Thursday, 19 January 2012

[www.keralites.net] മലബാര്‍ ഭക്ഷണപ്പെരുമ

 

മലബാര്‍ ഭക്ഷണപ്പെരുമ

ഒരു നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണസംസ്‌കാരം. ആ പ്രദേശത്തിന്റെ പൊതു സ്വഭാവരൂപീകരണത്തില്‍ അവിടുത്തെ ഭക്ഷണപാരമ്പര്യത്തിനുള്ള പങ്ക് ഒട്ടും ചെറുതല്ല. ഭക്ഷണമില്ലാതെ നിലനില്പില്ല എന്ന അടിസ്ഥാനസത്യത്തിലാണ് നിത്യജീവിതത്തില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം കല്പിക്കപ്പെട്ടത്. എന്നാല്‍ നിലനില്പിനാവശ്യമായ ഒരു സംഗതി എന്നതിലുപരി സന്തോഷത്തിന്റെയും, ആനന്ദത്തിന്റെയും സംതൃപ്തിയുടെയും സുരക്ഷിതത്വത്തിന്റെയും സുഭിക്ഷതയുടെയും അലങ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും ഉറവിടംകൂടിയാണ് ഭക്ഷണം. ഒരു പ്രദേശത്തെ ആതിഥേയസ്വഭാവം, സാമൂഹികമര്യാദ, സാമൂഹികപദവി, മതവിശ്വാസം എന്നിവയെല്ലാം കുറിക്കുന്ന ഒരു അടയാളമാണ് അവിടത്തെ ഭക്ഷണം. ആളുകള്‍ എന്തുകഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, എന്തു വിളമ്പുന്നു, എങ്ങനെ പാകം ചെയ്യുന്നു എന്നതെല്ലാം അവരുടെ സാമൂഹിക സാംസ്‌കാരികപാരമ്പര്യവുമായി ഏറെ ബന്ധപ്പെട്ടുനില്ക്കുന്നു.

മതം, രാഷ്ട്രീയസ്വാതന്ത്ര്യം, വ്യക്തി-കുടുംബസുരക്ഷിതത്വം, സാഹസികത എന്നീ കാരണങ്ങള്‍ക്കൊപ്പംതന്നെ രുചി തേടിയും മനുഷ്യര്‍ ദേശാടനം നടത്തിയിരുന്നു. വ്യത്യസ്ത ആഹാരപദാര്‍ഥങ്ങള്‍ അന്വേഷിച്ചിട്ടും അവയുടെ ഉറവിടം തേടിയും സാഹസികയാത്രകള്‍ക്കൊരുങ്ങിപ്പുറപ്പെട്ടിട്ടുണ്ട് മനുഷ്യര്‍. ഇങ്ങനെ ഭക്ഷണം എന്ന സങ്കല്പം ഒരു രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ രൂപപ്പെടുത്തുകയോ മാറ്റിമറിക്കുകയോ ചെയ്തു. നിത്യജീവിതത്തില്‍ ഭക്ഷണത്തിന്റെ ഈ അമിതപ്രാധാന്യംകൊണ്ടാവാം നിരവധി സംസ്‌കാരങ്ങളും മതങ്ങളും അവയുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി വിരുന്നുകളും വ്രതവും നിഷിദ്ധാഹാരങ്ങളുടെ തരംതിരിവും ഏറെ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന ചടങ്ങുകള്‍, മരണംമുതല്‍ വിവാഹംവരെ, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, മതപരമായ ചടങ്ങുകള്‍മുതല്‍ അവധിദിവസങ്ങള്‍വരെ ആളുകള്‍ ആനന്ദപ്രദമാക്കുന്നത് ഭക്ഷണം ഒരുക്കുന്നതിലൂടെയും വിളമ്പുന്നതിലൂടെയുമാണ്. ഒരു പ്രദേശത്തുനിന്നുള്ള കുടിയൊഴിഞ്ഞുപോക്ക്, ഒരു പ്രദേശത്തേക്കുള്ള കുടിയേറ്റം, മതം, ജാതി, വിശ്വാസങ്ങള്‍, സമ്പത്ത്, പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങള്‍, ചരിത്രം എന്നിവയെല്ലാം രൂപപ്പെടുന്നതാണ് അവിടത്തെ ഭക്ഷണസംസ്‌കാരം.

ഭക്ഷണത്തനിമ, പാരമ്പര്യം, സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടം, തുണിവ്യാപാരം എന്നീ രംഗങ്ങളില്‍ തനത് സ്ഥാനം ഉറപ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയവരാണ് മലബാറുകാര്‍. കടല്‍മാര്‍ഗം മലബാറിന്റെ തീരങ്ങളിലേക്കു കച്ചവടത്തിനെത്തിയ വിദേശികളും പടയോട്ടക്കാലത്തു ഇവിടെയെത്തിയ മൈസൂര്‍ സുല്‍ത്താന്മാരും കുടിയേറ്റക്കാരായ നസ്രാണി ക്രിസ്ത്യാനികളും അതിനു മുന്‍പേ തദ്ദേശീയരായ സാമൂതിരിമാരും നമ്പൂതിരിമാരും മാപ്പിള മുസ്‌ലിങ്ങളും ചേര്‍ന്ന് മലബാറിന്റെ ഭക്ഷണവൈവിധ്യത്തിനു രൂപം കൊടുത്തിരുന്നു. അറബ് വ്യാപാരികളും ഗ്രീസ്, റോം, പോര്‍ച്ചുഗീസ്, ഡച്ച് എന്നിവിടങ്ങളില്‍നിന്നുള്ള ഭരണാധികാരികളും വ്യാപാരികളും മലബാറിന്റെ ഭക്ഷണരീതികളിലേക്ക് അവരവരുടേതായ പ്രത്യേക സ്വഭാവങ്ങള്‍ പകര്‍ന്നുനല്കി. അങ്ങനെ ഒരു തനത് - വിദേശരുചി സങ്കരക്കൂട്ട് മലബാറുകാര്‍ സ്വന്തമാക്കി.

നാളികേരവും നെല്ലും പ്രധാന കൃഷിയിനങ്ങളായതിനാല്‍ മലബാറിന്റെ രുചികളില്‍ എന്നും നിറഞ്ഞുനില്ക്കുന്നത് തേങ്ങകൊണ്ടും വെളിച്ചെണ്ണകൊണ്ടും അരികൊണ്ടും ഉണ്ടാക്കിയ വിഭവങ്ങള്‍തന്നെയാണ്. ഇതിനുപുറമേ കായലും പുഴകളും കടലോരങ്ങളും മത്സ്യവിഭവങ്ങളെ ഭക്ഷണശീലത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഇനമാക്കി. പുഴമീനുകള്‍കൊണ്ടും കടല്‍മത്സ്യങ്ങളെക്കൊണ്ടും ഉണ്ടാക്കിയ ആഹാരസാധനങ്ങള്‍ മലബാറിന്റെ രുചിയുടെ അനിഷേധ്യ സാന്നിധ്യമാണ്.

1920കളില്‍ മധ്യകേരളത്തില്‍നിന്ന് മലബാറിലേക്കുണ്ടായ കര്‍ഷകകുടിയേറ്റം മലബാറിന്റെ സ്വാദിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. സിറിയന്‍ ക്രിസ്ത്യാനികളായിരുന്നു ആദ്യകാല കുടിയേറ്റക്കാര്‍. മലബാറിന്റെ മണ്ണില്‍ പൊന്നു വിളയിക്കാമെന്നു സ്വപ്‌നം കണ്ട് എത്തിയ ചെറുകിടകര്‍ഷകരോ ഭൂരഹിതകര്‍ഷകരോ ആയിരുന്നു അവര്‍. ക്രമേണ വീടും ഭൂസ്വത്തും ഉള്ളവരും ഭൂപ്രമാണിമാരുമെല്ലാം മലബാറിന്റെ മണ്ണ് ലക്ഷ്യമാക്കി ഇവിടേക്കു കടന്നുവന്നു. 1941 മുതല്‍ 1951 വരെയുള്ള കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം മലബാറിലേക്കുണ്ടായത്. ഇത് 1971 വരെ തുടരുകയുണ്ടായി. നസ്രാണി ക്രിസ്ത്യാനികളുടെ കുടിയേറ്റത്തോടെയാണ് കപ്പ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ മലബാറുകാര്‍ക്കു പരിചിതമായത്. മലബാറിലെ സമ്പന്ന മുസ്‌ലിം വീടുകളില്‍ മാത്രം പോത്തിറച്ചി (ബീഫ്), കോഴി, ആട് എന്നിവ വിഭവങ്ങളായി വിളമ്പിയ കാലത്ത്, കുടിയേറ്റക്രിസ്ത്യാനികളാണ് ഇവിടത്തെ സാധാരണക്കാര്‍ക്കിടയില്‍പ്പോലും മാംസവിഭവങ്ങള്‍ വ്യാപിപ്പിച്ചത്. അതുവരെ സാധാരണക്കാരന്റെ ഭക്ഷണപട്ടികയില്‍ ചോറും മീന്‍കറിയും കഞ്ഞിയും പയറോ കപ്പയോ ചക്കയോ മാങ്ങയോ മാത്രമാണുണ്ടായിരുന്നത്. മുസ്‌ലിങ്ങള്‍ക്കു പന്നിയിറച്ചി (പോര്‍ക്ക്) നിഷിദ്ധമായതിനാല്‍ അതിനു വേണ്ടത്ര പ്രചാരം മലബാറില്‍ കിട്ടിയിരുന്നില്ല. എന്നാല്‍, ക്രിസ്ത്യാനികളുടെ കുടിയേറ്റത്തോടെ പന്നിയിറച്ചികൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ സ്വാദും മലബാറിലെ മറ്റുമതവിഭാഗക്കാര്‍ അറിഞ്ഞുതുടങ്ങി. ചിക്കന്‍സ്റ്റ്യൂ, ആട് സ്റ്റ്യൂ, താറാവ് സ്റ്റ്യൂ തുടങ്ങിയ പുതിയ വിഭവങ്ങളെയും കുടിയേറ്റക്കാര്‍ മലബാറിന്റെ ഭക്ഷണമെനുവിലേക്കു സമ്മാനിച്ചു.

വയനാട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ മലബാറിലെ പ്രധാന സുഗന്ധവിള കൃഷിയിടങ്ങളാണ്. മലബാറിന്റെ രുചിക്കൂട്ടുകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കൊതിപ്പിക്കുന്ന മണവും നിറവും എപ്പോഴും കൂടിക്കലരുന്നുണ്ട്. കുരുമുളക്, ഏലം, ഗ്രാമ്പൂ, ഇഞ്ചി, കറുവപ്പട്ട, മഞ്ഞള്‍, വെളുത്തുള്ളി, കടുക്, മല്ലി എന്നിവയെല്ലാം ചേര്‍ന്ന് ഒരു തനത് രുചി ഉണ്ടാക്കിയെടുക്കാന്‍ ഇവിടത്തുകാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. കറികളില്‍ ചേര്‍ക്കാന്‍ വാളന്‍പുളിയോ ചെറുനാരങ്ങാനീരോ ആണ് മലബാറില്‍ സാധാരണ ഉപയോഗിക്കാറ്. കുടംപുളിയിട്ടു വെക്കുന്ന തിരുവിതാംകൂര്‍ സ്റ്റൈല്‍ മീന്‍കറി ഇവിടത്തുകാര്‍ക്കു അന്യമായിരുന്നു. മീന്‍ മുളകിട്ട കറി, മീന്‍ പൊരിച്ചത്, നാടന്‍ കോഴിക്കറി, നെല്ലിക്കയിട്ടുവെച്ച മത്തിക്കറി, ഇറച്ചിയും മീനും ഇട്ട് വെച്ച കപ്പക്കറി, കടുക്ക (കല്ലുമ്മക്കായ) പൊരിച്ചത്, ചെമ്മീന്‍ പൊരിച്ചത്, ബീഫ് ഉലര്‍ത്തിയത്, എരുന്ത് (കക്ക) താളിച്ചത്, നെയ്‌ച്ചോറ്, തേങ്ങാച്ചോറും പോത്ത് വരട്ടിയതും ജീരകക്കഞ്ഞി തുടങ്ങിയവ മലബാറിന്റെ മാത്രം പ്രത്യേക രുചികളാണ്.

മലബാര്‍ അപ്പത്തരങ്ങള്‍ അതിപ്രശസ്തമാണ്. മാപ്പിളമാരുടെ കുടുംബങ്ങളില്‍ വിവാഹാനന്തരം പുതുമാരനു വിളമ്പുന്ന പലഹാരപദാര്‍ഥങ്ങളുടെ പട്ടിക ആരെയും അമ്പരപ്പിക്കും. ഗോതമ്പ്, അരി, മുട്ട, തേങ്ങ, നെയ്യ്, നേന്ത്രപ്പഴം, അണ്ടിപ്പരിപ്പ്, കിസ്മിസ് തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന വൈവിധ്യപൂര്‍ണമായ മധുരപലഹാര അപ്പത്തരങ്ങള്‍ മറ്റൊരു ദേശത്തിനും അവകാശപ്പെടാനാവാത്തത്ര വിപുലമാണ്. കോഴിക്കോട്, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലെ തീരപ്രദേശ മുസ്‌ലിങ്ങളാണ് ഈ അപ്പത്തരങ്ങളുടെ ലോകം കൈവശമാക്കിവെച്ചിരിക്കുന്നത്. മൈദയും മുട്ടയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന 'ചട്ടിപ്പത്തിരി' ഏത് അന്തര്‍ദേശീയ മധുരപലഹാരത്തെയും വെല്ലുന്ന തനിമയുറ്റ വിഭവമായി കണക്കാക്കുന്നു. പഴം നിറച്ചത്, സമൂസ, ഇറച്ചിപ്പത്തിരി, ഉന്നക്കായ, മുട്ട മറിച്ചത്, മുട്ടമസാല, മുട്ടസുര്‍ക്ക തുടങ്ങിയ അപ്പത്തരങ്ങള്‍ ഇന്ന് പുതുമാരന്റെ തീന്‍മേശയില്‍നിന്നു തെരുവോരങ്ങളിലെ ചായക്കടകളില്‍ വരെയെത്തുന്നു. മലബാര്‍ ഭക്ഷണപ്പെരുമയ്ക്ക് ഇവ കാരണമായി വര്‍ത്തിക്കുകയും ചെയ്യുന്നു.

മലബാര്‍ പൊറോട്ടയെന്ന പേരില്‍ അറിയപ്പെടുന്ന ഗോതമ്പു മാവ് കുഴച്ച് അടരുകളായി മടക്കി പരത്തി നെയ്യില്‍ പൊരിച്ചെടുക്കുന്ന മടക്കിപ്പത്തിരി മലബാറുകാരുടെ ഒരു പ്രധാന പ്രാതല്‍വിഭവമാണ്. ഇതിനൊപ്പം ചേര്‍ത്ത് കഴിക്കാന്‍ ഇറച്ചിക്കറിയാണ് (ബീഫ്) അവര്‍ കൂടുതലായി തയ്യാറാക്കുന്നത്. ഈ വിഭവം മലബാറിലെ മാപ്പിള മുസ്‌ലിങ്ങളിലെത്തുന്നത് തെക്കുകിഴക്കന്‍ ഏഷ്യയില്‍നിന്നാണ്. മീന്‍ബിരിയാണി, കോഴിബിരിയാണി, ആട് ബിരിയാണി, ആട് നിറച്ചത്, കോഴിനിറച്ചത് തുടങ്ങിയ വിഭവങ്ങളെല്ലാം മലബാറിലെത്തിച്ചത് അറബികളാണ്. സുലൈമാനി എന്നറിയപ്പെടുന്ന ചായയും അറബികളുടെ സംഭാവനയാണ്. നൂല്‍പ്പുട്ട്, വെള്ളപ്പം തുടങ്ങിയ പ്രാതല്‍വിഭവങ്ങള്‍, കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്തു കഴിക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. തേങ്ങയും തേങ്ങാപ്പാലും വെളിച്ചെണ്ണയും മലബാര്‍ വിഭവങ്ങളുടെ അത്യാവശ്യകൂട്ടാണ്. പാലും മുട്ടയും നെയ്യും ചേര്‍ക്കാത്ത പലഹാരങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ ഇവിടെ കാണാറുള്ളൂ. ഇന്ന് മലബാര്‍ മാപ്പിള മുസ്‌ലിം ഭക്ഷണം ലോകോത്തര ഭക്ഷണങ്ങളുടെ പട്ടികയിലാണ് പെടുത്തപ്പെട്ടിരിക്കുന്നത്. ഇന്നത്തെ മലബാറിന്റെ പെരുമ തീരുമാനിക്കുന്നതിലും, വിദേശികളെയും ഇന്ത്യയിലെ ഇതരദേശക്കാരെയും ആകര്‍ഷിക്കുന്നതിലും മാപ്പിളഭക്ഷണ-പലഹാരപദാര്‍ഥങ്ങള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ട്.

മലബാറുകാര്‍ക്കു പൊതുവേ ചായയോടാണ് കാപ്പിയേക്കാള്‍ പ്രിയം. നാലുമണി പലഹാരങ്ങളുടെ കാര്യത്തിലും തനത് രുചികളുണ്ട് മലബാറിന്. കലത്തപ്പം, കിണ്ണത്തപ്പം, അച്ചപ്പം, ചുക്കപ്പം, കടുക്ക നിറച്ചത്, കൊഴുക്കട്ട, ഉണ്ണിയപ്പം, പഴം പൊരിച്ചത്, ചക്ക വറുത്തത്, അവലോസ് പൊടി, കായ വറുത്തത്, ഹല്‍വ ഇനങ്ങള്‍, ഇറച്ചിപ്പത്തിരി, ഇറച്ചിപ്പുട്ട്, മീന്‍പത്തിരി, ചട്ടിപ്പത്തിരി, മുട്ടസുര്‍ക്ക, മുട്ടമാല എന്നിങ്ങനെ വൈവിധ്യങ്ങളുടെ ഒരു ചെറുഘോഷയാത്രപോലെ വീട്ടിലുണ്ടാക്കുന്ന വിഭവങ്ങള്‍ നാവില്‍ രസം പടര്‍ത്തും. കോഴിക്കോടന്‍ ഹല്‍വയും കായ വറുത്തതും ഏറെ പ്രസിദ്ധമാണ്. കോഴിക്കോട്ടെ പ്രധാന വാണിജ്യത്തെരുവായ എസ്.എം.സ്ട്രീറ്റ് ഹല്‍വക്കച്ചവടത്തിന് ഏറെ പ്രശസ്തമാണ്. ഹല്‍വ കണ്ട് 'മധുരമുള്ള മാംസം' (ടംലല േങലമ)േ എന്നു വിളിച്ചത് ഇവിടെയെത്തിയ യൂറോപ്പുകാരാണ്.

മത്സ്യമാംസാദികള്‍ ചേര്‍ത്തുണ്ടാക്കുന്ന അച്ചാറുകള്‍ മലബാറിന്റെ പ്രത്യേകതയാണ്. മീന്‍ അച്ചാര്‍, കടുക്കയച്ചാര്‍, ഇറച്ചിയച്ചാര്‍ എന്നിവയ്ക്കുപുറമേ കണ്ണിമാങ്ങയച്ചാറും കടുമാങ്ങയും മാങ്ങാച്ചമ്മന്തിയും ഇവിടത്തെ സ്വാദുകളില്‍ പരിചിതമാണ്. തേങ്ങാപ്പാല്‍ ചേര്‍ത്തുണ്ടാക്കുന്ന പായസങ്ങളും പശുവിന്‍പാല്‍ ചേര്‍ത്തുണ്ടാക്കുന്ന ജ്യൂസുകളും മില്‍ക്ക് ഷെയ്ക്കുകളും മില്‍ക്ക് സര്‍ബത്തുകളും പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഷാര്‍ജ ചിക്കു പാനീയങ്ങളും മലബാറിന്റെ ശീലങ്ങളാണ്.

തദ്ദേശീയരില്‍ തമ്പുരാന്മാരും നമ്പൂതിരിയും നായന്മാരും അടിയാളവര്‍ഗങ്ങളും മുസ്‌ലിമും ക്രിസ്ത്യാനിയും ഈഴവനും എല്ലാം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ മലബാറിന് ഒരേസമയം പച്ചക്കറിവിഭവങ്ങളോടും മത്സ്യ-മാംസ വിഭവങ്ങളോടും താത്പര്യമുണ്ട്. പലപ്പോഴും മലബാറുകാരന്റെ ഭക്ഷണശീലത്തില്‍പ്പോലും ഒരു സസ്യ-മാംസ-മത്സ്യ സമ്മിശ്ര രുചി കലര്‍ന്നിട്ടുണ്ട്. ഇവിടത്തെ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമെല്ലാം ഈ പ്രത്യേകതയുണ്ട്. പ്രഭാതഭക്ഷണങ്ങളായ അരിയിടിച്ച് പൊടിച്ചു വറുത്തുണ്ടാക്കി നേര്‍മപ്പത്തിരിയോടൊപ്പം ഇറച്ചിക്കറിയോ മീന്‍കറിയോ ആണ് ആളുകള്‍ക്ക് താല്‍പ്പര്യം. അരിപ്പൊടികൊണ്ടുണ്ടാക്കിയ പുട്ടിനു കടലക്കറിയേക്കാള്‍ മീന്‍കറിയാണിവിടത്തുകാര്‍ക്കു പഥ്യം. അലീസയെന്ന വിശിഷ്ട ആഹാരം ഉണ്ടാക്കുന്നത് കുത്തിയെടുത്ത ഗോതമ്പും ആട്ടിറച്ചിയോ കോഴിയിറച്ചിയോ ചേര്‍ത്ത് വേവിച്ചാണ്. പലപ്പോഴും ആഘോഷവേദികളിലും സത്കാരങ്ങളിലുമാണ് അലീസ വിളമ്പാറ്. നേരം വെളുക്കുമ്പോള്‍ത്തന്നെ മീന്‍കറിയും ഇറച്ചിക്കറിയും തയ്യാറാക്കി പ്രഭാതഭക്ഷണം വിളമ്പുന്ന മലബാറിലെ ഹോട്ടലുകള്‍ ആര്‍ക്കും കൗതുകമാണ്.

കയ്പങ്ങ, ചേന, ചേമ്പ്, കുമ്പളങ്ങ, ചീര തുടങ്ങി സാധാരണ പച്ചക്കറിക്കൃഷിയിനങ്ങള്‍തന്നെയാണ് മലബാറിലെയും ആളുകള്‍ക്കു പ്രിയമെങ്കിലും പാചകത്തിനായി ഇവ ഉപയോഗിക്കുന്ന രീതിയും വിഭവങ്ങളുടെ പേരിലും വ്യത്യാസങ്ങളാണ്. മലബാറിലെ വിഷു-ഓണ സദ്യകള്‍ക്കും ഒട്ടേറെ പ്രത്യേകതകളുണ്ട്. സദ്യവട്ടങ്ങളില്‍ വിളമ്പുന്ന മാമ്പഴപുളിശ്ശേരി, എരിശ്ശേരി, ചക്കക്കുരു ഉപ്പേരി, പുളിഞ്ചി എന്നിവ മലബാറിന്റെ മാത്രം പ്രത്യേകതയാണ്. പായസം ഏറ്റവും ഒടുവിലാണ് വിളമ്പുക എന്നതും ശ്രദ്ധേയമാണ്. ഇവിടത്തുകാര്‍ മീന്‍പൊരിച്ചതോ കോഴിക്കറിയോ തയ്യാറാക്കിവെക്കുന്നത് മറ്റുള്ളവരില്‍ ആശ്ചര്യം പടര്‍ത്തും.

രുചിയിലൂടെ ഒരാളുടെ ഹൃദയത്തിലേക്കു ഒരെളുപ്പവഴി കണ്ടെത്താമെന്ന് പറയാറുണ്ട്; എന്നാല്‍ രുചിയിലൂടെ ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിലേക്കും സാമൂഹികജീവിതത്തിലേക്കും എളുപ്പവഴി കണ്ടെത്താനാകും എന്നത് മറ്റൊരു യാഥാര്‍ഥ്യം. അടിസ്ഥാനാവശ്യമായ ആഹാരത്തിന്റെ സൃഷ്ടിയല്ല പാചകം. അതിനപ്പുറം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും അദൃശ്യമായ ചേരുവകള്‍ ചേര്‍ന്ന സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും ഉപോത്പന്നമാണത്. ആഹ്ലാദത്തോടെ കഴിച്ചാല്‍ സങ്കടങ്ങളെ മാറ്റിനിര്‍ത്താമെന്ന ജപ്പാനിലെ സുബൂക്കി യൂണിവേഴ്‌സിറ്റിയുടെ ഗവേഷണകണ്ടെത്തല്‍ നല്കുന്ന പാഠവും ഇതുതന്നെ.

(മലബാര്‍ : പൈതൃകവും പ്രതാപവും എന്ന പുസ്തകത്തില്‍ നിന്ന്)

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment