Monday, 6 February 2012

[www.keralites.net] Responses from social and religious leaders

 

അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനമാണ് ക്രിസ്തുമത്തിന്റെയും മാര്‍ക്സിസത്തിന്റെയും അടിസ്ഥാന പ്രമാണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. എന്നാല്‍ , ഇത് പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. യേശുക്രിസ്തു ലോകംകണ്ട ഏറ്റവുംവലിയ വിപ്ലവകാരിയാണ്.ഇക്കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തു രക്ഷകനാണ്. അത് മറ്റെല്ലാവരും അംഗീകരിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. ചിലര്‍ വിപ്ലവകാരിയായും സാമൂഹ്യ പരിഷ്കര്‍ത്താവായും കാണുന്നു. എല്ലാക്കാലത്തും ഇടതുപക്ഷ ചിന്തകളെ വ്യവസ്ഥാപിത സഭകള്‍ എതിര്‍ത്തിട്ടുണ്ട്. അത് ഇന്നും തുടരുന്നു എന്നേയുള്ളൂ. ക്രൈസ്തവ മതത്തിന്റെ ആശയ അടിത്തറയ്ക്ക് ഇടതുപക്ഷ സ്വഭാവമാണുള്ളതെന്നും വിമര്‍ശനങ്ങള്‍ യഥാര്‍ഥ വിശ്വാസികളും മതേതര സമൂഹവും തിരിച്ചറിയുമെന്നും മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.
യേശുക്രിസ്തുവിന്റെ ചിത്രത്തിന് കീഴിലിരുന്ന് കോഴ വാങ്ങുന്നവരാണ് യഥാര്‍ഥ മതനിന്ദകരെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. ക്രിസ്തുവിനെ സുരക്ഷിതസ്ഥാനത്ത് ഇരുത്തിയശേഷം നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനുമടക്കം കോഴ വാങ്ങുന്നവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപാര്‍ടി തങ്ങളുടെ ബോര്‍ഡില്‍ ക്രിസ്തുവിനെ ഉപയോഗിച്ചതിനെ മറ്റ് പാര്‍ടികള്‍ വിമര്‍ശിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, മത നേതാക്കള്‍ എതിര്‍ക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. അന്ത്യഅത്താഴം മാത്രമല്ല രാമനും സീതയുമെല്ലാം പലതരത്തില്‍ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിപിഐ എം സമ്മേളനത്തോടനുബന്ധിച്ച് ക്രിസ്തുവിന്റെ ചിത്രം വച്ചത് യേശു യഥാര്‍ഥ വിപ്ലവകാരിയായത് കൊണ്ടാണ്. ചിത്രം വച്ചതില്‍ തെറ്റില്ലെന്ന് ക്രിസോസ്റ്റം തിരുമേനി പറഞ്ഞിരുന്നു. ധീരമായ അഭിപ്രായമാണത്. അഴീക്കോട് മാഷുണ്ടായിരുന്നെങ്കില്‍ ആ നിലപാടിനൊപ്പം നിന്ന് പോരാടിയേനെയെന്നും അദ്ദേഹം പറഞ്ഞു.
കഷ്ടപ്പെടുന്നവരോട് ചേര്‍ന്നുനിന്ന ക്രിസ്തു സോഷ്യലിസ്റ്റ് ദര്‍ശനത്തിന്റെ വക്താവായിരുന്നെന്ന് യാക്കോബായ സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. കമ്യൂണിസത്തേക്കാള്‍ വലിയ സമത്വഭാവനയാണ് ക്രിസ്തു മുന്നോട്ടുവച്ചത്. നിലനിന്ന വ്യവസ്ഥയുടെ സദാചാരബോധത്തിന് എതിരായ നിലപാടെടുത്ത ക്രിസ്തു അധ്വാനിക്കുന്നവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനം ആഗ്രഹിച്ച് അവരോട് തോളോടുതോള്‍ ചേര്‍ന്നു നിന്നു. സാമൂഹ്യ നന്മക്കുവേണ്ടി യോജിക്കാവുന്ന എല്ലാമേഖലകളിലും കമ്യൂണിസ്റ്റുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒന്നിക്കാനാവണം. പിണറായി വിജയന്‍ പറഞ്ഞതിന്റെ നല്ല വശങ്ങള്‍ ക്രിസ്ത്യാനികള്‍ ഉള്‍ക്കൊള്ളണം. ഔദ്യോഗികമായി സഭകള്‍ അംഗീകരിച്ചിട്ടില്ലാത്തതാണ് ഡാവിഞ്ചി വരച്ച അന്ത്യ അത്താഴചിത്രം. അതിന്റെ പേരിലാണ് വിവാദം. ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചാല്‍ ദോഷം ചെയ്യും. എന്നാല്‍ അതിനെ ചിത്രകാരന്റെ സ്വാതന്ത്യമായി ദര്‍ശിച്ചാല്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതണെന്നും അദ്ദേഹം പറഞ്ഞു.
യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന സിപിഐ എം നിലപാട് നൂറുശതമാനവും ശരിയാണെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. കൊച്ചിയില്‍ ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സാംസ്കാരികസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന നിലപാടിനോട് തനിക്ക് പൂര്‍ണ യോജിപ്പാണ്. ശരിയായ അര്‍ഥത്തില്‍ യേശു വിമോചനപ്പോരാളിയല്ല. തെരുവ് പോരാളിയെന്നാണ് യേശുവിനെ വിശേഷിപ്പിക്കേണ്ടത്. അനീതിക്കെതിരെ ചാട്ടവാറുമെടുത്ത് തെരുവിലേക്കിറങ്ങിയ യേശു ധാര്‍മികരോഷമുള്ളയാളാണെന്ന വീക്ഷണമാണ് തന്റേത്. സിപിഐ എമ്മുകാര്‍ പറയുന്നതുകൊണ്ട് വിശ്വസിക്കില്ലെന്ന സഭയുടെ നിലപാട് ശരിയല്ല. കോണ്‍ഗ്രസുകാര്‍ക്ക് യേശുവിനെക്കുറിച്ച് ഒരു വിവരവുമില്ല. ചില വിവരമില്ലാത്ത മെത്രാന്‍മാര്‍ പറയുന്നതുകേട്ടാണ് അവര്‍ ഉറഞ്ഞുതുള്ളുന്നത്. "അവസാന അത്താഴം" വിവാദമാക്കുന്നത് വിവരമില്ലാത്ത ചില പുരോഹിതന്‍മാരും നിക്ഷിപ്ത താല്‍പ്പര്യക്കാരുമാണ്. "അവസാനത്തെ അത്താഴം" മതചിത്രമല്ല. ഇറ്റലിയിലെ ഒരു മഠത്തിന്റെ ഭിത്തി അലങ്കരിക്കാന്‍വേണ്ടിയാണ് ഡാവിഞ്ചി അത് വരച്ചത്. "അവസാനത്തെ അത്താഴം" ഒരു മതത്തിന്റെയും സ്വകാര്യസ്വത്തല്ല. ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ "അവസാനത്തെ അത്താഴം" എന്ന ചിത്രത്തിന് പതിനായിരത്തോളം പാരഡികള്‍ കാണാന്‍ കഴിയും. യേശുവിനെ നടുവിലിരുത്തി അദ്വാനിയെയും മന്‍മോഹന്‍സിങ്ങിനെയും വരച്ചിരുന്നെങ്കില്‍ അത് യേശുവിനെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു. എന്നാല്‍ യേശുവിന്റെ സ്ഥാനത്ത് ഒബാമയെയാണ് വച്ചിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് യേശുവെന്നുപറഞ്ഞാല്‍ പള്ളീലച്ചന്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ്. എന്നാല്‍ തനിക്ക് കുട്ടിക്കാലംമുതല്‍ യേശുവിനെ അടുത്തറിയാം. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും സക്കറിയ പറഞ്ഞു.
ബോര്‍ഡ് മാറ്റിയിട്ട് ഒരാഴ്ച കഴിഞ്ഞു. മറ്റാരെങ്കിലും പറഞ്ഞിട്ടല്ല ബോര്‍ഡ് മാറ്റിയത്. ഉത്തരവാദപ്പെട്ട പാര്‍ടി പ്രവര്‍ത്തകരാണ് ഇങ്ങനെ ഒരു ബോര്‍ഡ് വേണ്ടെന്ന് പറഞ്ഞ് എടുത്തുമാറ്റിയത്. നീക്കംചെയ്ത ബോര്‍ഡിന്റെ ഫോട്ടോ ഒരാഴ്ച കഴിഞ്ഞ് മനോരമയില്‍ വന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു. ക്രൈസ്തവവികാരത്തിന് ഒരര്‍ഥത്തിലും പോറലേല്‍പ്പിക്കരുതെന്ന് ചിന്തിക്കുന്ന മാധ്യമമായാണല്ലോ മനോരമയെ കാണുന്നത്. ആ മനോരമയില്‍ ഇതേ മാതൃകയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു. അതില്‍ കേന്ദ്രസ്ഥാനത്ത് അന്നത്തെ പ്രധാനമന്ത്രി വി പി സിങ്. ഒരുഭാഗത്ത് ചന്ദ്രശേഖറും മറുഭാഗത്ത് ദേവിലാലും. "ഇതിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കും... മറ്റൊരാള്‍ തള്ളിപ്പറയും" എന്നാണ് ആ കാര്‍ട്ടൂണിലുള്ളത്. ആ കാര്‍ട്ടൂണിന് മനോരമയ്ക്ക് അവാര്‍ഡും ലഭിച്ചു. അവസാന അത്താഴത്തെക്കുറിച്ച് മനോരമ കാര്‍ട്ടൂണ്‍ വരച്ചത് ക്രൈസ്തവ മൂല്യങ്ങളെ അധിക്ഷേപിക്കാനാണെന്ന് ആരെങ്കിലും പറയുമോ? ആദ്യം പൊട്ടിച്ച വെടി ഏശാതായപ്പോള്‍ കിടക്കട്ടെ മറ്റൊരു വെടികൂടി എന്നനിലയിലേ ഇപ്പോഴത്തെ വിവാദത്തെ കാണേണ്ടതുള്ളൂ.
ഞങ്ങള്‍ക്ക് യേശുവിനെയോ ക്രൈസ്തവ മതമൂല്യങ്ങളെയോ അപമാനിക്കാന്‍ ഉദ്ദേശമില്ല. ഒരു കാര്യത്തില്‍ ചിലര്‍ക്ക് ഇപ്പോള്‍ കടുത്ത വേവലാതി തുടങ്ങിയിട്ടുണ്ട്. അത് അവരുടെകൂടെ ഉണ്ടായിരുന്നെന്ന് അവര്‍ ആശ്വസിച്ച ചിലര്‍ ഇപ്പോള്‍ അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ലോകപ്രശസ്ത ചിത്രകാരന്റെ സൃഷ്ടിയാണ് അവസാന അത്താഴത്തിന്റെ ചിത്രം. ഈ സൃഷ്ടി ലോകമാകെ അംഗീകരിച്ചു, ആസ്വദിച്ചു. കലാകാരന്റെ ഭാവനയ്ക്കനുസരിച്ചാണ് കലാസൃഷ്ടിക്ക് രൂപം നല്‍കുന്നത്. ഇത്തരം കലാസൃഷ്ടികളെ മാതൃകയാക്കി പിന്നീട് മറ്റ് കലാകാരന്‍മാര്‍ അവരുടെ ഭാവനകളില്‍ സൃഷ്ടികള്‍ നടത്താറുണ്ട്- പിണറായി പറഞ്ഞു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും എന്തു കിട്ടിയാലും ഏറ്റുപിടിക്കുകയാണെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. എങ്ങനെയെങ്കിലും നാലുപേരെ സിപിഐ എമ്മിന് എതിരാക്കാന്‍ പറ്റുമോയെന്നാണ് അവരുടെ നോട്ടം- പിണറായി പറഞ്ഞു.
യേശുവിന്റെ സ്ഥാനത്ത് വി പി സിങ്ങിനെ ചിത്രീകരിച്ച് 1990 ഏപ്രില്‍ 13നാണ് മനോരമ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ആ കാര്‍ട്ടൂണ്‍ പിന്നീട് അവാര്‍ഡും നേടി. അതേ മനോരമ തന്നെയാണ് അവസാനത്തെ അത്താഴം സിപിഐ എം വികലമായി ചിത്രീകരിച്ചതായി ഇപ്പോള്‍ മുറവിളി കൂട്ടി ക്രൈസ്തവരെ പാര്‍ടിക്കെതിരെ രംഗത്തിറക്കാന്‍ ഗൂഢാലോചന നടത്തുന്നത്. ഒരാഴ്ച മുമ്പേ നീക്കംചെയ്ത ബോര്‍ഡിന്റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ മനോരമ തെരഞ്ഞെടുത്ത ദിവസംതന്നെയാണ് ഗൂഢാലോചനയ്ക്ക് പ്രധാന തെളിവ്. അവസാനത്തെ അത്താഴം വികലമായി ചിത്രീകരിച്ച ബോര്‍ഡ് അര മണിക്കൂറിനകം തന്നെ നീക്കിയതാണ്. എന്നാല്‍ , ക്രൈസ്തവര്‍ ദേവാലയങ്ങളില്‍ പോകുന്ന ഞായറാഴ്ചവരെ വിഷപ്രയോഗത്തിന് മനോരമ കാത്തിരുന്നു. വിശ്വാസികളെ ഇളക്കിവിടുന്നതിനൊപ്പം, ഒറ്റമനസ്സോടെ ജനങ്ങളാകെ പങ്കാളികളായ സംസ്ഥാന സമ്മേളനപ്രവര്‍ത്തനങ്ങളെ കരിതേക്കുകയായിരുന്നു ലക്ഷ്യം.
വാര്‍ത്ത ഏറ്റുപിടിച്ച് ചിലയിടങ്ങളില്‍ പ്രകടനംനടന്നു. ചില പുരോഹിതര്‍ സിപിഐ എമ്മിനെതിരെ അഭിപ്രായവും പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പതിവുപോലെ പാര്‍ടിക്കെതിരെ രംഗത്തുവന്നു. തിരുവനന്തപുരം തൃക്കണ്ണാപുരത്തിനടുത്ത് കുന്നപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന്റെ പേരില്‍ , തിരുവത്താഴത്തെ വികൃതമായി അനുകരിച്ചുള്ള ബോര്‍ഡുവച്ചത് പാര്‍ടി പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല. കെട്ടിടനിര്‍മാണത്തൊഴിലാളി യൂണിയന്റെ പേരില്‍ സ്ഥാപിച്ച ബോര്‍ഡ് അരമണിക്കൂറേ അവിടെ ഉണ്ടായിരുന്നുള്ളൂ. സ്ഥലത്തെ സിപിഐ എം പ്രവര്‍ത്തകര്‍ ബോര്‍ഡ് നീക്കി. അതിനിടയില്‍തന്നെ അതിന്റെ ചിത്രമെടുത്തു. ഞായറാഴ്ച പുതിയ മുഖച്ഛായയുമായി ഇറങ്ങുമെന്ന് മനോരമ ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. സിപിഐ എം വിരുദ്ധവിഷപ്രയോഗത്തിന്റെ പുത്തന്‍പ്രയോഗമാണ് ആ മുഖച്ഛായയില്‍ കണ്ടത്.
മതവികാരം ഇളക്കുക എന്ന ഗൂഢലക്ഷ്യത്തോടെ മനോരമ ചെയ്തത് ക്രിമിനല്‍ കുറ്റമാണന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മതനിന്ദ നടത്തിയെന്നാരോപിച്ച് വിശ്വാസികളെ ഇളക്കിവിടുന്നതും സ്പര്‍ധ സൃഷ്ടിക്കുന്നതും മതപരമായ വിവാദമുണ്ടാക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമം 153-എ, 295-എ, 298 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. ദീര്‍ഘകാലമായി പാര്‍ടിയെ കരിവാരിത്തേച്ചുകൊണ്ടിരുന്ന മനോരമയെപോലുള്ള മാധ്യമങ്ങള്‍ ഇത്തവണത്തെ സമ്മേളന കാലയളവില്‍ നിരാശയിലാണ്. പതിവ് പാര്‍ടിവിരുദ്ധകെട്ടുകഥകള്‍ക്ക് സാധ്യതയില്ലെന്നു കണ്ടതോടെയാണ് മതവികാരത്തില്‍ കയറിപ്പിടിച്ചുള്ള അപകടകരമായ കളി.
മതവികാരം വ്രണപ്പെടുത്തുന്നവിധം പ്രചാരണം നടത്തുകവഴി മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ് മലയാളമനോരമ ചെയ്തതെന്ന് പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി ശശിധരന്‍നായര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 295-എ വകുപ്പനുസരിച്ച് പൊലീസിന് ഇക്കാര്യത്തില്‍ ജാമ്യമില്ലാ വകുപ്പില്‍ നേരിട്ട് കേസെടുക്കാം. ക്രൈസ്തവ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ് മനോരമ പ്രസിദ്ധീകരിച്ചത്. മതനിന്ദ ആരോപിച്ച് മതവിശ്വാസികളെ ഇളക്കിവിടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. വിശ്വാസികള്‍ ആദരപൂര്‍വം കാണുന്ന ചിത്രമായ തിരുവത്താഴത്തെ ഓര്‍മിപ്പിക്കുന്ന ബോര്‍ഡുവച്ചതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ നീക്കംചെയ്തതാണ്. ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിനുപിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് സിപിഐ എം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ , മനോരമ മനഃപൂര്‍വം മതവിശ്വാസം വ്രണപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വികലവ്യാഖ്യാനം നല്‍കി മനോരമ ഇത് പ്രസിദ്ധീകരിച്ചത് ശിക്ഷാര്‍ഹമായ കുറ്റമാണ്. വിശ്വാസം ചൂഷണംചെയ്ത് പ്രകോപനം സൃഷ്ടിക്കാനും മതസ്പര്‍ധ വളര്‍ത്താനുമാണ് ഇതുവഴി ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment