Thursday 22 December 2011

[www.keralites.net] കൂടംകുളം: റെഡ് അലര്‍ട്ട്!

 

കൂടംകുളം: റെഡ് അലര്‍ട്ട്!

ഫോട്ടോകളും എഴുത്തും മധുരാജ്‌

തമിഴ്‌നാട്ടിലെ കൂടംകുളത്ത് കമ്മീഷന്‍ ചെയ്യാനിരിക്കുന്ന ആണവനിലയത്തിനെതിരായ സമരം ശക്തിയാര്‍ജിക്കുകയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി ഫോട്ടോഗ്രാഫര്‍ മധുരാജ് കൂടംകുളത്തുനിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഇവിടെ.. ആണവനിലയം ഉയര്‍ത്തുന്ന ദുരന്തസാധ്യതയുടെ വ്യാപ്തി എത്രമാത്രമെന്ന് വെളിപ്പെടുത്തുന്ന സ്‌നാപ്പുകള്‍ . മത്സ്യബന്ധനം മുഖ്യ ഉപജീവനമാര്‍ഗമായ ഒരു ഉള്‍നാടന്‍ തീരദേശ ഗ്രാമത്തിലെ മനുഷ്യരുടെയും പ്രകൃതിയുടെയും ജീവനത്തെ എങ്ങനെയെല്ലാം അട്ടിമറിച്ചേക്കാം എന്നതിന്റെ തെളിവായി ഈ ചിത്രങ്ങള്‍ നില്ക്കുന്നൂ. (കടപ്പാട്:മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Fun & Info @ Keralites.net
ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് തിരുനല്‍വേലി ജില്ലയില്‍ 'ഇടിന്തകരൈ'യില്‍നിന്ന് ആണവനിലയത്തിന്റെ ഒരു ദൃശ്യം. ഇടിന്തകരൈ എന്നാല്‍ ഇടിഞ്ഞകര എന്നര്‍ഥം. 2004-ല്‍ ആഞ്ഞടിച്ച സുനാമിയില്‍ ഇവിടെനിന്ന് വെറും 50 കി.മീ. താഴെമാത്രം ദൂരമുള്ള കന്യാകുമാരിയില്‍ ഉയര്‍ന്നുപൊങ്ങിയ തിരമാലകള്‍ കവര്‍ന്നത് 600-ഓളം ജീവനുകള്‍. കന്യാകുമാരി ജില്ലയില്‍മാത്രം 3000 പേര്‍ മരണപ്പെട്ടു. അന്ന് മരണത്തിന്റെ ഓളങ്ങള്‍ ഇടിന്തകരൈയോട് കരുണകാട്ടി. കേവലം 2.2 മീറ്റര്‍ മാത്രമേ അന്ന് ഇടിന്തകരൈയില്‍ കടലുയര്‍ന്നുള്ളൂ. എന്നാല്‍ വിചിത്രമായ വാദങ്ങളുമായി അണുശക്തി അധികൃതര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സുനാമിയെ പ്രതിരോധിക്കാന്‍ സാധ്യമായ രീതിയിലാണ് നിലയത്തിന്റെ സ്ഥാപനം എന്നാണത്.'സുനാമി' എന്ന പേരുപോലും കേള്‍ക്കുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് (2004-ന് മുന്‍പ്) നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി നാട്ടുകാര്‍ പറയുന്നു. ആദ്യ ഘട്ടം കൂടംകുളം ടൗണ്‍ഷിപ്പും രണ്ടാം ഘട്ടമായി നിലയത്തിന് ആവശ്യമായ വെള്ളം കടലില്‍നിന്നെടുത്ത് ഉപ്പ് നീക്കംചെയ്ത് ഉപയോഗിക്കുന്ന പദ്ധതിയും കഴിഞ്ഞ് മൂന്നാം ഘട്ടമായ നിലയ നിര്‍മാണം ആരംഭിച്ചിരുന്നു. ഇടിന്തകരൈയില്‍നിന്നുള്ള ആണവനിലയത്തിന്റെ കാഴ്ച ആരിലും ഭീതിനിറയ്ക്കും. വീണ്ടുമൊരു സുനാമി വന്നാല്‍... ശാസ്ത്രജ്ഞരുടെ ശുഭാപ്തിവിശ്വാസം 2.2. മീറ്ററിന് മേലേക്കുയര്‍ന്നാല്‍...?


Fun & Info @ Keralites.net
കൂടംകുളത്തേക്കുള്ള ഒരു പ്രഭാതം. തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലാണ് കൂടംകുളം ആണവ പദ്ധതി സ്ഥിതിചെയ്യുന്നത്. നാഗര്‍കോവില്‍നിന്ന് ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ കൂടംകുളത്തെത്താം. തിരുനല്‍വേലി ജില്ലയുടെ അതിര്‍ത്തിയില്‍ കന്യാകുമാരിയോട് (മറ്റൊരു ജില്ല) ചേര്‍ന്നാണ് നിലയം സ്ഥിതിചെയ്യുന്നത്. തൂത്തുക്കുടിയാണ് നിലയത്തിന് സമീപമുള്ള മറ്റൊരു ജില്ല. ആണവനിലയത്തിന്റെ 30 കി.മീ. ചുറ്റളവില്‍ പത്ത് ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്നു. കൃഷി, മത്സ്യബന്ധനം, കൈത്തൊഴില്‍, ആടുവളര്‍ത്തല്‍ എന്നിങ്ങനെ പല ജോലികളും ചെയ്ത് ജീവിക്കുന്നവര്‍.



Fun & Info @ Keralites.net
ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം (Wind Farm) ഉള്ളത് തിരുനല്‍വേലിയിലെ മുപ്പന്തലിലാണ്; മുപ്പന്തല്‍ വിന്‍ഡ് ഫാം. സഹ്യപര്‍വതത്തിലെ ആരല്‍വാമൊഴി ചുരം കടന്നെത്തുന്ന കാറ്റാണ് കാറ്റാടികളുടെ പങ്കകളില്‍ ഊര്‍ജംനിറയ്ക്കുന്നത്. 'ആരല്‍വാമൊഴി' എന്നാല്‍ കാറ്റിന്റെ കളമൊഴി എന്നര്‍ഥം. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡും സ്വകാര്യ വ്യക്തികളുമാണ് വിന്‍ഡ് ഫാമിലെ 10,000-ഓളം കാറ്റാടികളുടെ ഉടമസ്ഥര്‍. 1500 MW വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. കൂടംകുളത്തെ രണ്ട് റിയാക്ടറുകളില്‍നിന്ന് ഉത്‌പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് 2000 MW വൈദ്യുതിയാണ്. ചെലവ് കുറഞ്ഞ, പ്രകൃതിക്കിണങ്ങിയ, മാലിന്യമുക്തമായ ഊര്‍ജസ്രോതസ്സിന്റെ നിര്‍മാണച്ചെലവും കുറവാണ്. ഭാവി Maintenance തുകയും കുറവ്. തമിഴ്‌നാട്ടില്‍ കാറ്റില്‍നിന്നുമാത്രം 5800 MW വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. കൂടംകുളത്ത് ആറ് റിയാക്ടറുകളില്‍ നിന്ന് ഉത്‌പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വൈദ്യുതി 10,000 MW ആണ്.



Fun & Info @ Keralites.net
കാടും മലയും വയലും ചതുപ്പും വരണ്ട പ്രദേശങ്ങളും കടല്‍ത്തീരവും ചേര്‍ന്ന തിരുനല്‍വേലി ജില്ലയ്ക്ക് തമിഴ്‌നാട്ടില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമുണ്ട്. ജില്ലയുടെ ആസ്ഥാനമായ തിരുനല്‍വേലി താമരഭരണി നദിക്കരയിലാണ്. നെല്‍വയലിന്റെ പച്ചപ്പും സമൃദ്ധിയും ഈ ഭൂപ്രദേശത്തിന്റെ പേരിലുമുണ്ട്. പാണ്ഡ്യസാമ്രാജ്യത്തിന്റെ രണ്ടാമത്തെ തലസ്ഥാനമായ തിരുനല്‍വേലി ചോള-വിജയനഗര സാമ്രാജ്യങ്ങളുടെ വളര്‍ച്ച തളര്‍ച്ചകള്‍ കണ്ട തമിഴ്‌നാട്ടിലെ പ്രധാന നഗരമാണ്. പഴയ സംസ്‌കാരത്തിന്റെ ചിഹ്നങ്ങള്‍ പേറുന്ന തെരുവുകള്‍ ഇടിന്തകരൈയെന്ന കൊച്ചുഗ്രാമത്തിലും കാണാം.


Fun & Info @ Keralites.net
എന്നാല്‍ ഈ ജനപദങ്ങള്‍ അപ്രഖ്യാപിതമായ ഒരു കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ് ഇന്ന്. അണുനിലയത്തില്‍നിന്ന് 2 മുതല്‍ 5 വരെ കിലോമീറ്റര്‍ സ്റ്ററിലൈസേഷന്‍ സോണ്‍ ആയി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരു ഓര്‍ഡര്‍ ഉണ്ട് (G.O. 828 29-4. 1991-Public Works Departmetn). ഈ ഓര്‍ഡര്‍ പ്രകാരം ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇവിടെ ജനവാസം പാടില്ല. എന്നാല്‍ ആണവനിലയത്തിന്റെ അധികൃതരോട്, നാട്ടുകാര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുടിയൊഴിപ്പിക്കലിനുള്ള സാധ്യത തള്ളിക്കളയുന്നു. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അധികൃതര്‍ക്കുള്ള ഇരട്ട നയമാണ് ഇവിടെ വ്യക്തമാകുന്നത്. ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും എന്ന ഭീതിയിലുമാണ്. ജപ്പാനിലെ ഫുക്കുഷിമയില്‍ ആണവദുരന്തമുണ്ടായപ്പോള്‍ 30 കി.മീ. ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കുകയുണ്ടായി. ഫുക്കുഷിമയുടെ ആണവ വികിരണം ശാന്തസമുദ്രം കടന്ന് അമേരിക്കവരെ എത്തി. കാറ്റിന്റെ വേഗത്തിനനുസരിച്ചാണ് വികിരണം പടരുന്നത്. കൂടംകുളത്ത് അത് മണിക്കൂറില്‍ 16 കി.മീ. ആണ്. കൂടംകുളത്ത് മുപ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍ താമസിക്കുന്നു. ഒരു അപകടമുണ്ടായാല്‍ ഇത്രയും ജനങ്ങളെ അധികൃതര്‍ എങ്ങനെ സുരക്ഷിതമായി കുടിയൊഴിപ്പിക്കും? നാട്ടുകാരുടെ ചോദ്യമാണിത്. തമിഴ്‌നാട് മുഴുവന്‍ വികിരണവിഷമേല്‍ക്കാന്‍ മണിക്കൂറുകള്‍ ധാരാളം. കൂടംകുളത്തുനിന്ന് 90 ഗങ മാത്രം ദൂരമുള്ള തിരുവനന്തപുരത്തേക്ക് വികിരണമെത്താന്‍ 5 മണിക്കൂര്‍ മതി. കൊച്ചുകേരളത്തിന് ഒരു ആണവദുരന്തം ഏല്‌പിക്കുന്ന ആഘാതം പ്രവചനാതീതമാണ്. ഭൂചലന മേഖലയായ ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാര്‍, മധ്യകേരളത്തിന് ഒരു പേടിസ്വപ്നമാവുകയാണ്. അതിനുമീതെയാണ് ആണവഭീതിയുടെ കരിമേഘങ്ങള്‍ പടരുന്നത്.


Fun & Info @ Keralites.net
ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ കടല്‍ത്തീരങ്ങളില്‍ മൂന്നാമത്തേതാണ് തമിഴ്‌നാടിന്റേത്. 10 ലക്ഷം പേരാണ് കടലിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഇതില്‍ രണ്ടര ലക്ഷം പേര്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവരാണ്. കോടിക്കണക്കിന് രൂപയുടെ മത്സ്യസമ്പത്താണ് ദിനംപ്രതി ഇവര്‍ ആഴക്കടലില്‍നിന്ന് നമുക്ക് കൊണ്ടുതരുന്നത്. തിരുനല്‍വേലിയിലെയും തൂത്തുക്കുടിയിലെയും മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണിന്ന്. ആണവനിലയം കടലിലേക്ക് പുറന്തള്ളാന്‍ പോകുന്ന ചൂടുവെള്ളവും ദ്രവങ്ങളും ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചാണിത്. മത്സ്യത്തൊഴിലാളിയായ കമീലസ് പറയുന്നു: ''അണുഉല (അണുനിലയം) പ്രശ്‌നമല്ലെങ്കില്‍ ഡല്‍ഹിയിലോ ചെന്നൈയിലോ പോയി തുടങ്ങട്ടെ. ജനവികാരം രാഷ്ട്രീയക്കാര്‍ മാനിക്കണം. ഞങ്ങളുടെ വാഴ്‌വാധാരമാണ് കടല്‍. അതിനെ അണുഉല നശിപ്പിക്കും. അത് മൂടുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ല.'' എന്തേ മുന്‍പേ സമരം ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് കമീലസ് പറയുന്നു: ''1989 മെയ് 1-ന് കന്യാകുമാരിയില്‍ നടന്ന വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൂത്തുക്കുടിയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്സിന്റെ നേതൃത്വത്തില്‍ അണുഉലയ്‌ക്കെതിരെ സമരം നടന്നു. അതില്‍ ഞങ്ങളും പങ്കെടുത്തിരുന്നു. ശ്രീലങ്കയില്‍ ഇന്ന് ചൈനയുടെ താവളമുണ്ട്. ചൈനയുടെ ഒരാക്രമണമുണ്ടായാല്‍ എന്താണ് സംഭവിക്കുക? ആകാശമാര്‍ഗം 15 മിനുട്ടുകൊണ്ട് ശ്രീലങ്കയ്ക്ക് ഇവിടെയെത്താം.'' ''പിന്നെ സുനാമിയുടെ കാര്യം. പഴയ കണക്കില്‍ 2 മീറ്റര്‍ ഉയരത്തിലാണ് തിര വന്നത്. അടുത്ത തിര ഉയരത്തില്‍ വന്നാല്‍ അവസ്ഥ എന്താകും?''
വിയര്‍പ്പിന്റെ മാത്രം വിലയില്‍ ജീവിതം കെട്ടിപ്പൊക്കുന്ന ഒരുപറ്റം തൊഴിലാളികളുടെ വേവുന്ന ആശങ്കകളാണിത്.


Fun & Info @ Keralites.net
ഇടിന്തകരൈയില്‍ ജനിച്ചുവളര്‍ന്ന ലൂര്‍ദ് സ്വാമിക്ക് ഈ കടലിനെ അറിയാം. ചുട്ടുപൊള്ളുന്ന വെയിലിന്റെ കുളിരറിയാം. തിരമാലകള്‍ക്കു താഴെ പാറകളില്‍ വളരുന്ന പന്നല്‍ച്ചെടികളെയും. ഔഷധവീര്യമുള്ള ഈ ചെടികളാണ് സ്വാമിയുടെ അന്നം. പകല്‍മുഴുവന്‍ വെയില്‍കൊണ്ടാല്‍ 200 രൂപ കിട്ടും. പക്ഷേ, ആകെ ആധിവളര്‍ത്തുന്ന വാര്‍ത്തകളാല്‍ സ്വാമി അസ്വസ്ഥനാണ്. ''അണുഉലൈ വന്താല്‍ ജോലി സെയ്യമുടിയാത്.''
നിലയത്തില്‍ നിന്നുള്ള ദ്രവവസ്തുക്കള്‍ തന്നെ ചൂഴുന്നത് പന്നല്‍ച്ചെടികളുടെ നിസ്സഹായതയോടെ സ്വാമി അറിയുന്നു.


Fun & Info @ Keralites.net
ഇടിന്തകരൈയിലെ അമലയും ഇനിഹോയും: ''കുട്ടികള്‍ക്ക് ഭീഷണിയുള്ള ഈ പദ്ധതി ഞങ്ങള്‍ക്കു വേണ്ട. അപകടമില്ലെങ്കില്‍ ആണവനിലയം മന്‍മോഹന്‍ സിങ്ങിന്റെ വീട്ടില്‍ കൊണ്ടുപോയി വെക്കട്ടെ. ഞങ്ങളെ കൊന്നേ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റൂ.'' അമ്മമാര്‍ പൊട്ടിത്തെറിക്കുന്നു.


Fun & Info @ Keralites.net
മിലിട്ടറിയില്‍നിന്ന് വിരമിച്ച മത്സ്യത്തൊഴിലാളി സ്റ്റാലിന്‍ പറയുന്നതു കേള്‍ക്കുക: ''കരണ്ടല്ല നമുക്ക് വലുത്. നമ്മുടെ ആരോഗ്യമാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭക്ഷണം ഉണ്ടാക്കുന്നത് നമ്മളാണ്. ഏത് പെരുമഴയിലും ചുഴലിക്കാറ്റിലും നിങ്ങള്‍ക്ക് ഞങ്ങള്‍ മത്സ്യം കൊണ്ടുതരുന്നില്ലേ? ഞങ്ങളുടെ ആരോഗ്യമാണ് നിങ്ങളുടെയും ആരോഗ്യം. കരണ്ട് ഉണ്ടാക്കുന്നത് ഞങ്ങള്‍ക്കു വേണ്ടിയല്ല. മദ്രാസിലെ ആളുകള്‍ക്ക് എ.സി. ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞങ്ങള്‍ എ.സി. ഇല്ലാതെയും ജീവിക്കും. ആര്‍ക്കുവേണ്ടിയാണ് ഈ കരണ്ട്? ടാറ്റാ, ബിര്‍ല തുടങ്ങിയ ബില്യണേഴ്‌സിനു വേണ്ടി. കണ്ണുണ്ടായാലേ കല ആസ്വദിക്കാനാകൂ. അതുപോലെ ആരോഗ്യമില്ലാതെ ഞങ്ങള്‍ക്ക് എ.സി. വേണ്ട. എയര്‍ ഇന്ത്യ ഇടപാടിലും സ്‌പെക്ട്രം അഴിമതിയിലും കോടികള്‍ തുലച്ചില്ലേ? സേതുസമുദ്രം പദ്ധതി എതിര്‍പ്പുണ്ടായപ്പോള്‍ ഉപേക്ഷിച്ചില്ലേ? അതുപോലെ ഞങ്ങള്‍ക്കുവേണ്ടി അണുഉല ഉപേക്ഷിക്കണം.''
വികസനത്തിന്റെ രാഷ്ട്രീയമാണ് ഈ മുന്‍ സൈനികന്‍ പറയുന്നത്.


Fun & Info @ Keralites.net
മണ്ണില്‍ പണിയെടുക്കുന്നവനേ മണ്ണ് നഷ്ടപ്പെടുമ്പോഴുള്ള വേദന അറിയൂ. കര്‍ഷകത്തൊഴിലാളിയായ തങ്കരാജനില്‍നിന്ന് ആണവനിലയത്തിന്റെ അധികാരികള്‍ സ്വന്തമാക്കിയത് ഏഴര ഏക്കര്‍ ഭൂമിയാണ്. എന്നാല്‍ കൈയില്‍ കിട്ടിയത് 30,000 രൂപ മാത്രം. ''അതില്‍ നിറയെ പനകളായിരുന്നു.'' ആകാശത്തോളം വളര്‍ന്നുനില്ക്കുന്ന പനകളുടെ ഓര്‍മയില്‍ ആ കര്‍ഷകമനസ്സ് പതറുന്നു. അഞ്ച് കുട്ടികളുണ്ട് തങ്കരാജിന്. ''ഒരൊറ്റ കുട്ടിക്കുപോലും വാഗ്ദാനംചെയ്ത ജോലി കമ്പനി (ആണവനിലയം) തന്നില്ല.''കര്‍ഷകനായ തങ്കരാജിന് കടപ്പുറവുമായി ബന്ധമില്ലെങ്കിലും അണുഉലയ്‌ക്കെതിരെ പ്രതിഷേധം തീര്‍ക്കാന്‍ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാര്‍. തീരത്തോട് ചേര്‍ന്നുനില്ക്കുന്ന നിലയത്തെ ക്യാമറയിലേക്ക് പകര്‍ത്താന്‍ വഴികാട്ടിയായി കടല്‍ഭിത്തിയിലേക്ക് വന്നതാണ് കൂടെ.


Fun & Info @ Keralites.net
ആണവനിലയ നിര്‍മാണത്തോടൊപ്പം നടക്കേണ്ടതാണ് ദുരന്തമുണ്ടായാല്‍ എടുക്കേണ്ട Disaster Management Planning. നിലയ അധികൃതര്‍ അവയെല്ലാം ജനങ്ങളില്‍നിന്ന് മറച്ചുവെച്ചു എന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ആണവദുരന്തമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ തിരുനല്‍വേലിയിലുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ഒഴിഞ്ഞുപോകേണ്ടിവരും. ഉടുതുണിക്ക് മറുതുണിയെടുക്കാന്‍ പാടില്ലാത്ത ഈ പലായനം കഴിഞ്ഞ് ചുരുങ്ങിയത് 20 വര്‍ഷം കഴിഞ്ഞേ ഒരു തിരിച്ചുവരവിനുപോലും സാധ്യതയുള്ളൂ. എന്നാല്‍ ഇക്കാര്യമൊന്നും ജനങ്ങളുടെ മുന്നില്‍ അറിയിച്ചിട്ടില്ല. ആണവ അപകടമുണ്ടായാല്‍ അപകടമേഖലയാണ് കേരളം. നിലയത്തിനോട് ഏറ്റവുമടുത്ത ജില്ലയായ തിരുവനന്തപുരത്തുപോലും പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു നടപടിയുമെടുത്തിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് PMANE (People's Movement Against Nuclear Energy) പ്രവര്‍ത്തകര്‍ക്ക് കളക്ടറില്‍നിന്ന് മറുപടി കിട്ടിയത് (1986-ല്‍, ചെര്‍ണോബില്‍ ദുരന്തം നടന്ന് 25 വര്‍ഷം പിന്നിടുമ്പോഴും യുക്രൈയിന്‍ ഇന്നും ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണ്. 3,50,400 പേരെയാണ് അന്ന് കുടിയൊഴിപ്പിച്ചത്). അണുശക്തി വിദഗ്ധരും ഉദ്യോഗസ്ഥരും തങ്ങളുടെ എഞ്ചിനിയറിങ് വൈദഗ്ധ്യത്തിന്റെ ഉറപ്പില്‍ നിലയ സുരക്ഷയെക്കുറിച്ച് ഊറ്റംകൊള്ളുമ്പോള്‍ നിലയത്തെക്കുറിച്ച് ആശങ്കയുള്ള നാട്ടുകാര്‍ എഞ്ചിനിയറിങ് വൈദഗ്ധ്യത്തിനു സംഭവിക്കുന്ന പിഴവിനു പുറമെ, പ്രകൃതിദുരന്തങ്ങള്‍, ഭീകരാക്രമണങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിയ അപ്രതീക്ഷിതമായ ഭീഷണികള്‍ മുന്നില്‍ കാണുന്നു. വികസിത രാജ്യങ്ങളില്‍പോലും അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്തല്ല. കൂടംകുളത്ത് സ്ഥാപിച്ച റിയാക്ടര്‍ ഇന്ത്യ വാങ്ങിയത് റഷ്യയില്‍നിന്നാണ്. 1986-ല്‍ നടന്ന ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ഒരൊറ്റ അണുനിലയംപോലും റഷ്യയില്‍ സ്ഥാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ മേലെ ആണവക്കരാര്‍ അടിച്ചേല്‌പിച്ച യു.എസ്. 1973-നു ശേഷം ഒരൊറ്റ ആണവനിലയവും സ്ഥാപിച്ചിട്ടില്ല. യൂറോപ്പിലെ വലിയ ശതമാനം രാജ്യങ്ങളും അണുനിലയം ഉപേക്ഷിച്ചുകഴിഞ്ഞു. ഫുക്കുഷിമ ദുരന്തത്തിനു ശേഷം ജര്‍മനിയും സ്വിറ്റ്‌സര്‍ലന്‍ഡും അവിടെ നിലവിലുള്ള നിലയങ്ങള്‍പോലും അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. കൂടംകുളത്ത് ആണവനിലയത്തിനെതിരെ നടക്കുന്ന സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ കൊച്ചു മകളോടൊപ്പം എത്തിയ ഒരമ്മ.


Fun & Info @ Keralites.net
''വേണ്ടാ വേണ്ടാ അണുഉലൈ വേണ്ട.'' ഇടിന്തരകരൈയിലെ ഒരു അങ്കണവാടി. സത്യാഗ്രഹസമരത്തിന്റെ ഉലയില്‍ ഉരുകുന്ന ഒരു ഗ്രാമത്തിലെ അങ്കണവാടിയിലെ കുട്ടികളാണിവര്‍. സ്‌കൂളിലെത്തുന്ന സന്ദര്‍ശകനെ സ്വീകരിക്കുന്നത് നഴ്‌സറി റൈമല്ല. കൈകളുയര്‍ത്തി അവര്‍ ഒരുമിച്ചു പറയുന്നു. ''വേണ്ടാ, വേണ്ട, അണുഉലൈ വേണ്ട.''സ്ത്രീകള്‍ക്കു പുറമെ കുട്ടികളുടെ സാന്നിധ്യത്താലും ശ്രദ്ധേയമായ കൂടംകുളത്തെ സമരവേദി.


Fun & Info @ Keralites.net
ആണവദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ റഷ്യ ലോകത്തിനു സമര്‍പ്പിച്ച ദുരന്തത്തിന്റെ ഒരു മ്യൂസിയമാണ് ഇന്ന് ചെര്‍ണോബില്‍! 2011-ല്‍ ദുരന്തം 25 വര്‍ഷം പിന്നിടുകയാണ്. അമേരിക്കയിലെ സൗത്ത് കൊറോള യൂണിവേഴ്‌സിറ്റിയിലെ Anders Moller, Timothy Mousseau എന്നീ ശാസ്ത്രജ്ഞര്‍ ദുരന്തത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം മൂന്നുവര്‍ഷം അവിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ 2009 മാര്‍ച്ച് 18-ലെ ഡിസ്‌കവറി ന്യൂസ് പ്രസിദ്ധീകരിക്കുകയുണ്ടായി. ചെര്‍ണോബിലെ ബേര്‍ഡ് പോപ്പുലേഷന്‍ സര്‍വേയാണ് റേഡിയേഷന്‍ മറ്റു ജീവികളിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇവര്‍ക്ക് പ്രേരണയായത്. പച്ചത്തുള്ളനിലുള്ള (grasshopper) കുറവാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. കാട്ടില്‍പോലും ചിലന്തികളുടെ എണ്ണം കുറവായിരുന്നു. പക്ഷികള്‍, പ്രാണികള്‍, മൃഗങ്ങള്‍ എന്നിവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവു കണ്ടെത്തി. മനുഷ്യനിലുള്ള ഉയര്‍ന്ന അളവിലുള്ള ജീന്‍മ്യൂട്ടേഷന്‍ മറ്റു ജീവികളിലും പ്ലാന്റിനു സമീപമുള്ള പല കുട്ടികളിലും തയ്‌റോയിഡ് കാന്‍സറും കണ്ടെത്തി (നവജാത ശിശുക്കളിലും കുട്ടികളിലും റേഡിയേഷന്‍ പെട്ടെന്ന് ബാധിക്കുന്നത് തയ്‌റോഡിനെയാണ്). പല ജീവികളും ഇല്ലാതായതായും ഉള്ളവയുടെ എണ്ണം വളരെ കുറവായതായും കണ്ടെത്തി.


Fun & Info @ Keralites.net
നിലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളേറെ. നിര്‍മാണം പൂര്‍ത്തിയായ രണ്ടു റിയാക്ടറുകളുടെ Environmental Impact Assessment (EI-A), അതുപോലെ Site Evaluation Study and Safety Analysis Report എന്നിവ ജനങ്ങളുടെ മുന്നില്‍ വെക്കുകയോ മാധ്യമങ്ങളോട് പങ്കുവെക്കുകയോ ചെയ്തിട്ടില്ല എന്നുള്ളതാണ് ഒന്ന്. അതുപോലെ പൊതുജന അഭിപ്രായം (Public Hearing) തേടുകയും ചെയ്തിട്ടില്ല. ഇത് പൊതുജനത്തിന് പദ്ധതിയുടെ സുതാര്യതയെക്കുറിച്ച് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഒരു പദ്ധതി ആരംഭിക്കുമ്പോള്‍ അത് പ്രകൃതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന നല്ലതും ചീത്തയുമായ ഫലങ്ങളെ വിലയിരുത്തി സുസ്ഥിര വികസനം ഉറപ്പുവരുത്തുക എന്നതാണ് മേല്‌പറഞ്ഞ റിപ്പോര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്.


Fun & Info @ Keralites.net
ഇടിന്തകരൈയിലെ ലൂര്‍ദ് പള്ളിക്കു മുന്നിലെ സമരപ്പന്തലില്‍നിന്ന് ഒരു ദൃശ്യം. 2011 ആഗസ്ത് 15-ന് ആരംഭിച്ച നിരാഹാര സത്യാഗ്രഹം ഇന്ന് ഇന്ത്യ കണ്ടിട്ടുള്ള വലിയ സഹനസമരങ്ങളിലൊന്നായി വളരുകയാണ്. തിരുനല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി എന്നീ ജില്ലകളില്‍നിന്ന് സംഘങ്ങളായി സ്ത്രീകളും കുട്ടികളും സമരപ്പന്തലിലേക്ക് എത്തുന്നു. തങ്ങളുടെ അജ്ഞതയെ മുതലെടുത്ത്, വാഗ്ദാനങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിച്ച് കെട്ടിയുയര്‍ത്തിയ അണു ഉലൈ അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്നു. ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാന്‍ വരുന്നവരോട് മനുഷ്യനുവേണ്ടിയാണ് മതമെന്നും മതത്തിനുവേണ്ടിയല്ല മനുഷ്യരെന്നും പ്രഖ്യാപിക്കുന്നു.


Fun & Info @ Keralites.net
കൂടംകുളം ആണവനിലയത്തിനു മുന്നിലെ പൊലീസ് സന്നാഹം.


Fun & Info @ Keralites.net
ഒരു മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച് തമിഴ്‌നാട്ടിലെ രാമേശ്വരത്തിന്റെ കടല്‍ത്തീരങ്ങളില്‍ പിച്ചവെച്ച ഡോ. അബ്ദുല്‍കലാമിന് ആണവോര്‍ജം 'ഐശ്വര്യപൂര്‍ണമായ നാളെയിലേക്കുള്ള കവാടമാണ്'. അണുശക്തിയുടെ നല്ല വശങ്ങള്‍ മാത്രം കാണുന്ന ഏതൊരു ആണവശാസ്ത്രജ്ഞനും ഇത് ശരിയായി തോന്നാം. നന്മയെക്കാളേറെ തിന്മകളുള്ള ഒരു ചെകുത്താനാണ് ആണവനിലയം എന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു.
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ആണവശാസ്ത്രജ്ഞനുമായ ഡോ. കലാം കേവലമൊരു ടെക്‌നോക്രാറ്റ് മാത്രമായി തരംതാഴുകയാണോ എന്ന് മനുഷ്യസ്‌നേഹികള്‍ ഉത്കണ്ഠപ്പെടുന്നു. You have to dream before your dreams can come tru-e എന്നു പറഞ്ഞ ഡോ. കലാം ഭാവിതലമുറയെയും അവരുടെ സ്വപ്നങ്ങളെയും ഇരുട്ടിലാഴ്ത്തുന്ന ആണവ ലോബിയുടെ അംബാസഡറാകുന്നതിന്റെ ദുരന്തം വേട്ടയാടുന്നത് പെറ്റുവീണ മണ്ണിനെത്തന്നെയാണ്.


Fun & Info @ Keralites.net
ആണവവികിരണം ഗര്‍ഭസ്ഥശിശുക്കളെയും കുട്ടികളെയുമാണ് എളുപ്പത്തില്‍ ബാധിക്കുക. ഇതിനു കാരണം കുട്ടികളുടെ ശരീരവളര്‍ച്ചയുടെ ഭാഗമായി വേഗത്തില്‍ നടക്കുന്ന കോശവിഭജനമാണ്. ഈ കോശങ്ങളെയാണ് റേഡിയേഷന്‍ എളുപ്പത്തില്‍ ശിഥിലമാക്കുന്നത്. ഇടിന്തകരൈയിലെ സമരപ്പന്തലില്‍ അമ്മയോടൊപ്പം എത്തിയ ഒരു കുട്ടി.


Fun & Info @ Keralites.net
''ആണവനിലയം സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചാല്‍ത്തന്നെ അതു പുറത്തുവിടുന്ന റേഡിയോ ആക്ടീവ പദാര്‍ഥങ്ങള്‍ മണ്ണിലും വായുവിലും കടലിലും മത്സ്യങ്ങളിലും വിളകളിലും കന്നുകാലികളിലും എത്തിച്ചേരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ തെക്കന്‍ തീരങ്ങളില്‍ കാന്‍സര്‍, ബുദ്ധിമാന്ദ്യം, Down syndromes, ജനിതക വൈകല്യങ്ങള്‍ എന്നിവ ഉയര്‍ന്നതോതിലാണ്. സര്‍ക്കാറും സ്വകാര്യ കമ്പനികളും കരയിലും കടലിലും തോറിയംപോലുള്ള റേഡിയോ ആക്ടീവ മൂലകങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഖനനമാണ് ഇതിനു കാരണം'' - കൂടംകുളത്തെ ആണവപദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആണവോര്‍ജവിരുദ്ധ ജനകീയ പ്രക്ഷോഭം PMANE (People's Movement Against Nuclear Energy) പ്രവര്‍ത്തകര്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ തന്നെയുള്ള കല്‌പാക്കം ആണവനിലയത്തിനു സമീപം നടന്ന പഠനങ്ങള്‍ ഇവരുടെ ആശങ്കകള്‍ അസ്ഥാനത്താക്കുന്നില്ല. നിലയത്തിന് 4000 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരു കോടി ജനങ്ങളില്‍ 15 വയസ്സിനും 40 വയസ്സിനുമിടയിലുള്ള മൂന്നിലൊന്ന് സ്ത്രീകളിലും തയ്‌റോയ്ഡ് കാന്‍സര്‍ പോലുള്ള തയ്‌റോയ്ഡ് രോഗങ്ങള്‍ DOSE (Doctors of Safe Environment) എന്ന സംഘടനയിലെ ഡോ. വി. പുകഴേന്തിയും ഡോ. രമേശും കണ്ടെത്തിയിരുന്നു (Nuclear Free India, Vol. 1, Issue Dec. 2008). അണുവികിരണം പെട്ടെന്ന് ബാധിക്കുന്നത് തയ്‌റോഡിനെയാണ് (ചെര്‍ണോബിലില്‍ ജനിക്കുന്ന കുട്ടികളിലും തയ്‌റോയ്ഡ് കാന്‍സര്‍ കൂടുതലായി കണ്ടെത്തിയിരുന്നു).


Fun & Info @ Keralites.net
പൂവും പുഴയും പഴുതാരയും പുല്ലും ശതകോടി ജീവജാലങ്ങളും സൂര്യന്റെ ചുടുപാല്‍ കുടിച്ച് ജന്മാന്തരങ്ങളിലൂടെ പുലരേണ്ടതാണീ ഭൂമി... ഒരു പൂ വിരിഞ്ഞ് കായാവുന്നതാണ് ജീവിതം... ജീവന്റെ പരാഗങ്ങള്‍ക്കു മീതെ ആണവധൂളികള്‍ മൂടുന്ന പ്രഭാതത്തിലേക്ക് കണ്ണുതുറക്കാന്‍ ഇനി അധികം നാളുകള്‍ വേണ്ടിവരില്ല. നമ്മുടെ നിസ്സംഗത വരുംതലമുറ പൊറുക്കില്ല... ഉറപ്പ്.
ആണവ വികിരണം ഭൂമിക്കു വിധിക്കുന്നത് പലപ്പോഴും sudden death അല്ല. ജീവന്റെ തന്മാത്രകളെ കുടഞ്ഞെറിഞ്ഞ് ഇഞ്ചിഞ്ചായ ഒരു മരണം!


Fun & Info @ Keralites.net
ഇവരുടെ മണ്ണ് ഇവരുടെ ഭൂമി. കൂടംകുളത്തിനു സമീപമുള്ള
സുനാമി പുനരധിവാസ കോളനിയിലെ കുട്ടികളുടെ സായാഹ്നം.


Fun & Info @ Keralites.net
ഊരു കാക്കുന്ന കോവിലുകള്‍ തമിഴ്‌നാട് ഗ്രാമങ്ങളുടെ പ്രത്യേകതയാണ്. ആരോരുമില്ലാത്തവരുടെ നൊമ്പരങ്ങള്‍ കേള്‍ക്കാന്‍ കോവിലുകളില്‍ ദൈവങ്ങള്‍ കുടിപാര്‍ക്കുന്നു. തിരുനല്‍വേലിയുടെ സ്ഥലപുരാണത്തില്‍ ദൈവങ്ങള്‍ക്കും സ്ഥാനമുണ്ട്. ഉറക്കത്തില്‍ ദൈവദര്‍ശനമുണ്ടായ ഒരു ഭക്തന്‍ കുടുംബത്തോടെ താമരഭരണി നദിക്കരയില്‍ എത്തുന്നു. കൊടും വരള്‍ച്ചയിലായിരുന്ന ഗ്രാമത്തില്‍നിന്ന് ഇരന്നുവാങ്ങിയ അല്‍പ്പം നെല്ല് ഉണക്കാനിട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ ഭക്തന്റെ പ്രാര്‍ഥന ദൈവം കേട്ടു. കോരിച്ചൊരിയുന്ന മഴ തുടങ്ങി. ഉണക്കാനിട്ട നെല്ല് നശിച്ചുകാണുമെന്നു കരുതി തന്റെ കൂരയിലെത്തിയ ആ സാധു അദ്ഭുതപ്പെടുന്നു. നെല്ലില്‍ ഒരു തുള്ളി വെള്ളംപോലും വീഴാതെ ഉണങ്ങിയിരിക്കുന്നു. ദൈവം നെല്ലിനു വേലി തീര്‍ത്ത നാടാണ് തിരുനെല്‍വേലിയായി അറിയപ്പെട്ടത്. നാടിനെ മുടിക്കുന്ന ആണവവികിരണ വരള്‍ച്ചയെ ചെറുക്കാന്‍ കോവിലുകളില്‍ പാര്‍ക്കുന്ന ദൈവങ്ങള്‍ ഈ ഗ്രാമീണര്‍ക്ക് തുണയാകുമോ?


Fun & Info @ Keralites.net
ഇടുക്കിയില്‍ 18.11.2011-ല്‍ ഉണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളല്‍ വീണ വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കേരളമറിഞ്ഞത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തിരുവനന്തപുരത്തെ തീരത്തുനിന്ന് കടലില്‍ 600 കിലോമീറ്ററും കൊളംബോയുടെ 341 കിലോമീറ്ററും അകലെയാണെന്ന് കണ്ടെത്തി. പ്രധാനമന്ത്രി ചെയര്‍മാനായുള്ള നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വൈസ് ചെയര്‍മാന്‍ ശശിധര റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് (13.11.11) ഇവിടെ പ്രാധാന്യമേറുകയാണ്. ''അണുനിലയമുള്ള ഇടങ്ങളില്‍ ഭൂചലനത്തിനുള്ള സാധ്യത തളിക്കളയാന്‍ പറ്റില്ല എന്നായിരുന്നു അത്''.
ഇന്ത്യയില്‍ ഇന്ന് 19 ആണവനിലയങ്ങളുണ്ട്. അവയില്‍നിന്ന് ഉത്‌പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വൈദ്യുതി 4670 മെഗാവാട്ട് ആണ്. ഉത്‌പാദനം 4000 മെഗാവാട്ട്. ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്‌പാദനത്തിന്റെ മൂന്നുശതമാനം മാത്രമാണിത്. പാരമ്പര്യേതര ഊര്‍ജസ്രോതസ്സായ കാറ്റില്‍നിന്നു മാത്രം 13,184 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള ശേഷി നമുക്ക് നിലവിലുണ്ട് (Ministry of non conventional energy resources - Annual report 2011, Jan 31). ആണവനിലയങ്ങള്‍ക്ക് കൊടുക്കുന്ന ശ്രദ്ധയുടെ ഒരുശതമാനംപോലുമില്ലാതെയാണ് ഈ നേട്ടം. കാറ്റില്‍നിന്നു മാത്രം 48,500 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍തന്നെ പറയുന്നു. ഇതിനു പുറമെ സൂര്യവെളിച്ചം, ചെറുകിട ജലപദ്ധതികള്‍, ബയോമാസ് എന്നിങ്ങനെയുള്ള ഊര്‍ജ സ്രോതസ്സുകളിലൂടെ അനന്തമായ ഊര്‍ജസാധ്യത നിലവിലുള്ളപ്പോള്‍ വിനാശകരമായ ആണവനിലയങ്ങള്‍ അടിച്ചേല്‌പിക്കുന്നതിനു പിന്നിലെ സര്‍ക്കാരിന്റെയും വിദഗ്ധരുടെയും താത്‌പര്യമെന്താണ്?


Fun & Info @ Keralites.net
റെഡ് അലര്‍ട്ട്!



--
PRASOON

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment