്‌ണന്‍ വധക്കേസില്‍ ശരിയായരീതിയില്‍ അന്വേഷണം നടന്നില്ല എന്ന്‌ കോടതിതന്നെ നിരീക്ഷിച്ചതാണ്‌. ഇക്കാര്യം പാര്‍ട്ടി ഏറ്റെടുക്കണമായിരുന്നു. അതുണ്ടായില്ല. ബി.ജെ.പി വേണ്ടരീതിയില്‍ വിഷയം ഏറ്റെടുക്കാത്തതുകൊണ്ടാണ്‌ യു.ഡി.എഫും രമേശ്‌ ചെന്നിത്തലയും ഇതേക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌. ഹൈക്കോടതിയില്‍ നല്‍കിയ കേസ്‌ പിന്‍വലിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ അറിയില്ല. പാര്‍ട്ടിയില്‍നിന്നു അത്തരമൊരു നിര്‍ദേശം ലഭിച്ചിരിക്കാം.

പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ താങ്കള്‍ നടത്തുന്ന പ്രതികരണം മാധ്യമശ്രദ്ധക്കുവേണ്ടി മാത്രമാണെന്നും താങ്കള്‍ പാര്‍ട്ടി അംഗംപോലുമല്ലെന്നുമാണ്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞത്‌.?

മുരളീധരന്റെ പ്രസ്‌താവനയോടു പ്രതികരിക്കാന്‍ താല്‍പര്യമില്ല. ഞാന്‍ ചെറുതായിപ്പോകും. ഞാന്‍ ഒരിക്കലും പ്രശസ്‌തിക്കോ സ്‌ഥാനമാനങ്ങള്‍ക്കുവേണ്ടിയോ പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാധ്യമശ്രദ്ധ നേടേണ്ട ആവശ്യവും എനിക്കില്ല. അങ്ങനെ വേണമെങ്കില്‍ അതു നേരത്തെ അവാമായിരുന്നു. പാര്‍ട്ടിഅംഗത്വം ഇല്ല എന്ന്‌ മുരളി പറയുമ്പോഴും അംഗത്വമുള്ളതിന്റെ രേഖകള്‍ എന്റെ കൈയിലുണ്ട്‌.

പാര്‍ട്ടി നേതൃത്വം ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ അഭിപ്രായമുണ്ടോ?.

പോലീസില്‍ ഐ.പി.എസുകാരെ നിയമിക്കുന്നതുപോലെയാണ്‌ ഇപ്പോള്‍ പാര്‍ട്ടിയില്‍ അധികാരം നലകുന്നത്‌. ഇപ്പോഴത്തെ സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ കേന്ദ്രത്തിന്റെ ഇറക്കുമതിയാണ്‌. മുരളീധരന്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന വ്യക്‌തിയാണ്‌. കേരളത്തില്‍ താഴെത്തട്ടിലുള്ള അണികളുമായി ബന്ധമൊന്നുമില്ല. സാധാരണ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാന്‍ കഴിയുന്ന വ്യക്‌തികളായിരിക്കണം നേതൃനിരയിലുള്ളവര്‍.

ഇത്‌ കേരളത്തിലെ മാത്രം പ്രശ്‌നമാണോ?

അല്ല. കേന്ദ്രത്തിലും സ്‌ഥിതി വ്യത്യസ്‌ഥമല്ല. പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റാവുന്നതിനുമുമ്പ്‌ മഹാരാഷ്‌ട്രയ്‌ക്കു പുറത്ത്‌ പോകാത്ത വ്യക്‌തിയാണ്‌ നിതിന്‍ ഗഡ്‌ഗരി. താഴേത്തട്ടിലുള്ളവരുമായി ഇവര്‍ക്ക്‌ കാര്യമായ ബന്ധങ്ങളില്ല. ദീര്‍ഘവീക്ഷണമില്ലാത്തതാണ്‌ ഇപ്പോഴത്തെ നേതൃത്വത്തിന്റെ പ്രധാന പ്രശ്‌നം. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍പോലും ഇതിന്‌ ഉദാഹരണമാണ്‌. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ നേരത്തെ അറിയാമായിരുന്ന കാര്യമാണ്‌. എന്നിട്ടും ഇപ്പോഴാണ്‌ പാര്‍ട്ടി ഇതേക്കുറിച്ച്‌ ചിന്തിക്കുന്നത്‌.

കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍.?

ഭ്രാന്തുപിടിച്ചവരെ ചങ്ങലയ്‌ക്കിടാം. പക്ഷേ ചങ്ങലയ്‌ക്കു ഭ്രാന്തുപിടിച്ചാലോ. അതേ അവസ്‌ഥയാണ്‌ കേന്ദ്രനേതൃത്വത്തിന്റെത്‌. അവിടേയും പ്രശ്‌നങ്ങളാണ്‌. കോണ്‍ഗ്രസിനേക്കാള്‍ കഷ്‌ടമാണ്‌ ഇപ്പോള്‍ ബി.ജെ.പിയിലെ സംഘടനാ സംവിധാനം.

അധികാരമോഹം നേതൃത്വത്തെ വഴിതെറ്റിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. പല നേതാക്കള്‍ക്കും സ്‌ഥാനമാനങ്ങള്‍ മാത്രമാണ്‌ ലക്ഷ്യം. സാമാന്യ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അവര്‍ക്ക്‌ വിഷയമല്ല. നല്ല നേതാവ്‌ താഴേത്തട്ടിലുള്ളവര്‍ക്കൊപ്പം നില്‍ക്കുന്നയാളായിരിക്കണം. യുവാക്കളെ പ്രോത്സാഹിപ്പിക്കണം.ഞാന്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്ന കാലത്ത്‌ നേതൃനിരയിലേക്ക്‌ ഉയര്‍ന്നുവന്നവരാണ്‌ കൃഷ്‌ണദാസും എം.ടി. രമേശും ഉള്‍പ്പെടെയുള്ളവര്‍. അന്ന്‌ പതിനെട്ടോളം മുഴുവന്‍സമയ പ്രവര്‍ത്തകരുണ്ടായിരുന്നു പാര്‍ട്ടിക്ക്‌. ഇന്ന്‌ അതെല്ലാം ഇല്ലാതായി.

താങ്കള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്നു വിട്ടുനിന്നതുകൊണ്ട്‌ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചോ?

രക്‌തത്തില്‍ അശുദ്ധിവന്നാല്‍ അത്‌ ശരീരത്തെ ബാധിക്കും. അതുമാറാന്‍ കായകല്‍പ ചികിത്സ വേണ്ടിവരും. പാര്‍ട്ടിയിലെ സ്‌ഥിതി അതാണ്‌. കുഴപ്പക്കാരായ ചിലര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്‌. അങ്ങനെയുള്ളവര്‍ ഉള്ളിടത്തോളം പാര്‍ട്ടിയെ ദോഷകരമായി ബാധിക്കും. പാര്‍ട്ടിയെ സമൂഹത്തിനുമുന്നില്‍ നാണംകെടുത്താതിരിക്കാനാണ്‌ ഞാന്‍ വിട്ടുനില്‍ക്കുന്നത്‌. പരസ്യമായ വിഴുപ്പലക്കിന്‌ താല്‍പര്യമില്ല. സ്വന്തം വീട്ടില്‍ ഒരു പ്രശ്‌ന മുണ്ടായാല്‍ അത്‌ പുറത്തു പറയുന്നത്‌ ശരിയല്ല. ഒന്നുകില്‍ അവിടംവിട്ടുപോകുക. അല്ലെങ്കില്‍ നിശബ്‌ദനായിരിക്കുക. അതാണ്‌ മാന്യമായ രീതി.

കേരളത്തില്‍ ബി.ജെ.പിയുടെ ഭാവിയെന്താണ്‌?

കേരളത്തില്‍ ബി.ജെ.പി തളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. പൊതുജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ നേതാക്കള്‍ക്കാവുന്നില്ല. കേഡര്‍ സ്വഭാവവും നഷ്‌ടപ്പെട്ടു. യുവാക്കള്‍ നേതൃനിരയിലേക്ക്‌ ഉയര്‍ന്നുവരുന്നില്ല. സംഘപരിവാര്‍ സംഘടനകളെല്ലാം കേരളത്തില്‍ ശുഷ്‌കമായിക്കൊണ്ടിരിക്കുകയാണ്‌.

ജയകൃഷ്‌ണന്‍ വധത്തോടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഭീതിയിലായോ?

ഭീതിയല്ല. നിരന്തരമായി കേസുകളില്‍ പെടുന്നത്‌ സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ പ്രയാസമുണ്ടാക്കിയിരുന്നു. മാത്രമല്ല പണ്ടൊക്കെ സിപിഎമ്മുകാരായിരുന്നു ആര്‍.എസ്‌.എസിലേക്ക്‌ വന്നിരുന്നത്‌. സംഘത്തിന്‌ അത്രത്തോളം സ്വാധീനമുണ്ടായിരുന്നു. കണ്ണൂരില്‍ നിലനിന്നിരുന്ന സി.പി.എം.- ആര്‍.എസ്‌.എസ്‌. സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരുപരിധിവരെ കാരണവും ഈ ഒഴുക്കായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘത്തിലേക്കുവരുമ്പോള്‍ അത്‌ ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിന്‌ ആയിരുന്നില്ല. അവരെ ഇല്ലാതാക്കുക എന്ന സ്‌ഥിരം തന്ത്രമാണ്‌ സി.പി.എം സ്വീകരിച്ചത്‌. കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അത്‌ മനസിലാക്കാം. ഇന്ന്‌ സി.പി.എമ്മില്‍ നിന്ന്‌ സംഘത്തിലേക്ക്‌ ഒഴുക്ക്‌ കുറഞ്ഞതുകൊണ്ടാണ്‌ ആര്‍.എസ്‌.എസ്‌. സി്‌പി.എം. സംഘര്‍ഷത്തിന്‌ കുറവുവന്നത്‌.

സാഹചര്യം അനുകൂലമായാല്‍, നേതൃത്വം ആവശ്യപ്പെട്ടാല്‍ സജീവ രാഷ്‌ട്രീയത്തിലേക്ക്‌ മടങ്ങിവരുമോ?

ഒരിക്കലുമില്ല. പാര്‍ട്ടിയുമായി അത്രയ്‌ക്ക് അകന്നുകഴിഞ്ഞു. ഒരിക്കല്‍ സഞ്‌ജയ്‌ ജോഷിയുടെ നിര്‍ദേശപ്രകാരം പി.കെ. കൃഷ്‌ണദാസ്‌ വന്നുകണ്ടിരുന്നു. ഡല്‍ഹിയില്‍ ചെല്ലാന്‍ എന്നോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. എനിക്കു താ്യല്‍പര്യമില്ല. അതേസമയം പാര്‍ട്ടിയില്‍നിന്നു വിട്ടുപോയ രാമന്‍പിള്ളയുള്‍പ്പെടെയുള്ളവരെ തിരികെക്കൊണ്ടുവരണമെന്നാണ്‌ വ്യക്‌തിപരമായ അഭിപ്രായം.

സംഘവുമായി ഇപ്പോള്‍ ബന്ധമില്ലേ.?

ഞാന്‍ ഒരു സ്വയം സേവകനാണ്‌. എന്നും അങ്ങനെയായിരിക്കും.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___