Monday, 7 May 2012

[www.keralites.net] സന്താനഗോപാലം

 

ശ്രീകൃഷ്ണൻ ബ്രലരാമാദികളോടൊത്ത് ദ്വാരകാപുരിയിൽ വാഴുന്നകാലത്ത് 
ഒരുദിവസം അർജ്ജുനൻ അവിടെയെത്തി ഭഗവാനെ കാണുന്നു. കുറച്ചുകാലം തന്റെ കൂടെ വസിക്കുവാനുള്ള ശ്രീകൃഷ്ണന്റെ നിർദ്ദേശം മാനിച്ച് അർജ്ജുനൻ ദ്വാരകയിൽ കഴിയുന്നു. അക്കാലത്ത് ദ്വാരകാവാസിയായ ഒരു ബ്രാഹ്മണന് എട്ടുവർഷങ്ങളിലായി എട്ടുപുത്രന്മാർ ജനിക്കുകയും, ജനിച്ച ഉടനെതന്നെ മരിച്ചുപോവുകയും ചെയ്തിരുന്നു. ഓരോ കുട്ടികളും മരണപ്പെടുമ്പോൾ ബ്രാഹ്മണൻ ആ ശിശുശവവുമേന്തി രാജകൊട്ടാരത്തിലെത്തി വിലപിക്കുക പതിവായിരുന്നു. അങ്ങിനെ ഒൻപതാമതായി പിറന്ന കുട്ടിയും മരിച്ചപ്പോൾ, അവന്റെ ശവവുമായി യാദവസഭയിലെത്തി ബ്രാഹ്മണൻ വിലപിക്കുകയും കൃഷ്ണനെ ദുഷിക്കുകയും ചെയ്യുന്നു. കൃഷ്ണാദികളായ യാദവരൊന്നുംതന്നെ ഇത് ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ അർജ്ജുനൻ ബ്രാഹ്മണനെ സാന്ത്വനിപ്പിക്കുകയും, ഇനി ഒരു പുത്രൻ ജനിക്കുകയാണെങ്കിൽ അവനെ താൻ രക്ഷിച്ചുതരുമെന്നും, അത് സാധിക്കാത്തപക്ഷം അഗ്നിപ്രവേശം ചെയ്യുമെന്ന് സത്യംവരിക്കുയും ചെയ്യുന്നു. അർജ്ജുനന്റെ സത്യത്തിൽ വിശ്വസിച്ച് ഉത്സാഹത്തോടെ തന്റെ ഗൃഹത്തിൽ മടങ്ങിയെത്തുന്ന ബ്രാഹ്മണൻ നടന്ന സംഭവങ്ങളെല്ലാം പത്നിയെ അറിയിക്കുന്നു. അനന്തരം ദൈവപ്രാർത്ഥനതല്പരരായി വസിക്കവെ ബ്രാഹ്മണപത്നി വീണ്ടും ഗർഭംധരിച്ചു. പ്രസവനാൾ അടുത്തു എന്ന് പത്നി ബ്രാഹ്മണനെ അറിയിക്കുന്നു. ഉടനെ ബ്രാഹ്മണൻ അർജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാനായി പുറപ്പെടുന്നു.ബ്രാഹ്മണൻ വന്ന് അറിയിച്ചതനുസരിച്ച് ബ്രാഹ്മണനൊപ്പം പുറപ്പെട്ട് ബ്രാഹ്മണഗൃഹത്തിലെത്തുന്ന അർജ്ജുനൻ സൂതികാലയമായി ഒരു ശരകൂടം നിർമ്മിച്ചുനൽകി അതിന് കാവൽ നിൽക്കുന്നു. ബ്രാഹ്മണപത്നി ഒരു ഉണ്ണിയെ പ്രസവിച്ചു എങ്കിലും പത്താമനായ ആ ഉണ്ണിയേയും ദൈവം മറച്ചുകളഞ്ഞു. ഉണ്ടായ ബാലകന്റെ ശവംകൂടി കാണാനില്ല എന്ന് അറിഞ്ഞ് കോപാന്ധനായിതീരുന്ന ബ്രാഹ്മണൻ അർജ്ജുനനെ അധിക്ഷേപിക്കുന്നു. ബ്രാഹ്മണന്റെ ശകാരം കേട്ട് അവിടെനിന്നും പോന്ന അർജ്ജുനൻ കുട്ടിയെ അന്യൂഷിച്ച് യമപുരിയിലെത്തുന്നു. യമപുരിയിൽ ബാലന്മാരില്ല എന്ന് ബോധ്യപ്പെട്ട അർജ്ജുനൻ കുട്ടികളെത്തേടി സ്വർഗ്ഗത്തിലെത്തുന്നു. കുട്ടികളുടെ തിരോധാനത്തെപ്പറ്റി ഇന്ദ്രനും അറിവില്ല എന്നു മനസ്സിലാക്കിയ അർജ്ജുനൻ തുടർന്ന് മറ്റുലോകങ്ങളിലും അന്യൂഷിക്കുന്നുവെങ്കിലും എങ്ങും ബ്രാഹ്മണബാലരെ കണ്ടെത്താനാവുന്നില്ല. ഒടുവിൽ നിരാശനായി ദ്വാരകയിൽ മടങ്ങിയെത്തുന്ന അർജ്ജുനൻ അഗ്നികുണ്ഡം ജ്വലിപ്പിച്ച് അതിൽ ചാടി സത്യം പാലിക്കുവാനായി ഒരുങ്ങുന്നു. അപ്പോൾ പെട്ടന്ന് അവിടെയെത്തുന്ന ശ്രീകൃഷ്ണൻ പാർത്ഥനെ തടഞ്ഞിട്ട്, കുട്ടികൾ വസിക്കുന്ന സ്ഥലം തനിക്കറിയാമെന്നും, ഉടനെതന്നെ പോയി അവരെ കൂട്ടിക്കൊണ്ടുവരാമെന്നും പറഞ്ഞ് അർജ്ജുനനേയും കൂട്ടിക്കൊണ്ട് രഥത്തിലേറി പുറപ്പെടുന്നു ലോകാലോകങ്ങളും കടന്ന് കനത്ത അന്ധകാരത്തിലേയ്ക്ക് രഥം പ്രവേശിച്ചപ്പോൾ ശ്രീകൃഷ്ണൻ തന്റെ ചക്രായുധത്തെ വരുത്തി, അതിന്റെ പ്രകാശത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നു. അങ്ങിനെ സഞ്ചരിച്ച് കൃഷ്ണാർജ്ജുനന്മാർ ക്ഷീരസാഗരതീരത്തിലെത്തുന്നു. കൃഷ്ണാർജ്ജുനന്മാർ വൈകുണ്ഡത്തിലെത്തി അനന്തശായിയായ മഹാവിഷ്ണുവിനെ കാണുന്നു   നരനാരായണന്മാരായ നിങ്ങളെ ഇരുവരേയും ഒരുമിച്ച് കാണുവാനായിട്ടാണ് താൻ ഈ ലീലയാടിയത് എന്നുപറഞ്ഞ് മഹാവിഷ്ണു ബ്രാഹ്മണന്റെ പത്തുപുത്രന്മാരേയും കൃഷ്ണാർജ്ജുനന്മാർക്കൊപ്പം അയയ്ക്കുന്നു. മഹാവിഷ്ണുവിനെ സ്തുതിച്ച് വൈകുണ്ഡത്തിൽനിന്നും പോന്ന കൃഷ്ണാർജ്ജുനന്മാർ ബ്രാഹ്മണഗേഹത്തിലെത്തി കുട്ടികളെയെല്ലാം ബ്രാഹ്മണശ്രേഷ്ഠനു് നൽകുന്നു . സന്തുഷ്ടനായ ബ്രാഹ്മണൻ കൃഷ്ണാർജ്ജുനന്മാരെ സ്തുതിക്കുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment