സൈക്കിളുകള്‍ തിരിച്ചു വരുമ്പോള്‍
ഗരത്തിലെ തിരക്കിട്ട വഴികളില്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഇഴഞ്ഞുനീങ്ങുമ്പോള്‍ ഓര്‍ക്കുന്ന ഒരു കാര്യമാണ്; കാറിനോ ബൈക്കിനോ പകരം സൈക്കിളായാലും മതിയായിരുന്നു എന്നത്. വേഗത്തിലെത്താനാണ് കാറെങ്കിലും തിരക്കേറുന്നതോടെ സ്ഥിതിയില്‍ വലിയ വ്യത്യസമുണ്ടാവാറില്ല. എന്നാല്‍, കുരുക്കൊഴിഞ്ഞ് മുന്നോട്ട് കുതിക്കുമ്പോള്‍ കാറിന്റെ ഗതിവേഗത്തിനൊപ്പം ഈ ചിന്തയും ഒഴുകിപ്പോവും. പക്ഷേ, അടുത്തകാലത്ത് ഇതിന് മാറ്റം വന്നിട്ടുണ്ട്. ഉയരുന്ന ഇന്ധന വിലയും ചോരുന്ന പേഴ്‌സും പലപ്പോഴും ഒറ്റയ്ക്കുള്ള യാത്രകള്‍ക്ക് കാറെടുക്കുന്നതിന് മുമ്പ് ഏവരെയും ഒന്ന് ചിന്തിപ്പിക്കും; ബസ്സില്‍ പോയാല്‍ പോരേ. എന്നാല്‍, അല്‍പം കൂടി ക്രിയേറ്റീവാണ് യുവാക്കളുടെ ചിന്ത. തിരക്കിട്ട നഗരങ്ങളില്‍ പഴയ സൈക്കിള്‍കാലത്തെ പുനര്‍നിര്‍മിക്കുകയാണ് കൊച്ചിയിലെ ഒരുസംഘം യുവാക്കള്‍. ഇതിനോടകം നിരവധി അംഗങ്ങള്‍ ചേര്‍ന്ന കൊച്ചിന്‍ ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ഫേസ് ബുക്കിലെ പ്രൊഫൈലൊന്നു കണ്ടാല്‍ മതി സൈക്കിളിങ്ങിന് ഇവര്‍ നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാന്‍. ഇവരില്‍ ഡോക്ടര്‍മാരും ഐ.ടി. പ്രൊഫഷണലുകളും എല്ലാമുണ്ട്. എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ നഗരം ചുറ്റിയിരുന്ന ഐ.ടി. പ്രൊഫഷണലായ ശ്രീഗണേശ് രാജ് ഈയിടെയാണ് കൊച്ചി ബൈക്കേഴ്‌സ് ക്ലബ്ബില്‍ അംഗമായത്. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്രീഗണേശിന് സൈക്കിളിങ് നല്ല ഒരു വ്യായാമം കൂടിയാണ്.
ഇപ്പോള്‍ ഓഫീസിലേക്കുള്ള യാത്രകളെല്ലാം സൈക്കിളില്‍ തന്നെ. ക്ലബ്ബില്‍ അംഗങ്ങളായ, ധിനകര്‍ മോഹന പൈയെ പോലുള്ളവരുടെ ഊര്‍ജ്വസലമായ പിന്തുണയാണ് തന്റെ ഇന്ധനമെന്ന് ശ്രീഗണേശ് പറയുന്നു. ക്ലബ്ബില്‍ അംഗമായതിന്റെ ത്രില്ലില്‍ 15,000 രൂപയുടെ 'ഷ്വിന്‍' എന്ന സൈക്കിള്‍ വാങ്ങി. തുടക്കത്തില്‍ എത്രകാലം പോകുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും നഗരങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് പോലും ബൈക്കെടുക്കന്‍ ശ്രീഗണേശ് ഇന്ന് തയ്യാറല്ല.
ദൂരയാത്രകള്‍ക്ക് സൈക്കിള്‍ തിരഞ്ഞെടുക്കുന്നവര്‍ പോലും ബൈക്കേഴ്‌സ് ക്ലബ്ബിലുണ്ട്. മൈസൂരില്‍ നിന്ന് എറണാകുളം വരെ മൂന്നുദിവസം കൊണ്ട് ഓടിയെത്തിയെന്ന് മക്കാഫെയിലെ ഒരു സീനിയര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് എന്‍ജിനീയര്‍ ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അവകാശപ്പെടുന്നു. പിറവത്ത് നിന്ന് കാക്കനാട്ടേക്ക് സൈക്കിളില്‍ ഒറ്റ സ്ട്രച്ചില്‍ യാത്ര ചെയ്തതിന്റെ അനുഭവമാണ് മറ്റൊരു ഐ.ടി. പ്രൊഫഷണലായ എല്‍ദോസ് കുര്യാക്കോസ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. 54 കിലോമീറ്റര്‍ യാത്രയ്ക്കായി രണ്ട് മണിക്കൂറും 45 മിനിട്ടുമാണ് എല്‍ദോസിന് വേണ്ടിവന്നത്.ഇതിനിടയില്‍ ആരക്കുന്നത്തെ കയറ്റങ്ങള്‍ കയറാന്‍ മാത്രമാണ് അല്‍പം ബുദ്ധിമുട്ടനുഭവപ്പെട്ടത്. സൈക്കിള്‍ യാത്രയ്ക്ക് മുമ്പ് ഒരു പഴവും ഒരു കഷ്ണം ബ്രഡ്ഡും ഒരു ലിറ്റര്‍ വെള്ളവും മാത്രമായിരുന്നു ഭക്ഷണം. യാത്രയ്ക്കിടയില്‍ ആകെ ബുദ്ധിമുട്ടിച്ചത് വെള്ളമില്ലാത്ത പഞ്ചായത്ത് പൈപ്പുകള്‍ മാത്രമായിരുന്നു. സൈക്കിളിലേക്ക് മടങ്ങുന്നവര്‍ കൊച്ചിയിലേതിന് പുറമെ, മറ്റു സംസ്ഥാനങ്ങളിലും ഏറെയാണ്. തിരക്കുള്ള ബാംഗ്ലൂര്‍, ഡല്‍ഹി എന്നീ നഗരങ്ങളിലൊക്ക സൈക്കിളിങ് ക്ലബ്ബുകള്‍ മുമ്പേ തുടങ്ങിക്കഴിഞ്ഞു.
സാധാരണ റൈഡുകള്‍ക്ക് പുറമെ സൈക്കിളുമായുള്ള ട്രക്കിങ്ങും മറ്റുമാണ് സൈക്കിള്‍ പ്രേമികളുടെ മറ്റ് ഉല്ലാസ മാര്‍ഗങ്ങള്‍. സൈക്കിളുകളില്‍ ഇന്ത്യ ചുറ്റി സഞ്ചിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഫിറ്റ്‌നസിന് വര്‍ധിച്ചുവരുന്ന പ്രാധാന്യമാണ് സൈക്കിളിങ്ങിലേക്ക് ഏറെപ്പേരെയും ആകര്‍ഷിക്കുന്നത്. വീട്ടില്‍ ട്രഡ് മില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ഉല്ലാസപ്രദമായ വ്യായാമം സൈക്കിളിങ് പ്രധാനം ചെയ്യുന്നു. വിരസമായി ട്രെഡ്മില്ലില്‍ നടക്കുന്നതിനെക്കാള്‍ നല്ലതല്ലേ ശുദ്ധ വായു ശ്വസിച്ച്, കാഴ്ചകള്‍ കണ്ട് രാവിലെയുള്ള സൈക്കിള്‍ യാത്ര -ശ്രീഗണേശ് ചോദിക്കുന്നു.പണ്ടൊക്കെ മീന്‍ വില്‍ക്കാനും ലോട്ടറി വില്‍ക്കാനുമൊക്കെയായിരുന്നു സൈക്കിളുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് സ്‌പോര്‍ട്ട്‌സ് സൈക്കിളുകളും മറ്റും അരങ്ങ് കീഴടക്കുന്ന കാഴ്ചയാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെയാണ് ഈ മാറ്റമുണ്ടായത്. ഇന്ന് ആഡംബര കാറുകള്‍, ബൈക്കുകള്‍ എന്നപോലെ ലക്ഷങ്ങള്‍ വിലയുള്ള ആഡംബര സൈക്കിളുകളുമുണ്ട്. ഓട്ടക്കാര്‍ക്കായുള്ള 'മാരത്തണ്‍' മത്സരങ്ങള്‍ പോലെ സൈക്കിളോട്ടക്കാര്‍ക്കായുള്ള 'സൈക്ലോത്തോണ്‍' മത്സരങ്ങളും ഇന്ത്യയില്‍ തുടങ്ങിയത്, സൈക്കിളിങ്ങിന് വര്‍ധിച്ചു വരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
തരംഗമായി വിദേശ ബൈക്കുകളും
സൈക്കിളില്‍ നിന്ന് ബൈക്കുകളിലേക്കും ബൈക്കുകളില്‍ നിന്ന് കാറുകളിലേക്കും വാഹനലോകം മാറിയെങ്കിലും സൈക്കിളിന്റെ പ്രതാപം ഇപ്പോഴും നിലനില്‍ക്കുന്നു. ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള, ഇന്ത്യയിലെ സൈക്കിള്‍ വിപണി 120 കോടി ഡോളറിന്റേതാണ്. ഇത് മുന്‍നിര്‍ത്തി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വിദേശ സൈക്കിള്‍ കമ്പനികളും രംഗത്തെത്തിക്കഴിഞ്ഞു.
1890 ലായിരുന്നു ഇന്ത്യയില്‍ ആദ്യമായി സൈക്കിള്‍ എത്തിയത്. ഇറക്കുമതിയായിരുന്നു തുടക്കം. 1905 ആയപ്പോഴേക്കും കൂടുതല്‍ പ്രചാരം ലഭിച്ചുതുടങ്ങി. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്ന് സൈക്കിള്‍ ഉപയോഗിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. 50 വര്‍ഷക്കാലം ഏറെയും ഇറക്കുമതിയായിരുന്നു. 1890 കളില്‍ ഇന്ത്യയില്‍ 35 രൂപ മാത്രമായിരുന്നു സൈക്കിളിന് വില. പക്ഷേ, ഒന്നാം ലോകമഹായുദ്ധകാലത്ത് വില കുതിച്ചു കയറി. 1917 ല്‍ 500 രൂപ വരെയെത്തി. പിന്നീട്, ബ്രിട്ടനില്‍ നിന്നുള്ളവയ്ക്ക് 35 രൂപയായും ജപ്പാനില്‍ നിന്നുള്ളവയ്ക്ക് 15 രൂപയായും കുറഞ്ഞു.
ക്രയവിക്രയ ശേഷി ഉയര്‍ന്നതോടെ ബൈക്കുകള്‍ക്കും കാറുകള്‍ക്കും പ്രചാരം വര്‍ധിച്ചു. സൈക്കിള്‍ ഓര്‍മകളിലേക്ക് മാഞ്ഞുതുടങ്ങി. നഗരവത്കരണം, ജീവിതശൈലി മാറ്റിയതോടെ പുതിയ പുതിയ രോഗങ്ങളെത്തി. വ്യായാമമെന്ന രീതിയില്‍ സൈക്ലിങ്ങിന് പ്രാധാന്യം കൂടി. സൈക്കിള്‍ അതിന്റെ പ്രതാപം വീണ്ടെടുത്തു. ഇതോടെ വിദേശ കമ്പനികളും ഇന്ത്യയിലേക്കെത്തിത്തുടങ്ങി.
ഇന്ത്യന്‍ കമ്പനികളെ വിതരണച്ചുമതല ഏല്‍പ്പിക്കുകയാണ് പതിവ്. യു.എസ്. ആസ്ഥാനമായുള്ള 'ട്രെക് ബൈസിക്കിള്‍സി'ന്റെ ഇന്ത്യയിലെ വിതരണം ഫയര്‍ഫോക്‌സിനാണ്. 2012 ഡല്‍ഹി മോട്ടോര്‍ ഷോയില്‍ ഫയര്‍ഫോക്‌സ് ആളുകളുടെ മനം കവര്‍ന്നത് 4.3 ലക്ഷം രൂപയുടെ സൈക്കിളുമായിട്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സൈക്കിളാണ് കമ്പനി അവതരിപ്പിച്ച 'ട്രെക് എലൈറ്റ് 9.9 എസ്.എസ്.എല്‍.'
മാരുതി സ്വിഫ്റ്റിനെക്കാള്‍ ഉയര്‍ന്ന വിലയിലുള്ള ഈ സ്‌പോര്‍ട്‌സ് സൈക്കിളിന് പ്രത്യേകതകളും ഏറെയാണ്. എയര്‍ക്രാഫ്റ്റുകളുടെയും കാറുകളുടെയും നിര്‍മാണത്തിനുപയോഗിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഫ്രെയിം. 10 കിലോയാണ് ഭാരം. ഹൈഡ്രോളിക് ഷോക് അബ്‌സോര്‍ബര്‍, ഡിസ്‌ക് ബ്രേക്കുകള്‍, 30 സ്പീഡ് വേരിയേഷനുകള്‍, എന്നിവയാണ് ഇതിന്റെ പ്രത്യേകത. 2005 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഇതുവരെ അമ്പതോളം മോഡലുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
തായ്‌ലന്‍ഡിലെ പ്രധാന കമ്പനിയായ 'മെറിഡ'യും ഇന്ത്യയില്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ആറ് പുതിയ മോഡലുകളാണ് കമ്പനി എത്തിക്കുന്നത്. മൗണ്ടന്‍, അര്‍ബന്‍ ക്യൂട്ട്, ലേഡീസ് വിഭാഗങ്ങള്‍ക്കായി പ്രത്യേക സൈക്കിളുകളും മെറിഡ ഇന്ത്യയിലെത്തിക്കുന്നു. എ.പി.പി.എല്‍. ബൈക്‌സ് ആണ് മെറിഡയുടെ ഇന്ത്യയിലെ വിതരണക്കാര്‍.
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment