സ്പാനിഷ് മസാല..
കമീല വളരെ യാദൃച്ഛികമായിട്ടാണ് ചാര്‍ളിയെ കണ്ടുമുട്ടിയത്. ഒരു ഇന്ത്യക്കാരനായതില്‍ താല്‍പര്യം കാണിച്ചതുകൊണ്ട് ചാര്‍ളിയ്ക്ക് ലഭിച്ചത് ഒരു മേല്‍വിലാസമാണ്. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് സ്പെയിനിലെത്തിയ ചാര്‍ളിയ്ക്ക് തിരിച്ച് നാട്ടിലേക്കു പോകാന്‍ കഴിഞ്ഞില്ല. പരിചയക്കാരും മറ്റും ഇല്ലാത്ത ഈ നാട്ടില്‍ മലയാളം മാത്രം അറിയാവുന്ന ചാര്‍ളി ഇനി ഈ നാട്ടില്‍ എങ്ങനെ ജീവിക്കുമെന്ന് ആലോചിക്കുമ്പോഴാണ് കമീല മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ചാര്‍ളിയുടെ സത്യാവസ്ഥ തിരിച്ചറിഞ്ഞ കമീല അവിടെ തന്നെ ഒരു ജോലിയും ശരിയാക്കി കൊടുക്കുന്നു.
കമീല ജനിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യയിലാണ്. ഇന്ത്യയിലെ സ്പാനിഷ് അംബാസഡറായ ഫിലിപ്പ് ആദമിന്റെ മകളാണ് കമീല. നന്നായി മലയാളം സംസാരി ക്കാന്‍ അറിയാവുന്ന കമീലയ്ക്ക് ഇന്ത്യന്‍ സംസാരത്തെക്കുറിച്ചും ജീവിതരീതികളെ ക്കുറിച്ചും വലിയ മതിപ്പാണ്. ഇന്ത്യയിലെ കുറെ നല്ല ഓര്‍മകളുമായി തിരിച്ചു നാട്ടിലെത്തി ജീവിക്കുന്ന വേളയിലാണ് ചാര്‍ളി ജീവിതത്തിലേയ്ക്ക് കടന്നുവന്നത്.
ചാര്‍ളിയെ അറിയുന്നതിനു മുമ്പ് കമീലയ്ക്ക് മറ്റൊരു മലയാളി ചെറുപ്പക്കാരനെ കൂടി അറിയാമായിരുന്നു. ഇന്ത്യയില്‍ തന്റെ കുട്ടിക്കാലത്ത് കാര്യങ്ങള്‍ നോക്കിയിരുന്ന ആയമ്മയുടെ മകന്‍ രാഹുല്‍. കമീലയും വീട്ടുകാരും നാട്ടിലേക്കു മടങ്ങിയപ്പോള്‍ കൂടെ ആയമ്മയും ഉണ്ടായിരുന്നു. പക്ഷേ, അന്ന് രാഹുല്‍ വന്നിരുന്നില്ല. ബോര്‍ഡി ങ്ങില്‍ താമസിച്ച് പഠിക്കുകയായിരുന്നു. പരീക്ഷകളെല്ലാം കഴിഞ്ഞു രാഹുല്‍ വളര്‍ന്ന് ആയമ്മയോടൊപ്പം സ്പെയിനിലെത്തിയപ്പോഴാണ് കമീലയുമായി കുട്ടിക്കാലത്തെ സൌഹൃദം പുതുക്കിയത്. ആ സൌഹൃദം പ്രണയത്തില്‍ കലാശിച്ചുവെങ്കിലും ഒരു വന്‍ ദുരന്തത്തിലേയ്ക്കാണ് അത് അവസാനിച്ചത്. ആ ദുരന്ത ഓര്‍മകളില്‍ സ്വയം വലിഞ്ഞ് ജീവിക്കുമ്പോഴാണ് കുറെ കുസൃതിത്തരങ്ങളുമായി ഏറെ പ്രസരിപ്പോടെ ചാര്‍ളി കടന്നുവരുന്നത്. ചാര്‍ളിയുടെ വരവ് കമീലയുടെ ജീവിതത്തിലും മറ്റും ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് സ്പാനിഷ് മസാല എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മസാല സ്പെയിനിലാണ് ചിത്രീകരിച്ചത്.
ചാന്തുപൊട്ടിനുശേഷം ദിലീപ്, ലാല്‍ ജോസ്, ബെന്നി പി നായരമ്പലം ടീം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ കമീല എന്ന നായിക കഥാപാത്രത്തെ സ്പെയിന്‍കാരി ഡാനിയേല ഫെസേരി അവതരിപ്പിക്കുന്നു. ബെന്നി പി നായരമ്പലം തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ ചാര്‍ളിയായി ദിലീപും രാഹുലായി കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നു. ഫിലിപ്പ് ആദമിന്റെ ഓഫിസ് സ്റ്റാഫ് മേനോനായി ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നു. വിനയപ്രസാദാണ് ആയമ്മയായി അഭിനയി ക്കുന്നത്.
ഇവര്‍ക്കൊപ്പം പുതമുഖങ്ങളായ ക്ളമെന്റ്, ജാവിയര്‍, ക്രൈസ് ഹൊഞ്ചസ്, ഗോപാല്‍, നെല്‍സണ്‍, കലാരഞ്ജിനി തുടങ്ങിയവരും അഭിനയിക്കുന്നു. വിദേശ രാജ്യങ്ങളിലെ നടി നടന്മാരും പ്രത്യക്ഷപ്പെടുന്നു. ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ ലോകനാഥനാണ്. ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൌഷാദ് നിര്‍മിക്കുന്ന സ്പാനിഷ് മസാലയിലെ ഏതാനും രംഗങ്ങള്‍ കേരളത്തിലാണ് ചിത്രീകരിച്ചത്. വേണു ഗോപാല്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് വിദ്യാസാഗറാണ്. അറബി കഥയിലൂടെ ചൈനക്കാരിയെ പരിചയപ്പെടുത്തിയ ലാല്‍ ജോസ്, സ്പാനിഷ് മസാലയിലൂടെ സ്പെയിന്‍കാരിയായ ഡാനിയേല ഫെസേരിയെയാണ് ഇക്കുറി മലയാളത്തിലേക്ക് കൊണ്ടുവരുന്നത്.
കല- ഗോകുല്‍ ദാസ്, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്- ഷാനി, പരസ്യകല - ജിസണ്‍ പോണ്‍, അസോസിയേറ്റ് ഡയറക്ടര്‍ - സലാം പാലപ്പെട്ടി, സംവിധാന സഹായികള്‍ - രഘുരാമവര്‍മ, സംജിത സുനില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഹാരിഷ് ദേശ്, അനില്‍ അങ്കമാലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ഷൊര്‍ണ്ണൂര്‍, എക്സിക്യൂ ട്ടീവ് പ്രൊഡ്യൂസര്‍ - നാസിം പി എ, ലൈന്‍ പ്രൊഡ്യൂസര്‍ - സിവി രഞ്ജിത്.
No comments:
Post a Comment