മലപ്പുറം: അഞ്ചാം മന്ത്രിക്കാര്യത്തില്‍ ദിവസങ്ങളായുള്ള ചര്‍ച്ചയിലും തീരുമാനമാകാതിരിക്കെ ഇന്നലെ മുസ്ലിംലീഗ് സെക്രട്ടേറിയറ്റ് യോഗം നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീടിനു മുന്നില്‍ അണികളുടെ വൈകാരിക പ്രതിഷേധം. അഞ്ചാം മന്ത്രിക്കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന്, യോഗശേഷം പുറത്തിറങ്ങിയ നേതാക്കളോടു പ്രവര്‍ത്തകര്‍ പറഞ്ഞു. അഞ്ചാംമന്ത്രിയെ തന്നേ തീരൂവെന്നു അവര്‍ മുദ്രാവാക്യമുയര്‍ത്തി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എല്ലാം പരിഹരിക്കുമെന്ന് അണികളോടു വ്യക്‌തമാക്കിയെങ്കിലും മന്ത്രി എം.കെ. മുനീറിനടുത്തെത്തി ഒരു പ്രവര്‍ത്തകന്‍ വികാരപരമായി പ്രതികരിച്ചു. തനിക്കു പ്രായം 65 ആയെന്നും അഞ്ചു മന്ത്രിമാരില്ലെങ്കില്‍ നിങ്ങള്‍ നാലു പേരും മന്ത്രിസ്‌ഥാനം രാജിവച്ചു പോരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോകാനായി കാറില്‍ കയറിയ മുനീറിനോടു കാറിനു ചുറ്റും തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ വീണ്ടും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഒടുവില്‍ എങ്ങനെയെങ്കിലും അണികളില്‍ നിന്നു രക്ഷപ്പെടാനായി രാജിവയ്‌ക്കാമെന്നു തമാശരൂപേണ പറഞ്ഞു മുനീര്‍ ഒരു വിധം സ്‌ഥലംവിട്ടു. അഞ്ചല്ലാതെ മറ്റൊന്നു വേണ്ടെന്നും സ്‌പീക്കര്‍ പദവി ആവശ്യമില്ലെന്നും കെ.എം. ഷാജി എം.എല്‍.എയോടും പ്രവര്‍ത്തകര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അഞ്ചില്ലെങ്കില്‍ മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍ ഗാര്‍ഡ് പരേഡ് നടത്താന്‍ നേതാക്കള്‍ തന്നെ വരേണ്ടിവരുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. യോഗം തുടങ്ങിയ മൂന്നരയ്‌ക്കു തന്നെ പാണക്കാട്ട് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷവും അഞ്ചാംമന്ത്രിക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. പാണക്കാട്ട് ആദ്യമായാണ് ലീഗ് പ്രവര്‍ത്തകര്‍ ഇത്തരത്തിലൊരു പ്രതിഷേധം പ്രകടിപ്പിക്കുന്നത്. |