Saturday 22 October 2011

[www.keralites.net] സഭാദര്‍ശന്‍(ബെര്‍ലിതരങ്ങളില്‍ കണ്ടത് )

 

സഭാദര്‍ശന്‍

സംസ്ഥാന നിയമസഭയിലെ സംഭവവികാസങ്ങള്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും റേറ്റിങ് ഉള്ള വാര്‍ത്തയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ലോക്‍സഭ,രാജ്യസഭ ചാനലുകളുടെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമസഭാ നടപടികള്‍ ടിവിയിലൂടെ കാണിക്കുന്നതിന് സഭാദര്‍ശന്‍ എന്ന പേരില്‍ പ്രത്യേക ചാനല്‍ തുടങ്ങുമെന്ന് സെക്രട്ടറിയേറ്റിലെ ഒരുദ്യോഗസ്ഥന്‍ പറയുന്നു.

നിലവിലുള്ളതുപോലെ സഭാനടപടികള്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന പരിപാടി ആയിരിക്കില്ലത്രേ സഭാദര്ശനില്‍ ഉണ്ടാവുക.നിയമസഭയിലെ മിക്കവാറും എല്ലാ സംഭവങ്ങള്‍ക്കും വ്യക്തമായ തിരക്കഥയുണ്ടെന്നു തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായ തിരക്കഥയുടെ പിന്‍ബലത്തോടെ ഓരോ അംഗത്തിന്റെയും സാധ്യതകള്‍ മുതലെടുത്തുകൊണ്ടുള്ള വ്യത്യസ്തമായ പരിപാടികളായിരിക്കും സഭാദര്‍ശന്‍ സംപ്രേഷണം ചെയ്യുക എന്നറിയുന്നു.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ സ്പീക്കറുടെ ഓഫിസില്‍ നിന്നു ഫാക്‍സ് ചെയ്തതനുസരിച്ച് സഭാദര്‍ശന്‍ ചാനലിലെ പരിപാടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി പങ്കു വയ്‍ക്കുന്നു.

രാവിലെ ആറു മണി- അടിച്ചു തെളി:കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നു വരുന്ന അഭിനയശേഷിയുള്ള മഹിളകള്‍ പങ്കെടുക്കുന്ന രംഗപൂജ.

എട്ടു മണി- കട്ടനും മുട്ടയും: തലേന്ന് എംഎല്‍എ ഹോസ്റ്റലില്‍ പോകാതെ പ്രതിഷേധത്തിന്റെ പേരില്‍ സഭയിലെ എസിയില്‍ പുതച്ചുമൂടി കിടന്നുറങ്ങുന്ന എംഎല്‍എ മാര്‍ക്ക് ടോയ്‍ലറ്റില്‍ പോകുന്നതിനു പ്രചോദനമാകാന്‍ പ്രത്യേകമായി എത്തിക്കുന്ന കട്ടനും മുട്ടയും. ഇത് കഴിക്കുന്നതിനിടയിലെ പ്രത്യയശാസ്ത്രചര്‍ച്ചകളും താത്വികാവലകോനങ്ങളും രാവിലെ വയറ്റീന്നു പോകാന്‍ പാടുള്ള പ്രേക്ഷകരെയും സഹായിക്കും.

ഒന്‍പത് മണി-സഭാനടപടികള്‍ ആരംഭിക്കുന്ന സമയമായതിനാല്‍ നേരമ്പോക്കുകളും കളിതമാശകളുമായി ഒരു മണിക്കൂര്‍ തല്‍സമയ സംപ്രേഷണം.

പത്ത് മണി- സബ്‍മിഷന്‍ സോങ്‍സ്: എംഎല്‍എമാര്‍ അവതരിപ്പിക്കുന്ന സബ്‍മിഷനുകളും പാട്ടുകളും കോര്‍ത്തിണക്കിയുള്ള പരിപാടി.എംഎല്‍എ സബ്‍മിഷന്‍ അവതരിപ്പിച്ചു കഴിയുമ്പോള്‍ ആ സബ്‍മിഷനുമായി ബന്ധപ്പെട്ട ഒരു ചലച്ചിത്രഗാനം കാണിക്കും. ഉദാഹരണത്തിന് പറവൂര്‍ പീഡനക്കേസിനെപ്പറ്റിയുള്ള സബ്‍മിഷനാണെങ്കില്‍ അതോടൊപ്പം രതിനിര്‍വേദത്തിലെ ഗാനം കാണിക്കും.

പതിനൊന്ന് മണി-സ്പോണ്‍സേര്‍ഡ് പരിപാടി-അടിയന്തരപ്രമേയം: ആടുകളുടെ പൂട കൊഴിയുന്ന പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്ക് എന്ന വിഷയത്തില്‍ (ഉദാഹരണമാണേയ്)പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കുന്നതും അത് സ്പീക്കര്‍ നിഷേധിക്കുന്നതും തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്‍ക്കുന്നതും തുടര്‍ന്ന് വാക്കൗട്ട് നടത്തുന്നതുമാണ് ഈ പരിപാടിയുടെ ഉള്ളടക്കം. എന്നും ഒരേ കാര്യങ്ങള്‍ തന്നെയാണ് സംഭവിക്കുന്നതെങ്കിലും ഉള്ളടക്കത്തിലും ഡയലോഗുകളിലും പുതുമയുണ്ടാവും.

പന്ത്രണ്ട് മണി-കയ്യാമവും നിങ്ങളും: സെക്രട്ടറിയേറ്റിനു മുന്നിലെ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് അവതരിപ്പിക്കുന്ന നിയമോപദേശ പരിപാടി.മുഖ്യമന്ത്രി മുതല്‍ ഡിസിസി പ്രസിഡന്റ് വരെയുള്ള നേതാക്കളെ എങ്ങനെ വിവിധ കേസുകളില്‍ കുടുക്കി കയ്യാമം വച്ചു നടത്തിക്കാം എന്നതിനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പദ്ധതികളും അദ്ദേഹം പ്രേക്ഷകരോട് പങ്കുവയ്‍ക്കും.

ഒരു മണി – കോമഡി ഷോ- ചീഫ് വിപ്പിനോടു ചോദിക്കാം: പാര്‍ട്ടി സെക്രട്ടറിയുടെ അയലത്തെ പശുവിന്റെ അകിടുരോഗം മുതല്‍ ചൈനീസ് പ്രധാനമന്ത്രിയുടെ അളിയന്റെ പൊടിവലി വരെയുള്ള ആകാശത്തിനു കീഴെയുള്ള എല്ലാ സംഭവങ്ങളെക്കുറിച്ചും ചീഫ് വിപ്പ് അഭിപ്രായം പറയുന്ന സ്പോണ്‍സേര്‍ഡ് പരിപാടി.ഇതിന് മുന്‍കൂട്ടി തിരക്കഥ ഉണ്ടായിരിക്കില്ല എന്നു മാത്രമല്ല പരിപാടി തല്‍സമയവുമായിരിക്കും.പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും എന്നതാണ് പ്രത്യേകത.അദ്ദേഹത്തിനുത്തരം മുട്ടിയാല്‍ ഉത്തരം മുട്ടിക്കുന്ന മാധ്യമപ്രവര്‍ത്തകന് പൂഞ്ഞാറിന്റെ മാപ്പ് സമ്മാനമായി നല്‍കും.

രണ്ടു മണി-സീരിയല്‍-കണ്ണിലുണ്ണി: രാഷ്ട്രീയം എന്തെന്നറിയാത്ത ഒരു കൊച്ചുപെണ്‍കുട്ടി വാച്ച് ആന്‍ഡ് വാര്‍ഡായി ജോലിക്കു പ്രവേശിക്കുന്നതും കാപാലികന്മാരായ എംഎല്‍എമാര്‍ സഭയില്‍ സ്പീക്കറുടെ മുന്നിലിട്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പെണ്‍കുട്ടി വളര്‍ന്നു വളര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് വരെയാകുന്നതും പ്രമേയമാകുന്ന സ്ത്രീപക്ഷ പരമ്പര.

മൂന്നു മണി-കൃഷിമോഹനം: പടവലങ്ങ,വഴുതിനങ്ങ,പാവയ്‍ക്ക തുടങ്ങിയ കാര്‍ഷികവിളകളുടെ പ്രദര്‍ശനം.ഈച്ച കുത്താതെ നന്നായി പൊതിഞ്ഞു സംരക്ഷിക്കുന്നവയും അലസമായി തൂങ്ങിക്കിടക്കുന്നവയും പ്രദര്‍ശനത്തിനുണ്ടാവും.വിളകള്‍ വിലയിരുത്തി മാര്‍ക്കിടുന്നത് പ്രതിപക്ഷനേതാവായിരിക്കും.പ്രേക്ഷകര്‍ക്കും വിളകള്‍ കണ്ട് എസ്എംഎസ് വഴി വോട്ട് രേഖപ്പെടുത്താം. ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന കാര്‍ഷികവിളയ്‍ക്ക് ജാക്കി അണ്ടര്‍വെയര്‍ കമ്പനി നല്‍കുന്ന ഒരുകോടി മുണ്ടും കോണകോം അടുത്ത ജന്മം അമേരിക്കയില്‍ ജനിക്കാനുള്ള അസുലഭാവസരവും സമ്മാനമായി ലഭിക്കും.

നാലു മണി-കുട്ടികള്‍ക്കുള്ള പരിപാടി-പിച്ചലും മാന്തലും: സഭാനടപടികള്‍ക്കിടെ എംഎല്‍എമാര്‍ പരസ്‍പരം നോക്കി കണ്ണുരുട്ടിയതും പിച്ചിയതും മാന്തിയതും സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കുന്ന പരിപാടി.എല്‍കെജി-യുകെജി കുട്ടികള്‍ക്ക് തങ്ങളുടെ ക്ലാസുകളില്‍ പ്രശ്നങ്ങളുണ്ടാകാതെ നോക്കുന്നതിനും കൂടുതല്‍ ക്ഷമയും പക്വതയും ഉണ്ടാകുന്നതിനും ഈ പരിപാടി സഹായിക്കും.

അഞ്ചു മണി-കണ്ണീര്‍ പരമ്പര-അപ്പുക്കുട്ടന്റെ ഒന്നാം തിരുമുറിവ്: വീട്ടില്‍ അമ്മയും അച്ഛനും പെങ്ങളും അനിയനും ഭാര്യയും അമ്മാവനും അളിയനുമുള്ള അപൂര്‍വ എംഎല്‍എ അപ്പുക്കുട്ടന്റെ ലോലഹൃദയത്തിനേല്‍ക്കുന്ന മുറിവുകളും പ്രേക്ഷകരുടെ ഹൃദയം ഛിന്നഭിന്നമാക്കുമാറുച്ചത്തില്‍ കുട്ടന്‍ പൊട്ടിക്കരയുന്നതുമടങ്ങുന്ന എപ്പിസോഡുകളുമായി പ്രേക്ഷകരെ കുടുകുടെ കരയിക്കാന്‍ പോകുന്ന സ്പോണ്‍സേര്‍ഡ് പ്രൈം ടൈം പരമ്പര.

ആറു മണി-സഭാകമ്പം: എംഎല്‍എമാരല്ലാത്തവര്‍ക്ക് സഭയ്‍്ക്കുള്ളില്‍ പ്രവേശിച്ച് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം.ഭാവിയില്‍ എംഎല്‍എ ആകാനാഗ്രഹിക്കുന്നവര്‍ക്കും ഇനിയൊരിക്കലും ആകാന്‍ സാധ്യതയില്ലാത്തവര്‍ക്കും സഭയ്‍ക്കുള്ളില്‍ കയറാനും സഭാകമ്പം മാറ്റാനുമുള്ള പ്രത്യേക പരിപാടി.ആക്ഷന്‍ സോങ്,മിമിക്രി,മോണോ ആക്‍ട്,കഥാപ്രസംഗം എന്നീ പരിപാടികള് സഭാകമ്പത്തിലൂടെ തുക്കടാ നേതാക്കന്മാര്‍ക്ക് പ്രേക്ഷകരെ കാണിക്കാം.

ഏഴു മണി-സ്പീക്കേഴ്സ് ചോയ്‍സ്: സ്പീക്കറുടെ ഓഫിസില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ക്ക് ഫാക്സ്‍് അയക്കുന്നതിനും ഫോണ്‍ വിളിക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക പരിപാടി.ഓരോ ഫാക്‍സിനും ഫോണ്‍ കോളിനുമിടയില്‍ അര്‍ധഗായകന്‍ കൂടിയായ സ്പീക്കറുടെ ഇഷ്ടപ്പെട്ട ഗാനവും കാണിക്കും.ഉദാഹരണത്തിന് വനിതാ നേതാവ് വന്നു ഫാക്‍സ് അയച്ചുകൊണ്ടിരിക്കുമ്പോള്‍ സ്പീക്കര്‍ തന്നെ മെല്ലെ പാടിത്തുടങ്ങും 'സുഖമൊരു ബിന്ദൂ…' തുടര്‍ന്ന് ഗാനം സ്‍ക്രീനില്‍ തുടരും.അങ്ങനെ അങ്ങനെ.

എട്ടുമണി-എഴുത്തുപുര: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പിറ്റേന്നത്തെ സഭയിലേക്കുള്ള സംഭവങ്ങളുടെ തിരക്കഥാചര്‍ച്ചയും അഭിനയക്കളരിയും ഒത്തുതീര്‍പ്പ് ധാരണകളും ഉടലെടുക്കുന്ന ടോക് ഷോ.

ഒന്‍പതു മണി-അന്നത്തെ സഭാനടപടികളിലെ സുപ്രധാനമായ രംഗങ്ങള്‍ വിവിധ മോഷനുകളില്‍ വീണ്ടും വീണ്ടും കാണിക്കുന്ന ഹൈലൈറ്റ്സ്.

പത്തു മണി-സഭക്കുടുക്ക: സഭയില്‍ നിന്നുള്ള ചിരിച്ചു ചിരിച്ച് ഊപ്പാടെളകുന്ന കോമഡി രംഗങ്ങള്‍.ഒപ്പം ചീഫ് വിപ്പിന്റെ പത്രസമ്മേളനങ്ങളില്‍ നിന്നുള്ള കോമഡികളും.

പതിനൊന്നു മണി മുതല്‍ രാവിലെ ആറു മണിവരെ ഗള്‍ഫ് പ്രേക്ഷകര്‍ക്കായി ഈ പരിപാടികളുടെ പുനസംപ്രേഷണവുമുണ്ടായിരിക്കും.പിള്ള ആന്‍ഡ് പിള്ളയുടെ ബാനറില്‍ നിര്‍മിച്ച വെടി,പാര തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഉള്‍പ്പെടെ പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന സൂപ്പര്‍ ഹിറ്റ് സിനിമകളും ജയില്‍പുള്ളികളും നേതാക്കന്മാരുമായുള്ള ഫോണ്‍ സംഭാഷണങ്ങളും സഭ ഇല്ലാത്ത ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുമെന്നും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

(ബെര്‍ലിതരങ്ങളില്‍ കണ്ടത്)
 

Thanks & Regards
Anish Philip
Bahrain

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment