തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ് വെറും വാക്കായി മാറുകയും കേരളാ കോണ്‍ഗ്രസ്(എം) അന്ത്യശാസന സമയം അവസാനിക്കുകയും ചെയ്‌തതോടെ ശക്‌തമായ സമരവുമായി പാര്‍ട്ടി മുന്നോട്ടുപോകും. ഇതിന്റെ ഭാഗമായി നാളെ മുല്ലപ്പെരിയാര്‍ സമരസമിതി നടത്തുന്ന ഹര്‍ത്താലിനു ധാര്‍മികപിന്തുണ നല്‍കാന്‍ കോട്ടയത്തു ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. രണ്ടാംഘട്ട പ്രക്ഷോഭമായി കടുത്ത നടപടികളിലേക്കു പോകാനാണു പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി മന്ത്രി പി.ജെ. ജോസഫിന്റെ നിരാഹാരസമരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. പ്രശ്‌നത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന നിലപാടാണു ജോസഫിനുള്ളത്. കഴിഞ്ഞമാസംതന്നെ നിരാഹാരം തുടങ്ങാന്‍ അദ്ദേഹം തയാറായെങ്കിലും കെ.എം. മാണി ഇടപെട്ട് പന്തിരിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം കേരളത്തിനോടു ചിറ്റമ്മനയം കാട്ടുന്ന കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രതിഷേധം അറിയിക്കണമെന്നും യു.ഡി.എഫ്. വിടണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. ഇക്കാര്യവും ഈ മാസം 30 നകം ചേരുന്ന പാര്‍ട്ടി നേതൃയോഗം ആലോചിക്കും. പ്രധാനമന്ത്രിയുടെ ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണു കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുല്ലപ്പെരിയാര്‍ സമരത്തില്‍നിന്ന് ഈ മാസം പതിനഞ്ചുവരെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരില്‍നിന്നോ പ്രധാനമന്ത്രിയില്‍നിന്നോ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നാണു മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതിനു പുറമേയാണു കഴിഞ്ഞദിവസം കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക വകുപ്പു സഹമന്ത്രി അശ്വനികുമാര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നു പരസ്യമായി പ്രസ്‌താവിച്ചത്. ഒരു മാസം തികഞ്ഞശേഷം ഇന്നലെ ഇവിടെ നേതൃയോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ക്കു രൂപം നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നത്. ലീഡര്‍ കെ.എം. മാണി അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിലായതിനാല്‍ യോഗം മാറ്റിവയ്‌ക്കുകയായിരുന്നു. അതിനിടയിലാണു കേന്ദ്ര സഹമന്ത്രിയുടെ സംസ്‌ഥാനവിരുദ്ധ പ്രസ്‌താവന വന്നത്. ഇതേത്തുടര്‍ന്ന് അടിയന്തരയോഗം ചേരാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. മാണി ഉടന്‍ ആശുപത്രി വിടും. ഒരാഴ്‌ചത്തെ വിശ്രമം ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഈ മാസം മുപ്പതിനകം നേതൃയോഗം ചേര്‍ന്ന് വിശദമായ ഭാവിപരിപാടികള്‍ക്കു രൂപം നല്‍കാനാണു പാര്‍ട്ടി തീരുമാനം. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേന്ദ്രം കേരള വിരുദ്ധ സമീപനമാണു സ്വീകരിക്കുന്നതെന്നു യോഗം വിലയിരുത്തി. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയില്‍ നിന്നു സംസ്‌ഥാനത്തിന് അനുകൂലമായ സമീപനം ഉണ്ടാകുന്ന ഈ സമയത്ത് കേന്ദ്രമന്ത്രി അനവസരത്തില്‍ നടത്തിയ പ്രസ്‌താവന തള്ളിക്കളയാനാവില്ല. അദ്ദേഹം പ്രസ്‌താവന പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണു യോഗത്തില്‍ ഉയര്‍ന്നത്. കേരളത്തിന്റെ അഭ്യര്‍ഥനയില്‍ നീതിയുക്‌തമായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ലെന്നു യോഗം കുറ്റപ്പെടുത്തി. എല്ലാം രമ്യമായി പരിഹരിക്കാമെന്നു സര്‍വകക്ഷിസംഘത്തിന് ഉറപ്പുകൊടുത്തിട്ട് അതിനു വിരുദ്ധമായ നിലപാടാണു കേന്ദ്രസര്‍ക്കാരും പ്രത്യേകിച്ച് പ്രധാനമന്ത്രിയും സ്വീകരിച്ചത്. ഇതിനിടെ ഉത്തരവാദപ്പെട്ട രണ്ടു കേന്ദ്രമന്ത്രിമാര്‍ കേരളത്തിനെതിരേയും തമിഴ്‌നാടിന് അനുകൂലമായും പരസ്യമായ നിലപാടു സ്വീകരിച്ചിട്ടും പ്രധാനമന്ത്രി അനങ്ങിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനോടു വിശദീകരണം ആവശ്യപ്പെടാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രി അദ്ദേഹത്തിന് ഊര്‍ജം പകരുന്ന നടപടികളാണ് തമിഴ്‌നാട് സന്ദര്‍ശനവേളയില്‍ സ്വീകരിച്ചത്. കേന്ദ്ര ദുരന്തനിവാരണസേനയെക്കൊണ്ട് അണക്കെട്ട് പരിശോധിപ്പിക്കാമെന്നു പ്രധാനമന്ത്രി തീരുമാനിച്ചെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അതു പിന്‍വലിക്കുകയായിരുന്നു. ഇതുള്‍പ്പെടെ കേന്ദ്രം ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഒരു നിലപാടും ന്യായയുക്‌തമല്ലെന്നും യോഗം വിലയിരുത്തി. കേന്ദ്രത്തില്‍നിന്ന് ഇത്തരം നിലപാടുകള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു സമ്മര്‍ദവും ഉണ്ടാകാത്തതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. |
No comments:
Post a Comment