ന്യൂയോര്‍ക്ക്: കുത്തകകളുടെ കൊള്ളലാഭക്കൊതിക്കും സമ്പന്നരുടെ ക്ഷേമംമാത്രം ലക്ഷ്യമിടുന്ന ഭരണനയങ്ങള്‍ക്കുമെതിരെ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട "പിടിച്ചെടുക്കല്‍" പ്രക്ഷോഭം ലോകമാകെ ആവേശമായി പടരുന്നു. "അമേരിക്കയെ വിറപ്പിക്കുന്ന "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പോരാളികള്‍ക്ക് പിന്തുണയുമായി യൂറോപ്പിലും ഏഷ്യയിലും ജനകീയപ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങി. ഇതിനിടെ, അമേരിക്കയില്‍ പ്രക്ഷോഭകരെ പൊലീസ് മൃഗീയമായി നേരിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അറസ്റ്റുചെയ്തും തടവിലിട്ടും പ്രക്ഷോഭകരെ പീഡിപ്പിക്കുന്നു. ശനിയാഴ്ച 82 രാജ്യങ്ങളിലെ 951 നഗരങ്ങളില്‍ പ്രകടനം നടന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രക്ഷോഭകരെ അനുകരിച്ച് "പിടിച്ചെടുക്കല്‍" എന്ന പേരുമായാണ് ഇതില്‍ ഭൂരിപക്ഷവും സമരരംഗത്ത് എത്തിയത്. "ഓഹരിവിപണി പിടിച്ചെടുക്കുക" എന്ന മുദ്രാവാക്യമാണ് ലണ്ടന്‍ കേന്ദ്രീകരിച്ചുനടക്കുന്ന ബ്രിട്ടണിലെ പ്രക്ഷോഭത്തില്‍ ഉയര്‍ന്നത്. സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന ഗ്രീസില്‍ കൂറ്റന്‍ റാലി നടന്നു. അത്യാര്‍ത്തിമൂത്ത് കോടിക്കണക്കിനു ജനങ്ങളെ ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിടുന്ന ബാങ്കുകള്‍ , മറ്റു സാമ്പത്തികസ്ഥാപനങ്ങള്‍ , രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രക്ഷോഭമെന്ന് ലോകമെങ്ങും ഉയര്‍ന്നുവരുന്ന സമരവേദികള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ സാമ്പത്തികതലസ്ഥാനംകൂടിയായ ലണ്ടന്‍ , ഡബ്ലിന്‍ , ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ഇറ്റലിയില്‍ റോം, മിലാന്‍ , ജപ്പാനിലെ ടോക്യോ, ദക്ഷിണകൊറിയയിലെ സോള്‍ , ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ വന്‍ പ്രകടനം നടന്നു. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ , ന്യൂസിലന്‍ഡിലെ ഓക്ലാന്‍ഡ്, വെല്ലിങ്ടണ്‍ , ക്രൈസ്റ്റ്ചര്‍ച്ച് എന്നീ നഗരങ്ങളില്‍ ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. ടോക്യോയില്‍ നടന്ന നൂറുകണക്കിനാളുകളുടെ പ്രകടനത്തില്‍ ആണവവിരുദ്ധമുദ്രാവാക്യവും ഉയര്‍ന്നു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ അമേരിക്കന്‍ എംബസിയിലേക്കു പ്രകടനം നടന്നു. "അമേരിക്കന്‍ സാമ്രാജ്യത്വം തുലയട്ടെ, ഫിലിപ്പീന്‍സ് വില്‍ക്കാന്‍ വച്ചിരിക്കുകയല്ല" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവിടെ ഉയര്‍ന്നു. തയ്വാനില്‍ തലസ്ഥാനമായ തായ്പെയിലെ ഓഹരിവിപണിയിലേക്കായിരുന്നു പ്രകടനം. അമേരിക്കയില്‍ ന്യൂയോര്‍ക്ക്, ഡെന്‍വര്‍ , മാന്‍ഹാട്ടന്‍ , ഹൂസ്റ്റണ്‍ , സിയറ്റില്‍ , സാന്‍ഡീഗോ എന്നിവിടങ്ങളില്‍ വ്യാപകമായി പ്രകടനം നടന്നു. പലയിടങ്ങളിലും പൊലീസ് ലാര്‍ത്തിച്ചാര്‍ജ് നടത്തി. വിവിധ സ്ഥലങ്ങളില്‍നിന്നായി നൂറിലേറെപേരെ അറസ്റ്റു ചെയ്തു. സാന്‍ഡീഗോയില്‍ ജനക്കൂട്ടത്തിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ന്യൂയോര്‍ക്കില്‍ ജനങ്ങള്‍ക്കിടയിലേക്ക് പൊലീസ് മോട്ടോര്‍സൈക്കിള്‍ ഓടിച്ചുകയറ്റി. വാഹനംകയറി നിരവധിപ്പേര്‍ക്കു പരിക്കുണ്ട്.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.