ന്യൂഡല്‍ഹി/കൊച്ചി: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പിറവം നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 18 ന് ഞായറാഴ്ച നടത്താന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ തീരുമാനിച്ചു.
മാര്‍ച്ച് 21ന് ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. വിവിധ സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും കര്‍ണാടകത്തിലെ ഉഡുപ്പി-ചിക്മംഗലൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സര്‍ക്കാറിനും ബാധകമായ പെരുമാറ്റച്ചട്ടം വ്യാഴാഴ്ചതന്നെ പ്രാബല്യത്തില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പിറവം മണ്ഡലം ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍മാത്രമേ പെരുമാറ്റച്ചട്ടം ബാധകമാവൂ. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറും പെരുമാറ്റച്ചട്ടം പാലിക്കേണ്ടതുണ്ട്.
ഉപതിരഞ്ഞെടുപ്പിന്റെ ഔദ്യോഗികവിജ്ഞാപനം ഈ മാസം 22 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഫിബ്രവരി 29 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് ഒന്നിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം മാര്‍ച്ച് മൂന്നാണ്. ഉഡുപ്പി-ചിക്മംഗലൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ നിന്നുള്ള എം.പി. സദാനന്ദഗൗഡ കര്‍ണാടക മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന് രാജിവെച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ശങ്കരന്‍കോവില്‍ (തമിഴ്‌നാട്), മന്‍സ (ഗുജറാത്ത്), ആത്ഗഡ് (ഒഡിഷ), മെഹബൂബ് നഗര്‍, നാഗര്‍ കര്‍ണൂല്‍, കോവൂര്‍, ഘാന്‍പുര്‍, കോളാപ്പുര്‍ അദീലാബാദ്, കാമാറെഡ്ഢി (ആന്ധ്രാപ്രദേശ്) എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭാമണ്ഡലങ്ങള്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 12 മണ്ഡലങ്ങളിലും ഇക്കൊല്ലം ജനവരി ഒന്നിന്റെ തീയതിവെച്ച് വോട്ടര്‍പ്പട്ടിക പുതുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പുകമ്മീഷന്‍ അറിയിച്ചു.
സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം പിറവം ഉപതിരഞ്ഞെടുപ്പിലെ വിധി അതീവനിര്‍ണായകമാണ്. 72 അംഗങ്ങളാണ് യു.ഡി.എഫിന് ഇപ്പോള്‍ സഭയില്‍ ഉള്ളത്. നേരിയ ഭൂരിപക്ഷത്തിന് ഭരണം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പിറവം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഭരണത്തിനെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങളെ സജ്ജമാക്കുന്നതിനായി ഇടതുമുന്നണിയും ശക്തമായിത്തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
ഇരുമുന്നണികളും വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഐക്യമുന്നണി സ്ഥാനാര്‍ഥിയായ ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബും, ഇടതുമുന്നണി സ്ഥാനാര്‍ഥിയായ മുന്‍ എം.എല്‍.എ. എം.ജെ. ജേക്കബും പലതവണ മണ്ഡലത്തിലെ വീടുകള്‍ കയറിക്കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.എം. ജേക്കബ് വിജയിച്ചത്. അതിനുമുമ്പ് 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബിനെ ഇടതുമുന്നണിസ്ഥാനാര്‍ഥിയായിരുന്ന എം.ജെ. ജേക്കബ് അയ്യായിരത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയിരുന്നു.
മുന്നണികള്‍ക്ക് ജയപരാജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളതിനാല്‍ പിറവത്തെക്കുറിച്ച് പ്രവചനങ്ങള്‍ അസാധ്യമാണ്. അതുകൊണ്ട് തന്നെ സര്‍വശക്തിയുമെടുത്തുള്ള പോരാട്ടത്തിനാണ് ഇരുമുന്നണികളും കരുക്കള്‍ നീക്കുന്നത്. മണ്ഡലത്തിലെ ബി.ജെ.പി. വോട്ടുകള്‍ നിര്‍ണായകമാണ്. എന്നാല്‍, പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
No comments:
Post a Comment