മുട്ടുവേദന നിസാരമാക്കരുത്
നമ്മുടെ ജീവിതചര്യയില്‍ അനാരോഗ്യകരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നിലത്തിരുന്നു ഭക്ഷണം കഴിക്കുക, മറ്റു ജോലികള്‍ ചെയ്യുക എന്ന രീതി മാറി തീന്‍മേശയുടെയും കസേരയുടെയും ഉപയോഗം വര്‍ധിച്ചതോടെ മുട്ടിന്റെ സ്വാഭാവിക ഉപയോഗത്തെ പ്രതികൂലമായി ബാധിച്ചു. അതു രോഗാതുരതയ്ക്കു വഴിവെക്കുന്നു. അമിതവണ്ണ വും പ്രധാനപ്പെട്ട വില്ലനാണ്. ഓരോ കിലോ അമിതഭാരവും അഞ്ചിരട്ടി സമ്മര്‍ദമാണ് മുട്ടുകളില്‍ ഉണ്ടണ്ടാക്കുന്നത്. അതുമൂലം മുട്ടിന്റെ എല്ലാ ഭാഗങ്ങളിലും ബലക്ഷയം, തേയ്മാനം, ലിഗ്‌മെന്റുകളുടെ ക്ഷതം, തകരാറ് എന്നിവയ്ക്ക് ഇടയാക്കുന്നു.
സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നതും സന്ധിയെ ചുറ്റി സംരക്ഷിക്കുന്ന ലിഗ്‌മെന്റുകളിലെ തകരാറുകളാണ്. അമിതമായി കുത്തിയിരുന്ന് ജോലി ചെയ്യുക, അധികസമയം മുട്ടുമടക്കി നില്ക്കുക, അമിതഭാരം ഉയര്‍ത്തുക, അതികഠിനമായ കായികാദ്ധ്വാനം എന്നിവമൂലം ഈ ലിഗ്‌മെന്റുകള്‍ക്ക് ക്ഷതമുണ്ടാകുകയും പൊട്ടലോ കീറലോ ഉണ്ടാവുകയും ചെയ്യാം. പെട്ടെന്നു ചാടി പടികയറുക, തെന്നുക എന്നിവമൂലം മുട്ട് തിരിഞ്ഞുപോകാനും തന്മൂലം ലിഗ്‌മെന്റുകളില്‍ പൊട്ടലുണ്ടാവാനും സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ വേണ്ട ചികിത്സ നല്കാതിരുന്നാല്‍ മുട്ടുമടക്കാനും നിവര്‍ത്താനും നടക്കാനും സാധിക്കാതെവരും.
പ്രായം കൂടുന്നതിനുസരിച്ച് സ്വാഭാവികമായ തേയ്മാനംമൂലം വേദന അനുഭവിക്കുന്നവര്‍ ധാരാളമാണ്. സ്ത്രീ ഹോര്‍മോണിന്റെ അളവു കുറയുന്നതനുസരിച്ചും പ്രശ്‌നങ്ങള്‍ കൂടുന്നു. വാതം മൂലമുള്ള പ്രശ്‌നങ്ങള്‍ 40 വയസ്സിനു മേലുള്ള സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു. ഏറ്റവും പ്രധാനം സന്ധിവാതം ആണ്. എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനമാണ് ഇതിന്റെ കാരണം. മുട്ടിനോടൊപ്പം മറ്റു സന്ധികളിലും ഈ രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ട്.
വിശ്രമിക്കുമ്പോള്‍ സന്ധിയും പേശിയും അനങ്ങാതിരുന്നാല്‍ എല്ലുകളുടെ തേയ്മാനം വീണ്ടും കൂടുന്നു. അതുകൊണ്ടുതന്നെ രോഗം ഗുരുതരമാവുകയും ചെയ്യും.
ശരിയായ ഭാരം ആവശ്യമായ രീതിയില്‍ നിലനിര്‍ത്തുന്നതിന് ഏറ്റവും മുന്‍ഗണന കൊടുക്കുക. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും സ്വാഭാവികമായി തന്നെ നാലഞ്ചുകിലോ തൂക്കം കൂടാന്‍ സാധ്യതയുണ്ട്.
ചോറിന്റെ അളവ് കുറയ്ക്കുക. എണ്ണ, ഉപ്പിലിട്ടത്, പപ്പടം, ബേക്കറി ഉത്പന്നങ്ങള്‍, ഉണക്കമീന്‍ എന്നിവ ഒഴിവാക്കണം. പച്ചക്കറികള്‍ കഴിവതും പച്ചയായി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. പേരക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
എന്നാല്‍ എല്ലിന്റെ ആരോഗ്യത്തിന് കാത്സ്യം മാത്രം പോര. മാംസ്യം എല്ലിന്റെ ബലം നിലനിര്‍ത്താന്‍ ആവശ്യമാണ്. സൂര്യപ്രകാശം ഏല്ക്കുന്നതും ജീവിതചര്യയുടെ ഭാഗമാക്കുക.
No comments:
Post a Comment