നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുവാനാണ് യേശുക്രിസ്തു ലോകത്തില്‍ വന്നതെന്നും മനുഷ്യനെ സൃഷ്ടിക്കുവാന്‍ ദൈവത്തിന് ഒരുപിടി മണ്ണ് മാത്രം ചിലവായപ്പോള്‍, നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടെടുക്കുവാന്‍ ദൈവത്തിന് സ്വന്തപുത്രനെ തന്നെ കൊടുക്കേണ്ടി വന്നുവെന്നും പാസ്റ്റര്‍ ബാബു ചെറിയാന് പറഞ്ഞു. നവാപൂര്‍ കണ്‍വന്‍ഷന്റെ സമാപനരാത്രിയില് ദൈവവചനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലൂക്കോസ് 15 ലെ യേശുപറഞ്ഞ ഉപമയിലെ മൂന്നു നഷ്ടത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ആദ്യ ഉപമയിലെ ആട് നഷ്ടപ്പെട്ടത് ആടിന്റെ കുറ്റം കൊണ്ടാണ് എങ്കിലും ആടിനെ അന്വേഷിക്കുന്ന ഇടയന് ആടിനെ കുറ്റം പറയുന്നില്ല. നഷ്ടപ്പെട്ട ആടിനെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന യേശുകര്‍ത്താവ് നല്ല ഇടയന് ആണ്. അന്വേഷിച്ച് കണ്ടെത്തുന്ന ആടിനെ ഇടയന് തോളിലേറ്റി നടക്കുന്നതുപോലെ അവന് നമ്മെയും തോളില്‍ ഏറ്റുന്നു. കര്‍ത്താവില്‍ വിശ്വസിക്കുന്ന ഒരാള്‍ ഒരിക്കലും ഒറ്റയ്ക്കല്ല, തനിയെ നടക്കുന്ന ആരും ദൈവത്തിന്റെ സഭയില്‍ ഇല്ല. അപ്പനും അമ്മയും നമ്മെ ചുമക്കുന്നത് ഒരു ചെറിയ പ്രായം വരെയാണ്. എന്നാല്‍ നല്ലയിടയനായ യേശു കര്‍ത്താവ് നമ്മെ മരണ പര്യന്തം നടത്തുന്നവനാണ്.
ആദ്യ ഉപമയില്‍ ആട് നഷ്ടമായത് ആടിന്റെ കുറ്റം കൊണ്ടാണെങ്കില്‍ രണ്ടാമത്തെ ഉപമയില്‍ നാണയം നഷ്ടപ്പെട്ടതിന് പിന്നില്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. ഇവിടെ വീടിന്റെ അകത്താണ് നഷ്ടം സംഭവിച്ചത്. പല കുടുംബത്തിന്റെയും അകത്ത് അച്ചന്, അമ്മ മക്കള്‍ എന്നിവര്‍ നഷ്ടപ്പെടുന്നു. വീടിന്റെ അകത്ത് നഷ്ടത്തിന് ആരാണോ ഉത്തരവാദി അവരാണ് വിളക്ക് കത്തിക്കേണ്ടത്. വീട്ടില്‍ വിളക്കു കത്തിക്കുവാന്‍ തയ്യാറാകാത്തോളം നാള്, നഷ്ടപ്പട്ടതിനെ കണ്ടെത്തുവാന്‍ കഴിയുകയില്ല. ഉത്തരവാദികള്‍ ആരാണോ അവര്‍ വിളക്കു കത്തിക്കണം. തലമുറ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് ഉണ്ട്, മാതാപിതാക്കള്‍ അശ്രദ്ധര്‍ ആയിരുന്നാല്‍ മക്കള്‍ നഷ്ടപ്പെടാം. നഷ്ടപ്പെട്ടതിനെ കണ്ടെത്തുവാന്‍ വിളക്കു കത്തികുക എന്നതാണ് പോം വഴി. ഈ ഉപമയില്‍ സഭയ്ക്കും സഭകള്‍ക്കും കൂട്ടുത്തരവാദിത്വം ഉണ്ട് -അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ ഉപമയായ മുടിയന് പുത്രന്റെ ഉപമയിലൂടെ ദൈവത്തില്‍ നിന്ന് അകലുന്ന മനുഷ്യന് മൃഗതുല്യന്‍ ആണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ മകന്റെ തകര്‍ച്ചയ്ക്ക് കാരണം മകന് തന്നെയാണ്. ഇവിടെ സ്വയം തിരിച്ചറിഞ്ഞു. എങ്കില്‍ മാത്രമേ മടങ്ങിവരവ് സാധ്യമാകുകയുള്ളൂ. മകന്റെ മടങ്ങിവരവ് കാത്തിരിക്കുന്ന ഒരു അപ്പന് ഉണ്ട് പക്ഷേ ഒരു പുതിയ തീരുമാനം ആവശ്യമാണ് ഭവനത്തിലേക്ക് മടങ്ങണം എങ്കില്‍ നാം നമ്മിലേക്കു നോക്കുവാന്‍ തയ്യാറാകണം. ആട് നഷ്ടപ്പെട്ടപ്പോള്‍ ഇടയന് വീട്ടില്‍ നിന്നും ഇറങ്ങി നടന്ന് ചെന്ന് ആടിനെ കണ്ടെത്തുന്നു. എന്നാല്‍ മൂന്നാമത്തെ ഉപമയില്‍ അപ്പന് വീട്ടില്‍ നിന്നും ഇറങ്ങുന്നില്ല. മകന് തന്നെ തീരുമാനിക്കണം എത്രദൂരം പിതാവില്‍ നിന്നും അകന്നുവോ അത്രദൂരം തന്നെ മടങ്ങിവരുവാന്‍ പിതാവില്‍ നിന്നും അകന്ന മകന് ചെറിയ ഉത്തരവാദിത്വം നിറവേറ്റുവാനുണ്ട്. നഷ്ടപ്പെട്ടവനെ കാത്തിരിക്കുന്ന നല്ല പിതാവ് നമുക്ക് ഉണ്ട്. ദൈവസന്നിധിയില്‍ നിന്നും അകന്നിട്ടുണ്ടെങ്കില്‍ ആലിംഗനം ചെയ്ത് സ്വീകരിക്കുവാന്‍ കാത്തിരിക്കുന്നു ഒരു നല്ല പിതാവ് നമുക്കുണ്ട് -അദ്ദേഹം ഓര്‍മിപ്പിച്ചു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net