ഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.15 ഓടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാടിലാണ് സംഭവം. ഒഞ്ചിയത്തു നിന്നും നാലു കിലോമീറ്റര്‍ അകലെയാണിത്.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയശേഷം വെട്ടുകയായിരുന്നു. അടുത്തുവരാന്‍ ശ്രമിച്ചവരെ അക്രമിസംഘം ബോംബെറിഞ്ഞു വിരട്ടിയോടിച്ചു. വെട്ടേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ചന്ദ്രശേഖരനെ പോലീസടക്കമുള്ളവര്‍ വടകര ഗവ. ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ച് തിരിച്ചറിയില്‍ കാര്‍ഡ് കണ്ടാണ് കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് മനസ്സിലാക്കിയത്. തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു മുഖം. ശരീരത്തില്‍ ഗുരുതരമായ ഇരുപതോളം മുറിവുകളുണ്ട്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവമറിഞ്ഞു നേരത്തെ നിശ്‌ചയിച്ച പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട്ടേക്കു തിരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ഇന്ന്‌സംസ്‌ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് ഇന്നു സംസ്‌ഥാനത്തു കരിദിനം ആചരിക്കും. അക്രമികളെത്തിയ വാഹനത്തിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. റൂറല്‍ എസ്.പി. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്‌ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. സി.പി.എം. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു.
2008-ല്‍ ഒഞ്ചിയം മേഖലയില്‍ സി.പി.എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരണനാണ്. പിന്നീട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഏരിയാ സെക്രട്ടറിയായി. ഇതേത്തുടര്‍ന്നു സി.പി.എമ്മില്‍നിന്നു നിരവധി പേര്‍ രാജിവച്ചു റവല്യൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സഹകരണത്തോടെ ഒഞ്ചിയം പഞ്ചായത്ത് ഭരണം റവല്യൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി പിടിച്ചെടുത്തു. സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ സി.പി.എമ്മിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ സംഭവം.
പാര്‍ട്ടി വിട്ടപ്പോള്‍ മുതല്‍ ചന്ദ്രശേഖരന് ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സി.പി.എമ്മിന്റെ ജില്ലയിലെ ഏറ്റവും വലിയ ശക്‌തികേന്ദ്രമായ ഒഞ്ചിയത്തെ രാഷ്‌ട്രീയസാഹചര്യം മാറിയതോടെ അക്രമങ്ങളും ഇവിടെ തുടര്‍ക്കഥയായി. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജന്‍ ഉള്‍പ്പെടെയുള്ള റവല്യൂഷനറി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുംനേരേ നിരവധി തവണ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. തലനാരിഴയ്‌ക്കാണു ജയരാജന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടത്. എന്നാല്‍ അടുത്ത കാലത്തായി ഒഞ്ചിയം മേഖല ഏറെക്കുറെ ശാന്തമായിരുന്നു.
ചന്ദ്രശേഖരന്‍ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി. സ്ഥാനാര്‍ത്ഥിയായി വടകര മണ്ഡലത്തില്‍ മത്സരിച്ചു. ഇതിനുശേഷം സംസ്ഥാനത്തുടനീളമുള്ള സി.പി.എം. വിമതരെ കൂട്ടിയിണക്കി ഇടതുപക്ഷ ഏകോപനസമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി പാര്‍ട്ടിയുടെ ആവേശമായി മാറിയ നേതാവാണ് ചന്ദ്രശേഖരന്‍. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഒഞ്ചിയം നെല്ലാച്ചേരി സ്വദേശിയാണ്.
ഭാര്യ: രമ. മകന്‍: നന്ദു. പരേതനായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്.
സഹോദരങ്ങള്‍: മോഹന്‍ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ്കുമാര്‍.
ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹം പത്തു മണിക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. തുടര്‍ന്ന് കോഴിക്കോട്ടും വടകരയിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് ഒഞ്ചിയത്ത് നെല്ലാശേരിയിലെ വീട്ടില്‍ നടക്കും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകളാണ് രാവിലെ തന്നെ മെഡിക്കല്‍ കോളജ് പരിസരത്ത് എത്തിയിരിക്കുന്നത്.
രാഷ്ട്രീയ എതിരാളികളോട് സി.പി.എം നടത്തുന്ന പൈശാചികതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒഞ്ചിയത്തും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി കൊലപാതകത്തിലൂടെ നേരിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കേരള രാഷ്ട്രീയത്തിലെ കറുത്ത ദിനങ്ങളിലൊന്നാണിതെന്നും അദേഹം പറഞ്ഞു.
ചന്ദ്രശേഖരിന്റെ കൊലപാതകം വളരെ ആസൂത്രിതമായി നടത്തിയതാണെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലബാര്‍ മേഖലകളില്‍ സി.പി.എമ്മിന്റെ സ്വാധീനം കുറഞ്ഞതിലുള്ള അസ്വസ്ഥതയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വടകര എം.എല്‍.എ: സി.കെ. നാണു പറഞ്ഞു. കൊലയ്‌ക്കു പിന്നില്‍ സി.പി.എമ്മാണെന്നു കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാലും ആരോപിച്ചു.
No comments:
Post a Comment