Friday 17 February 2012

[www.keralites.net] ഇസ്‌ലാമും പരിസരശുചിത്വവും.

 

ഇസ്‌ലാമും പരിസരശുചിത്വവും

വൃത്തിയെ വിശ്വാസത്തിന്റെ പാതിയായി കാണുന്ന ഇസ്‌ലാം വ്യക്തിശുചിത്വത്തിനു മാത്രമല്ല പരിസര ശുചിത്വത്തിനും പ്രാധാന്യം കല്‍പിക്കുന്നുണ്ട്. പരിസരത്തെയും പരിസ്ഥിതിയെയും ദുഷിപ്പിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനെ പ്രവാചകന്‍ കര്‍ശനമായി വിലക്കി. ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബിതിരുമേനി പറഞ്ഞു: 'ശാപമേല്‍ക്കാന്‍ സാധ്യതയുള്ള മലമൂ ത്രവിസര്‍ജനം നടത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍ വെള്ളമെടുക്കാന്‍ വരുന്ന സ്ഥലങ്ങള്‍, പൊതുവഴി, തണല്‍ തേടിയെത്തുന്ന സ്ഥലം എന്നിവയാണവ.' (അബൂദാവൂദ്, ഇബ്‌നുമാജ) മൃഗങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ മാളത്തില്‍ മൂത്ര മൊഴിക്കുന്നതിനെയും പ്രവാചകന്‍ വിലക്കി. മറ്റൊരിക്കല്‍ നബി പറഞ്ഞു: 'നിങ്ങളാരും കുളിക്കുന്ന സ്ഥലത്ത് മൂത്രമൊഴിക്കരുത്.' (അബൂദാവൂദ്, തിര്‍മുദി) കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുന്നതും നബി(സ്വ) നിരോധിക്കുകയുണ്ടായി. അതേപോലെ, വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ മലമൂത്രവിസര്‍ജനം ചെയ്യുന്നതിനും വിലക്കുണ്ട്. ഭക്ഷ്യാവശ്യത്തിനല്ലാതെ മൃഗഹിംസയും പ്രവാചകന്‍ വിലക്കി.
പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നവയാണ് മേല്‍ സൂചിപ്പിച്ച വിലക്കുകള്‍. പരിസരമലിനീകരണത്തിന് നിമിത്തമാകുന്ന എല്ലാതരം മാലിന്യനിക്ഷേപങ്ങള്‍ക്കും ഈ വിലക്കുകള്‍ ബാധകമാക്കാവുന്നതേയുള്ളൂ.


പരിസര മലിനീകരണത്തിനെതിരെ ശക്തമായ താക്കീതു നല്‍കുന്ന ഇസ്‌ലാം ശബ്ദമലിനീകരണത്തിനെതിരെയും മുന്നറിയിപ്പു നല്‍കുന്നു. അധികം ശബ്ദമുണ്ടാക്കുന്നതിനെ വെറുക്കപ്പെട്ട പ്രവൃത്തിയായാണ് ഖുര്‍ആന്‍ കാണുന്നത്. നിരര്‍ഥകമായ ശബ്ദഘോഷങ്ങളെ കഴുതയുടെ കരച്ചിലിനോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത്.
"നീ നടത്തത്തില്‍ മിതത്വം പാലിക്കുക. ശബ്ദം താഴ്ത്തുക. നിശ്ചയമായും ഏറ്റവും വെറുക്കപ്പെട്ട ശബ്ദം കഴുതയുടെ ശബ്ദമാകുന്നു" (വി.ഖു. 31:19).
മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടുന്നതും, എന്തിന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുപോലും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. ശബ്ദം ഉയര്‍ത്താതെ വേണം ഈശ്വരകീര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം അനുശാസിക്കുന്നത് ശ്രദ്ധേയമാണ്. ഖുര്‍ആന്‍ പറയുന്നു:
"വിനയത്തോടും ഭയത്തോടും കൂടി, ഉച്ചത്തിലുള്ള വാക്കുകളിലല്ലാതെ പ്രഭാതത്തിലും പ്രദോഷത്തിലും താങ്കളുടെ നാഥനെ മനസാസ്മരിക്കുക. അശ്രദ്ധരില്‍ പെട്ടുപോവരുത്" (7 : 205).
"ദൂനല്‍ ജഹ്‌രി മിനല്‍ ഖൗലി"(വാക്കുകള്‍ ഉച്ചത്തിലാകാതെ) എന്ന് ഈ വാക്യത്തില്‍ എടുത്തുപറയുന്നുണ്ട്. പ്രാര്‍ഥിക്കുമ്പോള്‍ ശബ്ദം അധികം ഉച്ചത്തിലാവരുതെന്ന് മറ്റൊരു സൂക്തത്തിലും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു:
"നിങ്ങള്‍ അല്ലാഹു എന്നു വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്നു വിളിച്ചുകൊള്ളുക. ഏതു വിളിച്ചാലും അവന്‍റെത് ഉല്‍കൃഷ്ടങ്ങളായ നാമങ്ങളാകുന്നു. പ്രാര്‍ഥന അധികം ഉച്ചത്തിലാക്കരുത്. തീരേ പതുക്കെയും ആവരുത്. അതിനിടക്കുള്ള മാര്‍ഗം സ്വീകരിക്കുക" (17:110).
പ്രസംഗം ചുരുക്കണമെന്ന പ്രവാചകന്റെ ഉപദേശവും ശബ്ദമലിനീകരണത്തിനെതിരായ മുന്നറിയിപ്പായി കണക്കാക്കാവുന്നതാണ്. ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും വിധം മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചു ഹ്രസ്വമായി പ്രസംഗിക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി. "പ്രസംഗം ചുരുക്കുകയും പ്രാര്‍ഥന ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നത് അറിവുള്ളവന്റെ ലക്ഷണമാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന ദീര്‍ഘിപ്പിക്കുകയും പ്രസംഗം ചുരുക്കുകയും ചെയ്യുക." എന്ന് പ്രവാചകന്‍ ഉപദേശിച്ചത് 'മുസ്‌ലിം' ഉദ്ധരിച്ചിട്ടുണ്ട്.
അസഭ്യം, ചീത്തവാക്കുകള്‍, ശാപം, ശകാരം, കള്ളസത്യം തുടങ്ങി കെട്ട വാക്കുകള്‍ കൊണ്ടുണ്ടാകുന്ന മലിനീകരണത്തിനെതിരെയും ഖുര്‍ആന്‍റെയും പ്രവാചകന്റെയും ശക്തമായ താക്കീതുകള്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment