വികസനം മുരടിച്ചു നില്ക്കുന്ന ബീഹാറിന്റെ തലസ്ഥാനത്തു നിന്ന് രാജ്യത്തിനാകെ അഭിമാനിക്കാവുന്ന ഒരു വാര്‍ത്ത.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുകളെ കടത്തിവെട്ടുന്ന വിജയഗാഥയുമായി ചന്ദ്രഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പട്‌ന (CIMP) യാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സ്വപ്ന പദ്ധതിയാണിത്. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരുടമസ്ഥതയിലുള്ള രാജ്യത്തെ ഏക മാനേജ്‌മെന്റ് പഠനകേന്ദ്രമാണ് CIMP.
2010 ലെ സാമ്പത്തിക സര്‍വ്വേ പ്രകാരം IIM അഹമ്മദാബാദിന് അഞ്ചുപടിമേലെ 17-ാമതാണ് കേന്ദ്രത്തിന്റെ സ്ഥാനം.
2008 ല്‍ തുടങ്ങിയ സ്ഥാപനത്തിലെ 50% സീറ്റുകളും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഇന്ത്യയിലെ ഏക മാനേജ്‌മെന്റ് പഠനസ്ഥാപനമെന്ന പ്രത്യേകതയുമുണ്ട് CIMP യ്ക്ക്.
കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ ഒരാള്‍പോലും തൊഴില്‍ തെണ്ടി നടക്കുന്നില്ല എന്നത് CIMP യുടെ മറ്റൊരു നേട്ടം.
അഭിമാനകരമായ വിജയങ്ങളുടെ തിളക്കത്തിന് നേതൃത്വം നല്‍കുന്നത് ഒരു മലയാളിയാണ്.
തുടക്കം മുതലിന്നുവരെ ഡയറക്ടറായിരിക്കുന്ന ഡോ. വി. മുകുന്ദദാസ് എന്ന മാവേലിക്കരക്കാരന്‍.
അമൂലിലും ഇന്ത്യന്‍ റൂറല്‍ മാനേജ്‌മെന്റ് കേന്ദ്രത്തിലും (IRMA) ഡോ. വി. കുര്യന്റെ ശിഷ്യനും രണ്ടാം സ്ഥാനക്കാരനുമായിരുന്ന പ്രവര്‍ത്തിപരിചയംമാണ് മുകുന്ദദാസിന്റെ കൈമുതല്‍.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതാണ് മുകുന്ദദാസിന്റെ അനുഭവം. കേരളത്തിലെ മാനേജ്‌മെന്റ് പ്രഭൃതികള്‍ അദ്ദേഹത്തെ കണ്ടില്ലെന്ന് നടിച്ചു. ഇ.കെ. നായനാര്‍ ഒടുവില്‍ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഇന്‍ മാനേജ്‌മെന്റി (CMD) യില്‍ പ്രൊഫസറായിരുന്നു. അന്നത്തെ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ഇ. ചന്ദ്രശേഖരന്‍നായരുടെ നിര്‍ദ്ദേശപ്രകാരം മില്‍മയെക്കുറിച്ച് പഠനം നടത്തി. പഠനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുത്ത് CMD യില്‍ മടങ്ങിയെത്തിയ മുകുന്ദദാസിനെ കാത്തിരുന്നത് സസ്‌പെന്‍ഷന്‍ ഉത്തരവാണ്. ഡയറക്ടറുടെ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിന്. പിന്നീട് വ്യവസായ മന്ത്രി സുശീലാഗോപാലന്‍ ഇടപെട്ടാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. ജന്മനാട്ടിലെ കയ്‌പേറിയ അനുഭവത്തിന്റെ നടുവില്‍ നിന്നാണ് നിതീഷ്‌കുമാര്‍ മുകുന്ദദാസിനെ തേടിപ്പിടിച്ചത്.
കോഴിക്കോട് IIM ല്‍ പ്രൊഫസ്സറായിരുന്ന വേളയില്‍ അദ്ദേഹം രൂപകല്‍പന ചെയ്ത് നടപ്പിലാക്കിയ 'സുഭിക്ഷ' പദ്ധതിക്ക് ദേശീയ പുരസ്‌കാരം കിട്ടിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നിതീഷ് രണ്ടാമതൊന്നാലോചിച്ചില്ല. മുകുന്ദദാസിനെ പട്‌നയിലേക്ക് വരുത്തി CIMP തുടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. IIM മാതൃകയില്‍ തുടങ്ങിയ സ്ഥാപനമാണിന്ന് IIM കളെ വെല്ലുന്നത്. 6 വര്‍ഷത്തിനിടയില്‍ 6 പുരസ്‌കാരങ്ങള്‍. രാജ്യത്തിനകത്തു നിന്ന് രണ്ടും അന്താരാഷ്ട്രരംഗത്തു നിന്ന് 4 ഉം.
ഡോ. ജെ.ജെ. ഇറാനി അവാര്‍ഡ്,
ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS)) അവാര്‍ഡ് എന്നിവ ഇന്ത്യയില്‍ നിന്നും,
അന്താരാഷ്ട്ര ആര്‍ക്ക് യൂറോപ്പ് അവാര്‍ഡ്(ജര്‍മ്മനി),
മെജസ്റ്റിക്ക് അവാര്‍ഡ് (ജനീവ),
യൂറോപ്യന്‍ അവാര്‍ഡ് (വിയന്ന) എന്നിവ പുറത്തു നിന്നും നേടിയ CIMP യുടെ ഏറ്റവും വലിയ നേട്ടം
2013 ഡിസംബറില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന ശാസ്ത്ര-വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ ലഭിച്ച സോക്രട്ടീസ് അവാര്‍ഡാണ്.
മാനേജ്‌മെന്റ് രംഗത്തെ നിപുണതയും നിര്‍ദ്ധനരും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സൗകര്യവും കണക്കിലെടുത്താണ് വിശ്വപ്രസിദ്ധമായ സോക്രട്ടീസ് അവാര്‍ഡ് CIMPയ്ക്കു നല്‍കിയത്.
കേരള സര്‍വ്വകലാശാലയില്‍ നിന്ന് 1973 ല്‍ റാങ്കോടെ സാമ്പത്തിക ശാസ്ത്ര ബിരുദമെടുത്ത മുകുന്ദദാസ്, കേരള, ഗാന്ധിജി, കണ്ണൂര്‍ സര്‍വ്വകലാശാലകളിലെ ഗവേഷക ഗൈഡാണിപ്പോള്‍.
ഇല്ലാത്ത ബിരുദങ്ങളുടെ പെരുമകാട്ടി തസ്തികകള്‍ക്കു പിറകെ പായുന്നവര്‍ക്ക് മുകുന്ദദാസിനെ പരിചയമുണ്ടാവില്ല. പദവികള്‍ മുകുന്ദദാസിനെ തേടി ചെന്നിട്ടേയുള്ളൂ.
....................മുകുന്ദദാസിനെ കേരളമിതുവരെ ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തെ വിടാന്‍ ബീഹാറും നിതീഷ്‌കുമാറും തയ്യാറാവുകയുമില്ല. CIMPയുടെയും ബീഹാറിന്റെയും നേട്ടം കേരളത്തിന്റെ നഷ്ടമാവുകയാണോ? മാനേജ്‌മെന്റ് പഠിക്കാന്‍ മലയാളി പട്‌നയ്ക്ക് പോകണം....
No comments:
Post a Comment