| | പല്ലിശേരി ഒരു വര്‍ഷം മുമ്പുവരെ ശ്വേതാമേനോനെക്കണ്ടാല്‍ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ... എന്താ കല്യാണം കഴിക്കുന്നില്ലേ? 'സമയമാകുമ്പോള്‍ കഴിക്കും' എന്നായിരുന്നു മറുപടി. എന്നാണു സമയം വരിക എന്നു ചോദിച്ചവരോട് 'സമയം അടുത്തുകൊണ്ടിരിക്കുന്നു' എന്നും പറഞ്ഞു. കഴിഞ്ഞ ഓണത്തിനു മുമ്പു ശ്വേത വിവാഹിതയായി. പരസ്‌പരം മനസിലാക്കി കണ്ടെത്തുകയായിരുന്നു ശ്രീവല്‍സനെ. അഭിനയം നിര്‍ത്തുമോ... എന്നായി അടുത്ത ചോദ്യം. 'അഭിനയം എന്റെ ജോലിയാണ്. കല്യാണം കഴിഞ്ഞെന്നു കരുതി എന്തിനു ജോലി എന്തിനു വേണ്ടെന്നുവയ്‌ക്കണം..?' ചോദിച്ചവര്‍ക്ക് ഉത്തരം മുട്ടി. കല്യാണം കഴിഞ്ഞപ്പോള്‍ സ്‌ത്രീകളുടെ വക മറ്റൊരു ചോദ്യം വന്നു. വിശേഷമൊന്നും ആയില്ലേയെന്ന്. 'വൈകാതെവിശേഷമുണ്ടാകും, അപ്പോള്‍ അറിയാക്കാ'മെന്നായി ശ്വേത. ഇതിനിടയില്‍ ശ്രദ്ധിക്കപ്പെട്ട കുറച്ചു സിനിമകളില്‍ ശ്വേത അഭിനയിച്ചു. ഇപ്പോള്‍ ശ്വേത സന്തോഷത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുന്നു. വിശേഷങ്ങള്‍ ഉണ്ടായിരിക്കുന്നു. ജീവിതത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത സന്തോഷമാണിപ്പോള്‍ ശ്വേത. 'പറുദീസ'യിലെ അഭിനയം പൂര്‍ത്തിയാക്കി വിശ്രമം തുടങ്ങാനായിരുന്നു അലോചന. എന്തായാലും മൂന്നു സിനിമകളില്‍ കൂടി അഭിനയിച്ചു ജൂലൈ ആദ്യവാരത്തോടെ വിശ്രമം തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. 'പറുദീസ'യിലെ ത്രേസ്യാമ്മ ശക്‌തമായ കഥാപാത്രമായതിന്റെ സന്തോഷം ഒരുവശത്ത്, റിലീസ് ചെയ്‌ത 'തത്സമയം ഒരു പെണ്‍കുട്ടി'യിലെ അഭിനയത്തിന് അഭിനന്ദനങ്ങള്‍ കിട്ടിയ സന്തോഷം മറുവശത്ത്. ശ്വേതയുടെ ജീവിതം ഒരുവര്‍ഷത്തിനുള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ സമ്പന്നമാകുകയാണ്. രണ്ടുമൂന്നു മാസത്തെ വിശ്രമത്തിനു പോകുന്ന ശ്വേതയുടെ ഓര്‍മയിലെ സിനിമകള്‍? എന്റെ ആദ്യചിത്രം അനശ്വരം. അതിലെ കത്രീന എന്ന കഥാപാത്രം. എന്റെ നായകന്‍ മമ്മൂക്ക. പീന്നീടു മലയാളത്തിലേക്കു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചു വന്നു മമ്മൂക്കയോടൊപ്പം വീണ്ടും നായികയായി. പാലേരിമാണിക്യത്തിലെ ചീരുവിനെ അവിസ്‌മരണീയമാക്കിയെന്നു പലരും പറഞ്ഞു. പിന്നീടു കയത്തിലെ താമര, സോള്‍ട്ട് ആന്‍ഡ് പേപ്പറിലെ ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് മായ, രതിനിര്‍വേദത്തിലെ രതിചേച്ചി അങ്ങിനെ നിരവധി സിനിമയും കഥാപാത്രങ്ങളും എന്നോടൊപ്പമുണ്ട്. മലയാളത്തില്‍ മൂന്നു നാലു സിനിമകളില്‍ അഭിനയിച്ചശേഷം സിനിമ വേണ്ടെന്നു വച്ചോ? അയ്യോ, അല്ല. എന്നെ വേണ്ടെങ്കില്‍ പിന്നെ ഞാനെങ്ങനെ അഭിനയിക്കും? അതുകൊണ്ട് അഭിനയിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം എന്നെ വേണമെന്നു തോന്നിയപ്പോള്‍ വിളിച്ചു, ഞാന്‍ വന്നു. ഇവിടെ സജീവമായി നില്‍ക്കുന്നു. പതിനാറാം വയസില്‍ തുടങ്ങിയ അഭിനയം മുപ്പത്തേഴിലും വയസിലും തുടരുന്നു. അന്നും ഇന്നും നായിക. ഈ ബഹുമതി ശ്വേതക്കാണെന്നു പറഞ്ഞാല്‍? വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കേള്‍ക്കാന്‍ സുഖമുള്ള വാര്‍ത്തയായതുകൊണ്ടു സന്തോഷവും. സെക്‌സി ഇമേജ് ഉള്ള നടിയെന്ന നിലയ്‌ക്കല്ലേ ശ്വേത അറിയപ്പെടുന്നത് ? ആണോ? എന്നെനിക്കു തോന്നിയിട്ടില്ല. ഇനി അങ്ങിനെ വിചാരിച്ചാല്‍തന്നെ എന്താ കുഴപ്പം? സെക്‌സി ഇമേജ് മോശമല്ല, സിനിമയില്‍ അതൊക്കെ സാധാരണമാണ്. ശരീരം പ്രദര്‍ശിപ്പിച്ച് അഭിയനയിച്ചതിന് ഇപ്പോള്‍ ഖേദമുണ്ടോ ? എന്തിന്? എനിക്കു കാണാന്‍ ഭംഗിയുള്ള ഒരു ശരീരം ഉള്ളതുകൊണ്ടല്ലേ പ്രദര്‍ശിപ്പിക്കേണ്ടി വന്നത്. എല്ലാ നടികള്‍ക്കും എന്നെപ്പോലെ പ്രദര്‍ശിപ്പിക്കാത്ത ശരീരസൗന്ദര്യം ഉണ്ടാകണമെന്നില്ലല്ലൊ. കാമസൂത്രയില്‍ അഭിനയിച്ചപ്പോള്‍ പണവും പ്രശസ്‌തിയും കിട്ടി. അങ്ങിനെ വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഒരിക്കലുമില്ല, ഞാന്‍ എന്തോ ഹിമാലയന്‍ തെറ്റു ചെയ്‌തതുപോലെയാണു പലരും സംസാരിച്ചതും ചോദ്യങ്ങള്‍ ചോദിച്ചതും. ഞാനാരാണെന്ന് എന്റെ അച്‌ഛനും അമ്മയ്‌ക്കും അറിയാം. ഇപ്പോള്‍ എന്റെ ഭര്‍ത്താവിനും... ഇവരൊക്കെ തെറ്റിദ്ധരിക്കാതിരുന്നാല്‍ മതി. കാമസൂത്ര എനിക്ക് അന്തര്‍ദേശീയ പ്രശസ്‌തിയാണു നല്‍കിയത്. പണവും. അതെന്റെ തൊഴിലിന്റെ ഭാഗമായിരുന്നു. എന്നാലും കാമസൂത്രയിലെ പ്രദര്‍ശനം പേരു ചീത്തയാക്കിയില്ലെ ? അന്നും ഇന്നും എന്റെ പേര് ശ്വേതാമേനോന്‍ എന്നുതന്നെയാണ്. എന്റെ പേരു ചീത്തയായെന്ന് എനിക്കു തോന്നണ്ടേ? അങ്ങനെ തോന്നിയിട്ടില്ല. മറ്റു ചിലര്‍ക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ അത് അവരുടെ വീക്ഷണത്തിലെ തകരാറാണ്. എന്റെ മനസാക്ഷിക്കുമുന്നില്‍ ഞാന്‍ ചെയ്‌തതു നൂറു ശതമാനം ശരിയാണ്. ശ്വേതയുടെ ജീവിതം മാറ്റിമറിച്ച വ്യക്‌തി ഞാന്‍ ഒരു ഗുരുവിന്റെ അടുത്ത് ഉപദേശം തേടിപോകാറുണ്ടായിരുന്നു. മനുഷ്യദൈവം അല്ലേ? അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലൊ. ഞാന്‍ ഒരു മനുഷ്യ ദൈവത്തിലും വിശ്വസിക്കുന്നില്ല. ഒരു ഗുരുവിന്റെ അടുത്തു പോയെന്നു പറഞ്ഞത്? അദ്ദേഹത്തെ ദൈവമായി കണ്ടല്ല ഞാന്‍ പോയത്. മാനുഷിക മൂല്യങ്ങള്‍ക്കു വിലകല്‍പിച്ച ഒരു വ്യക്‌തിയാണദ്ദേഹം. അദ്ദേഹത്തെ പരിചയപ്പെട്ടതു മുതല്‍ എന്റെ ജീവിതത്തില്‍ ആശ്വാസം ലഭിച്ചു. എന്റെ ജീവിതം തന്നെമാറി എന്നു പറയുന്നതാണു ശരി. കയത്തിലെ താമരയും രതിനിര്‍വ്വേദത്തിലെ രതി ചേച്ചിയും സെക്‌സി ഇമേജ് ഉണ്ടാക്കിയില്ലെ ? ജയഭാരതിച്ചേച്ചി അഭിനയിച്ചു മറ്റുള്ളവരെ കൊതിപ്പിച്ച അതേ വേഷം തന്നെയാണു ഞാനും ചെയ്‌തത്. അതു സെക്‌സി ഇമേജ് ഉണ്ടാക്കിയിട്ടില്ല. അത്തരം കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ സന്തോഷമേയുള്ളൂ. ഇനിയും അത്തരം വേഷങ്ങള്‍ ? ഞാന്‍ ഇക്കാര്യം പറഞ്ഞു കഴിഞ്ഞതാണ്. ഏറ്റവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്ന കരുത്തുള്ള ഒരു സെക്‌സി കഥാപാത്രം ചെയ്യാന്‍ ഒരുക്കമാണ്. പ്രസവശേഷം അതിനുള്ള തയാറെടുപ്പിലായിരിക്കും ഞാന്‍. ആരാണു ശ്വേതയുടെ ഗോഡ്‌ഫാദര്‍ ? എനിക്ക് ഫാദറെ ഉള്ളൂ. ഗോഡ്‌ഫാദര്‍ ഇല്ല. സിനിമയില്‍ എന്നെ ആരും സഹായിച്ചിട്ടില്ല. ഇനിയും ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കും ? ധൈര്യമായി എഴുതിക്കോളൂ. ഇനിയും ഞാന്‍ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കും. കൂടെ അഭിനയിക്കുന്ന നായകന്‍ ആരൊക്കെയായിരിക്കണം ? ആരായാലും എനിക്കു പ്രശ്‌നമില്ല. ഞാന്‍ തിലകന്‍ ചേട്ടന്റെ കൂടെ അഭിനയിച്ചില്ലെ ? അദ്ദേഹം വയസനല്ലെ? ആവശ്യമില്ലാത്ത കോംപ്ലസ് ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. രതിനിര്‍വേദത്തില്‍ പുതുമുഖമായ ശ്രീജിത്തായിരുന്നില്ലെ? പുതുമുഖം പറ്റില്ല എന്നു പറഞ്ഞാല്‍ ഞാന്‍ മാറി നില്‍ക്കണമായിരുന്നോ? അനശ്വരത്തില്‍ ഞാന്‍ നായികയായി വരുമ്പോള്‍ പുതുമുഖമായിരുന്നില്ലേ? അന്നു സൂപ്പര്‍സ്‌റ്റാറായിരുന്ന മമ്മൂക്ക എന്നോടൊപ്പം അഭിനയിക്കാന്‍ സമ്മതിച്ചില്ലെ ? എല്ലാ നടികളുടേയും കൂടെ ഷൂട്ടിംഗിനായി അച്‌ഛനോ, അമ്മയോ പോകാറുണ്ട്. എന്നാല്‍ ശ്വേതയുടെ കൂടെ മറ്റാരും വരാറില്ലല്ലൊ? ജോലിക്കു പോകുന്ന സ്‌ത്രീകളുടെ കൂടെ കൂട്ടിനായി അച്‌ഛനോ അമ്മയോ ഭര്‍ത്താവോ പോകാറുണ്ടോ? അഭിനയം ജോലിയാണ്. സ്വന്തം കഴിവില്‍ എനിക്കു വിശ്വാസമുണ്ട്. ജോലിക്കു പോയി സന്തോഷത്തോടെ തിരിച്ചു വരുന്നവളാണു ഞാന്‍. എനിക്കാരും ബോഡിഗാര്‍ഡ് ആയി വേണ്ട. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവരോടൊപ്പം നായികയായി അഭിനയിച്ചല്ലോ. ഇവരില്‍ ആരാണു സുന്ദരന്‍ ? (ശ്വേത നിര്‍ത്താതെ ചിരിക്കുന്നു. പിന്നെ കൈ കൊണ്ടു വയര്‍ പൊത്തിപ്പിടിച്ചു ചിരിക്കുന്നു). ചിരി ഉത്തരമല്ല ശ്വാസം കിട്ടിയിട്ടു വേണ്ടേ കാര്യം പറയാന്‍ (ഒരുമിനിറ്റു കഴിഞ്ഞ്) എല്ലാവരും സുന്ദരന്മാരാണ്. എന്നാല്‍, പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും സുന്ദരന്‍ മമ്മൂക്കയാണ്. 62 വയസ് കഴിഞ്ഞു എന്നാണു കേട്ടത്. ഈ പ്രായത്തിലും സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുന്നത് ഒരു ഗിഫ്‌റ്റാണ്. സിനിമയില്‍ നല്ല സുഹൃത്തുക്കള്‍ ? ആരാണു ബെസ്‌റ്റ് ഫ്രണ്ട് എനിക്കു നല്ലൊരു ഫ്രണ്ട് ഉള്ളതു ഹിന്ദി സിനിമാലോകത്താണ്. സല്‍മാന്‍ഖാന്‍. സല്‍മാന്‍ഖാന്‍ കുഴപ്പക്കാരനല്ലേ ? അങ്ങിനെയാണു നിങ്ങളെ പോലുള്ള പത്രപ്രവര്‍ത്തകര്‍ എഴുതുന്നതും മറ്റു ചിലര്‍ പറയുന്നതും. പക്ഷെ, സല്‍മാന്‍ നല്ലവനാണ്. വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ്. ശ്വേത വിവാഹിതയാണ്. എന്നാലും ചോദിച്ചോട്ടെ, സല്‍മാനുമായി പ്രണയത്തിലായിരുന്നോ ? (ശ്വേത വീണ്ടും ചിരിക്കുന്നു) വീണ്ടും ചിരിക്കുന്നത് ? തമാശ കേട്ടാല്‍ ആരാണു ചിരിക്കാത്തത് സിനിമയില്‍ എനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ല. അഹങ്കാരത്തെക്കുറിച്ചു പറഞ്ഞില്ല എന്റെ എതിരാളികള്‍ പോലും പറയില്ല, എനിക്ക് അഹങ്കാരമുണ്ടെന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നോ ? ഇല്ല. അനശ്വരത്തില്‍ അഭിനയിച്ച ശേഷം അധികം സിനിമകള്‍ ലഭിക്കാതെ മുംബൈയ്‌ക്കു പോയപ്പോള്‍ ഇങ്ങിനെ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം നല്ലതിനാകട്ടെ എന്നു വിശ്വസിക്കുന്നു. എന്നെ സ്‌നേഹിക്കുകയും എന്റെ സിനിമകള്‍ കണ്ടു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. എന്നാണ് ശ്വേതാമേനോന്‍ ഫാന്‍സ് അസോസിയേഷന്‍ ഉദ്‌ഘാടനം? അത്രയ്‌ക്കും ഞാന്‍ വളര്‍ന്നോ? ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ ആരെങ്കിലും തയാറായാല്‍ സന്തോഷം. രതിനിര്‍വേദത്തിനുശേഷം ശ്വേതയെ സെക്‌സി ആര്‍ട്ടിസ്‌റ്റ് എന്ന നിലയില്‍ കാണുന്നവരുണ്ട്. അപ്പോള്‍ അഭിനയിച്ചപ്പോള്‍ ? രതിനിര്‍വേദം വല്ലാത്ത ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു. ജയഭാരതിച്ചേച്ചി അഭിനയിച്ച രതിനിര്‍വേദം കാണാതെയാണു ഞാന്‍ അഭിനയിച്ചത്. രതിച്ചേച്ചി പപ്പുവിനെ അനിയനായി കാണാന്‍ ശ്രമിക്കുമ്പോള്‍ പപ്പുവിന്റെ മനസില്‍ രതിച്ചേച്ചിയോടു തോന്നുന്ന പ്രണയമോ, കാമമോ വല്ലാത്ത അവസ്‌ഥ തന്നെയായിരുന്നു. രതിച്ചേച്ചിമാരെ കണ്ടിട്ടുണ്ടോ? നമ്മുടെ സമൂഹത്തില്‍ എത്രയോ രതിച്ചേച്ചിമാരുണ്ട്. എന്റേതു വലിയ തറവാടാണ്. വൊക്കേഷന്‍ സമയത്തു തറവാട്ടില്‍ വരുമ്പോള്‍ നാട്ടിന്‍പുറമായതിനാല്‍ സ്‌ത്രീകള്‍ മാറുമറയ്‌ക്കാതെ മാവരയ്‌ക്കുന്നതും മറ്റും എന്റെ മനസിലുണ്ട്. സിനിമയിലേതുപോലെ പാവാടയും ബ്‌ളൗസുമണിഞ്ഞ പെണ്‍കുട്ടിയുമായും ഞാനും മാറിയിട്ടുണ്ട്. എന്റെ തറവാട്ടില്‍ പോകുമ്പോള്‍ കുറെ രതിച്ചേച്ചിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. മിക്ക തറവാട്ടിലും സുന്ദരികളായ രതിച്ചേച്ചിമാര്‍ ഉണ്ട്. ഏതെങ്കിലും പപ്പുവിനെ കണ്ടിട്ടുണ്ടോ, സ്വന്തം ജീവിതത്തില്‍ ? ഛേ... ഇങ്ങിനെയൊന്നും ചോദിക്കരുത്. എനിക്ക് ദേഷ്യം വരും. രതിച്ചേച്ചിയുടെ മാനറിസങ്ങള്‍ ശ്വേതയിലുണ്ടായിരുന്നോ? ഒരുപാടു സ്വാതന്ത്ര്യം അനുഭവിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണു ഞാന്‍. രതിച്ചേച്ചിയുടെ എല്ലാ മാനറിസങ്ങളും എനിക്കുണ്ട്. വളരെയധികം ആഹ്‌ളാദത്തോടെയാണു ഞാന്‍ രതിനിര്‍വേദം ചെയ്‌തത്. ഇപ്പോഴത്തെ രതിനിര്‍വേദം മോശമാണെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും പറയുന്നവരുണ്ട്. അങ്ങിനെ പറയുന്നവര്‍ സ്വന്തം വീട്ടില്‍ ടെലിവിഷനില്‍ ദൂരദര്‍ശന്‍ കണക്ഷന്‍ മാത്രം എടുക്കട്ടെ. മറ്റു ചാനലുകളിലെല്ലാം ഒരുപാടു കാര്യങ്ങളുണ്ട്. അതൊന്നും കാണരുത്. മക്കളെ കാണിക്കരുത്. ഏറ്റവും പുതിയ സിനിമ ? ചിത്രീകരണം കഴിഞ്ഞതു ശരത് സാറിന്റെ പറുദീസ. അതിലെ ത്രേസ്യാമ്മ പുതിയൊരനുഭവമാണ്. പ്രസവശേഷവും ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കും ? ഉവ്വ്, പ്രസവശേഷം ശരീരം ഒന്നു കൂടി സുന്ദരമാകും. ആരും കൊതിക്കുന്ന രീതിയില്‍... ഒരു പുതിയ സുന്ദരിയായി ഞാന്‍ സജീവമാകും... അഭിനയവും ജീവിതവും രണ്ടാണെന്ന് ഒരിക്കല്‍ കൂടി മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍. തനിച്ചിരിക്കുമ്പോള്‍ ആരെക്കുറിച്ചാണ് ഓര്‍ക്കാറ് എന്റെ ഭര്‍ത്താവിനെ... ഞങ്ങള്‍ക്കിടയിലേക്കു വരുന്ന കുഞ്ഞിനെ. പിന്നെ പാലേരിമാണിക്യത്തിലെ ചീരുവിനെ, കയത്തിലെ താമരയെ, സാള്‍ട്ട് ആന്‍ഡ് പേപ്പറിലെ മായയെ, രതിച്ചേച്ചിയെ, കത്രീനയെ, ത്രേസ്യാമ്മയെ... അങ്ങിനെ ഒത്തിരികഥാപാത്രങ്ങളെ... നമുക്കു തല്‍കാലം നിര്‍ത്താം. ഷോട്ട് റെഡിയാണ്... പിന്നെ കാണാം... ശ്വേത പറഞ്ഞു നിര്‍ത്തി. |
No comments:
Post a Comment