Monday, 14 May 2012

[www.keralites.net] ടി പി വധവും കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സംയുക്ത പ്രസ്താവനയും

 

ടി പി വധവും കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സംയുക്ത പ്രസ്താവനയും എഴുത്തുകാരും കലാകാരന്മാരും സമൂഹത്തിന്റെ മനഃസാക്ഷിയാണ്. മികച്ച കവികള്‍ രചനകളിലൂടെ വരാന്‍പോകുന്ന കാലത്തിന്റെ ജീവിതശീലങ്ങളും പ്രവണതകളും പ്രവചിക്കുന്നു. അതുകൊണ്ട് കവികളുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും അഭിപ്രായനിരീക്ഷണങ്ങള്‍ക്ക് ഏതു ജനാധിപത്യ സമൂഹവും വലിയ പ്രാധാന്യം കല്പിക്കും. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ ദാരുണവും ക്രൂരവുമായ കൊലപാതകത്തിനുശേഷം പുറത്തുവന്നിരിക്കുന്ന പ്രതികരണങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കേരളത്തിന്റെ മനഃസാക്ഷികള്‍ എന്നുവിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരു പൊതുപ്രസ്താവന പുറപ്പെടുവിപ്പിക്കുകയുണ്ടായി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപം കൊണ്ടുവരുന്ന അപകടകരമായ ഫാസിസ്റ്റ് പ്രവണതയെക്കുറിച്ച് കേരളം ഉത്കണ്ഠപ്പെടുന്നു എന്നാണ് ആനന്ദ് മുതല്‍ സക്കറിയവരെ ഇരുപതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബി.ആര്‍.പി.ഭാസ്‌കര്‍, എം.ജി.എസ്. നാരായണന്‍, സി.ആര്‍.പരമേശ്വരന്‍, ആറ്റൂര്‍ രവിവര്‍മ്മ, സിവിക് ചന്ദ്രന്‍, സാറാ ജോസഫ്, ടി.പി.രാജീവന്‍, കെ.വേണു, അന്‍വര്‍ അലി തുടങ്ങി സമകാലിക കേരളത്തിലെ പ്രമുഖരായ ഒരു കൂട്ടം എഴുത്തുകാരാണ് ഈ സംയുക്തപ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളത്. ചന്ദ്രശേഖരന്റെ വധത്തിനു പിന്നില്‍ സി.പി.എമ്മിനുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കിനെപ്പറ്റി ഈ എഴുത്തുകാര്‍ക്ക് ആര്‍ക്കും സന്ദേഹമില്ല. ആര്‍.എം.പി. രൂപം കൊണ്ടശേഷം ഒഞ്ചിയം, ഏറാമല പ്രദേശങ്ങളില്‍ അതിന്റെ പ്രവര്‍ത്തകരെ കായികമായി നേരിട്ടിട്ടുള്ളത് സി.പി.എംകാരാണ്. ചന്ദ്രശേഖരന് രാഷ്ട്രീയമായ ഭീഷണിമാത്രമേ ഉണ്ടായിരുന്നുള്ളു. അതു സി.പി.എം നേതൃത്വത്തില്‍ നിന്നുമായിരുന്നു. അദ്ദേഹത്തിന്റെ നീചമായ വധത്തിനുശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിലൂടെ ഇതിനകം പലപ്പോഴായി പുറത്തുവന്നിട്ടുള്ള വിവരങ്ങളിലും സി.പി.എം. നേതൃത്വം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. പ്രതികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വരാനിരിക്കേ ചന്ദ്രശേഖരന്‍ വധക്കേസ് സി.പി.എം നേതൃത്വത്തേയും പ്രവര്‍ത്തകരെയും വിശ്വാസികളെയും അടിമുടി ഉലയ്ക്കുകയും ആ പാര്‍ട്ടിയില്‍ ഗുരുതരമായ ഭിന്നത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്പരവിരുദ്ധമായും അന്യോന്യം കുറ്റപ്പെടുത്തിയും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയ എതിരാളിയെ ശാരീരികമായി ഇല്ലാതാക്കുന്ന ശൈലി ഒരു ജനാധിപത്യസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം. നേതൃത്വത്തിന്റെ സമീപനം; പ്രത്യേകിച്ച് ഉത്തരകേരളത്തില്‍ ഒരുതരത്തിലും പൊറുപ്പിക്കാനാവുന്നതല്ലെന്ന് കേരളത്തിലെ സാഹിത്യകാരന്മാര്‍ പറയുന്നു. പൊതുസമൂഹത്തിന്റെ നിശബ്ദമായ ക്ഷോഭത്തിന് അക്ഷരഭാഷ്യം ചമയക്ക്കുക മാത്രമാണ് ഈ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. അനീതിയോട് നിശബ്ദത പാലിക്കാന്‍ സത്യസന്ധരായ അവര്‍ക്ക് കഴിയില്ല. അതിനാല്‍ സി.പി.എം നേതൃത്വത്തിന്റെ കൊള്ളരുതായ്മകളെ തുറന്നുകാട്ടിക്കൊണ്ട് ധീരമായി അവര്‍ മുന്നോട്ടുവന്നു. പശ്ചിമ ബംഗാളില്‍ പാവപ്പെട്ട കര്‍ഷകരോട് മൂന്നുവര്‍ഷം മുമ്പ് അവിടുത്തെ ഇടതു സര്‍ക്കാര്‍ കൈക്കൊണ്ട ദ്രോഹനടപടികള്‍ക്കെതിരെ പ്രമുഖ ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി പ്രായം മറന്ന് പ്രക്ഷോഭരംഗത്തുവന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ചന്ദ്രശേഖരന്റെ പൈശാചികമായ കൊലപാതക വാര്‍ത്തകേട്ട് ഈ മഹതി ഇന്ന് ഒഞ്ചിയത്ത് എത്തുന്നുണ്ട്. സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടിനോട് വിയോജിച്ചുകൊണ്ട് ചന്ദ്രശേഖരന്റെ വധത്തില്‍ മനുഷ്യത്വപരമായ സമീപനം പുലര്‍ത്തുന്ന അച്യുതാനന്ദനോട് മഹാശ്വേതാദേവി ഇന്നലെ ആലപ്പുഴയില്‍ വച്ച് ഒരു അഭ്യര്‍ത്ഥന നടത്തി. ''വി.എസിന്റെ ദുഃഖപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സി.പി.എം വിട്ട് അദ്ദേഹം പുറത്തുവരണം. എതിരാളിയെ കൊല്ലുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ഇത്തരം അക്രമം തുടര്‍ന്നാല്‍ സി.പി.എമ്മിന് കേരളത്തിലും നാളെ ബംഗാളിലെ അവസ്ഥ ഉണ്ടാകും. ജനങ്ങളുടെ മനസ്സില്‍ നിന്ന് ആ പാര്‍ട്ടി തുടച്ചുമാറ്റപ്പെടും.'' ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ എഴുത്തുകാരിയാണ് മഹാശ്വേതാദേവി. കേരളത്തെ വളരെ അടുത്ത് അറിയുന്ന ഒരാള്‍. പാവപ്പെട്ട മനുഷ്യരുടെ ദുഃഖമകറ്റാന്‍ തന്റെ തൂലികയെ ആയുധമാക്കിയ പോരാട്ടക്കാരി. കേരളത്തിലെ ഇരുപതോളം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പൊതുവികാരവുമായി സമരസപ്പെട്ടുകൊണ്ട് മഹാശ്വേതാദേവി ഉന്നയിച്ച ചോദ്യം ഞങ്ങളും ഇവിടെ ആവര്‍ത്തിക്കട്ടെ. വി.എസ്. അച്യുതാനന്ദന്‍ ഇനിയും എന്തിനാണ് പിണറായി വിജയന്റെയും പ്രകാശ് കാരാട്ടിന്റെയും സി.പി.എമ്മില്‍ തുടരുന്നത്? വി.എസിന്റെ വാക്കുകള്‍ സത്യസന്ധവും നിലപാടുകള്‍ ആത്മാര്‍ത്ഥവുമാണെങ്കില്‍ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ ബഹുമാനിച്ചുകൊണ്ട് അദ്ദേഹം ആര്‍.എം.പിയുടെ നേതൃത്വം ഏറ്റെടുക്കട്ടെ. 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment