Saturday, 21 January 2012

[www.keralites.net] അതിവേഗപാത കേന്ദ്രം അംഗീകരിച്ചു, അടുത്ത വര്‍ഷം പണിതുടങ്ങും; കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്

 

Fun & Info @ Keralites.net


കേരളത്തിലെ പൊതു ഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടം സാധ്യമാക്കുന്ന തിരുവനന്തപുരം-കാസര്‍കോട്‌ അതിവേഗ റെയില്‍പാത സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. അതിവേഗ റെയില്‍ പാത നിര്‍മിക്കുന്നതിനോട് അനുകൂലമായ സമീപനമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ സംസ്ഥാന നേതാക്കളുടെ ഇച്ഛാശക്തി പ്രകടമാക്കേണ്ട അവസരമാണ് വന്നിരിക്കുന്നത്. . പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് (ഡിപിആര്‍) നല്‍കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഭാഗത്തിന്റെ ഡിപിആര്‍ തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തും. 8-10 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് പാത മംഗലാപുരംവരെ നീട്ടും. ഭൂമിയില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാതയില്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെയാണ് സംസ്ഥാന നേതാക്കന്മാരുടെ ഇച്ഛാശക്തി പ്രകടമാക്കേണ്ടത്. സംസ്ഥാന ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടെങ്കില്‍ സ്ഥലമെടുപ്പ് പോലെയുള്ള കാര്യങ്ങള്‍ പാത പോലെ തന്നെ അതിവേഗതയില്‍ നീക്കാവുന്നതാണ്. സ്ഥിരം സര്‍ക്കാര്‍ പരിപാടികള്‍ പോലെ ഒച്ചിഴയുന്ന തരത്തിലാക്കിയാല്‍ ഈ നൂറ്റാണ്ടില്‍ പോലും അവസാനിക്കാത്ത പദ്ധതിയായും ഇത് മാറിയേക്കാം. 1.58 ലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവു പ്രതീക്ഷിക്കുന്നത്.

കേരളത്തിന്റെ രണ്ടറ്റങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ഇടനാഴി പദ്ധതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും റെയില്‍വേയ്ക്കും ആസൂത്രണ കമ്മിഷനും അനുകൂല നിലപാടാണുള്ളതെന്നു യോഗത്തില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ പറഞ്ഞു. കേന്ദ്ര ധനം, ആഭ്യന്തര വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കൊച്ചി മെട്രോയ്ക്കു വായ്പയ്ക്ക്‌ സമീപിക്കാനുദ്ദേശിക്കുന്ന ജപ്പാന്‍ ബാങ്കായ 'ജെയ്ക്ക'യില്‍ നിന്നാവും പുതിയ പദ്ധതിക്കും വായ്പയ്ക്ക് ശ്രമിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ആസൂത്രണ കമ്മിഷന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. പദ്ധതിയുടെ 60-70 ശതമാനം തുക തിരിച്ചുപിടിക്കുന്നതില്‍ പ്രയാസമുള്ളതിനാല്‍ സ്വകാര്യ മേഖലയില്‍ ഇത് പ്രായോഗികമല്ലെന്ന നിലപാട്‌ കേരളം സ്വീകരിക്കുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പദ്ധതിയായി ഇത് അംഗീകരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ പോകുന്ന ഒരു പദ്ധതിയായിരിക്കും ഇതെന്നുള്ളത് സംശയമില്ല. സ്ഥലമെടുപ്പും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനഃരധിവാസവും വലിയൊരു കടമ്പയാണ്. എക്‌സ്‌പ്രസ് ഹൈവേ നടപ്പിലാക്കുന്നതിലും പ്രായോഗികവും പ്രയോജനകരവും എന്ന നിലയില്‍ അതിവേഗ റെയില്‍ പാതയുടെ പ്രസക്തി വളരെയധികമാണ്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ-ബ്യൂറോക്രാറ്റ് സംവിധാനങ്ങളുടെ കൂട്ടായ ഒരു പ്രവര്‍ത്തനം ഇത്‌ നടപ്പിലാകുന്നതില്‍ നിര്‍ണ്ണായകമാകും. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി അതനുസരിച്ച് യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ കൊച്ചി മെട്രോ പോലെ വൈകാനും സാധ്യതയുണ്ട്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment