Monday, 6 February 2012

[www.keralites.net] വിദ്യാബാലന്‍

 

സെക്‌സി എന്ന് വിളിച്ചോളൂ ഞാന്‍ ത്രില്ലടിക്കും
ബീനാ മോഹനന്‍

ലൈംഗികതയുടെ തുറന്ന ആവിഷ്‌കാരത്തിലൂടെ ബോളിവുഡിന്റെ നായകമേല്‍ക്കോയ്മയെ കീഴ്‌പ്പെടുത്തി വിജയം വരിച്ച കഥയാണ് മലയാളിയായ നടി വിദ്യാ ബാലന്റേത്. 'ഡേര്‍ട്ടി പിക്ചറി'ന്റെ വിജയാവേശം ഉള്‍ക്കൊണ്ട് വിദ്യ സംസാരിക്കുന്നു...

Fun & Info @ Keralites.net



'വിദ്യാബാലന്‍ ഖാന്‍!'- മാധ്യമങ്ങള്‍ വിദ്യക്ക് കൊടുത്ത ഏറ്റവും പുതിയ വിശേഷണം! ബോളിവുഡില്‍ ഇതുവരെ സൂപ്പര്‍ഹിറ്റുകള്‍ രചിച്ചിരുന്നത് സല്‍മാനും ഷാരൂഖും ആമീറും ഉള്‍പ്പെട്ട 'ഖാന്‍' പരിവാരമാണെങ്കില്‍ ഇക്കുറി ആദ്യമായി ഇതാ ഒരു നായിക- അതും ഈ ജനവരി ഒന്നിന് 33 വയസ്സ് തികയുന്ന ഒരു മലയാളി പെണ്‍കൊടി ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുന്നു. 'ഡര്‍ട്ടി പിക്ചറി'ന്റെ ആദ്യ ആഴ്ച തന്നെ 36 കോടി രൂപയാണ് കളക്ഷന്‍. പടത്തിന്റെ മുതല്‍മുടക്കിനേക്കാള്‍ എത്രയോ ഇരട്ടി! ഒപ്പം റിലീസായ സൂപ്പര്‍സ്റ്റാര്‍ പടങ്ങളെയൊക്കെ കടത്തിവെട്ടിയാണ് സില്‍ക്ക് സ്മിതയുടെ കഥയെ ആധാരമാക്കി ചെയ്ത 'ഡര്‍ട്ടി പിക്ചര്‍' വിജയം കൊയ്യുന്നതെന്നോര്‍ക്കണം.
പടത്തിന്റെ പരസ്യങ്ങളിലെ വിദ്യയുടെ ഗ്ലാമറും ബോള്‍ഡായ നൃത്തരംഗങ്ങളും ആണ് പ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതെങ്കിലും പടം കണ്ടുകഴിഞ്ഞപ്പോഴേക്കും വിദ്യയുടെ അഭിനയപാടവത്തില്‍ പ്രേക്ഷകര്‍ മറ്റെല്ലാം മറന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന സില്‍ക്കിന്റെ ഉയര്‍ച്ചയും പതനവും അതിമനോഹരമായാണ് വിദ്യ അവതരിപ്പിച്ചത്. പടത്തിന്റെ രണ്ടാംപകുതിയില്‍ കഥാപാത്രത്തിന് വേണ്ടി തടി കൂട്ടിയും മുഖമാകെ വികൃതമാക്കിയും ബോളിവുഡിലെ മറ്റേതൊരു താരവും തയ്യാറാകാത്ത രീതിയില്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു വിദ്യ. പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഹിന്ദി സിനിമാരംഗത്ത് അതുകൊണ്ടുതന്നെയാവണം വിദ്യ ശരിക്കും 'പവര്‍ഫുള്‍ ഗേള്‍' ആയി മാറിയതും.

പടത്തിന്റെ വമ്പന്‍വിജയം വിദ്യയെ ബോളിവുഡിലെ ഏറ്റവും തിരക്കുപിടിച്ച നായികയാക്കിയിരിക്കുന്നു. പത്രത്താളുകളിലും ചാനലുകളിലും വിദ്യ നിറഞ്ഞുനില്‍ക്കുകയാണ്.

ആദ്യപടം 'പരിണിത' മുതല്‍ 'ഡര്‍ട്ടിപിക്ചര്‍' വരെ, എന്തു വലിയ തിരക്കായാലും ഗൃഹലക്ഷ്മിക്കായി ഒരു അഭിമുഖത്തിന് വിദ്യ എങ്ങനെയും സമയം കണ്ടെത്തുന്നു. ചാനല്‍ അഭിമുഖത്തിനായുള്ള യാത്രയില്‍ കാറിലിരുന്ന് വിദ്യ 'ഗൃഹലക്ഷ്മി'യോട് സംസാരിച്ചു.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണല്ലോ 'ഡര്‍ട്ടിപിക്ചര്‍'? ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നോ?

പടം വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്നും. പക്ഷേ, ഇത്രയും വലിയ ഹിറ്റാകുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. എല്ലാവരുടെയും പ്രതീക്ഷകള്‍ക്കും വളരെയപ്പുറമാണ് പടത്തിന്റെ വിജയം. ആദ്യആഴ്ചയിലെ കളക്ഷന്‍ വെച്ചു നോക്കിയാല്‍തന്നെ ഇന്നുവരെയുള്ള ആദ്യത്തെ 10 ഹിറ്റ് സിനിമകളില്‍ ഒന്നാണ് 'ഡര്‍ട്ടി പിക്ചര്‍'.

ആദ്യമായാണല്ലോ ഹിന്ദിയില്‍ നായികാപ്രാധാന്യമുള്ള ഒരു സിനിമ സൂപ്പര്‍ഹിറ്റാകുന്നത്?


വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. അത് ഞാന്‍ കാരണമായപ്പോള്‍! ആദ്യമായാണ് നായികാപ്രാധാന്യമുള്ള സിനിമ സൂപ്പര്‍ഹിറ്റാകുന്നത്.


വിജയം മുഴുവന്‍ സ്വന്തം ചുമലുകള്‍ക്ക് മേലെ ആണെന്നോര്‍ക്കുന്നതു തന്നെ ത്രില്ലല്ലേ?


ഫിലിം മേക്കിങ് ടീംവര്‍ക്കാണ്. അതുകൊണ്ട് പടത്തിന്റെ വിജയവും ടീമില്‍ എല്ലാവര്‍ക്കും ഉള്ളതാണ്. പ്രത്യേകിച്ച് സംവിധായകന്‍ മിലന്‍ ലുത്രിയക്കും പ്രൊഡ്യൂസര്‍ ഏക്താ കപൂറിനും.


സില്‍ക്കിന്റെ റോളില്‍ ഇത്രയും ബോള്‍ഡായി അഭിനയിക്കാന്‍ ക്ഷണം കിട്ടിയപ്പോള്‍ പേടി തോന്നിയിരുന്നില്ലേ?


സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ 'റോള്‍ ഓഫ് എ ലൈഫ് ടൈം' ആണെന്നെനിക്ക് തോന്നി. ഒരു പ്രത്യേക സംഭവമല്ല സിനിമ പ്രതിപാദിക്കുന്നത്- ഒരു നടിയുടെ ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചയുമാണ്. അഭിനേതാവെന്ന നിലയില്‍ എന്റെ ആര്‍ത്തി ചെറുതല്ല. പെട്ടെന്നുതന്നെ റോള്‍ ചെയ്യാമെന്ന് സമ്മതിച്ചു.


ശരീരം അത്രയും പ്രദര്‍ശിപ്പിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലേ?


എന്നോടെല്ലാവരും ചോദിക്കുന്നു അത്രയും ബോള്‍ഡാവാന്‍ എങ്ങനെ കഴിഞ്ഞു എന്ന്. സത്യമായും എന്റെ മനസ്സില്‍ ഒരു തരിമ്പുപോലും ചമ്മല്‍ ഉണ്ടായിരുന്നില്ല. മെയ്ക്കപ്പും കോസ്റ്റ്യൂം ട്രയലുമായി കുറെ ദിവസം ചെലവഴിച്ചു. പിന്നെ കോറിയോഗ്രാഫര്‍ പോണീവര്‍മ എന്നെ കണ്ണാടിക്ക് മുമ്പില്‍ നിര്‍ത്തി അത്തരം ഇറോട്ടിക് ഡാന്‍സ് പ്രാക്ടീസ് ചെയ്യിപ്പിച്ചു. അതൊക്കെ കാരണമാവാം ഷൂട്ടിങ് തുടങ്ങുമ്പോഴേക്കും എന്റെ ചമ്മലൊക്കെ മാറിയിരുന്നു. കഥാപാത്രമാണ് താനെന്ന തോന്നല്‍ ഉണ്ടായാല്‍ മതി കാര്യങ്ങള്‍ നന്നായി നടക്കും. അത്രയും ഫ്രീയായ കഥാപാത്രമായി അങ്ങനെ റിവീലിങ് ആയി നൃത്തം ചെയ്യാനും ഡയലോഗടിക്കാനും എനിക്ക് സത്യത്തില്‍ ത്രില്ലായിരുന്നു. രതിമൂര്‍ഛ ലഭിച്ചു എന്ന് നടിക്കുന്ന ഒരു രംഗം അഭിനയിക്കാനാണ് മിലന്‍ എന്നോട് ആദ്യം പറഞ്ഞത്. എനിക്ക് ആ രംഗം എളുപ്പം ചെയ്യാന്‍ കഴിഞ്ഞാല്‍ ഏത് രംഗവും ചെയ്യാന്‍ പ്രയാസമുണ്ടാവില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് വളരെ ശരിയായിരുന്നുവെന്ന് പിന്നീട് എനിക്ക് മനസ്സിലായി.


തടിച്ച് വയറൊക്കെ വീര്‍ത്ത് മുഖം നീരുവെച്ച് ആകെ വൃത്തികെട്ട രൂപത്തിലായിരുന്നല്ലോ വിദ്യ പടത്തിന്റെ രണ്ടാംപകുതിയില്‍?


(ചിരിക്കുന്നു) തടി കൂട്ടി. പിന്നെ ഡെന്റല്‍ ബ്രേസസ് (റലിമേഹ യൃമരല)െ ഉപയോഗിച്ച് കവിളുകള്‍ വീര്‍പ്പിച്ചു. ഇഷ്ടംപോലെ സിഗരറ്റ് വലിക്കുകയും വേണമായിരുന്നു. ഷൂട്ടിങ്ങിനിടെ എനിക്ക് അസുഖം ബാധിച്ചു. ഒരു ദിവസം ഞാന്‍ ബോധമറ്റ് വീണു. ആറാഴ്ച അവധിയെടുക്കാനാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ, അത്രയും അവധിയെടുക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ പത്തു ദിവസത്തിനുശേഷം ഷൂട്ടിങ്ങിനെത്തി. എന്റെ മനസ്സില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എന്ത് പ്രയാസമുണ്ടായാലും കഥാപാത്രത്തിന് ഉദ്ദേശിച്ച രീതിയില്‍ ജീവന്‍ കൊടുക്കണം.


അച്ഛനും അമ്മയ്ക്കും എതിര്‍പ്പുണ്ടായിരുന്നില്ലേ അങ്ങനെയൊരു പടം ചെയ്യുമ്പോള്‍? പ്രത്യേകിച്ച് സില്‍ക്കിനെപറ്റി നന്നായി അറിയുന്നവരും കൂടി ആകുമ്പോള്‍?


ചെയ്യാന്‍പോകുന്ന സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെങ്കില്‍ ഞാനാദ്യമേ അച്ഛനമ്മമാരോട് പറയും. ആദ്യമേ അറിയിക്കാതെ അവരത്
Fun & Info @ Keralites.netനേരില്‍ സ്‌ക്രീനില്‍ കാണുന്നത് എനിക്കിഷ്ടമല്ല. സ്വല്പം ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണ് എനിക്കും അവര്‍ക്കും അത്തരം സീനുകള്‍.

ഈ പടത്തിലഭിനയിക്കാന്‍ തീരുമാനിച്ചപ്പോഴും അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു, 'ഞങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ ആരെയും പരിചയമില്ല, ഇന്‍ഡസ്ട്രിയുടെ രീതികള്‍ അറിയില്ല. പക്ഷേ, നീ എന്തു ചെയ്താലും അത് നിന്റെ ബെസ്റ്റായിരിക്കണം'. സാധാരണ എന്റെ പടത്തിന്റെ സ്‌ക്രിപ്‌റ്റൊന്നും അവര്‍ കേള്‍ക്കാറില്ല. പക്ഷേ, കഥ ഞാനവരെ പറഞ്ഞു കേള്‍പ്പിക്കും.

സില്‍ക്കിന്റെ റോളിനെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്ക് സംശയമായിരുന്നു നല്ല ആള്‍ക്കാരാണോ പടം ഉണ്ടാക്കുന്നത്, അവര്‍ എന്നോട് അനീതി കാണിക്കുമോ, എന്റെ ഇമേജ് ചീപ്പാക്കിക്കളയുമോ എന്നൊക്കെ. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മിലനും ഏക്തയും ഒന്നും ചെയ്യില്ല എന്നെനിക്കറിയാമായിരുന്നു.

പടംകണ്ട് കരഞ്ഞുകൊണ്ടാണ് അച്ഛനും അമ്മയും പുറത്തിറങ്ങിയത്. പടം തുടങ്ങി 5 മിനുട്ട് കഴിഞ്ഞപ്പോഴേക്കും സ്വന്തം മകളെയാണ് സ്‌ക്രീനില്‍ കാണുന്നതെന്ന് അവര്‍ മറന്നത്രെ! ആ കഥാപാത്രത്തിന് അര്‍ഹിക്കുന്ന ഡിഗ്‌നിറ്റി ഞാന്‍ കൊണ്ടുവന്നു എന്നാണ് അവരുടെ അഭിപ്രായം. ഇതേ അഭിപ്രായം തന്നെ പലരും എന്നോടു പറഞ്ഞു. അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ്. ചേച്ചിക്കും ഭര്‍ത്താവിനും ഞാനത്ര ബോള്‍ഡായി അഭിനയിച്ചതില്‍ അത്ഭുതമായിരുന്നു.


ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ അച്ഛനും അമ്മയും എന്തുപറയും?


അച്ഛനെക്കാളും അമ്മയാണ് സിനിമയുടെ കാര്യങ്ങളിലൊക്കെ ഇടപെടുക. ഗോസിപ്പ് വായിച്ചാല്‍ അമ്മയ്ക്ക് സങ്കടം വരും. അച്ഛന്‍ കൂള്‍ ആണ്. സിനിമാ പശ്ചാത്തലമൊന്നും ഇല്ലാഞ്ഞിട്ടും അച്ഛനെത്ര കൂളാണ് എന്ന് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്.


ഷൂട്ടിങ്ങിന് വിദേശത്തൊക്കെ പോകുമ്പോള്‍ അവര്‍ കൂടെ വരാറുണ്ടോ?


നീണ്ട ഔട്ട് ഡോര്‍ ഷൂട്ടിങ്ങാണെങ്കില്‍ അമ്മ ഇടയ്ക്ക് കുറച്ചു നാളത്തേക്ക് വരും. അല്ലാതെ എനിക്കുവേണ്ടി അവരുടെ ചിട്ടകളും ശീലങ്ങളും അഡ്ജസ്റ്റ് ചെയ്യേണ്ടിവരുന്നത് എനിക്കിഷ്ടമല്ല.


ഏക്താകപൂറിന്റെ 'ഹം പാഞ്ച്' എന്ന സീരിയലില്‍ വിദ്യ അഭിനയിച്ചത് സെന്റ് സേവിയേഴ്‌സ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നല്ലോ?


അതിനിടയില്‍ ഞാനെന്റെ പഠിത്തം തീര്‍ത്തു. സോഷ്യോളജിയില്‍ എം.എ. ചെയ്തു. പഠിത്തം വിട്ട് അഭിനയമില്ല എന്ന് അച്ഛനും അമ്മയും ആദ്യമേ പറഞ്ഞിരുന്നു. പരസ്യങ്ങളും മ്യൂസിക് വീഡിയോകളും ഞാനന്ന് ചെയ്തിരുന്നു. ഒന്നില്‍നിന്ന് മറ്റൊന്ന് എന്നപോലെയായിരുന്നു എന്റെ കരിയറിലെ ഓരോ സംഭവവും. മലയാള സിനിമയിലേക്കുള്ള ക്ഷണവും ആ സമയത്തായിരുന്നു. 'കളരി വിക്രമന്‍', 'ചക്രം' തുടങ്ങിയ ഷൂട്ടിങ് തുടങ്ങി മുടങ്ങിപ്പോയ രണ്ട് മലയാള സിനിമകളും, ഷൂട്ടിങ് തുടങ്ങിയശേഷം എന്നെ പുറത്താക്കിയ ഒരു തമിഴ് പടവും! ഞാന്‍ ഭാഗ്യംകെട്ടവളെന്ന് മുദ്ര കുത്തപ്പെട്ട കാലഘട്ടം (ചിരിക്കുന്നു).


ഇന്ന് ആ കാലഘട്ടം ഓര്‍ക്കുമ്പോള്‍ കയ്പ് തോന്നാറുണ്ടോ?


സംഭവിക്കുന്നതൊക്കെ നല്ലതിനെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. അങ്ങനെയൊരു ഘട്ടത്തിലൂടെ കടന്നുപോകാന്‍ കഴിഞ്ഞതില്‍ എനിക്കിന്ന് സന്തോഷമാണ് തോന്നുന്നത്. അതെനിക്ക് മാനസികമായി നല്ല ശക്തി തന്നു.


മലയാളത്തില്‍ ഇനി ഒരു ചാന്‍സ് കിട്ടിയാല്‍ അഭിനയിക്കുമോ?


രണ്ടു വര്‍ഷം മുമ്പ് സത്യന്‍ അന്തിക്കാടിന്റെ പടത്തിലേക്ക് വിളിച്ചിരുന്നു. പക്ഷേ, എന്റെ ഡേറ്റ് ഒരു ഹിന്ദി പടത്തിന് കൊടുത്തിരിക്കുകയായിരുന്നു.


വിദ്യ എന്ന വ്യക്തിയെ ചുരുക്കിപ്പറഞ്ഞാല്‍!


പൊതുവെ ദേഷ്യം വരാത്ത സ്വഭാവക്കാരിയാണ്. അഥവാ ദേഷ്യപ്പെട്ടാലും വളരെ അടുപ്പമുള്ളവരോടുമാത്രം. ഒഴിവുസമയമുണ്ടെങ്കില്‍ സംഗീതമാസ്വദിക്കാനിഷ്ടമാണ്. വായിക്കാനിഷ്ടമാണ്. എട്ടു കൊല്ലം കര്‍ണാടകസംഗീതം പഠിച്ചിട്ടുണ്ടായിരുന്നു. ഒരു കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാലമുരളീകൃഷ്ണയുടെ കീഴില്‍ സംഗീതം പഠിക്കണമെന്നത്.


മീഡിയ വിമര്‍ശനങ്ങളെ അതിജീവിക്കുന്നത് എങ്ങനെയാണ്?


കുടുംബത്തിന്റെ പിന്തുണ എന്നും എനിക്കുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പ്രാര്‍ഥന എനിക്ക് ശക്തി തരുന്നു. വിമര്‍ശനങ്ങളില്‍ തളര്‍ന്നപ്പോള്‍ എന്റെ സഹോദരിയുടെ ഭര്‍ത്താവ് എന്നോടു പറഞ്ഞു. വസ്ത്രധാരണരീതി നിനക്ക് മാറ്റിയെടുക്കാന്‍ പറ്റും. പക്ഷേ, ദൈവം തന്ന അഭിനയസിദ്ധി നിന്റേതു മാത്രമല്ലേ, അതില്‍ അഭിമാനിക്ക് എന്ന്! ഒരുപരിധിക്കപ്പുറം വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കാതിരിക്കാന്‍ ഞാനിന്ന് ശ്രദ്ധിക്കുന്നു.


കൂട്ടുകാരുണ്ടോ?


ഇഷ്ടം പോലെ. പണ്ട് സ്‌കൂളിലും കോളേജിലും ഒന്നിച്ചു പഠിച്ചവര്‍.


നാട്ടില്‍ പോകാറുണ്ടോ?


ബന്ധുക്കളാരും നാട്ടിലില്ല. നാട്ടിലേക്കുള്ള പോക്കുകള്‍ അമ്പലസന്ദര്‍ശനത്തിനാണ്. ന്യൂ ഇയറിന് അവിടെയായിരുന്നു. ചിലപ്പോള്‍ എല്ലാ ബഹളങ്ങളില്‍ നിന്നും മാറി നിശ്ശബ്ദതയ്ക്ക് കൊതിക്കും മനസ്സ്. കേരളം പോലെ അതിനു പറ്റിയ സ്ഥലം ഏതുണ്ട്?


ഇഷ്ടവസ്ത്രം?


സാരികളും കോട്ടണ്‍ ചുരിദാറുകളും.


ഇഷ്ടഭക്ഷണം?


'തായ്'. പിന്നെ കേരള രീതിയിലുള്ള എല്ലാം. പൊറോട്ട ഭയങ്കര ഇഷ്ടമാണ്. അടപ്രഥമന്‍ ഇഷ്ടമാണ്.


പാചകം ചെയ്യാറുണ്ടോ?


അതൊക്കെ അമ്മയുടെ ഡിപ്പാര്‍ട്ട്‌മെന്റ്. കഴിക്കാനേ ഞാനുള്ളൂ.


ഇപ്പോള്‍ വിദ്യയുടെ ഒരു നോട്ടത്തിനായി ആണുങ്ങള്‍ ക്യൂ നില്‍ക്കുകയായിരിക്കുമല്ലോ?

Fun & Info @ Keralites.net


ശരിക്കും അതേ. (പൊട്ടിച്ചിരിക്കുന്നു). ഞാന്‍ വളരെ ഹോട്ട് ആന്റ് സെക്‌സി ആണെന്ന് ആണുങ്ങള്‍ മുഖം നോക്കി പറയുമ്പോള്‍ ത്രില്ലടിക്കാറുണ്ട്. പക്ഷേ, അതേ സമയം ബഹുമാനത്തോടു കൂടിയ ഒരകലം വെക്കാനും ആരാധകര്‍ ശ്രദ്ധിക്കുന്നുണ്ട്.


സില്‍ക്ക് സ്മിതയോട് എന്തുതരം വികാരമാണ് ഇപ്പോള്‍ തോന്നുന്നത്?


സെക്‌സുപയോഗിച്ച് പടം വില്‍ക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്ന ഒരാക്ഷേപമുണ്ടായിരുന്നു. ശരീരത്തിനപ്പുറം കരയുന്ന ഒരു വ്യക്തിജീവിതമുണ്ട് സ്മിത എന്ന നടിക്ക് എന്ന് പടം കണ്ടപ്പോഴാണ് വിമര്‍ശകര്‍ മനസ്സിലാക്കിയത്.


അടുത്ത പടങ്ങള്‍?


മാര്‍ച്ചില്‍ സുജോയ് ഘോഷിന്റെ 'കഹാനിയാം' റിലീസാകുന്നു. ലണ്ടനില്‍ നിന്ന് ഭര്‍ത്താവിനെ അന്വേഷിച്ച് കല്‍ക്കത്തയിലെത്തുന്ന ഗര്‍ഭിണിയായ സ്ത്രീയാണ് ഞാനതില്‍. ത്രില്ലറാണ്.



വീണ്ടും ഒരു 'വിദ്യാബാലന്‍' പടം അല്ലേ?


(ചിരിക്കുന്നു) അതു കഴിഞ്ഞ് ആര്‍ക്കും ഡേറ്റ് കൊടുത്തിട്ടില്ല. ഇനി കുറെനാള്‍ റെസ്റ്റെടുക്കണം. ചേച്ചി പ്രിയ ഇരട്ടക്കുട്ടികളെ പ്രസവിച്ച് വീട്ടിലിരിപ്പുണ്ട്. അവരുടെ കൂടെ സമയം ചെലവഴിക്കണം.


വിവാഹം?


ഉടനെയില്ല. തീര്‍ച്ചയായും വിവാഹബന്ധത്തില്‍ വിശ്വസിക്കുന്നു. ഹ്യൂമര്‍സെന്‍സും നല്ല ആത്മവിശ്വാസവും ഉള്ള ഒരാളായിരിക്കണം ഭര്‍ത്താവ്. അതിസുന്ദരനായിരിക്കണമെന്ന നിബന്ധനയില്ല.


യു.ടി.വി.യുടെ സി.ഇ.ഒ. സിദ്ധാര്‍ഥ് റോയ് കപൂറുമായി വിദ്യ പ്രണയത്തിലാണെന്ന് കേള്‍ക്കുന്നു?


അയ്യോ, അതൊന്നും എഴുതല്ലേ.


പ്രണയം നിഷേധിക്കുന്നു എന്നായാലോ?


അങ്ങനെ പറയുന്നില്ല. പക്ഷേ, അതിനപ്പുറവും പറയില്ല. (പൊട്ടിച്ചിരിക്കുന്നു)


സൈസ് സീറോ കൊട്ടിഘോഷിക്കുന്നവര്‍ക്ക് ഉഗ്രന്‍ തിരിച്ചടിയാണല്ലോ വിദ്യയുടെ പുതിയ ഫുള്‍ഫിഗര്‍?


ഞാന്‍ സൈസ് സീറോയില്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല പെണ്ണുങ്ങളായാല്‍ അല്പസ്വല്പം തടിയൊക്കെ വേണമെന്ന പക്ഷക്കാരിയുമാണ്. സ്ത്രീത്വം ഒരാഘോഷമായിരിക്കണം. അല്ലേ?


ഇന്നത്തെ സ്ത്രീകളെക്കുറിച്ച് എന്താണഭിപ്രായം?


ഇന്നത്തെ സ്ത്രീകള്‍ സ്വന്തം സെക്ഷ്വാലിറ്റിയെ വളരെ തന്റേടത്തോടെ കാണുന്നവരാണ്. വിദ്യാഭ്യാസവും ചുറ്റുപാടുകളോടുള്ള എക്‌സ്‌പോഷറുമാവാം ഈ ലിബറല്‍ മനോഭാവത്തിന് കാരണം. ഈ പറഞ്ഞ സൗകര്യങ്ങളില്‍ നിന്നൊക്കെ അകന്നു ജീവിച്ചിട്ടും വളരെ ലിബറല്‍ ആയി ആലോചിക്കുന്ന സ്ത്രീകളെ ഗ്രാമങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം ജീവിതത്തെ സ്വന്തം ചൊല്പടിയില്‍ നിര്‍ത്താന്‍ കെല്പുള്ളവര്‍. അവരത് പ്രകടിപ്പിക്കുന്ന ശൈലി വ്യത്യസ്തമായിരിക്കും. അധികം ഡിപ്ലോമാറ്റിക് ആയിരിക്കണമെന്നില്ല.


Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment