Sunday, 24 November 2013

[www.keralites.net] ??????? ??????? ???? ????? ????? ?????

 

മധുവിനെ ആദരിച്ചവര്‍ എന്നെ അപമാനിച്ചു

രമേഷ് പുതിയമഠം

വര്‍ക്കലയിലെ വീടിന്റെ കിഴക്കേത്തൊടിയില്‍ വാഴയ്ക്ക് തടമെടുത്തശേഷം വെള്ളമൊഴിക്കുകയാണ് ജി.കേശവപിള്ള എന്ന ജി.കെ.പിള്ള. തൂമ്പായില്‍ പിടിച്ച മണ്ണടരുകള്‍ കമ്പുകൊണ്ട് അടര്‍ത്തിമാറ്റിയശേഷം അദ്ദേഹം പതുക്കെ മുറ്റത്തേക്കുകയറി. തൊണ്ണൂറിന്റെ പടവുകളില്‍ ചവിട്ടിനില്‍ക്കുമ്പോഴും മുഖത്ത് ഒട്ടും ക്ഷീണമില്ല.

''പുറത്താരോടും പറയേണ്ട. എന്റെ ആരോഗ്യത്തിന്റെ രഹസ്യമാണിത്. മറ്റൊരു വ്യായാമവും ഞാന്‍ ചെയ്യാറില്ല.''

ജി.കെ.പിള്ള ഉച്ചത്തില്‍ ചിരിച്ചു. അറുപതുകളിലെയും എഴുപതുകളിലെയും അതേ വില്ലന്‍ചിരി. കുങ്കുമപ്പൂവിലെ ജഗന്നാഥവര്‍മ്മയ്ക്ക് നടക്കണമെങ്കില്‍ വാക്കിംഗ് സ്റ്റിക്ക് വേണം. എന്നാല്‍ ജി.കെ.പിള്ള അങ്ങനെയല്ല. നേരെ വന്നാല്‍ ആരെയും ഒറ്റയടിക്ക് അടിച്ചു താഴെയിടാനുള്ള ആരോഗ്യമുണ്ട് ഈ പഴയ പട്ടാളക്കാരന്. ചിറയിന്‍കീഴിലെ പെരുമ്പാട്ടത്തില്‍ ഗോവിന്ദപിള്ളയുടെ മകന്‍ രക്ഷപ്പെട്ടത് ഒരൊളിച്ചോട്ടത്തിലൂടെയാണ്. ഓര്‍മ്മകള്‍ എഴുപത്തിനാലുവര്‍ഷം മുമ്പത്തെ ഒരു പകലിലേക്ക്.

പട്ടാളക്യാമ്പിലെ ദുരിതജീവിതം

ചിറയിന്‍കീഴിലെ വീട്ടില്‍നിന്ന് രാവിലെ ഇറങ്ങിയതാണ്. എങ്ങോട്ടുപോകണമെന്നറിയില്ല. ഒന്നും ആലോചിക്കാതെ കടവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വള്ളത്തില്‍ കയറി. അച്ഛനുമമ്മയും വഴക്ക് പറഞ്ഞതിനാല്‍ തലേ ദിവസം രാത്രി മുതല്‍ ഒന്നും കഴിച്ചിട്ടില്ല. പഠിത്തത്തില്‍ പിറകിലായതാണ് അവരുടെ പ്രശ്‌നം. സ്‌കൂളില്‍ പോകാതെ സ്വാതന്ത്ര്യസമരപ്പടയാളികള്‍ക്കൊപ്പം കൊടിയും പിടിച്ച് നടന്നപ്പോള്‍ പഠിക്കാന്‍ പറ്റിയില്ലെന്നത് ശരിയാണ്. പക്ഷേ അതിനിത്രയും വേണമായിരുന്നോ?

തിരുവനന്തപുരം ഓവര്‍ബ്രിഡ്ജിനടുത്ത് വിശന്നുനില്‍ക്കുമ്പോള്‍ അടുത്തൊരാള്‍ക്കൂട്ടം. ചെന്നൂനോക്കിയപ്പോള്‍ പട്ടാളത്തിലേക്കുള്ള റിക്രൂട്ട്‌മെന്റാണ്. ക്യുവില്‍ അവസാനത്തെ ആളായി ഞാനും നിന്നു. വിശന്ന വയറുമായി നെഞ്ചളവിന് നിന്നുകൊടുക്കുമ്പോള്‍ മനസില്‍ ഒരേയൊരു പ്രാര്‍ഥന മാത്രം.

''ഈശ്വരാ എന്നെയും പട്ടാളത്തിലെടുക്കണേ..''

ദൈവം എന്റെ കൂടെ നിന്നു. സെലക്ഷനായി. ഉദ്യോഗസ്ഥര്‍ വയറുനിറയെ ഭക്ഷണം വാങ്ങിച്ചുതന്ന ശേഷം ഞങ്ങളെ തിരുനല്‍വേലി പാളയംകോട്ടയിലെ ക്യാമ്പിലേക്ക് കൊണ്ടുപോയി. ക്യാമ്പ് ജീവിതം ദുരിതമയമായിരുന്നു. കാരണം എല്ലാവരും പട്ടാളത്തിലേക്ക് ഒരുങ്ങി ഇറങ്ങിയവരായിരുന്നു. എനിക്കാവട്ടെ തുണിയൊന്നുമില്ല. ഒരു ഷര്‍ട്ടും മുണ്ടും മാത്രം. ഉടുതുണിക്ക് മറുതുണി വാങ്ങാന്‍ കൈയില്‍ നയാപ്പൈസയുമില്ല. മുണ്ടുടുത്ത് കുളിക്കും. ആ മുണ്ട് കൊണ്ടുതന്നെ തല തോര്‍ത്തൂം. കുളി കഴിഞ്ഞാല്‍ അതു തന്നെയിട്ട് വീണ്ടും ക്യാമ്പിലേക്ക്. അഞ്ചു മാസത്തെ ക്യാമ്പിനുശേഷം കോയമ്പത്തൂര്‍ മധുക്കരയിലെ ട്രെയിനിംഗ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് ആദ്യത്തെ ശമ്പളം കിട്ടിയത്. പത്തുരൂപ. അന്ന് ആദ്യമായി അമ്മയ്ക്ക് ഒരു കത്തെഴുതി. ഒപ്പം ഏഴുരൂപയുടെ മണിയോര്‍ഡറും. അന്നത്തെ ഏഴുരൂപയുടെ വില വലുതാണ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് പത്തുരൂപ വിലയുള്ള കാലമാണെന്നോര്‍ക്കണം. ആറുമാസക്കാലമായി കാണാതിരുന്നതിനാല്‍ മകനെക്കുറിച്ചുള്ള അന്വേഷണം അപ്പോഴേക്കും വീട്ടുകാര്‍ അവസാനിപ്പിച്ചിരുന്നു. അവര്‍ക്ക് എന്റെ കത്തും മണിയോര്‍ഡറും അദ്ഭുതമായിരുന്നു. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞാണ് വീട്ടിലെത്തിയത്.

ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യ സ്വതന്ത്രമായി. നാട്ടിലെങ്ങും വര്‍ഗീയകലാപം അരങ്ങേറി. കല്‍ക്കട്ടയിലായിരുന്നു ഞാന്‍. രാവിലെ റോഡിലേക്കിറങ്ങുമ്പോള്‍ കണികാണുന്നത് മൃതദേഹങ്ങളാണ്. കോരിച്ചൊരിയുന്ന മഴയിലൂടെ നടന്ന് ചോരവാര്‍ന്ന മൃതദേഹങ്ങള്‍ വാരിയെടുത്ത് വാനിലേക്ക് കയറ്റുന്നത് ഞങ്ങളുടെ ജോലിയാണ്. ഓര്‍ക്കാന്‍ പോലുമിഷ്ടപ്പെടാത്ത കാര്യങ്ങളാണവ.
തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ സി.പി.എ.മേനോന്റെ നേതൃത്വത്തില്‍ അതിര്‍ത്തിയിലെത്തിയ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. യുദ്ധം എന്നുവച്ചാല്‍ അതിശക്തമായ യുദ്ധം. പാക് പട്ടാളം ഞങ്ങളെ വളഞ്ഞിട്ടു. മേനോനെ ഞങ്ങള്‍ക്കിടയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ക്രൂരമായി വെട്ടിക്കൊന്നു. മറ്റു ചിലരെ വെടിവച്ചുകൊന്നു. ഹൃദയം നിലച്ചുപോയി എന്നു തോന്നിയ നിമിഷമായിരുന്നു അത്. അമ്മ മരിച്ചുവെന്ന ടെലഗ്രാം വരുമ്പോള്‍ യുദ്ധത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ പോകാന്‍ കഴിഞ്ഞില്ല.

പിന്നീട് പട്ടാളത്തില്‍ ഹവില്‍ദാര്‍ പദവിയിലെത്തി. ആര്‍മി സ്‌കൂളിലെ അധ്യാപകനായി. മദ്രാസ് റജിമെന്റിന്റെ ആസ്ഥാനം അന്ന് ഊട്ടിയിലായിരുന്നു. അവിടേക്ക് മാറിയപ്പോഴാണ് സഹപാഠിയായ ചിറയിന്‍കീഴിലെ അബ്ദുള്‍ഖാദര്‍ സിനിമയിലെത്തിയ വാര്‍ത്ത പത്രത്തിലൂടെ അറിഞ്ഞത്. അഭിനയിക്കണമെന്ന മോഹം മുളപൊട്ടാനുള്ള കാരണവും ഈ വാര്‍ത്തയായിരുന്നു. അബ്ദുള്‍ഖാദര്‍ പിന്നീട് പ്രേംനസീറായി. അന്നു മുതല്‍ പട്ടാളത്തില്‍ നിന്നും വരാനുള്ള തയാറെടുപ്പിലായി. പതിമൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം പിരിയുമ്പോള്‍ മനസില്‍ നിറയെ സിനിമയായിരുന്നു. ഒരുമാസത്തെ ശമ്പളമായ 24 രൂപയും ഒരു ട്രെയിന്‍ ടിക്കറ്റുമായി ഇരുപത്തൊമ്പതുകാരനായ ഞാന്‍ പട്ടാളത്തിന്റെ പടിയിറങ്ങി.
പട്ടാളസേവനം അവസാനിപ്പിച്ചിട്ട് അറുപതുവര്‍ഷം തികഞ്ഞിരിക്കുന്നു. ഇപ്പോഴും എനിക്ക് സൈനികപെന്‍ഷനില്ല. അതിനുവേണ്ടി ഞാന്‍ പോകാത്ത ഓഫീസുകളില്ല. പറയാത്ത നേതാക്കളില്ല. ഇപ്പോള്‍ പ്രതിരോധമന്ത്രിയായ എ.കെ.ആന്റണി കേരളത്തിലെ മുഖ്യമന്ത്രിയായപ്പോള്‍ നേരിട്ടുകണ്ട് പറഞ്ഞതാണ്. എന്നിട്ടും ഫലമുണ്ടായില്ല.

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും, എന്തിന് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനുവരെ സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടുമ്പോഴാണ് പതിമൂന്നുവര്‍ഷം രാജ്യത്തിനുവേണ്ടി കഷ്ടപ്പെട്ട പട്ടാളക്കാരനെ അവഗണിക്കുന്നത്. ഇതാണോ രാജ്യസ്‌നേഹം?

ആദ്യം കിട്ടിയത് അച്ഛന്‍വേഷം

അഭിനയമോഹം തലയ്ക്കുപിടിച്ചപ്പോള്‍ ആദ്യം കയറിച്ചെന്നത് മെറിലാന്റ് സ്റ്റുഡിയോവിലായിരുന്നു. സുബ്രഹ്മണ്യം മുതലാളിക്ക് എന്നെ ഇഷ്ടപ്പെട്ടു. പക്ഷേ പൊക്കക്കുറവാണെന്നു പറഞ്ഞ് തിരിച്ചയച്ചു. റെയില്‍വേയിലെ കോണ്‍ട്രാക്ട് പണിക്കാരനായ ചിറയിന്‍കീഴിലെ എം.എ.റഷീദിനോട് സിനിമാമോഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാള്‍ എനിക്കൊരു കത്തുതന്നു. മദ്രാസിലെ അയാളുടെ സുഹൃത്ത് വഴിയാണ് അസോസിയേറ്റ് പിക്‌ചേഴ്‌സിന്റെ ഓഫീസിലെത്തുന്നത്. അകത്ത് പുതിയ സിനിമയുടെ ചര്‍ച്ച നടക്കുകയാണ്. പൊന്‍കുന്നം വര്‍ക്കിയുടെ കഥയില്‍ എസ്.എസ്.രാജന്‍ സംവിധാനം ചെയ്യുന്ന സിനിമ. നിര്‍മ്മാതാവ് ടി.ഇ.വാസുദേവന്‍, രാജന്‍ എന്നിവരാണ് മുറിയിലുള്ളത്. റോള്‍ ചോദിച്ച് വന്നതാണെന്ന് പറഞ്ഞപ്പോള്‍ അഭിനയിച്ചുകാണിക്കാന്‍ പറഞ്ഞു. അഭിനയിച്ചെങ്കിലും അവര്‍ക്കിഷ്ടപ്പെട്ടില്ല. പിറ്റേ ദിവസം പോയി വീണ്ടും അഭിനയിച്ചുകാണിച്ചിട്ടും

 

രക്ഷയില്ല. ഒടുവില്‍ കഥാപാത്രത്തിന്റെ മേക്കപ്പിട്ടുകൊണ്ട് അഭിനയിക്കാനായി എന്നെ മേക്കപ്പ്മാന്റെ അടുത്തേക്കയച്ചു.

''നായികയുടെ അച്ഛനായാണ് അഭിനയിക്കേണ്ടത്. അതിനാല്‍ ഈ കൊമ്പന്‍മീശയെടുക്കണം.''

പട്ടാളത്തില്‍ നിന്നും ഞാന്‍ വളര്‍ത്തിയെടുത്ത മീശയാണിത്. അതിനാല്‍ അത് വെട്ടാന്‍ ഞാന്‍ അനുവദിച്ചില്ല. മേക്കപ്പ്മാന് ദേഷ്യം വന്നു.

''നിങ്ങള്‍ക്ക് സിനിമ വേണോ മീശ വേണോയെന്ന് ഇപ്പോള്‍ തീരുമാനിക്കണം.''
അഭിനയത്തിനുവേണ്ടി ജോലി ഉപേക്ഷിച്ച ഞാനെന്തിന് മീശയ്ക്കുവേണ്ടി വാശിപിടിക്കണം
? സമ്മതിച്ചുകൊടുത്തു. മേക്കപ്പിട്ട് അഭിനയിച്ചപ്പോള്‍ സംവിധായകനും നിര്‍മ്മാതാവിനും തൃപ്തിയായി. അങ്ങനെയാണ് 29കാരനായ ഞാന്‍ പൂപ്പള്ളി തോമസ് എന്ന അച്ഛന്‍ വേഷമണിഞ്ഞത്. ഇരുന്നൂറുരൂപയായിരുന്നു പ്രതിഫലം. സംവിധായകനായ രാജനാണ് കേശവപിള്ളയെന്ന എന്നെ ജി.കെ.പിള്ളയെന്നാക്കി മാറ്റിയതും. 'സ്‌നേഹസീമ'യെന്ന ആ സിനിമ വന്‍ ഹിറ്റായി. അതിലെ കണ്ണൂം പൂട്ടിയുറങ്ങുക... എന്ന താരാട്ടുപാട്ട് ഇന്നും മറക്കാനാവില്ല. റിലീസായി രണ്ടാം ദിവസം മെരിലാന്റ് സുബ്രഹ്മണ്യത്തിന്റെ ടെലഗ്രാം.

''ഉടന്‍ പുറപ്പെടുക. ഹരിശ്ചന്ദ്ര എന്നൊരു സിനിമയില്‍ പിള്ളയ്‌ക്കൊരു വേഷമുണ്ട്.''

ഹരിശ്ചന്ദ്രയിലെ വിശ്വാമിത്രനായി അഭിനയിച്ചതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തുടരെത്തുടരെ സിനിമകള്‍. 'നായര്‍ പിടിച്ച പുലിവാലി'ലാണ് ആദ്യമായി വില്ലനായത്. 59 വര്‍ഷത്തിനിടയില്‍ 327 സിനിമകള്‍.

പ്രേംനസീര്‍ എന്ന കൂട്ടുകാരന്‍

ഏറ്റവും കൂടുതല്‍ അഭിനയിച്ചത് പ്രേംനസീറിനൊപ്പമാണ്. ഒന്നിച്ച് പഠിച്ചുകളിച്ചു വളര്‍ന്നവരാണെങ്കിലും ഞാനൊരിക്കലും അഭിനയിക്കാനായി സഹായം ചോദിച്ചിട്ടില്ല. ഞാന്‍ സിനിമയിലെത്തുമ്പോള്‍ നസീര്‍ അറിയപ്പെട്ടുവരുന്നതേയുള്ളൂ. വടക്കന്‍പാട്ട് സിനിമകളില്‍ മിക്കതിലും ഞങ്ങള്‍ രണ്ടുപേരുമുണ്ടാവും. വടക്കന്‍പാട്ട് സിനിമകള്‍ക്കുവേണ്ടിയാണ് കളരി പഠിച്ചത്. 'ഉമ്മിണിത്തങ്ക'യില്‍ രണ്ടുവാള്‍ കൊണ്ടും രണ്ട് ഉറുമികള്‍ യുദ്ധം ചെയ്യുന്ന സീനുണ്ട്. അത് പരിശീലിക്കാന്‍ നിര്‍മ്മാതാവ് ഗുരുക്കളെ കൊണ്ടുവന്നിരുന്നു.

പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'കാക്കത്തമ്പുരാട്ടി'യില്‍ വില്ലനായിരുന്നു ഞാന്‍. പ്രേംനസീറും ശാരദയുമായിരുന്നു പ്രധാന അഭിനേതാക്കള്‍. ഒരു നാടന്‍ ചട്ടമ്പിയാണ് ഞാന്‍. മാടക്കടയില്‍ നിന്ന് പണം കൊടുക്കാതെ സോഡ വാങ്ങിച്ച് പൊട്ടിച്ചപ്പോള്‍ കുപ്പിച്ചില്ലുകള്‍ ശരീരത്തിലേക്ക് തുളച്ചുകയറി. ശരീരം നിറയെ ചോര കണ്ടപ്പോള്‍ യൂണിറ്റ് മുഴുവനും ഭീതിയിലായി. ചിലര്‍ വന്ന് കുപ്പിച്ചില്ലൂരാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തടഞ്ഞു.

''ഒന്നും ചെയ്യേണ്ട. എന്നെയൊന്ന് ആശുപത്രിയിലെത്തിച്ചാല്‍ മതി.''

ഡോക്ടര്‍ക്കുപോലും അദ്ഭുതമായിരുന്നു. സ്റ്റിച്ചിട്ട് ഏഴുദിവസം വിശ്രമിക്കേണ്ടിവന്നു.

എ.ബി.രാജ് സംവിധാനം ചെയ്ത 'ഡേഞ്ചര്‍ ബിസ്‌കറ്റ്' സിനിമയുടെ സംഘട്ടനം ഒരു വയലിലായിരുന്നു. രാത്രി പത്തു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ നിര്‍ത്താതെ ഷൂട്ടിംഗായിരുന്നു. എന്നിട്ടും ഞാനും പ്രേംനസീറും നോ പറഞ്ഞില്ല. അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും രണ്ടുപേര്‍ക്കും കാലില്‍ നീരുവച്ചിരിക്കുന്നു. കുറച്ചുനേരം മാത്രം വിശ്രമിച്ച് പിറ്റേ ദിവസം രാവിലെ വീണ്ടും ഷൂട്ടിംഗിനുവന്നു. ഇന്നത്തെ താരങ്ങള്‍ ആരെങ്കിലും ചെയ്യുമോ?

കോണ്‍ഗ്രസുകാര്‍ അപമാനിച്ചു

അറുപത്തിരണ്ടുവര്‍ഷമായി ഞാന്‍ കോണ്‍ഗ്രസുകാരനാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലൊഴികെ മറ്റെല്ലായിടത്തും പ്രചാരണത്തിന് പോയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലൂം ഒന്നര മണിക്കൂര്‍ വരെ പ്രസംഗിച്ചുനടന്നിട്ടുണ്ട്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ മറന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ആ പാര്‍ട്ടിയിലുള്ള വിശ്വാസം പതുക്കെ കുറഞ്ഞുവന്നു. മൂമ്പൊരിക്കല്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ സ്ഥാനം തരാമെന്നു പറഞ്ഞെങ്കിലും തന്നില്ല. ഞാനുള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചുണ്ടാക്കിയ എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫേര്‍ കോര്‍പ്പറേഷന്റെ തലപ്പത്ത് മൂന്നുവര്‍ഷം മാത്രം പട്ടാളത്തിലിരുന്നയാളിനെ പ്രതിഷ്ഠിച്ചു. കെ.കരുണാകരന്‍ ഭരിക്കുമ്പോള്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം തരാമെന്നു പറഞ്ഞതാണ്. പക്ഷേ ഇടതുപക്ഷക്കാരനായ സുകുമാരനാണ് അതു നല്‍കിയത്. എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോഴും പരിഗണിച്ചില്ല. കോണ്‍ഗ്രസ് ചതിച്ചപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഏഴുവര്‍ഷം ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. അതുകഴിഞ്ഞ് രമേശ് ചെന്നിത്തല വിളിച്ച് വീണ്ടും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് തന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ രമേശ് ഒരുദിവസം വിളിച്ചു.

''പിള്ള സാര്‍ ഗണേഷ്‌കുമാറിനെ കണ്ട് ബയോഡാറ്റ നല്‍കണം. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഞങ്ങള്‍ സാറിനെയാണ് പരിഗണിക്കുന്നത്.''

അന്നത്തെ സിനിമാമന്ത്രിയായ ഗണേശനെ പോയിക്കണ്ടു. പക്ഷേ ഒരുമാസം കഴിഞ്ഞപ്പോള്‍ പത്രത്തിലൊരു വാര്‍ത്ത കണ്ടു. കോട്ടയത്തെ സാബുചെറിയാന്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായെന്ന്. ഇതൊക്കെ തീരുമാനിക്കാന്‍ തിരുവനന്തപുരത്തൊരു ലോബിയുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടന്ന 'ജവാന്‍ ഡേ' ആഘോഷത്തില്‍ മോഹന്‍ലാലിനെയും എന്നെയും ആദരിക്കുന്നുണ്ടെന്ന് സംഘാടകര്‍ വിളിച്ചുപറഞ്ഞു. വരാമെന്ന് സമ്മതിച്ചെങ്കിലും ഇന്‍വിറ്റേഷന്‍ ലെറ്റര്‍ വന്നപ്പോള്‍ അതില്‍ എന്റെ പേരില്ല. ക്ഷണിച്ചവരെ വിളിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. ഇതാണിവിടെ സംഭവിക്കുന്നത്.

മലയാളസിനിമയുടെ നൂറാംവാര്‍ഷികത്തിനും എന്നെ ക്ഷണിച്ചിരുന്നു. വരാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് ശ്രീകുമാരന്‍ തമ്പി പറഞ്ഞപ്പോഴാണ് അതിലെ സത്യം മനസിലായത്.

''ചേട്ടാ, രണ്ടുതരത്തിലാണ് അവര്‍ ആദരിക്കുന്നത്. എ.ബി എന്ന ക്രമത്തില്‍. ചേട്ടന്‍ ബി ഗ്രൂപ്പിലാണ്. പോയാല്‍ അവര്‍ അപമാനിക്കും. സീറ്റുപോലും കിട്ടിയെന്നുവരില്ല.''

തമ്പി പറഞ്ഞത് ശരിയാണെന്ന് പിറ്റേന്നത്തെ പത്രം നോക്കിയപ്പോഴാണ് മനസിലായത്. അപ്പോള്‍ത്തന്നെ വരില്ലെന്ന് സംഘാടകരെ വിളിച്ചുപറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 23നും 24നുമാണ് ആദരിക്കല്‍ചടങ്ങ്. 23ന് ഞാനടക്കമുള്ള കുറച്ചുപേരെ ആദരിക്കുന്നത് കെ.സി.ജോസഫ്. 24ന് എം.ടിയെയും അടൂരിനെയും അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ മധുവിനെയും ആദരിക്കുന്നത് രാഷ്ട്രപതി.

''സാര്‍ വേണമെങ്കില്‍ 24ന് രാവിലെ പോയ്‌ക്കോളൂ.''

സംഘാടകര്‍ നിര്‍ബന്ധിച്ചിട്ടും തീരുമാനം മാറ്റിയില്ല. അഭിനയത്തില്‍ അറുപതുവര്‍ഷം തികച്ച ഞാനെന്തിന് രണ്ടാംതരക്കാരാകണം. അമ്പതുവര്‍ഷം തികച്ച മധുവിനെ രാഷ്ട്രപതി ആദരിക്കുമ്പോള്‍ അമ്പത്തിയൊമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ എനിക്കും ആദരവ് തരേണ്ടതല്ലേ?

കഴിഞ്ഞ ഓണത്തിനും തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയെക്കൊണ്ട് മധുവിനെ ആദരിപ്പിച്ചിരുന്നു. ആ ചടങ്ങിന് എന്നെ ക്ഷണിച്ചപ്പോള്‍ സംഘാടകരോട് ഒന്നേ ചോദിച്ചുള്ളൂ.

''ചിറ്റപ്പനെ ആരെങ്കിലും അപ്പാന്ന് വിളിക്കുമോ?''

അപ്പോഴേക്കും അവര്‍ ഫോണ്‍ കട്ടുചെയ്തു. എന്നെ ആരും ആദരിക്കേണ്ടതില്ല. പക്ഷേ അപമാനിക്കാന്‍ സമ്മതിക്കില്ല.

327 സിനിമകളില്‍ അഭിനയിച്ചതിനേക്കാള്‍ അംഗീകാരമാണ് ഒറ്റ സീരിയല്‍ കൊണ്ട് കിട്ടിയത്. 'കുങ്കുമപ്പൂവി'ലെ ജഗന്നാഥവര്‍മ്മ അത്രയ്ക്ക് ജനസ്വാധീനമാണുണ്ടാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 79 അവാര്‍ഡുകളാണ് അതിനുമാത്രം ലഭിച്ചത്. ഇപ്പോള്‍ സിനിമാഭിനയം കുറവാണ്. കുങ്കുമപ്പൂവുള്‍പ്പെടെ നാല് സീരിയലുകളിലാണ് അഭിനയിക്കുന്നത്. മരിക്കുന്നതുവരെ അഭിനയിക്കും. പിന്നെന്തിന് ഞാനിവരെയൊക്കെ പേടിക്കണം?

 

 

 

Abdul Jaleel
Office Manager


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment