ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതു സംബന്ധിച്ച് കേരളത്തിന് വ്യക്‌തതയില്ലെന്ന തമിഴ്‌നാടിന്റെ ആരോപണം അരക്കിട്ടുറപ്പിക്കുന്ന തരത്തിലാണ് പുതിയ വിവാദങ്ങള്‍. പുതിയ അണക്കെട്ടിന്റെ നിയന്ത്രണത്തിനു സംയുക്‌ത സമിതിയെ നിയമിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് ഈ വാക്കുകള്‍ വിഴുങ്ങിയപ്പോള്‍ നഷ്‌ടമാകുന്നതു സംസ്‌ഥാനത്തിന്റെ വിശ്വാസ്യതയാണ്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് അറിയാതെ വിശദീകരണം നല്‍കാന്‍ തുനിഞ്ഞ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് കൂടുതല്‍ വെട്ടിലായത്.
സംയുക്‌ത സഹകരണം എന്ന ഫോര്‍മുല, നല്‍കുന്ന വെള്ളത്തിന്റെ ക്രമീകരണത്തിലാണെന്ന് മനസിലാക്കാതെ അണക്കെട്ടിനെ മൂന്നു കൂട്ടര്‍ക്കായി നിയന്ത്രിക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. കേരളവും തമിഴ്‌നാടും മാത്രമല്ല കേന്ദ്രത്തെക്കൂടി നിയന്ത്രണം ഏല്‍പ്പിച്ചാല്‍ സംസ്‌ഥാനത്തിന് ഗുണത്തേക്കാള്‍ ദോഷമാണ്/ സംഭവിക്കുകയെന്ന് തിരിച്ചറിയാന്‍ നേതാക്കന്മാര്‍ക്കു കഴിഞ്ഞില്ല. മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ മുതല്‍ ഉദ്യോഗസ്‌ഥതലത്തിലുള്ള ആശയവിനിമയത്തില്‍വരെ തമിഴ്‌നാട് തെളിക്കുന്ന വഴിക്കാണ് കേന്ദ്രം സഞ്ചരിക്കുന്നത്.
മുഖ്യമന്ത്രി പറയുന്നതില്‍ വ്യക്‌തതയില്ലെന്നും അദ്ദേഹം കാര്യങ്ങള്‍ തെറ്റായി ധരിച്ചിരിക്കുകയാണെന്നും രണ്ട് ദിവസമായി മുന്‍ ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വിവിധ ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് വ്യക്‌തമാക്കിയെങ്കിലും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടച്ചു. ഒടുവില്‍ ഉന്നതാധികാര സമിതിയില്‍ കേരളം സമര്‍പ്പിച്ച മറുപടിയില്‍ അണക്കെട്ടിന്റെ നിയന്ത്രണം പൂര്‍ണമായി അവകാശപ്പെടുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് നിലപാട് തിരുത്താന്‍ തയാറായത്. പ്രതിപക്ഷത്തെ മാത്രമല്ല സ്വന്തം പാര്‍ട്ടിയെ പോലും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല എന്നതാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണം തെളിയിക്കുന്നത്. കേരളാകോണ്‍ഗ്രസ് മന്ത്രിമാരാകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിച്ചാണ് പ്രതിഷേധം അറിയിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ കുത്തിയൊലിച്ച് വരുന്ന ജലം ഇടുക്കി അണക്കെട്ട് താങ്ങിക്കോളുമെന്ന അഡ്വക്കേറ്റ് ജനറലിന്റെ മറുപടി പോലും കേരളത്ത ിനെതിരേ തമിഴ്‌നാട് പ്രയോഗിച്ചു. പുതിയ അണക്കെട്ട് അനുവദിക്കാനാവല്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. വിവാദങ്ങളിലൂടെ സുപ്രീംകോടതിയില്‍ സ്വന്തം കുഴി തോണ്ടുകയാണ് കേരളം ചെയ്യുന്നത്. |
No comments:
Post a Comment