Monday, 6 February 2012

[www.keralites.net] സംഗീതം അവന്റെ മനസ് തുറന്നു

 

സംഗീതം അവന്റെ മനസ് തുറന്നു.

Fun & Info @ Keralites.net

ഒരമ്മയുടെ സ്‌നേഹവുംദുഃഖവും നിറഞ്ഞൊഴുകുന്ന അസാധാരണമായ അനുഭവകഥ...

റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങ് ഇല്ലാത്ത ദിവസം. ഷോയില്‍ പങ്കെടുക്കുന്ന കുട്ടികളെല്ലാം തിരുവനന്തപുരത്തെ പ്രിന്‍സ് പാലസ് ഹോട്ടലില്‍ പ്രാക്ടീസും തമാശകളുമായി കഴിയുന്നു. സുകേഷ് കുട്ടന്‍ തന്റെ മുറിയിലടച്ചിരുന്ന് മമ്മൂട്ടിചിത്രം ഓഗസ്റ്റ് ഒന്ന് കണ്ടുരസിക്കയാണ്...മറ്റൊരു അവയവം പോലെ, അവന്റെ ഉള്ളിലേക്ക് സംഗീതം പൊഴിച്ചുകൊണ്ട് ഐപോഡുമുണ്ട് ചെവിയില്‍. സുകേഷിന് സംസാരിക്കാന്‍ താല്‍പ്പര്യമില്ല. ആരോടും. തല്‍ക്കാലം ഏകാന്തതയും സംഗീതവും മാത്രം മതിയെന്ന്് അവന്‍ തീരുമാനിച്ചപോലെ... അമ്മ സ്മിതയാണ് സുകേഷിന് സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാന്‍ കൂട്ട് വന്നിരിക്കുന്നത്. അവര്‍ മകനെക്കുറിച്ച് പറഞ്ഞു.


എന്റെ ആദ്യത്തെ കണ്‍മണി


വര്‍ഷങ്ങളായി ദുബായിലെ കരാമയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്റെ ഭര്‍ത്താവ് കെ.കെ.കുട്ടന്‍ ദുബായില്‍ ഹൈഡല്‍ ബര്‍ഗ്ഗ് എന്നൊരു കമ്പനിയില്‍ പര്‍ച്ചേസിങ്ങ് ഓഫീസറാണ്. അദ്ദേഹത്തിന് ജോലിത്തിരക്കുള്ളതുകൊണ്ട് ഞാനാണ് സുകേഷിന്റെ ഒപ്പം നാട്ടിലേക്ക് വന്നത്. രണ്ടാമത്തെ മകന്‍ ജിഷ്ണു അവിടെ 'അവര്‍ ഓണ്‍ ഇന്ത്യന്‍ ഹൈസ്‌കൂളി'ലാണ്. പത്താം കഌസ് പഠനത്തിന്റെ തിരക്കിലാണവന്‍. കുടുംബസുഹൃത്തായ നിഷാ ലവന്‍ വഴിയാണ് സ്റ്റാര്‍ സിങ്ങറിന്റെ സ്‌ക്രീനിങ്ങില്‍ പങ്കെടുക്കുന്നത്. സുകേഷിന് പാട്ടാണ് എല്ലാം. പതിനഞ്ച് വര്‍ഷമായി ദുബായിലെ ശ്രുതി ആന്‍ഡ് ക്രിസ്റ്റല്‍ മ്യൂസിക് എന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ കര്‍ണ്ണാടകസംഗീതം പഠിക്കുകയാണവന്‍.

Fun & Info @ Keralites.net

അവന്‍ ഒരു സാധാരണ കുഞ്ഞായിരുന്നു. ജനിക്കുമ്പോള്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എന്റെ പ്രസവം നോര്‍മലായിരുന്നു. തൂക്കമൊക്കെ സാധാരണപോലെ. മോന് നാല് വയസുള്ളപ്പോഴാണ് അവന്‍ സംസാരിക്കുന്നില്ലെന്ന് ശ്രദ്ധിച്ചത്. എല്ലാം ചൂണ്ടികാണിക്കുകയേ ഉള്ളൂ. നടക്കാനിത്തിരി വൈകിയതാണ് മറ്റൊരു കുഴപ്പം. പക്ഷേ മൂന്ന് മാസമാവുമ്പോള്‍ത്തന്നെ പാട്ടിനോട് അവന് ഇഷ്ടമുണ്ട്. പ്രമദവനം...അതുപോലെ നീരാടുവാന്‍...കേട്ടാല്‍ അന്നേ ശ്രദ്ധിക്കും. സംസാരിക്കാന്‍ വൈകിയപ്പോള്‍ പ്രായമായവര്‍ പറഞ്ഞു, ആണ്‍പിള്ളേരാവുമ്പോള്‍ കുറച്ച് വൈകിയിട്ടേ സംസാരിക്കൂ എന്ന്. ആദ്യത്തെ കുഞ്ഞല്ലേ...അതൊന്നും പ്രശ്‌നമായി അന്ന് തോന്നിയില്ല. കാഴ്ചയ്ക്കും പ്രത്യേകിച്ചൊന്നുമില്ല. അവനൊന്ന് കൈ ചൂണ്ടി കാണിച്ചാല്‍ ഞാനത് മുന്നിലെത്തിക്കുമല്ലോ...

സംസാരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഞങ്ങളവനെ ആദ്യം തൃശൂരില്‍ ഒരു ഡോക്ടറെ കാണിച്ചു. അവിടുന്നാണ് ഓട്ടിസമാണെന്ന് ആദ്യമായി അറിയുന്നത്. വെല്ലൂരിലെ ഭാഗായം എന്ന സ്ഥലത്തെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ചികിത്സിച്ചു. മരുന്നൊന്നുമില്ല, ബിഹാവ്യറല്‍ തെറാപ്പിയായിരുന്നു. അവര്‍ പറഞ്ഞു, കഴിയുന്നതും അവന്റെ ചെറിയ ആവശ്യങ്ങള്‍ കുഞ്ഞ് സ്വയം ചെയ്യട്ടെ. ചോറ് വാരിക്കഴിക്കട്ടെ, സ്വയം ഇരിക്കട്ടെ എന്നൊക്കെ. പക്ഷെ കുഞ്ഞ് വാശി പിടിക്കും. കുഞ്ഞ് , താ എന്ന് പറഞ്ഞാലേ കൊടുക്കാവു. എനിക്കതൊക്കെ കാണുന്നത് തന്നെ സങ്കടമായിരുന്നു. നാല്് മാസം വെല്ലൂരില്‍ ചികിത്സ തുടര്‍ന്നു. കൊച്ചിലേ തൊട്ട് മോന്‍ ട്യൂണ്‍ മൂളുമായിരുന്നു. ചികിത്സയ്ക്ക് ശേഷം അവന്‍ പതുക്കെ പതുക്കെ സംസാരിക്കാന്‍ തുടങ്ങി. പാലക്കാട്ടെ അച്ഛന്റെ തറവാട്ടില്‍ താമസിച്ച കാലം. അവന്റെ മുത്തച്ഛന്‍(കൃഷ്ണന്‍കുട്ടി) പാടും. അവന്‍ സൈക്കിള്‍ ചവുട്ടി കളിക്കയാവും. അതിന്നിടയില്‍ മുത്തച്ഛന്‍ എണ്ണാനും കീര്‍ത്തനങ്ങള്‍ പാടാനും അക്ഷരങ്ങള്‍ ഉച്ചരിക്കാനുമെല്ലാം പഠിപ്പിക്കും.

കൊച്ചുന്നാളിലേ പാട്ട് വെച്ച് കൊടുത്താല്‍ മതി അവന്. മിണ്ടാതിരുന്നോളും. എവിടെങ്കിലും യാത്ര പോവുമ്പോള്‍ അങ്ങനെയാണ്. ചിലര്‍ പറയും ഇങ്ങനെ പാട്ട് വെച്ച് കൊടുക്കേണ്ടെന്ന്. ഏതാണ് ശരി എന്നറിയില്ല. എങ്ങനെയോ മോന്‍ ഇത്രയും വലുതായി. കുട്ടിക്കാലത്ത്, ഓട്ടിസമാണെന്ന് അറിയുന്നതിന് മുന്‍പൊരിക്കല്‍ അവന് കേള്‍വിക്കുറവുണ്ടെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. ചികിത്സയ്ക്കായി നാട്ടില്‍ വന്നതായിരുന്നു ഞാനും മോനും. മരുന്നും എഴുതി. പക്ഷെ മരുന്ന് കൊടുക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. അവന്റെ കേള്‍വിക്ക് ഒരു തകരാറുമില്ലെന്ന് എനിക്കുറപ്പായിരുന്നു. അവരെത്ര നിര്‍ബന്ധിച്ചിട്ടും ഞാന്‍ അനുവദിച്ചില്ല. ഞാനല്ലേ അവനെ പ്രസവിച്ചതും വളര്‍ത്തിയതും. അവന് രണ്ട് ചെവിയും കേള്‍ക്കുമെന്ന് തെളിയിക്കാന്‍ നൂറ് ഉദാഹരണങ്ങള്‍ എനിക്കറിയാം. മൂന്നാം മാസം തൊട്ട് പാട്ട് കേള്‍ക്കുന്നില്ലേ. എങ്കില്‍ എല്ലാ റിസ്‌ക്കും ഏറ്റെടുത്തോളൂ എന്ന് എല്ലാവരും പറഞ്ഞു. എന്റെ മോനല്ലേ. ഞാന്‍ അവനെ വിട്ട് മറ്റെങ്ങ് പോവാന്‍! ഭര്‍ത്താവാണെങ്കില്‍ ആകെ ടെന്‍ഷനിലായി. അവിടേയും ഇവിടേയുമായി പരസ്പ്പരം ആശ്വസിപ്പിച്ചു ഞങ്ങള്‍.


രോഗത്തെ മറികടന്നു


ഓട്ടിസം ലൈഫ്‌ലോങ്ങാണ്. അത് മാറില്ല. പക്ഷെ അസുഖം കുറയും. ഇപ്പോള്‍ വെല്ലൂരിലെ ഡോ.രാജേഷാണ് ചികിത്സിക്കുന്നത്. അമ്മമാര്‍ അവരുടെ മക്കളില്‍ ഇത്തരം രോഗലക്ഷണം കണ്ടാല്‍ എത്രയും പെട്ടെന്ന് ഫലപ്രദമായ ചികിത്സ തേടണം എന്നാണ് എനിക്ക് പറയാനുള്ളത്. പലപ്പോഴും അമ്മമാരാണ് ചികിത്സ വേണ്ടെന്ന് പറയുക. മക്കള്‍ക്ക്് കാര്യമായ പ്രശ്‌നമൊന്നുമില്ലെന്ന് ആശ്വസിക്കാനാണല്ലോ നമുക്ക് തോന്നുക. ഇത്തരം കുട്ടികളെ സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കാനും മടിക്കരുത്. ദുബായില്‍ മോനെ ഞങ്ങള്‍ അല്‍-നൂര്‍ വിത് സ്‌പെഷല്‍ നീഡ്‌സ് സ്‌കൂളില്‍ ചേര്‍ത്തു. അപ്പോഴവന് അഞ്ചര വയസ്സ്. അവിടുന്നാണ് എഴുതാനും വായിക്കാനും പഠിച്ചത്. ഇപ്പോഴാണ് പഠിക്കാന്‍ പറഞ്ഞതെങ്കില്‍ അവന്‍ പഠിക്കണമെന്നില്ല. ഇപ്പോള്‍ ഇഷ്ടമുള്ള പാട്ടുകള്‍ അവന്‍ തന്നെയാണ് എഴുതുക. ഈ കഴിവൊക്കെ എന്റെ മോനില്‍ വളര്‍ത്തിയത് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാഭ്യാസമാണ്. എന്തെങ്കിലുമൊരു കലാവാസന കണ്ടാല്‍ അത് വികസിക്കാനുള്ള സാഹചര്യം ഒരുക്കുകയും വേണം, നമ്മള്‍. ആദ്യമൊക്കെ അവന്‍ വാശി പിടിക്കുമെന്നോര്‍ത്ത് ചില കാര്യങ്ങള്‍ മറച്ചുവെക്കുമായിരുന്നു ഞങ്ങള്‍. നാളെ യാത്ര പോവണമെങ്കില്‍ ഒരുങ്ങുന്ന സമയത്തേ അവനോട് പറയൂ. ഡോക്ടര്‍ പറഞ്ഞു, കുട്ടിയോട് എല്ലാം തുറന്ന് പറയണം എന്ന്. എല്ലാ കാര്യങ്ങളും പതിയെ പറഞ്ഞ് മനസിലാക്കണം എന്ന്. റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിന് പുറപ്പെടുമ്പോള്‍ ഇപ്പോള്‍ ഞാന്‍ അവനോട് പറയും, 'മോനേ, കണ്ണന്‍ വലിയ കുട്ടിയായി കേട്ടോ. പത്രത്തില്‍ ഫോട്ടോ വരും. നന്നായി പെര്‍ഫോം ചെയ്യണേ. ബഹളമൊന്നും വെക്കരുതേ ' എന്ന്.


ഒരു കാര്യവും മറക്കില്ല


ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പിന്നെ ഒരിക്കലും അവനതില്‍ നിന്ന് മാറില്ല. കുട്ടിക്കാലത്ത് ടീച്ചര്‍ പറഞ്ഞതാണ് പെപ്‌സി കുടിക്കരുതെന്ന്. പിന്നെ ഇതേവരെ തൊട്ടിട്ടില്ല. ഒരിക്കല്‍ കണ്ടത് ജീവിതത്തില്‍ മറക്കയുമില്ല. 2007-ല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ നന്തന്‍കോടാണ് താമസിച്ചത്. ഈ പ്രാവശ്യം വരുമ്പോള്‍ പറയുകയാണ്, നമുക്ക് നന്തന്‍കോട്ടെ വീട്ടിലേക്ക് പോവാമെന്ന്. ആരും പറയാതെ അവനതോര്‍ത്തു. മറ്റൊരു സംഭവം. ഒരിക്കല്‍ ഞങ്ങള്‍ സിംഗപ്പൂരിലേക്ക് ട്രിപ്പ് പോയി. മോന് പതിനൊന്ന് വയസ്സ് കാണും. ഞങ്ങളൊരു ഷോപ്പിങ്‌സെന്ററില്‍ പോയതാണ്. അവിടെ വെച്ച് വര്‍ണ്ണപ്പകിട്ട് എന്ന സിനിമയിലെ പാട്ട് ഇവനിങ്ങനെ പാടുന്നു. ആദ്യമാരും അതത്ര ശ്രദ്ധിച്ചില്ല. തീ തുപ്പുന്ന വ്യാളിയുടെ ഒരു പ്രതിമയുണ്ടവിടെ. അത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ഓര്‍മ്മ വന്നു, വര്‍ണ്ണപ്പകിട്ടില്‍ മീനയും മോഹന്‍ലാലും ചേര്‍ന്നുള്ള ഗാനരംഗത്തില്‍ കണ്ട സ്ഥലം ഇതല്ലേ. സംഗതി വാസ്തവമായിരുന്നെന്ന് അന്വേഷിച്ചപ്പോളറിഞ്ഞു. അപ്പോള്‍ സുകേഷും അതോര്‍മ്മിച്ചിട്ടുണ്ട് ! (അതേത് പാട്ടാണെന്ന് അമ്മയ്ക്ക് ഇപ്പോഴോര്‍മ്മയില്ല. അവര്‍ അകത്തേ മുറിയില്‍ പോയി സുകേഷിനെ വിളിച്ച് ചോദിച്ചു. പെട്ടെന്നെത്തി ഉത്തരം, 'വെള്ളിനിലാത്തുള്ളികളോ...'എന്ന പാട്ട്.)

സ്‌കൂളില്‍ ടീച്ചര്‍മാരുടെ ഓമനയായിരുന്നു അവന്‍. ആദ്യനാളുകളില്‍ ടീച്ചര്‍മാരുടെ മടിയിലിരുന്നാണ് അവന്‍ പഠിച്ചത്. എപ്പോഴും വെല്‍ഡ്രസ്സ്ഡ് ആയി നടക്കണമവന്. ടീഷര്‍ട്ടല്ല, കോട്ടിടാനാണ് ഇഷ്ടം. കഌസില്‍ മാത്‌സ് കൊടുക്കുമ്പോഴേക്ക് ചെയ്യും. മറ്റു കുട്ടികള്‍ പെന്‍സിലെടുത്തുപിടിക്കുമ്പോഴേക്കും അവന്‍ എഴുതിത്തീര്‍ത്തിരിക്കും. കൊച്ചിലേ അവനെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. ദൈനംദിന പ്രവര്‍ത്തികളെല്ലാം അവന്‍ കൃത്യമായി ചെയ്യും. ഉണരലും ഉറങ്ങലുമെല്ലാം. അതിനാരും പറയുകപോലും വേണ്ട.

ഒരു പാട്ട് ഒരിക്കല്‍ കേട്ടാല്‍ പിന്നെ മറക്കില്ല. സംഗീതോപകരണങ്ങള്‍, വയലിനും ഗിറ്റാറുമൊഴിച്ചുള്ളവ, മോശമല്ലാതെ വായിക്കും. കീബോര്‍ഡ് സ്‌കൂളില്‍ നിന്ന് പഠിച്ചു. മറ്റെല്ലാം തനിയെ പഠിച്ചതാണ്. സംഗീതാധ്യാപിക സുഷമ സുനില്‍ ആറുമാസം വീണ പഠിപ്പിച്ചിരുന്നു. സുഹൃത്തുക്കളുടെ എല്ലാ ഗെറ്റുഗതറിനും പാടും. 2007 വരെ സ്‌കൂളില്‍ പഠനം തുടര്‍ന്നു. അതിന്നിടെ, ടീച്ചര്‍മാര്‍ പറഞ്ഞാല്‍ അനുസരിക്കാതെയായി. കുട്ടികളുമായി വഴക്കിടാന്‍ തുടങ്ങി. അങ്ങനെ സ്‌കൂള്‍ പഠനം നിന്നു. പകരം പാട്ട് മാത്രമായി അവന്. മ്യൂസിക് കഌസുകളില്‍ പോവും. ഇന്‍സ്റ്റിറ്റിയൂട്ടില്‍ അവനെ ഒറ്റയ്ക്കാണ് പഠിപ്പിക്കുന്നത്.

െെഷനി, ഗിരിജാ അടിേയാടി... അവനെ പഠിപ്പിക്കാന്‍ പല അധ്യാപകര്‍ മാറിമാറി വന്നു. ഇപ്പോള്‍ കൃഷ്ണകുമാരി ആണ് അധ്യാപിക. മോന് ഒരു പാട് കീര്‍ത്തനങ്ങളറിയാം. ഈയ്യിടെയായി പക്കാല...യും കരുണ ചെയ്‌വാന്‍ എന്തുതാമസം...വും പാടുന്നത് കേള്‍ക്കാറുണ്ട്. പക്കാല എന്ന കീര്‍ത്തനം ഖരഹരപ്രിയ രാഗത്തിലാണ്. മോന്റെ കൂടെ നടക്കുന്നതോണ്ട് എനിക്കും കിട്ടി ചില രാഗങ്ങളുടെ പേരുകളൊക്കെ.( ചിരിക്കുന്നു)

ഒരിക്കല്‍ ദുബായില്‍ ത്യാഗരാജആരാധന ഫെസ്റ്റിവലില്‍ സുകേഷ് പാടി. ഒരാള്‍ക്ക് പത്ത് മിനുട്ട് ആണ് അനുവദിച്ച സമയം. സുകേഷ് പാടാനിരുന്നപ്പോള്‍ അവന്‍ നല്ല മൂഡിലാണ്. പക്കാല...യാണ് തകര്‍ത്തുപാടുന്നത്. സമയത്തെക്കുറിച്ച് ടെന്‍ഷനടിക്കാന്‍ അവനറിയില്ല. സ്വരം പാടാന്‍ തുടങ്ങിയിട്ടില്ല, അപ്പോഴേക്കും പതിനാല് മിനുട്ട് ആയി. സംഘാടകര്‍ വന്ന് പാട്ട് നിര്‍ത്താന്‍ പറയാന്‍ എന്നോടാവശ്യപ്പെട്ടു. കുട്ടി ആസ്വദിച്ച് പാടുമ്പോള്‍ എങ്ങനെ നിര്‍ത്താന്‍ പറയും ! പക്ഷെ ഒടുവില്‍ എനിക്ക് പറയേണ്ടി വന്നു. പാടുന്നതിന്നിടയില്‍ അവനെന്നെ ഒന്ന് നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു, കണ്ണാ, മതി, സ്വരം പാടേണ്ടെന്ന്. അവന്‍ പാട്ട് നിര്‍ത്തി. ആ നിര്‍ത്തിയതിന് ശേഷം ഈ പക്കാലയേ പാടൂ. കാരണം അവന് പക്കാല മുഴുവനാക്കണം. അന്ന് ആ രാഗത്തിന്റെ സ്വരങ്ങള്‍ പാടാന്‍ പറ്റിയില്ല. അന്ന് സദസ്സിലുള്ളവരെല്ലാം പറഞ്ഞു, ഈ കുട്ടിയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍, പാടുന്നതിന്നിടയില്‍ നിര്‍ത്താന്‍ പറഞ്ഞാല്‍ ഭയങ്കര പ്രശ്‌നമാക്കിയേനെ എന്ന്. പക്ഷെ എനിക്കറിയാം, അതവന്റെ മനസില്‍ നല്ലോണം തട്ടിയിരുന്നു...


കരാമയിലെ കൊച്ചുപാട്ടുകാരന്‍


തനിയെ വീട്ടിലിരിക്കുമ്പോള്‍ അവന്‍ ഒരുപാട് പാട്ടുകള്‍ പാടാറുണ്ട്. ഒപ്പം പഠിച്ചിരുന്നവര്‍ക്ക് ഫോണില്‍ പാടിക്കൊടുക്കും. ചിലര്‍ വിളിച്ച് രാഗം ഏതെന്ന് ചോദിക്കും. അവനിഷ്ടം സെമി കഌസിക്കല്‍ പാട്ടുകളാണ്. പണ്ടൊക്കെ യേശുദാസിന്റെ പാട്ട് മാത്രമേ പാടാന്‍ ഇഷ്ടമുണ്ടായിരുന്നുള്ളൂ. സ്റ്റാര്‍ സിങ്ങര്‍ അവന്‍ നേരത്തെ കാണുമായിരുന്നു. ഷോയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ അവന്റെ മനസില്‍ പരിപാടിയെക്കുറിച്ചൊരു രൂപമുണ്ട്. പക്ഷെ അന്നേ അവന് പാട്ടിന് ശേഷമുള്ള ജഡ്ജസിന്റെ കമന്റുകള്‍ ഇഷ്ടമല്ല. അവന് ഡാന്‍സ് ചെയ്യാനും ഇഷ്ടമാണ്. നെറ്റില്‍ കഥക്ക് കാണാറുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നും പാട്ടുകള്‍ ഡൗണ്‍ലോഡു ചെയ്യും. ഗൂഗിളില്‍ സെര്‍ച്ച് വേഡ് സ്‌പെല്ലിങ്ങ് തെറ്റാതെ അടിക്കും. ഏതൊക്കെ സൈറ്റിലാണ് പാട്ടുണ്ടാവുക എന്ന് അവനോട് ചോദിച്ചാല്‍ മതി. 'അമ്മാ, സംഗീതപ്രിയ ഡോട്ട് ഓര്‍ഗില്‍ നോക്കാം' എന്നൊക്കെ പറയും.

കരാമയിലെ ഗാനമേളകളില്‍ പാടാന്‍ കൂട്ട് പോവുക സുകേഷിന്റെ അച്ഛനാണ്. വൈകീട്ട് ഓഫീസില്‍ നിന്നുവന്നാല്‍ ക്ഷീണം മാറ്റാനൊന്നും മെനക്കെടാതെ നേരെ മോന്റെ കൂടെ പ്രോഗ്രാമിന് പോവും. എവിടെയാണ് ഫ്ലാട്ട് കൊടുക്കേണ്ടത്, തബല എവിടെ വേണം എന്നൊക്കെ സുകേഷിന് നല്ല നിശ്ചയമാണ്. പാടുന്നതിന്നിടയില്‍ ഓടിപ്പോയി കീബോര്‍ഡില്‍ ഒരു ട്യൂണ്‍ വായിച്ചുവരുന്നത് കാണാം. വീട്ടില്‍ കീബോര്‍ഡുണ്ട്. അതില്‍ അവന്‍ തന്നെ ട്യൂണ്‍ ചെയ്ത പാട്ടുകളുമുണ്ട്. സുഹൃത്ത് ബിന്ദു സന്തോഷാണ് നാലുവരി എഴുതിത്തന്നത്. ഇരുപത് മിനുട്ട് എടുത്തിട്ടുണ്ടാവും അവന്‍ അത് ട്യൂണ്‍ ചെയ്യാന്‍. അത് കേട്ട് സന്തോഷിച്ച ബിന്ദു ബാക്കി വരികള്‍ കൂടി ട്യൂണ്‍ ചെയ്യാന്‍ തരികയായിരുന്നു. ഷോബി രവിപ്രസാദ് എഴുതിയ രണ്ട് പാട്ടുകളടക്കം മൊത്തം നാല് പാട്ടുകള്‍ക്ക് ട്യൂണ്‍ ചെയ്തത് ഇപ്പോള്‍ അവന്റെ ക്രെഡിറ്റിലുണ്ട്. അവ സിഡി ആക്കി ഇറക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

വീട്ടില്‍ അച്ഛനേക്കാളും അടുപ്പം അനിയനോടാണ്. എന്നോടും തുറന്ന് പറയും. എന്റെ മുഖം മാറിയാല്‍ അവനതറിയാം. എനിക്കെന്തെങ്കിലും വയ്യായ്മ വന്നാല്‍ 'അമ്മയ്ക്ക് തലവേദനിക്കുന്നുണ്ടോ ' എന്ന് ചോദിക്കും. ആള്‍ ഭയങ്കര സെന്‍സിറ്റീവാണ്. ശബ്ദം നമ്മുടേതിനേക്കാള്‍ ശക്തമായാണ് കേള്‍ക്കുന്നത്. കുക്കറിന്റെ ശബ്ദം, ഷട്ടറിടുന്നതിന്റെ...ഷോയിലൊക്കെ അവന്‍ ചെവി അടച്ചുപിടിക്കും. പക്ഷെ അവനെല്ലാം ശ്രദ്ധിക്കും. നമ്മുടെ ചുണ്ട് ഇളകുന്നതുപോലും മനസ്സിലാവും. അവന് അധികം കൂട്ടുകാരില്ല. ഞങ്ങള്‍ തന്നെയാണ് എല്ലാം. ദുബായിയിലെ ഞങ്ങളുടെ വീട്ടിനടുത്തുള്ള കുടുംബത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്. ഹിമ. സുകേഷിന്റെ ഫ്രണ്ടാണ് ആ കുട്ടി. അവളും പാടും. ആ കുട്ടിയുടെ അടുത്ത് ഒരു പരിധിവരെ കംഫര്‍ട്ടബിളാണ് അവന്‍. മോന്‍ ട്യൂണ്‍ ചെയ്ത പാട്ട് അവളെ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.

Fun & Info @ Keralites.net ഇതുവരെ അവന് മരുന്ന് നല്‍കിയിരുന്നില്ല. ദുബായി ദേരയിലുള്ള ന്യൂമെഡിക്കല്‍ സെന്ററിലെ ഡോ.ശിവപ്രസാദിന്റെ ചികിത്സയില്‍ ഇപ്പോള്‍ മൂന്ന് വര്‍ഷമായിട്ട് മരുന്ന് നല്‍കുന്നുണ്ട്. അതിന്റെ ഫലമാണോ അതോ വളര്‍ച്ചയുടെ ലക്ഷണമാണോ എന്നറിയില്ല, കുറച്ചായി എളുപ്പം ദേഷ്യം പിടിക്കും അവന്. അങ്ങനെയൊക്കെ...അതാണ് ഈ രോഗത്തിന്റ ലക്ഷണങ്ങളിലൊന്ന്. പുറംലോകത്തിനോടുള്ള ഒരു താല്‍പ്പര്യക്കുറവ്. വൈകാരികമായ അടുപ്പത്തിന്റ കുറവ്. പണ്ട് ആര് വന്നാലും കൈ കൊടുക്കും. പേര് ചോദിക്കും, അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഓട്ടിസത്തിന്റെ ലക്ഷണം അവനില്‍ ശരിക്കും കണ്ടുതുടങ്ങുന്നത്. അവനെ അസ്വസ്ഥമാക്കുന്നതെല്ലാം ഒഴിവാക്കും ഞാന്‍. മാനേജ് ചെയ്യാന്‍ അതേ വഴിയുള്ളൂ.

സ്റ്റാര്‍ സിങ്ങറിന്റെ കഴിഞ്ഞ ഷൂട്ടില്‍ 'അമ്പലപ്പറമ്പിലെ...' പാടുമ്പോള്‍ എം.ജി ശ്രീകുമാര്‍ തന്റെ ഒപ്പം പാടാന്‍ സുകേഷിനോടാവശ്യപ്പെട്ടു. അവന്‍ നന്നായി പാടി. നിങ്ങളത് കേള്‍ക്കണം. എന്തൊരു സന്തോഷമായിരുന്നെന്നോ അപ്പോഴവന്റെ മുഖത്ത് ! അതു കഴിഞ്ഞ് അവനോട് 'ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു...' പാടാന്‍ പറഞ്ഞു. അവന്‍ പാടി തീര്‍ത്തപ്പോള്‍ ചിത്ര സന്തോഷം കൊണ്ട് സ്‌റ്റേജിലേക്കിറങ്ങി വന്ന് മോനെ കെട്ടിപ്പുണര്‍ന്ന് അഭിനന്ദിച്ചു. ''സുകേഷ്, റിഹേഴ്‌സലിനൊന്നും വരാതെതന്നെ ഗംഭീരമായി പാടിയല്ലോ. എല്ലാ അനുഗ്രഹവുമുണ്ടാവട്ടെ. കൂടുതലൊന്നും പറയാനില്ല.'', ചിത്ര പറഞ്ഞു. എം.ജയചന്ദ്രന്റെ കമന്റ്, ''സുകേഷ് ദി ജീനിയസ്. മിടുക്കന്‍ മിടുമിടുക്കന്‍, '' എന്ന്. ചിത്രയ്‌ക്കൊപ്പം 'മയങ്ങിപ്പോയീ...ഞാന്‍ മയങ്ങിപ്പോയീ...', എന്ന പാട്ടും പാടി.

കുഞ്ഞുങ്ങള്‍ അവര്‍ക്ക് തോന്നുന്ന പോലെയാണല്ലോ പെരുമാറുക. അതേ നിഷ്‌കളങ്കത സുകേഷിനുമുണ്ട്. അതുകൊണ്ടാണല്ലോ സ്റ്റാര്‍സിങ്ങര്‍ വേദിയില്‍ വെച്ച് നടന്‍ തിലകനോട് 'ഹായ് തിലകന്‍' എന്ന് പറഞ്ഞത്! അദ്ദേഹത്തിന് അവനെ നന്നായറിയാം. അതുകൊണ്ട് പ്രശ്‌നമായുമില്ല.

ഷോയില്‍ ഞാന്‍ അവന്റെ കണ്‍വെട്ടത്തുതന്നെ നില്‍ക്കും. ചിലപ്പോള്‍ അവന്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് മനസിലാവില്ല. അപ്പോള്‍ ഞാനവനെ മെല്ലെയൊന്ന് തൊടും. ഇപ്പൊ അവന്റെ അച്ഛനും അച്ഛന്റെ ഓഫീസും ദുബായി മൊത്തം തന്നെയും അവന്റെ കൂടെയുണ്ട്. പിന്നെ കേരളവും. ഷോ കണ്ട് ആഫ്രിക്കയില്‍ നിന്നൊരു ഡോക്ടര്‍ വിളിച്ചു, മോനെ ചികിത്സിക്കാം എന്നും പറഞ്ഞ്. അവന്‍ പാടിത്തുടങ്ങിയാല്‍ പിന്നെ പാട്ട് മാത്രമേ ഉള്ളൂ അവനില്‍. എം.ജി.ശ്രീകുമാര്‍ പറഞ്ഞു, 'കണ്ടോ, സുകേഷ് പുഷ്പം പോലെ പാടിപ്പോയത് ' എന്ന്. പക്ഷെ അതുപോലെത്തന്നെ പിണങ്ങുകയും ചെയ്യുമവന്‍. നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ നിയമങ്ങള്‍ അവനറിയില്ലല്ലോ. ഇത്രയും കാലം സമൂഹം അവനെ ഒഴിവാക്കി. ഇപ്പൊ സമൂഹത്തിന് അവനെ വേണം , പക്ഷെ അപ്പോഴേക്കും അവന് സമൂഹത്തെ വേണ്ടാതായി. അതാണ് സത്യം. അസുഖമുള്ള കുട്ടിയായതിനാല്‍ സുകേഷിനെ ചാനലില്‍ പങ്കെടുപ്പിക്കുന്നതിനോട് പലര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവന് അവസരങ്ങളുണ്ടാകട്ടെ എന്ന് ഞാനും ഭര്‍ത്താവും വിചാരിച്ചു.

ഇന്ന് പകല്‍ മുഴുവന്‍ ആ സിനിമയ്ക്കുള്ളിലാണ്. ഒന്നും ആരും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് മാത്രമാണ് അവനിഷ്ടമില്ലാത്തത്. ഞാന്‍ പറഞ്ഞാല്‍ത്തന്നെ എല്ലാം കേള്‍ക്കുകയില്ല. എന്നാലും...ട്രെയിനില്‍ വരുമ്പോള്‍ അവന്റെ ബര്‍ത്തിലേക്ക് കൈ നീട്ടിവെച്ചാണ് ഞാന്‍ കിടക്കുക. ഉറക്കത്തിലും അവനെപ്പറ്റിയാണ് ചിന്ത. എനിക്ക് പേടിയാണ്. പക്ഷെ അവന് ഒരു പരിധി കഴിഞ്ഞാല്‍ ആരോടും അടുപ്പമില്ല. അവന്‍ അവന്റെ സ്വകാര്യലോകത്തിരിക്കും . 'അമ്മ കിച്ചണില്‍ പോവൂ' എന്ന് പറയും. ഇവിടെയിപ്പൊ കിച്ചണില്ലാത്തതാണ് അവന്റെ പ്രശ്‌നം. ( ഓര്‍ത്ത് ചിരിക്കുന്നു)

മസ്‌ക്കറ്റ് ഹോട്ടലിലെ ഷൂട്ടില്‍ 'സ്വാമിനാഥപരിപാലയാം...' എന്ന കീര്‍ത്തനം എം.ജയചന്ദ്രന്‍ പാടണോ എം.ജി.ശ്രീകുമാര്‍ പാടണോ എന്ന് ചോദിച്ചപ്പോള്‍ അവിടെയിരുന്ന 'അമൃതവര്‍ഷിണിയിലെ' മക്കള്‍ പറഞ്ഞു, സുകേഷ്‌കുട്ടന്‍ പാടിയാല്‍ മതിയെന്ന്. അതില്‍ ഒരു മോള്‍ പറയുകയാണ്, സുകേഷ്‌കുട്ടന്‍ എന്നെ തൊടണം എന്ന്. ഇവന്‍ പോവില്ല. ഞാന്‍ അവന്റെ അമ്മയല്ലേ. ഞാന്‍ ആ മോളെ തൊട്ട് സമാധാനിപ്പിക്കാന്‍ പോയപ്പോള്‍ അവനെന്റെ പിന്നാലെ ഓടിവന്നു. അവന് പേടിയാണ് തൊടാന്‍. അവന്‍ വന്നുകഴിഞ്ഞാല്‍ തൊടും എന്ന് എനിക്കറിയാമായിരുന്നു. അവന്‍ തൊട്ടപ്പോള്‍ ആ കുഞ്ഞിന്റെ മുഖം കാണണമായിരുന്നു...അപ്പോള്‍ എന്റെ കുഞ്ഞിന്റെ ജീവിതത്തിലും എന്തൊക്കെയോ സന്തോഷങ്ങള്‍ വിടരുന്നതുപോലെ എനിക്ക് തോന്നി.

Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment