തലശേരി: നെയ്യാറ്റിന്‍കര യുഡിഎഫ് സ്ഥാനാര്‍ഥി ആര് സെല്‍വരാജിന് മാഹിയിലെ മദ്യമാഫിയയുമായും സ്പിരിറ്റ്ലോബിയുമായുമുള്ള അടുപ്പവും ടി പി ചന്ദ്രശേഖരന് വധാന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്നു.
മാഹിയിലെ ബാറുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന മാതൃഭൂമി വാര്‍ത്തയുടെ ചുവടുപിടിച്ചാണ് അന്വേഷണം. മദ്യവ്യാപാരികളെ കാണാന്‍ സെല്‍വരാജ് മാഹിയില്‍ എത്താറുണ്ട്. മാഹിയില്‍ മദ്യപിച്ച് തല്ലുണ്ടാക്കിയ കേസില്‍ പ്രതിയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സംസ്ഥാനം വിട്ടത് കോഴികടത്തുന്ന മിനിലോറി യിലാണെന്ന വിവരവും പ്രത്യേക അന്വേഷണ സംഘം ഗൗരവമായി എടുത്തിട്ടുണ്ട്. തിരുനെല്‍വേലിയിലെ കോഴി വ്യാപാരിയുമായി സെല്‍വരാജിന് അടുത്ത ബന്ധമുണ്ട്. അടുത്തിടെ തമിഴ്നാട്ടില്‍ എത്തിയ സെല്‍വരാജ് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്.
മാഹി ടാഗോര്പാര്ക്കില് 2002 നവംബര്‍ 18നാണ് സെല്‍വരാജ് മദ്യപിച്ച് തല്ലുണ്ടാക്കിയത്. ന്യൂമാഹി പെരിങ്ങാടിയിലെ പുതിയപുരയില്മീത്തല് ശശിയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ക്രൈംനമ്പര്‍ 115/2002ല്‍ മാഹി പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സ്പിരിറ്റ്ലോബിയുമായി ബന്ധമുള്ള മദ്യവ്യാപാരിയെ കാണാനാണ് സെല്‍വരാജ് മാഹിയില്‍ എത്തിയത്. അടുത്തബന്ധമുള്ള ഏതാനും പേരും ഒപ്പമുണ്ടായിരുന്നു. മദ്യവ്യാപാരിയെ വീട്ടില്‍പോയി കണ്ടശേഷം മാഹി ടൗണിലെ ബാറില്‍നിന്നാണ് മദ്യപിച്ചത്. പിന്നീട് ടാഗോര്പാര്ക്കിലെത്തി. ഇതിനിടെയാണ് ന്യൂമാഹി സ്വദേശിയെ അടിച്ചുപരിക്കേല്‍പ്പിച്ചത്. ബഹളംകേട്ട് നിരവധിപേര്‍ തടിച്ചുകൂടി. സാമൂഹ്യപ്രവര്‍ത്തകനായ പള്ള്യന്പ്രമോദ് ഉള്‍പ്പെടെ ഇടപെട്ടതിനാലാണ് സെല്‍വരാജിനെ അറസ്റ്റ്ചെയ്തത്.
മദ്യലോബി ഇടപെട്ട് കേസ് ഒതുക്കാന്‍ ശ്രമിക്കുമ്പോഴേക്കും കേസ് കോടതിയിലെത്തി. പാറശാല എംഎല്‍എയാണെന്നാണ് അറസ്റ്റിലായ ഉടന്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സംശയം തോന്നി കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു എന്ന് തിരുത്തി. ആര് സെല്‍വരാജ്, ദിവ്യഭവന്, നെടിയങ്കോട്, ധനുവച്ചപുരം പിഒ, തിരുവനന്തപുരം എന്നാണ് പൊലീസ് റെക്കോഡിലെ വിലാസം.
No comments:
Post a Comment