Friday 4 May 2012

[www.keralites.net] കല്യാണസൌഗന്ധികം

 

Fun & Info @ Keralites.net

അര്‍ജ്ജുനന്‍ ദിവ്യാസ്ത്രസിദ്ധിക്കായി ശിവനെ തപസ്സ് ചെയ്ത് പാശുപതാസ്ത്രം ലഭിച്ചു. തുടര്‍ന്ന് പിതാവായ ഇന്ദ്രന്റെ ആഗ്രഹപ്രകാരം സ്വര്‍ഗ്ഗത്തില്‍ എത്തി. ഇന്ദ്രന്‍ അര്‍ദ്ധാസനം നല്കി അര്‍ജ്ജുനനെ ആദരിച്ചു. ആ സമയം മറ്റുള്ള പാണ്ഡവര്‍ വനത്തില്‍ പാഞ്ചാലീസമേതം കഴിയുന്നു. ഇതാണ് സൗഗന്ധികകഥയുടെ പശ്ചാത്തലം.

അങ്ങനെയിരിക്കെ ഒരിക്കല്‍ ഭീമന്‍ ദുര്യോധനന്റെ ദുഷ്കര്‍മ്മങ്ങള്‍ വിചാരിച്ച് ക്രോധാന്ധനായി ധര്‍മ്മപുത്രരുടെ അടുത്ത് വന്ന് കൗരവന്മാരെ ഒന്നാകെ നശിപ്പിക്കാന്‍ താനൊരുത്തന്‍ മതിയെന്നും അതിന്‌ അനുവാദം നല്കണമെന്നും അപേക്ഷിച്ചു. ധര്‍മ്മപുത്രര്‍ അനുജനെ സമാധാനിപ്പിച്ചു. ദിവ്യാസ്ത്രലബ്ധിക്കായി പോയ അര്‍ജ്ജുനന്റെ വിവരങ്ങള്‍ അറിയാത്തതിനാല്‍ ധര്‍മ്മജാദികള്‍ അര്‍ജ്ജുനനെപറ്റി വിചാരിച്ച് ദുഃഖിച്ചിരിക്കുകയായിരുന്നു.

ആ സമയം ഇന്ദ്രന്‍ പറഞ്ഞയച്ചതനുസരിച്ച് രോമശന്‍ എന്ന മഹര്‍ഷി ധര്‍മ്മപുത്രാദികളുടെ അടുത്ത് വന്ന് അര്‍ജ്ജുനവൃത്താന്തങ്ങള്‍ അറിയിച്ചു. മാത്രമല്ല താമസം കൂടാതെ ദേവലോകത്തുനിന്ന് അര്‍ജ്ജുനന്‍ ധര്‍മ്മപുത്രാദികളുടെ അടുത്ത് എത്തുമെന്നും അറിയിച്ചു.

ഇതില്‍ സന്തോഷഭരിതരായ പാണ്ഡവർ രോമശന്റെ സഹായത്തോടെ പുണ്യസ്നാനം ചെയ്തും സദ്സംഗങ്ങൾ നടത്തിയും വിശിഷ്ടരായ മഹര്‍ഷികളുടെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ചും കാലം കഴിച്ചു.പിന്നീട് അവര്‍ അഗസ്ത്യാശ്രമത്തില്‍ എത്തി മുനിയെ വന്ദിച്ചു. ഈ സമയം ശ്രീകൃഷ്ണനും അവിടെ എത്തി പാണ്ഡവരെ ആശ്വസിപ്പിച്ചു.

രോമശന്‍ യാത്രപറഞ്ഞ് പോയതിനുശേഷം, ജടാസുരന്‍ എന്നൊരു രാക്ഷസന്‍ പാണ്ഡവരെ നിഗ്രഹിക്കാന്‍ ആഗ്രഹിച്ച് കപടബ്രാഹ്മണവേഷം കെട്ടി അവരോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ധര്‍മ്മപുത്രരെ അറിയിച്ചു. ശുദ്ധാത്മാവായ ധര്‍മ്മജന്‍ സമ്മതിച്ചു. ജടാസുരനു ഭീമനെ സംശയം ഉണ്ടായിരുന്നു. ഭീമന്‍ നായാട്ടിന്‌ പോയ തക്കം നോക്കി ജടാസുരന്‍ സ്വരൂപം ധരിച്ച് ധര്‍മ്മപുത്രാദികളെ അപഹരിച്ചു. അപ്പോള്‍ സഹദേവന്‍ എങ്ങനേയോ അസുരന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഭീമനെ തേടിപ്പിടിച്ച് വിവരങ്ങള്‍ പറഞ്ഞു. ഉടന്‍ ഭീമന്‍ ജടാസുരനെ യുദ്ധത്തില്‍ വധിച്ചു.

വീണ്ടും പാണ്ഡവര്‍ യാത്ര തുടര്‍ന്നു. പിന്നേയും കൊടുംകാട്ടില്‍ നടന്ന് തളര്‍ന്നവശനായ പാഞ്ചാലിയുടെ ആവലാതി കേട്ട് ഭീമന്‍, തന്റെ മകനായ ഘടോല്‍ക്കചനെ സ്മരിക്കുകയും ഘടോല്‍ക്കചന്‍ ഭൃത്യന്മാരുമായി ഉടന്‍ പാണ്ഡവസമീപം എത്തുകയും ചെയ്തു. ഭീമന്റെ ആജ്ഞ അനുസരിച്ച് ഘടോല്‍ക്കചന്‍ പാഞ്ചാലിയേയും പാണ്ഡവരേയും തോളത്ത് എടുത്ത് അവരുടെ ഇഷ്ടപ്രകാരം സഞ്ചരിച്ചു. അങ്ങനെ അവര്‍ വടക്കൻ ദേശത്തിലുള്ള ഗന്ധമാദനപര്‍വ്വതത്തിന്റെ സമീപത്തെത്തി.

ഗന്ധമാദനപര്‍വ്വതസീമയില്‍ താമസിക്കുന്ന ഒരു ദിവസം പാഞ്ചാലിക്ക് അതുവരെ കണ്ടിട്ടില്ലാത്ത സൗഗന്ധിക പുഷ്പങ്ങള്‍ കാറ്റില്‍ പറന്ന് വന്ന് കിട്ടി. സൗഗന്ധികപുഷ്പങ്ങളുടെ ഭംഗിയും സൗന്ദര്യവും കണ്ട് ഇനിയും ഇത്തരം പുഷ്പങ്ങൾ കിട്ടണമെന്ന് പാഞ്ചാലി ഭർത്താവായ ഭീമനോട് ആവശ്യപ്പെട്ടു. തന്റെ പ്രേയസിയുടെ ഇംഗിതം സാധിപ്പിക്കാനായി ഭീമന്‍ ഗദാധാരിയായി ഉടനെ പുറപ്പെട്ടു.

അനേകദൂരം സഞ്ചരിച്ച് ഉന്നതങ്ങളായ പര്‍വ്വതങ്ങളും മഹാവനങ്ങളും കടന്ന് ഭീമന്‍ കദളീവനത്തില്‍ എത്തി. കടടിച്ച് പൊളിച്ചുള്ള ഭീമന്റെ വരവ് കാരണം കദളീവനത്തില്‍ ശ്രീരാമസ്വാമിയെ ധ്യാനിച്ച് ഇരിക്കുന്ന ഹനൂമാന്‌ തപോഭംഗം ഉണ്ടായി. മനക്കണ്ണുകൊണ്ട് തന്റെ തപോഭംഗത്തിനുള്ള കാരണം ഹനൂമാന്‍ മനസ്സിലാക്കി. തന്റെ അനുജനായ ഭീമന്റെ ആഗമനോദ്ദേശം മനസ്സിലാക്കിയ ഹനൂമാന്‍ ഭീമനെ ഒന്ന് പരീക്ഷിച്ച് സൗഗന്ധികപുഷ്പങ്ങള്‍ എവിടെ കിട്ടും എന്നെല്ലാം പറഞ്ഞ് കൊടുക്കാം എന്ന് തീരുമാനിച്ചു. പരീക്ഷിക്കുന്നതിനായി ഹനൂമാന്‍ ഒരു വൃദ്ധവാനരന്റെ വേഷം ധരിച്ച് ഭീമന്റെ വഴിയില്‍ കിടന്നു. വഴി തടസ്സം ഉണ്ടാക്കുന്ന വാനരവൃദ്ധനോട് എഴുന്നേറ്റ് പോകാന്‍ ഭീമന്‍ പറഞ്ഞു. എങ്കിലും വയസ്സായതിനാല്‍ ചലനശേഷി നഷ്ടപ്പെട്ടെന്നും തന്നെ ചാടി കിടന്ന് പൊയ്ക്കോള്ളാനും ഹനൂമാന്‍ ഭീമനോട് പറഞ്ഞു. പക്ഷെ വാനരജാതിയില്‍ തനിക്കൊരു ജ്യേഷ്ഠനുള്ളതിനാല്‍ കവച്ച് വെച്ച് പോകാന്‍ ഭീമന്‍ ഇഷ്ടപ്പെട്ടില്ല. വഴിക്ക് വിലങ്ങനെ കിടക്കുന്ന വൃദ്ധവാനരന്റെ വാല്‍ നീക്കി കടന്ന് പോകാന്‍ ഭീമന്‍ ശ്രമിച്ചെങ്കിലും വാനരപുച്ഛം ഒന്ന് അനക്കാന്‍ കൂടെ ഭീമന്‌ പറ്റിയില്ല. എന്തോ ദിവ്യത്വം ഈ വൃദ്ധവാനരനുണ്ടെന്ന് ധരിച്ച ഭീമന്‍ അങ്ങ് ആരാണേന്ന് താഴ്മയോടെ അന്വേഷിച്ചു. ആ സമയം ഹനൂമാന്‍ സ്വയം പരിചയപ്പെടുത്തി. ആശ്ചര്യത്തോടും സന്തോഷത്തോടും ഭക്തിയോടും കൂടെ ഭീമന്‍ ഹനൂമാനെ നംസ്കരിച്ചു. തുടര്‍ന്ന് സമുദ്രലംഘനരൂപം കാണിച്ചുതരുവാന്‍ ഹനൂമാനോട് ആവശ്യപ്പെട്ടു. ഹനൂമാന്‍ ആവും വിധം ചുരുക്കി സമുദ്രലംഘനരൂപം കാണിച്ചുകൊടുത്തു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സൗഗന്ധികപുഷ്പങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗ്ഗം ഹനൂമാന്‍ ഭീമനു പറഞ്ഞുകൊടുത്തു. ഭീമനെ യാത്രയാക്കി വീണ്ടും തപസ്സില്‍ മുഴുകി. ഭീമനാകട്ടേ പിന്നേയും ഉത്തരദിക്കില്‍ സഞ്ചരിച്ച് വൈശ്രവണന്റെ ഉദ്യാനത്തിലെത്തുകയും ഉദ്യാനപാലകന്മാരായ രാക്ഷസന്മാരെ നിഗ്രഹിച്ച് അവിടെയുള്ള കല്‍ഹാരവാപിയില്‍ നിന്നും ധാരാളം സൗഗന്ധികങ്ങള്‍ സംഭരിച്ച്‌ മടങ്ങി തന്റെ ദയിതയായ പാഞ്ചാലിക്ക് കൊടുത്ത് കൃതകൃത്യനായി.

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment