ന്യൂഡല്‍ഹി: മന്ത്രിമാരുടെ വകുപ്പുമാറ്റത്തെച്ചൊല്ലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ തെറ്റിയതോടെ ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ പരാതി. എ, ഐ ഗ്രൂപ്പ് പറഞ്ഞ് ഇരുവരും സ്വന്തം ഇഷ്‌ടക്കാര്‍ക്കു പദവികള്‍ വാരിക്കോരി നല്‍കുകയാണെന്നു കുറ്റപ്പെടുത്തി നാലാം ഗ്രൂപ്പുകാരനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ അജയ് തറയിലാണു പരാതി നല്‍കിയത്. വേണ്ടപ്പെട്ടവര്‍ക്കു മൂന്നിലേറെ പദവികള്‍ നല്‍കിക്കൊണ്ട് ഹൈക്കമാന്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും ഉമ്മന്‍ചാണ്ടിയും രമേശും സ്‌ഥാനമാനങ്ങള്‍ പങ്കിടുമ്പോള്‍ അര്‍ഹതയുള്ള പല നേതാക്കളും തഴയപ്പെടുകയാണെന്നും പരാതിയില്‍ പറയുന്നു. വകുപ്പുമാറ്റത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള അസ്വാരസ്യം അണികളിലേക്കു പടര്‍ന്നതോടെയാണ് മറ്റു ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങിയത്. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്‌ഥാനത്തെപ്പറ്റിയുള്ള മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ കെ. മുരളീധരന്റെ അഭിപ്രായത്തെ രമേശ് ചെന്നിത്തല തള്ളിയെങ്കിലും മുരളിക്കു പിന്തുണയുമായി കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്തിറങ്ങിയതു ശ്രദ്ധേയമായിരുന്നു. പി.സി. ചാക്കോ രമേശിനെതിരേ വിമര്‍ശനം അഴിച്ചുവിട്ടപ്പോള്‍ 'എ' ഗ്രൂപ്പ് നേതാക്കള്‍ മൗനം പാലിച്ചതാണു നേതൃത്വത്തിനെതിരേ തിരിയാന്‍ മറ്റു ഗ്രൂപ്പുകാര്‍ക്ക് ആവേശം നല്‍കുന്നത്. ഒരാള്‍ക്ക് ഒരു പദവി എന്ന നയം ഉമ്മന്‍ചാണ്ടിയും രമേശും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നു പരാതിയില്‍ അജയ് തറയില്‍ ചൂണ്ടിക്കാട്ടുന്നു. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനായ എം.എം. ബഷീറിനു പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്‌ഥാനം കൂടാതെ ഭൂപണയ ബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡിലും കണ്‍സ്യൂമര്‍ഫെഡ് ഡയറക്‌ടര്‍ ബോര്‍ഡിലും അംഗത്വവും നല്‍കി. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനും കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവുമായ എ.കെ. രാജന് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പദവി നല്‍കി. ജില്ലാ പഞ്ചായത്ത് അംഗവും വിവിധ സഹകരണ ബാങ്കുകളുടെ അധ്യക്ഷനുമായ ഇദ്ദേഹം ഐ.എന്‍.ടി.യു.സി. സംസ്‌ഥാന സെക്രട്ടറിയുമാണ്. സ്‌ഥാനങ്ങള്‍ പങ്കുവയ്‌ക്കലിലും നയപരമായ തീരുമാനങ്ങളിലും വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നു കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ്, വയലാര്‍ രവി എന്നിവര്‍ക്കു പരിഭവമുണ്ട്. ലീഗിന് അഞ്ചാം മന്ത്രിസ്‌ഥാനം നല്‍കേണ്ടെന്ന കെ.പി.സി.സി.സി. തീരുമാനം രമേശും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് അട്ടിമറിച്ചതായാണു വി.എം. സുധീരന്‍ കരുതുന്നത്. ഐ ഗ്രൂപ്പ് ക്വാട്ടയിലെ ആനുകൂല്യം പഴയ മൂന്നാം ഗ്രൂപ്പ് നേതാക്കള്‍ക്കു മാത്രമാണു വിതരണം ചെയ്യുന്നതെന്നാണു വിശാല ഐ ഗ്രൂപ്പില്‍നിന്നു രമേശിനെതിരേ ഉയരുന്ന ആരോപണം. |
No comments:
Post a Comment