| | ഒരിക്കല്‍ കേരളമാകെ തരംഗം സൃഷ്‌ടിച്ച എന്‍.എന്‍.പിള്ളയുടെ നാടകം, 'കാപാലിക' പുനര്‍ജ്‌ജനിക്കുകയാണ്. 'അനാവൃതയായ കാപാലിക' എന്ന പേരില്‍ കേവലം മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്ര രൂപത്തിലാണ് കാപാലികയുടെ കഥ നമ്മുടെ മുന്നിലെത്തുന്നത്. സോന നായരാണ് കാപാലികയായി നമ്മുടെ മുന്നിലെത്തുക. പ്രീതി പണിക്കരാണ് സംവിധായിക. എന്‍.എന്‍. പിള്ളയുടെ കാപാലിക എന്ന നാടകം നിറഞ്ഞ സദസ്സിനു മുന്നില്‍ നിരവധി സ്‌റ്റേജുകളിലാണ് കളിച്ചത്. പിന്നീട് ക്രോസ് ബെല്‍റ്റ് മണി കാപാലിക സിനിമയാക്കിയപ്പോള്‍ ഷീലയായിരുന്നു കാപാലികയുടെ വേഷത്തിലെത്തിയത്. റോസമ്മ എന്ന പെണ്ണിന്റെ കഥയാണ് കാപാലിക. ഇഷ്‌ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച റോസമ്മയ്‌ക്ക് വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം നഷ്‌ടപ്പെട്ടു. ഒടുവില്‍ ഹൃദയം നല്‌കി സ്‌നേഹിച്ച പുരുഷനും അവളെ തള്ളിപ്പറഞ്ഞപ്പോള്‍ അവള്‍ ജീവിതത്തില്‍ തീര്‍ത്തും ഏകയായി. വിദ്യാഭ്യാസമില്ലാത്ത അവള്‍ ജീവിക്കാനായി ഒരു ജോലിക്കായി പല വാതിലുകളില്‍ മുട്ടിയെങ്കിലും ആരും അവളെ സഹായിച്ചില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വഴി തിരഞ്ഞെ ടുത്തു. തന്റെ മനോഹരമായ ശരീരം വില്‍ക്കാന്‍ അവള്‍ തീരുമാനിച്ചു. കോടീശ്വരന്മാര്‍ അവളുടെ ശരീരം സ്വന്തമാക്കാന്‍ പണം വാരിയെറിഞ്ഞു. സമൂഹത്തില്‍ എല്ലാവരാലും വെറുക്കപ്പെടുന്ന അഭിസാരികയായ റോസമ്മയ്‌ക്ക് നാട്ടുകാര്‍ നല്‌കുന്ന വിളിപ്പേരാണ് കാപാലിക. തന്നോടൊപ്പം കിടക്ക പങ്കിടാന്‍ വരുന്ന പുരുഷന്മാരോട് കണക്കു പറഞ്ഞ് കാശു വാങ്ങുന്ന കാപാലികയില്‍ പക്ഷേ ചില നന്മകള്‍ കൂടിയുണ്ട്. പള്ളിക്കാര്യങ്ങള്‍ക്കും ആതുര സേവനങ്ങള്‍ക്കും അവള്‍ മനസ്സറിഞ്ഞ് പണം കൊടുക്കും. സംഭവ ബഹുലമായ അവളുടെ ജീവിതം പുസ്‌തകമാക്കാന്‍ ഒരു പള്ളി വികാരിയും ഒരു പത്രാധിപരും ശ്രമിക്കുന്നു. അതിനു വേണ്ടി അവര്‍ സമീപിക്കുന്ന പ്രശസ്‌തനായ ഒരെഴുത്തുകാരന്‍ പക്ഷേ ഈ ഉദ്യമവുമായി സഹകരിക്കുന്നില്ല. ഒടുവില്‍ ഒരു പെണ്ണെഴുത്തുകാരി കാപാലികയുടെ കഥയെഴുതാന്‍ തയ്യാറാകുന്നു. സോനാനായരുടെ വലിയ മനോഹരമായ വിടര്‍ന്ന കണ്ണുകളാണ് കാപാലികയാകാന്‍ അവരെ തിരഞ്ഞെടുക്കുവാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന് സംവിധായിക പ്രീതി പണിക്കര്‍ പറയുന്നു. മധുവാണ് പള്ളി വികാരിയുടെ വേഷം ചെയ്യുന്നത്. പത്രാധിപരായി ബി. ഹരികുമാറും എഴുത്തുകാരനായി ചുനക്കര രാമന്‍ കുട്ടിയും പെണ്ണെഴുത്തുകാരിയായി ജയന്തിയും അഭിനയിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലീല പണിക്കര്‍, ശ്രീലത, മധുസൂദനന്‍, ശിവകുമാര്‍, സതീഷ്, മിത്രാ വൃന്ദ എന്നിവരാണ്. തിരുവനന്തപുരത്തും പേയാടും ചെറിയതുറ കടലോരത്തുമായി അഞ്ചു ദിവസത്തെ ചിത്രീകരണത്തോടെ 'അനാവൃതയായ കാപാലിക' പൂര്‍ത്തിയായി. കൈരളി തീയേറ്ററിലെ പ്രിവ്യൂവിന് ശേഷം ഫിലിം ഫെസ്‌റ്റിവലുകളിലും ചാനലുകളിലുമായി കാപാലികയെ ജനങ്ങളിലെത്തിക്കാനാണ് നീക്കമെന്ന് സംവിധായിക പറയുന്നു. മധുസൂദനന്‍ മാവേലിക്കരയാണ് കാപാലിക നിര്‍മ്മിക്കുന്നത്. രാജീവ് ഗോപാല കൃഷ്‌ണന്റേതാണ് തിരക്കഥ. സംഗീതം- അശ്വിന്‍ ജോണ്‍സണ്‍, ക്യാമറ - സണ്ണി ജോസഫ് |
No comments:
Post a Comment