അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളമനോരമ, മാതൃഭൂമി പത്രങ്ങള്‍ക്കെതിരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ വക്കീല്‍ നോട്ടീസയച്ചു.
ഫസല്‍വധവുമായി ബന്ധപ്പെട്ട് പത്രങ്ങള്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് മാനഹാനിയുണ്ടാക്കിയെന്നും വാര്‍ത്ത തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് അഡ്വ. കെ വിശ്വന് മുഖേനയാണ് നോട്ടീസയച്ചത്.
മനോരമ മെയ് 14ന് പത്താംപേജില്‍ "ശിക്ഷകിട്ടിയത് രക്ഷകന്" എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ "പരിശീലനം കിട്ടിയ ആര്‍എസ്എസ്സുകാരാണ് കൃത്യംചെയ്തതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അതേദിവസം പരസ്യമായി പ്രഖ്യാപിച്ചു" എന്നാണ് എഴുതിയത്.
ഈ പ്രസ്താവനയെ തുടര്‍ന്ന് പ്രദേശം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്ന പരാമര്‍ശവുമുണ്ടായി. ഇത്തരമൊരു പരാമര്‍ശം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയിട്ടില്ല. 2006 ഒക്ടോബര്‍ 23ന് മനോരമയില്‍ വന്ന "സമാധാന ആഹ്വാനവുമായി സര്‍വകക്ഷിയോഗം" എന്ന വാര്‍ത്തക്ക് വിരുദ്ധമാണിതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സമാന പരാമര്‍ശത്തോടെയുള്ള വാര്‍ത്ത മാതൃഭൂമി പത്രം മെയ് 12നും 13നും പ്രസിദ്ധീകരിച്ചു.
വസ്തുതാവിരുദ്ധമായ വാര്‍ത്ത സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് പത്രങ്ങള്‍ നടത്തിയത്. നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുന്നത് പത്രധര്മമല്ല. നിരുത്തരവാദപരവും അപലപനീയവുമാണിത്. മാനഹാനിയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വാര്‍ത്ത സൃഷ്ടിച്ചത്.
നിയമവിരുദ്ധവും മാധ്യമ മര്യാദക്ക് നിരക്കാത്തതുമായ നുണ വാര്‍ത്ത ഉടന്‍ തിരുത്തണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, പത്രാധിപര്‍ കെ കേശവമേനോന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി വി ഗംഗാധരന്‍, കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കും മലയാളമനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍മാത്യു, പ്രിന്റര്‍ ആന്‍ഡ്് പബ്ലിഷര്‍ എന്നിവര്‍ക്കുമാണ് നോട്ടീസയച്ചത്.
No comments:
Post a Comment