Saturday 15 October 2011

Re: [www.keralites.net] ചോരയൊഴുക്കാന്‍ രഹസ്യ ധാരണ

 

  • ക്രിമിനലുകള്‍ക്ക് കാവലാകുന്ന പോലീസ് ജനകീയ സമരങ്ങളോട് യുദ്ധം ചെയ്യുന്നു 
  • പൊലീസിനെ തമിഴ്ഭാഷയില്‍ "കാവല്‍" എന്നാണ് പറയുന്നത്. പൊലീസ് സ്റ്റേഷനെ "കാവല്‍ നിലയം" പൊലീസ് വകുപ്പിനെ "കാവല്‍ തുറൈ"എന്നും. കാവലിന്റെ ജോലി കാക്കുകയാണ്. കാക്കേണ്ടതാകട്ടെ ജനങ്ങളെയും; അവരുടെ ജീവനും സ്വത്തുമൊക്കെയും. "കാ" എന്ന ശബ്ദത്തിന്റെ അര്‍ത്ഥം പോലും സംരക്ഷിക്കുക എന്നാണ്. സവിശേഷമായ ഗുണഗണങ്ങളുടെ മൂര്‍ത്തിമദ്ഭാവമായിരിക്കണം പൊലീസ് എന്നും സങ്കല്‍പ്പമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീഹശരല എന്ന ഇംഗ്ളീഷ് പദത്തെ വ്യത്യസ്ത ഗുണഗണങ്ങളുടെ സമ്മേളിതരൂപമായി കണക്കാക്കുന്നത്.  ഇത്തരമൊരു പൊലീസിനേ കാവലിന്റെ പൂര്‍ണാര്‍ത്ഥം സാക്ഷാത്കരിക്കാനും ജനാധിപത്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനും കഴിയൂ എന്നര്‍ത്ഥം.
     
     
    പൊലീസിനെ ഇങ്ങനെ കുറ്റമറ്റ കാവല്‍സേനയാക്കി ഉയര്‍ത്തുന്നതിനാവശ്യമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കാര്യത്തിലും അവയുടെ പ്രയോഗത്തിന്റെ കാര്യത്തിലും വിവിധ ഘട്ടങ്ങളില്‍ നടപടികള്‍ പലതുമുണ്ടായിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായി പൊലീസിന്റെ കെട്ടിലും മട്ടിലും ഭാഷയിലും പെരുമാറ്റത്തിലുമൊക്കെ പ്രകടമായ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. എന്നാലും നമ്മുടെ പൊലീസിന്റെ വര്‍ത്തമാനകാല ചെയ്തികള്‍ പലതും കാവല്‍സേനയുടെ നേരത്തെപറഞ്ഞ ഗുണഗണങ്ങളുടെ ചേരുവയെപ്പറ്റി സംശയങ്ങള്‍ ജനിപ്പിക്കുന്നു. നിയമസമാധാനം ഉറപ്പാക്കാന്‍ ബാധ്യതയുള്ള പൊലീസിന് പ്രധാനമായും കൈകാര്യം ചെയ്യേണ്ടിവരുന്നത് ഇതു രണ്ടും ലംഘിക്കുന്നവരെയാണ്. അതുകൊണ്ടുതന്നെ കള്ളന്മാര്‍ , കൊള്ളക്കാര്‍ , നികുതിവെട്ടിപ്പുകാര്‍ , അക്രമികള്‍ , പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ , സമാധാനജീവിതത്തിന് ഭംഗമുണ്ടാക്കുന്നവര്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധരെയൊക്കെ നിരന്തരം നേരിടേണ്ടിവരിക സ്വാഭാവികമാണ്. വിശപ്പുസഹിക്കാതെ പത്തുരൂപ മോഷ്ടിക്കുന്നവനും ഉന്നതപദവികളിലിരുന്ന് സമൂഹത്തിനവകാശപ്പെട്ട കോടികള്‍ കൊള്ളയടിക്കുന്നവനും സാങ്കേതികമായി കള്ളന്‍ തന്നെ. ശിക്ഷിക്കപ്പെട്ടാല്‍ ഈ രണ്ടുകൂട്ടര്‍ക്കും തടവറയില്‍ കഴിയേണ്ടിവരികയും ചെയ്യും. ഇതിനൊപ്പം ജനകീയപ്രശ്നങ്ങളുയര്‍ത്തി സമരം ചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തകരും സന്നദ്ധസേവകരുമൊക്കെ പൊലീസിന്റെയും ജയില്‍വാസത്തിന്റെയും രുചിഭേദങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവരാണ്. എന്നാല്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇത്തരക്കാരെയൊക്കെ പൊലീസ് സമീപിക്കുന്നതും കൈകാര്യം ചെയ്യുന്നതും പരിശോധിക്കുമ്പോള്‍ കൗതുകകരമായ പല കാര്യങ്ങളും നമുക്ക് ബോധ്യപ്പെടും. ഏറ്റവും അടുത്തകാലത്തെ രണ്ട് സംഭവങ്ങള്‍ ഉദാഹരണമായെടുക്കാം. ആദ്യത്തേത് ആര്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസം. രണ്ടാമത്തേത് നിര്‍മല്‍ മാധവിന്റെ അനധികൃത കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സമരവും. ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ നടത്തിയ ക്രമക്കേടിന്റ പേരില്‍ സംസ്ഥാന ഖജനാവിന് നാലുകോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നതാണ് ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള കുറ്റം. വിചാരണകോടതി ശിക്ഷിച്ച പിള്ള അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം നടത്തിയിട്ടും ഒടുവില്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ തന്നെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നയാളാണ്. സ്വകാര്യ മുതലായാലും പൊതുസ്വത്തായാലും അത് കളവുനടത്തുന്നയാളെ കള്ളന്‍ എന്ന പേരുകൊണ്ടുതന്നെ വേണം വിശേഷിപ്പിക്കാന്‍ . കളവു നടത്തിയയാള്‍ അധികാരത്തിന്റെയും പണത്തിന്റെയും ആര്‍ഭാടങ്ങളില്‍ വിരാജിക്കുന്നയാളായതുകൊണ്ട് നിയമത്തിന്റെ മുന്നില്‍ പ്രത്യേക പരിരക്ഷയൊന്നുമില്ല എന്നര്‍ത്ഥം. നിയമവും നീതിയും ചട്ടങ്ങളുമെല്ലാം ഇത്തരത്തിലുള്ള എല്ലാ കുറ്റവാളികള്‍ക്കും ഒരുപോലെയാണെന്ന് അറിയാത്തവരല്ല പിള്ളയും നിയമത്തിന്റെ കുടക്കീഴില്‍ പിള്ളയെന്ന തടവുകാരനെ കൊണ്ടുനടക്കുന്ന പൊലീസ്-ജയില്‍ അധികൃതരും. പക്ഷേ, പിള്ള തടവുകാരനെന്നതുപോകട്ടെ, ഒരു പെറ്റി കേസിലെ പ്രതിയാണെന്നുപോലും പിള്ളയ്ക്ക് തോന്നിയിട്ടില്ല.
     
    പിള്ളയെ പൊലീസ് കൊണ്ടു നടക്കുന്ന രീതി കാണമ്പോള്‍ ജനങ്ങള്‍ക്കും ഇങ്ങനെയൊന്നും തോന്നുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 18 നാണ് ജയില്‍ശിക്ഷ ഏറ്റുവാങ്ങി പിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി വരുന്നത്. സാധാരണ ശിക്ഷിക്കപ്പെട്ടയാളെ പൊലീസ് ജീപ്പിന്റെ പുറകില്‍ ഇരുവശങ്ങളിലും തോക്കേന്തിയ പൊലീസുകാരുടെ കാവലിലാണ് ജയിലിലേക്ക് കൊണ്ടുവരാറുള്ളത്. പക്ഷേ പിള്ള ജയിലിലെത്തിയത് കറുത്ത ഗ്ലാസ്സുകൊണ്ടു മൂടിയ എയര്‍ കണ്ടീഷന്‍ഡ് കാറിലായിരുന്നു. ജയിലിനു വെളിയില്‍ കാറില്‍ നിന്നിറങ്ങിയ പിള്ള, സിനിമയില്‍ അധോലോകപ്രവൃത്തികള്‍ ചെയ്ത് പിടിയിലാകുന്ന മോഹന്‍ലാലിന്റെയും മറ്റും പ്രതിനായക കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ പ്രകടിപ്പിക്കുന്നത് ടി വി ചാനലുകളുടെ തത്സമയ സംപ്രേഷണത്തില്‍ നാം കണ്ടതാണ്. ഏതോ വിജയം കീഴടക്കി വരുന്ന ജേതാവിന്റെ ശരീരഭാഷയും ചിരിയുമൊക്കെയായിരുന്നു പിള്ളയ്ക്കപ്പോള്‍ . തടവുകാരനായ പിള്ളയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി അകമ്പടി സേവിക്കുന്ന പൊലീസുകാരായിരുന്നു ജയില്‍ പരിസരമാകെ. ജയില്‍ഗേറ്റ് കടക്കുമ്പോള്‍ എപ്പോഴും തടവുകാരെ കാത്തിരിക്കുന്ന "നടയടി"യൊക്കെ പിള്ളയുടെ മുന്നില്‍ വഴിമാറുകയായിരുന്നു. മുഴുനീള നടനായ മകന്‍ ഗണേഷ്കുമാര്‍ സിനിമാരംഗത്തെ അനുസ്മരിപ്പിക്കുന്ന മട്ടില്‍ പൈലറ്റ് കാറില്‍ ശരീരത്തിന്റെ പകുതിയും പുറത്തേക്കിട്ട് യാത്രാവഴിയിലെ തടസ്സങ്ങളെല്ലാം അംഗവിക്ഷേപങ്ങള്‍കൊണ്ട് തട്ടിമാറ്റി വരുന്നതും ചാനല്‍പ്രേക്ഷകരൊക്കെ കണ്ടതാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വാതില്‍ തുറന്നാല്‍ സുഗന്ധം പൊഴിക്കുന്ന പൂക്കളുടെ നയനമനോഹര ദൃശ്യങ്ങള്‍ കാണാനാവുന്ന മുറിയിലായിരുന്നു പിള്ള കഴിഞ്ഞിരുന്നത്. (ഒക്ടോബര്‍ രണ്ടിന്റെ മനോരമയുടെ വാരാന്തപ്പതിപ്പാണ് ഈ വിവരം സാക്ഷ്യപ്പെടുത്തുന്നത)്. തടവുകാലം എട്ടുമാസമെത്തുന്നതിനിടയില്‍ 45 ദിവസത്തെ അടിയന്തര പരോള്‍ അടക്കം 75 ദിവസം പിള്ള സ്വന്തം വീട്ടില്‍ എല്ലാ സുഖസൗകര്യങ്ങളോടും കൂടി വാഴുകയായിരുന്നു. ജയിലില്‍ കിടക്കുന്നതിനിടയിലും പിള്ള മാധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥ മുടക്കം കൂടാതെ എഴുതിക്കൊണ്ടിരുന്നു. പീഡിതരും ചൂഷിതരുമായ ജനതയുടെ മോചനത്തിനവേണ്ടി സേച്ഛാധിപത്യ ഭരണകൂടഭീകരതകളോട് പൊരുതി തടവറയില്‍ പീഡനങ്ങളേറ്റുവാങ്ങി കഴിയുമ്പോഴും മനുഷ്യമോചനത്തിന്റെ ഊര്‍ജവും വെളിച്ചവും പ്രസരിപ്പിച്ചുകൊണ്ട് ജയില്‍കുറിപ്പുകളെഴുതിയ ഒത്തിരി ധീരമനീഷികള്‍ ചരിത്രത്തിലുണ്ട്. ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയും വിശ്രുത ചിന്തകനും എഴുത്തുകാരനുമായ അന്റോണിയോ ഗ്രാംഷിയും പോര്‍ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറി ജനറല്‍ അല്‍വാരോ കുന്‍ഹലും ഇത്തരത്തില്‍ ഏറെ ശ്രദ്ധേയരാണ്. മേരി ബര്‍ഗിന്റെ(പോളണ്ട്)യും ആന്‍ ഫ്രാങ്കിന്റെ(ജര്‍മനി)യും ഡയറിക്കുറിപ്പുകളും ഫാസിസത്തോടും നാസിസത്തോടും നടത്തിയ ഒടുങ്ങാത്ത പോരാട്ടത്തിന്റെ ശേഷിപ്പുകളാണ്. ഭഗത്സിങ്ങും ടി എസ് തിരുമുമ്പും കെ പി ആര്‍ ഗോപാലനും ഏറ്റവും ഒടുവില്‍ കവി ദിനേശന്‍ മൊകേരിയുമൊക്കെ ഇത്തരത്തില്‍ തടവറയുടെ കരാളതകളെ തീപിടിപ്പിക്കുന്ന ചിന്തകളും വാക്കുകളും കൊണ്ട് കീഴടക്കിയവരാണ്. ഇവരുടെ ശ്രേണിയില്‍പ്പെട്ടയാളാണെന്ന മട്ടിലാണ് പിള്ള ജയിലില്‍ കിടന്ന് ആത്മകഥയെഴുതുന്നത്. മാധ്യമങ്ങള്‍ ഈയൊരു ഭാവത്തോടെ അത് കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ആകെയുള്ള 1140 ജയിലുകളിലായി മൊത്തം 3,26,519 തടവുകാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ ആര്‍ക്കുംതന്നെ കിട്ടാത്ത സുഖസൗഭാഗ്യങ്ങളാണ് പിള്ളയ്ക്ക് ജയിലില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍(ജയിലില്‍) കിടന്നുകൊണ്ട് മൊബൈല്‍ ഫോണടക്കം ഉപയോഗിച്ച്് എല്ലാ ജീവിതവ്യാപാരങ്ങളിലും പങ്കെടുക്കാനും പിള്ളയ്ക്ക് സവിശേഷ സൗകര്യം പൊലീസ് ഒരുക്കുന്നുണ്ട്. ഒരു കുറ്റവും തെളിയിക്കപ്പെടാതെ വെറും വിചാരണത്തടവുകാരനായി ബംഗളൂരു പരപ്പ അഗ്രഹാര ജയിലില്‍ കഴിയുന്ന മ്അദനി ഇങ്ങനെയൊരു ഫോണ്‍ ചെയ്താലുണ്ടാകുന്ന പുകിലെന്തായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ബ്ലോഗിലെഴുതിയത് ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. കുറ്റവാളിയായ പിള്ളയോട് ആരാധനാഭാവത്തോടെ ഈ മൃദുസമീപനം സ്വീകരിക്കുന്ന പൊലീസ് പക്ഷേ, ജനകീയപ്രശ്നങ്ങളുയര്‍ത്തി സമരം ചെയ്യുന്നവരോട് കാട്ടുന്ന കാട്ടുനീതിയെപ്പറ്റി ആലോചിച്ചുനോക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും നടന്ന വിദ്യാര്‍ത്ഥി സമരങ്ങളോടും അവയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോടും പൊലീസ് സ്വീകരിച്ച മനോഭാവം എന്തായിരുന്നു? മെറിറ്റും സര്‍വകലാശാലാ മാനദണ്ഡങ്ങളും പൂര്‍ണമായി ലംഘിച്ച് ഒരു വിദ്യാര്‍ത്ഥിക്ക് തികച്ചും അന്യായമായി ഗവണ്‍മെന്റ് കോളജില്‍ പ്രവേശനം നല്‍കിയ നടപടി പിന്‍വലിക്കുകയും ആ വിദ്യാര്‍ത്ഥിയെ അവിടെ നിന്ന് നീക്കം ചെയ്യുകയും വേണമെന്ന്ആവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. മെറിറ്റും സംവരണ മാനദണ്ഡങ്ങളും മാത്രം അടിസ്ഥാനപ്പെടുത്തി പ്രവേശനം നല്‍കുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ ഏറ്റവും അവസാനത്തെ മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിയുടെ റാങ്ക്ലിസ്റ്റ് 1316 ആണ്. അതായത് പൊതുപ്രവേശന പരീക്ഷയില്‍ 60 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയ കുട്ടിയാണ് ഈ 1316-ാം റാങ്കുകാരന്‍ . ഇവര്‍ക്കൊപ്പം 22,387-ാമത്തെ റാങ്കുകാരനായ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പ്രവേശിപ്പിച്ചതാണ് സമരത്തിനാധാരമായ വിഷയം. പ്രവേശന പരീക്ഷയില്‍ നിര്‍മല്‍ മാധവിന് ലഭിച്ച മാര്‍ക്ക് 15 ശതമാനത്തില്‍ താഴെയാണെന്നര്‍ത്ഥം. പഠിത്തത്തില്‍ മഹാമോശക്കാരനായ ഇയാളെ മൂന്നും നാലും സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കാതെ തന്നെ അഞ്ചാം സെമസ്റ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ കാര്യങ്ങളുടെ ഗുരുതരാവസ്ഥ. ഈ പ്രശ്നമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്.
     
    ഒരു തരത്തിലും ഇവിടെ പഠിക്കാന്‍ യോഗ്യതയില്ലാത്തയാളെ പഠിക്കാന്‍ അനുവദിച്ചു എന്നു മാത്രമല്ല, ഉന്നതവിദ്യാഭ്യാസ രംഗത്ത് അത്യന്തം അപകടകരമായ ഒരു പ്രവണതയുടെ സന്ദേശം നല്‍കുകകൂടിയാണ് യു ഡി എഫ് ഗവണ്‍മെന്റ് ഇതിലൂടെ ചെയ്തത്. ഇതിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം. പിള്ളയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നിന്ന പൊലീസ് ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിട്ടത് എങ്ങനെയായിരുന്നു? അടി, ഇടി, തൊഴി, കല്ലേറ്, ഗ്രനേഡ്, ജലപീരങ്കി, പിസ്റ്റല്‍ എന്നിങ്ങനെയുള്ള എല്ലാവിധ ആയുധ സന്നാഹങ്ങളോടെയുമായിരുന്നു. "വിദ്യാര്‍ത്ഥിസമരം സംഘര്‍ഷഭരിതം", "വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി" എന്നിങ്ങനെയുള്ള തലവാചകങ്ങള്‍കൊണ്ട് സമരവാര്‍ത്തകള്‍ ആഘോഷിച്ച മാധ്യമങ്ങള്‍ വേട്ടക്കാരനെയും ഇരയെയും ഒരുപോലെ കാണുകയായിരുന്നു. ചെറിയൊരു വടിയില്‍ കെട്ടിയ കൊടിയുമേന്തിയായിരുന്നു നൂറില്‍ താഴെ വരുന്ന വിദ്യാര്‍ത്ഥികള്‍ സമരരംഗത്തുണ്ടായിരുന്നത്. നീതികേടുകള്‍ക്കെതിരായ പോരാട്ടവീറിന്റെ ഊര്‍ജവും മുദ്രാവാക്യം വിളികളുടെ ശബ്ദഘോഷവും മാത്രമായിരുന്നു വിദ്യാര്‍ത്ഥികളുടെ കയ്യിലുണ്ടായിരുന്ന "ആയുധങ്ങള്‍". പൊലീസിന്റെ അടിയും ഇടിയും തൊഴിയും ലാത്തിപ്രയോഗവും ഗ്രനേഡ് ആക്രമണവും കണ്ണീര്‍വാതകഷെല്‍ പ്രയോഗവും യുദ്ധക്കളത്തിലെന്നതുപോലെ അരങ്ങുതകര്‍ത്തപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ചിലപ്പോള്‍ കുട്ടികള്‍ കയ്യില്‍കിട്ടിയ കല്ലെടുത്ത് എറിഞ്ഞിട്ടുണ്ടാകാം. പക്ഷേ, ആ കുട്ടികളെ ശത്രുസൈന്യത്തെയെന്ന പോലെ നേരിട്ട പൊലീസിന്റെ ക്രൗര്യത്തെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക? ഒരു തരത്തിലും പരിക്കു പറ്റാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള ജാക്കറ്റും ഹെല്‍മറ്റും ഷീല്‍ഡും ലാത്തിയും തോക്കും ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ജലപീരങ്കിയുമൊക്കെ കൈവശമുള്ള പൊലീസ,് തികച്ചും നിരായുധരായ കൗമാരക്കാരെ ചവിട്ടിയും തൊഴിച്ചും തല തല്ലിപ്പൊളിച്ചും എല്ല് അടിച്ചുപൊട്ടിച്ചും ലാത്തികൊണ്ട് കുത്തി ചങ്ക് തകര്‍ത്തും ഒടുവില്‍ നെഞ്ചിനു നേരെ വെടിവച്ചും നടത്തിയ ഭീകരമായ ആക്രമണത്തെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലായി വാര്‍ത്ത ചമച്ച മാധ്യമങ്ങളുടെ വസ്തുതാകഥനം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ശത്രുസൈന്യത്തെ നേരിടാന്‍ നടത്തുന്ന ദയാരഹിതമായ വെടിവെപ്പ് നടത്തിയിട്ടും അത് പൊലീസിന്റെ "കൃത്യനിര്‍വഹണം" മാത്രമായി കാണുന്ന രീതിയും വിശകലനം ചെയ്യപ്പെടേണ്ടതാണ്. കോഴിക്കോട്ട് സമരമുഖത്തേക്ക് ഒരു മദയാനയെപ്പോലെ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് പിസ്റ്റല്‍ ഉപയോഗിച്ച് നാലു റൗണ്ടാണ് വെടിവച്ചത്. അടുത്തയിടെ സ്വിറ്റ്സര്‍ലണ്ടില്‍ നിന്ന് വാങ്ങിയ അത്യാധുനികമായ സര്‍വീസ് പിസ്റ്റലായിരുന്നു ഇയാള്‍ ഉപയോഗിച്ചത്. ഓട്ടോമാറ്റിക്കായി പത്ത് റൗണ്ട് വെടി ഉതിര്‍ക്കാന്‍ കഴിയുന്നതായിരുന്നു പ്രസ്തുത പിസ്റ്റല്‍ . രണ്ട് റൗണ്ടിനു ശേഷം പിസ്റ്റല്‍ ലോക്കായിപ്പോയതുകൊണ്ട് പിസ്റ്റലിലെ ബുള്ളറ്റുകള്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികളുടെ നെഞ്ചിനു നേരെ ആക്രോശിച്ചുകൊണ്ട് നടത്തിയ വെടിവെപ്പ് പൂര്‍ണമായി അരങ്ങേറിയിരുന്നെങ്കില്‍ ഒരു പക്ഷേ, കോഴിക്കോട് മറ്റൊരു കൂത്തുപറമ്പായി മാറുമായിരുന്നു. അത്തരമൊരു മാനസികഭാവത്തിലും ശരീരഭാഷയിലുമായിരുന്നു വെടിയുതിര്‍ത്ത പൊലീസുകാരന്‍ . ഈ പൊലീസുകരന്റെ ക്രിമിനല്‍ പശ്ചാത്തലവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ഇതിനകം നിരവധി കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് വകുപ്പില്‍ 536 പേര്‍ ക്രിമിനല്‍കുറ്റങ്ങള്‍ ചെയ്തിട്ടുള്ളവരാണെന്നുംഇവരില്‍ 391 പേര്‍ ക്രമസമാധാന പാലനരംഗത്തുണ്ടെന്നും അടുത്ത ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞത് ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. പൊലീസുകാരന്‍ തൊഴില്‍പരമായ ബാധ്യതയെന്ന നിലയില്‍ ഭരണകൂടത്തിന്റെ പിണിയാളായി പ്രവര്‍ത്തിക്കുമ്പോഴും വ്യക്തിയെന്ന നിലയിലും കുടുംബമെന്ന നിലയിലുമുള്ള അവന്റെ അസ്തിത്വത്തിന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടേതുമായി വര്‍ഗപരമായ ഐക്യപ്പെടല്‍ ഉണ്ടാകേണ്ടതല്ലേ? ഇവിടെയാണ് യന്ത്രത്തോക്കുപയോഗിച്ച് വെടിയുതിര്‍ത്തുകൊണ്ട് അലറിയടുത്ത ദിവാന്റെ ചോറ്റുപട്ടാളത്തോട് "അരുതു സഖാക്കളേ, നിങ്ങള്‍ക്കും നിങ്ങള്‍ തന്‍ ധരണിക്കും വേണ്ടിയാണീ സമര" (പി ഭാസ്കരന്‍)മെന്നു പാടിയ പുന്നപ്ര-വയലാര്‍ സമരഭടന്മാരുടെ നെഞ്ചില്‍ നിന്നുയര്‍ന്ന വാക്കുകളുടെ തിരയിളക്കം കാണേണ്ടത്. ഇപ്പോള്‍ മാത്രമല്ല, സമാനമായ എല്ലാ വിദ്യാര്‍ത്ഥിസമരങ്ങളുടെ നേരെയും പൊലീസ് സ്വീകരിക്കുന്ന സമീപനം ഇതാണ്.
     
    ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ സമരരംഗത്തു നില്‍ക്കുന്നവരോട് കാട്ടുന്ന കയ്യൂക്കും ധാര്‍ഷ്ഠ്യവും പക്ഷേ കള്ളന്മാരായ ചില നേതാക്കളുടെയും സാമൂഹ്യവിരുദ്ധരായ പണാധിപത്യക്കാരുടെയും നേരെ എന്തുകൊണ്ട് പ്രയോഗിക്കുന്നില്ല എന്നതാണ് കൗതുകകരം. അപ്പോള്‍പ്പിന്നെ ആദ്യം പറഞ്ഞ പൊലീസിന്റെ നിര്‍വചനത്തിന് ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമല്ലേ? ഇപ്പോഴും പ്രാബല്യത്തിലുള്ള 1960 ലെ കേരളാ പൊലീസ് ആക്ട് പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. നിയമവാഴ്ച ഉറപ്പാക്കാനും ജനജീവിതത്തിന് സൈ്വര്യവും സമാധാനവും ഉറപ്പുവരുത്താനും മാനവികത ഹൃദയത്തില്‍ സൂക്ഷിക്കുന്ന സംരക്ഷകസേനയായി പൊലീസിനെ മാറ്റാനും ഇത്തരമൊരു പരിഷ്കരണം അനിവാര്യമാണ്. ഈ ദിശയിലുള്ള ചില നിര്‍ദേശങ്ങളോടെയാണ് ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായ "കേരളാ നിയമപരിഷ്കരണ കമ്മീഷന്‍" 24-01-2009ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സുരക്ഷിത കമ്മീഷന്‍ , പൊലീസ് പരാതി അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനും കേസന്വേഷണ വിഭാഗവും ക്രമസമാധാനപാലന വിഭാഗവും പ്രത്യേകം പ്രത്യേകം പ്രവര്‍ത്തിക്കുന്നതിനുമൊക്കെയുള്ള വ്യവസ്ഥകളാണ് നിയമ പരിഷ്കരണ കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദിഷ്ട കേരളാ പൊലീസ് ബില്ലില്‍ വിഭാവന ചെയ്തിട്ടുള്ളത്. പക്ഷേ, ഇതൊക്കെ ഏട്ടിലെ പശുവായി മാറുന്നുവെന്നതാണ് അനുഭവം.


From: anish philip <anishklpm@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, October 12, 2011 1:37 PM
Subject: [www.keralites.net] ചോരയൊഴുക്കാന്‍ രഹസ്യ ധാരണ

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment