Monday, 25 November 2013

[www.keralites.net] ????????????? ? ????????? ????? ??????

 

സി.ബി.ഐ സിനിമ: സേതുരാമയ്യര്‍ ഇല്ലാത്തത് എന്തുകൊണ്ട്?

എറണാകുളം സൗത്തിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ അഞ്ചാമത്തെ സി.ബി.ഐ സിനിമയുടെ രചനയിലാണ് എസ്.എന്‍.സ്വാമി. ഇത്തവണത്തെ സിനിമയില്‍ സേതുരാമയ്യരില്ല. പകരം അയ്യരുടെ അസിസ്റ്റന്റായ ഹാരിയാണ് നായകന്‍. അതായത് സുരേഷ്‌ഗോപി.

''ഒരുപക്ഷേ ലോകസിനിമയില്‍ പോലും ഇതൊരു അദ്ഭുതമായിരിക്കും. ഒരേ സംവിധായകന്‍, തിരക്കഥാകൃത്ത്, നായകന്‍ എന്നിവരെ വച്ച് നാല് സിനിമകള്‍. അഞ്ചാമത്തെ സിനിമയും മമ്മൂട്ടിയെവച്ച് ചെയ്യാനിരുന്നതാണ്. ഒരു ദിവസം മമ്മൂട്ടി കഥ കേള്‍ക്കുകയും ചെയ്തു.

''ഈ വേഷം ഞാന്‍ ചെയ്താല്‍ പടം രക്ഷപ്പെടുമായിരിക്കും. ഒരു നടന്‍ എന്ന നിലയില്‍ എനിക്കിതില്‍ ഒന്നും ചെയ്യാനില്ല. ഹാരി ചെയ്താല്‍ നന്നായിരിക്കും. സ്വാമി.''

മമ്മൂട്ടി പറഞ്ഞപ്പോഴാണ് സുരേഷ്‌ഗോപിയെ വിളിച്ചത്. തനിക്ക് വേഷം ചേരുന്നില്ലെങ്കില്‍ അതു തുറന്നുപറയുന്ന ആളാണ് മമ്മൂട്ടി. ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ ഹാരിയെ അവതരിപ്പിച്ചത് സുരേഷ്‌ഗോപിയായിരുന്നു. പിന്നീടുള്ള സി.ബി.ഐയുടെ മൂന്ന് സിനിമകളിലും സുരേഷിനു പറ്റുന്ന വേഷമുണ്ടായിരുന്നില്ല. മാത്രമല്ല, അപ്പോഴേക്കും അയാള്‍ വലിയ നടനുമായി. പുതിയ കഥ ചര്‍ച്ച ചെയ്തപ്പോള്‍ സുരേഷിനും സമ്മതം. സുരേഷ്‌ഗോപിയായതിനാല്‍ ഓവര്‍ ഡയലോഗൊന്നും പ്രതീക്ഷിക്കേണ്ട. പോലീസ് കഥയുമല്ല. ആവശ്യമുള്ളയിടത്തു മാത്രം പഞ്ചുള്ള ഡയലോഗുണ്ട്. സുരേഷ്‌ഗോപിയെ കാസ്റ്റ് ചെയ്തത് എന്തുകൊണ്ടാണെന്ന് അറിയണമെങ്കില്‍ സിനിമ കാണണം.''
സി.ബി.ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരെ കണ്ടെത്തിയതിന്റെ പിന്നാമ്പുറക്കഥ പറയുകയാണ് എസ്.എന്‍.സ്വാമി.

സേതുരാമയ്യരുടെ ജനനം

1987ലാണ്. ഇരുപതാംനൂറ്റാണ്ട്' കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് മമ്മൂട്ടിയെ വച്ചൊരു പോലീസ് കഥ വേണമെന്ന് അരോമ മണി പറയുന്നത്. സംവിധാനം. കെ.മധു. ഇതറിഞ്ഞപ്പോള്‍ ഒരു ദിവസം മമ്മൂട്ടി വിളിച്ചു.
''നമുക്കൊരു കുറ്റാന്വേഷണ സിനിമയാക്കിയാലോ?''
കുറ്റാന്വേഷണം എന്നു കേട്ടപ്പോള്‍ എനിക്കൊരു പുതുമ തോന്നി. കാരണം അത്രയുംകാലം ഞാന്‍ ചെയ്യാത്ത മേഖലയാണത്. ഇരുപതാംനൂറ്റാണ്ടിലൊക്കെ പോലീസ് വന്നുപോകുന്നതല്ലാതെ മുഴുവന്‍ സമയ പോലീസ് സ്‌റ്റോറിയല്ല. ഡിറ്റക്ടീവ് കഥകളൊക്കെ വായിച്ചിട്ടുണ്ട്. ആ ഒരു പിന്‍ബലത്തിലാണ് എഴുതാന്‍ തീരുമാനിച്ചത്. മമ്മൂട്ടിയുമായി വീണ്ടും ചര്‍ച്ച ചെയ്തു.

''പോലീസ് മാറ്റി സി.ബി.ഐ ആയാലോ?''

മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തിലെ വ്യത്യസ്തത എന്നെ ആകര്‍ഷിച്ചു. ഇതുവരെയും മലയാളസിനിമയില്‍ ആരും ഉപയോഗിക്കാത്ത ആശയം. പക്ഷേ എഴുതിയാല്‍ ശരിയാവുമോ എന്ന ഭയം. ഇക്കാര്യത്തില്‍ മമ്മൂട്ടിയുടെ സമ്മര്‍ദ്ദം കൂടിവന്നു.
''താനെഴുതിയാല്‍ ശരിയാവുമെന്ന് നൂറുശതമാനം ഉറപ്പാണ്.''

ഇന്നത്തെപ്പോലെയല്ല അന്ന്. സി.ബി.ഐ അത്ര പ്രശസ്തമല്ല. തെളിയിക്കപ്പെടാതെ പോകുന്ന ചില കേസുകള്‍ സി.ബി.ഐയെ ഏല്‍പ്പിച്ച ചരിത്രമുണ്ട്. പാനൂരിലെ എസ്.ഐ സോമന്റെ കൊലപാതകം സി.ബി.ഐ അന്വേഷിച്ചതാണ് അക്കാലത്തെ പ്രധാന സംഭവം. പോളക്കുളം കേസാണ് മറ്റൊന്ന്. പക്ഷേ അതൊന്നും എന്നെ സ്വാധീനിച്ചിരുന്നില്ല. രണ്ടും കല്‍പ്പിച്ച് സി.ബി.ഐയുടെ കഥയെഴുതാന്‍ തുടങ്ങി. തികച്ചും സാങ്കല്‍പ്പികമായ ഒരു കഥ. ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങള്‍ മനസിനെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സി.ബി.ഐയുടെ രചനയില്‍ അത്തരമൊരു സ്വാധീനവും കടന്നുവന്നിട്ടില്ല. കേസ് സംബന്ധിച്ച കാര്യങ്ങള്‍ സാധാരണ പോലീസ് കോണ്‍സ്റ്റബിളിനോടുവരെ ചോദിച്ചിട്ടുണ്ട്. ബ്ലഡിന്റെ കാര്യങ്ങളൊക്കെ അവരാണ് പറഞ്ഞുതന്നത്. പോലീസില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ സി.ബി.ഐയിലെത്തിയവരാണ് ഡമ്മിയെക്കുറിച്ചു പറഞ്ഞുതന്നത്. അവരൊന്നും ഇപ്പോള്‍ സി.ബി.ഐയിലില്ല. എന്നാല്‍ സി.ബി.ഐയിലെ ഒരു ഉദ്യോഗസ്ഥനെയും കണ്ടിട്ടില്ല. അവരെ അങ്ങനെ കാണാനൊന്നും പറ്റില്ല. പുറത്ത് ബന്ധങ്ങളൊന്നും ഉണ്ടാക്കുന്നവരല്ല സി.ബി.ഐ ഉദ്യോഗസ്ഥര്‍. കൊച്ചിയിലെ സി.ബി.ഐ ഉദ്യോഗസ്ഥന്‍ രാധാ വിനോദ്‌രാജുവിന്റെ മാനറിസങ്ങളാണ് ഈ സിനിമയിലുള്ളതെന്ന് ചിലര്‍ പറഞ്ഞിരുന്നു. അത് തെറ്റാണ്. സിനിമയിറങ്ങിയശേഷമാണ് അദ്ദേഹത്തെ ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കാണുന്നത്. ഹലോ പറഞ്ഞ് പിരിഞ്ഞു. അല്ലാതെ മറ്റു സംസാരമൊന്നുമുണ്ടായിട്ടില്ല.

അലി ഇമ്രാന്‍ എന്ന മുസ്ലീം കഥാപാത്രമായിരുന്നു സി.ബി.ഐ കഥയിലെ നായകന്‍. തിരക്കഥയുടെ പുരോഗതി അറിയാന്‍ ഒരു ദിവസം മമ്മൂട്ടി മുറിയിലേക്കു വന്നു. ഒരു സീന്‍ വായിച്ചു കേട്ടപ്പോള്‍ത്തന്നെ മമ്മൂട്ടി എതിര്‍ത്തു.

''ഇതു പറ്റില്ല. കഥാനായകന്‍ ബ്രാഹ്മണനായാല്‍ ഒരു പഞ്ച് കിട്ടും.''

എനിക്ക് യോജിപ്പില്ലായിരുന്നു. കാരണം ഞാനൊരു ബ്രാഹ്മണനാണ്. അതിനാല്‍ എന്നെ ബൂസ്റ്റ് ചെയ്യുന്നതുപോലെ തോന്നുമോ എന്നായിരുന്നു ഭയം. മമ്മൂട്ടി അപ്പോള്‍ത്തന്നെ ബ്രാഹ്മണനായി അഭിനയിച്ചുകാണിച്ചു. കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ ഉള്‍ക്കൊണ്ടുള്ള അഭിനയമാണ് എനിക്ക് കഥാപാത്രത്തെ രൂപപ്പെടുത്താന്‍ സഹായിച്ചത്. പിന്നീട് നായകന് പേരിട്ടു. സേതുരാമയ്യര്‍. മമ്മൂട്ടിക്കും സമ്മതം.

കഥാപാത്രം വരുമ്പോള്‍ മ്യൂസിക്ക് വേണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമായിരുന്നു. സംഗീതസംവിധായകന്‍ ശ്യാമിനോട് കഥയുടെ വണ്‍ലൈന്‍ പറഞ്ഞുകൊടുത്തു. ശ്യാംജി വേറിട്ട മ്യൂസിക്കിനുവേണ്ടി അസിസ്റ്റന്റും കീബോര്‍ഡ് പ്ലെയറുമായ ദിലീപിനെ ഏല്‍പ്പിച്ചു. ദിലീപിന്റെ വിരലുകളിലാണ് ആ ബീറ്റ് ആദ്യം രൂപപ്പെട്ടത്. ശ്യാംജി പിന്നീടത് ഡവലപ്പ് ചെയ്തു. ആ ദിലീപാണ് പിന്നീട് എ.ആര്‍.റഹ്മാന്‍ എന്ന അതുല്യപ്രതിഭയായി അറിയപ്പെട്ടത്. ഇന്നും ആ മ്യൂസിക്കാണ് സി.ബി.ഐയുടെ ഐഡന്റ്റിറ്റി.

ഷൂട്ടിംഗ് കഴിഞ്ഞ് റിലീസിനു തയാറായപ്പോഴേക്കും നിര്‍മ്മാതാവ് അരോമ മണിക്കും കെ.മധുവിനും ടെന്‍ഷന്‍. കേട്ടുകേള്‍വി പോലുമില്ലാത്ത സി.ബി.ഐ കഥ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നായിരുന്നു അവരുടെ ഭയം. പക്ഷേ എനിക്കും മമ്മൂട്ടിക്കും ഒട്ടും പേടി തോന്നിയില്ല. റിലീസായി ആദ്യ ദിവസംതന്നെ പടം വന്‍ഹിറ്റാവുമെന്നതിന്റെ സൂചന ലഭിച്ചു. മലയാളസിനിമ അന്നുവരെ കാണാത്ത സി.ബി.ഐയും കേസ് തെളിയിക്കലും ഡമ്മിയിടലുമൊക്കെ ചര്‍ച്ചയായി.

ജാഗ്രതയില്ലാതെ രണ്ടാംഭാഗം

സി.ബി.ഐ ഡയറിക്കുറിപ്പ് വന്‍ ഹിറ്റായി. ഞാന്‍ മറ്റു തിരക്കഥകളുടെ തിരക്കിലായി. ഒരുവര്‍ഷം കഴിഞ്ഞതിനുശേഷം ഒരു ദിവസം അരോമ മണിയും കെ.മധുവും കാണാന്‍ വന്നു.

''ഉടന്‍തന്നെ നമുക്കൊരു പ്രൊജ്ക്ട് ചെയ്യണം. സി.ബി.ഐയുടെ രണ്ടാംഭാഗം.''
ഞാന്‍ സമ്മതിച്ചില്ല. പെട്ടെന്നു നടക്കില്ലെന്നു തറപ്പിച്ചുപറഞ്ഞു. മണി സമ്മതിച്ചില്ല.

സി.ബി.ഐ സൃഷ്ടിച്ച ഹാംഗ് ഓവര്‍ മാറുന്നതിനു മുമ്പുതന്നെ പടം വന്നാല്‍ ജനം സ്വീകരിക്കുമെന്നായിരുന്നു അവരുടെ അഭിപ്രായം. പക്ഷേ എനിക്കു സംതൃപ്തിയില്ലായിരുന്നു. സമ്മര്‍ദ്ദം വന്നപ്പോള്‍ ഞാനെഴുതിത്തുടങ്ങി. ആ സമയത്തെ ഓണത്തിന് റിലീസ് ചെയ്യണമെന്ന് പറഞ്ഞതോടെ എഴുത്തിന് സ്പീഡ് കൂടി. ഒരു സിനിമാതാരവുമായി ബന്ധപ്പെട്ട കഥ-ജാഗ്രത പിറക്കുന്നത് അങ്ങനെയാണ്. കെ.മധു അക്കാലത്ത് മറ്റൊരു സിനിമയുടെ കൂടി വര്‍ക്കിലായിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുള്ള അധിപന്‍. അതും ഓണം റിലീസായിരുന്നു. ജാഗ്രതയുടെയും അധിപന്റെയും ഷൂട്ടിംഗ് മിക്കപ്പോഴും ഒരേ ദിവസമായിരുന്നു. രാവിലെ അധിപന്‍ ചെയ്യും. വൈകിട്ട് ജാഗ്രതയും. ആകെയൊരു ബഹളം. പടം റിലീസായപ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സാമ്പത്തികമായി നഷ്ടമായില്ല.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതൊരു ഷോക്കായിരുന്നു. ഇനിയൊരു ഭാഗമുണ്ടെങ്കില്‍ വളരെ ശ്രദ്ധിച്ചും കരുതലോടെയും ചെയ്യണമെന്ന് തീരുമാനമെടുത്തു. ജാഗ്രത കഴിഞ്ഞ് പതിനഞ്ചുവര്‍ഷത്തിനുശേഷമാണ് സി.ബി.ഐയുടെ മൂന്നാംഭാഗത്തിന് പ്ലാന്‍ ചെയ്യുന്നത്. പതിനൊന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ ഒരാളുടെ ജീവിതത്തെക്കുറിച്ചുള്ള ഇംീഷ് പുസ്തകമാണ് സേതുരാമയ്യര്‍ സി.ബി.ഐ എഴുതാന്‍ പ്രേരിപ്പിച്ചത്. ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. പുറംചട്ടയിലെ കഥാസാരമാണ് ആകര്‍ഷിച്ചത്. ആ സമയത്ത് ചര്‍ച്ചയായ ആലുവ കൂട്ടക്കൊലക്കേസും സ്വാധീനിച്ചു എന്നു പറയാം. സമയമെടുത്ത് ചെയ്തതുകൊണ്ടാവാം സേതുരാമയ്യര്‍ സി.ബി.ഐ വന്‍ ഹിറ്റായി. സി.ബി.ഐ സീരീസില്‍ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഈയടുത്തകാലത്തും ആ സിനിമ ചര്‍ച്ചാവിഷയമായി.

ജയില്‍ചാടിയ റിപ്പര്‍ ജയാനന്ദനെ പോലീസ് പിടികൂടിയപ്പോള്‍ അയാള്‍ പറഞ്ഞത് സേതുരാമയ്യര്‍ സി.ബി.ഐയിലെ കലാഭവന്‍ മണിയുടെ കഥാപാത്രമാണ് തന്നെ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ്. ആളുകള്‍ പലതും പറയും. അതു കേള്‍ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

നാലാമത്തെ സിനിമയായ 'നേരറിയാന്‍ സി.ബി.ഐ' ചെയ്തതും തൊട്ടടുത്ത വര്‍ഷമായിരുന്നു. ആ സിനിമയും വേണ്ടത്ര ഹിറ്റായില്ല. അതിലും ചില പോരായ്മകളുണ്ടായിരുന്നു. നാല് സിനിമയിലും മമ്മൂട്ടിക്കൊപ്പം ജഗതിയുമുണ്ടായിരുന്നു. എന്റെ സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ജഗതി ശ്രീകുമാര്‍. ഞാന്‍ തിരക്കഥയെഴുതിയ 45 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന സി.ബി.ഐയുടെ അഞ്ചാംഭാഗത്തിലും ജഗതിക്കൊരു വേഷം കരുതിയിരുന്നു. പക്ഷേ അദ്ദേഹത്തിന് അഭിനയിക്കാനുള്ള ആരോഗ്യമില്ലാത്തതിനാല്‍ ഒഴിവാക്കി.

നേരറിയാന്‍ പോലീസ്

സി.ബി.ഐയേക്കാള്‍ നല്ലത് പോലീസാണ്. സത്യസന്ധമായി കേസന്വേഷിക്കുന്നവരാണ് കേരളപോലീസിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും. തുറന്ന മനസോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസിനറിയാം. അവരെ അതിനു സമ്മതിക്കാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ്. ഒരു കേസ് അന്വേഷിക്കാന്‍ സി.ബി.ഐ എത്തുമ്പോഴേക്കും അതിന്റെ തൊണ്ണൂറു ശതമാനം അന്വേഷണവും പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവും. സി.ബി.ഐക്ക് കേസ് തെളിയിക്കാന്‍ എളുപ്പമാണ്. അവര്‍ക്ക് രാഷ്ട്രീയസമ്മര്‍ദ്ദമൊന്നുമില്ല. മുകളില്‍ നിന്നുള്ള പ്രഷറുമില്ല. പ്രഷര്‍ വന്നാല്‍ത്തന്നെ മൈന്‍ഡ് ചെയ്യില്ല. എളുപ്പം ബലിയാടാവുന്നവരാണ് പോലീസുകാര്‍. ശീലിച്ചുപോയതിനാല്‍ അവര്‍ക്കു പരാതിയുമില്ല. ഒരു സമരം നടക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്തരായാല്‍ ലാത്തിച്ചാര്‍ജ് ചെയ്താല്‍ അതു കുറ്റം. അടിച്ചില്ലെങ്കില്‍ പോലീസ് നോക്കിനിന്നു എന്നാവും അടുത്ത പരാതി. എനിക്കിപ്പോഴും പോലീസിനോടാണ് താല്‍പ്പര്യം. സി.ബി.ഐയുടെ പക്ഷത്തുനിന്ന് തിരക്കഥയെഴുതുമ്പോള്‍ അവരെ നന്നാക്കേണ്ടിവരും. സി.ബി.ഐ സിനിമകളാണ് അവര്‍ക്ക് പ്രശസ്തിയുണ്ടാക്കിക്കൊടുത്തത്.
സി.ബി.ഐ ഡയറിക്കുറിപ്പ് ഇറങ്ങിയപ്പോള്‍ ആ സിനിമ പോലീസുകാര്‍ക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഒരു ദിവസം പോയപ്പോള്‍ അവിടെയിരുന്ന് ചീട്ടുകളിക്കുകയായിരുന്നു രണ്ട് പോലീസുകാര്‍. എന്നെ അവര്‍ക്കാര്‍ക്കും അറിയില്ല. ചീട്ടുകളിക്കിടയില്‍ അവരുടെ ചര്‍ച്ചയിലേക്ക് സി.ബി.ഐ ഡയറിക്കുറിപ്പും കടന്നുവന്നു.

''ഇപ്പോഴൊരു സ്വാമി ഇറങ്ങിയിട്ടുണ്ട്. അയാള്‍ കരുതുന്നത് പോലീസിനെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാണ്.''

ഞാന്‍ ഒന്നുമറിയാത്തതുപോലെ ചിരിച്ചു. ചര്‍ച്ചകള്‍ നീളുന്നതിനിടെ സുഹൃത്ത് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. പോലീസുകാര്‍ വല്ലാതായി. എന്നോടു സോറി പറഞ്ഞു. നിങ്ങള്‍ പറഞ്ഞതാണ് ശരിയെന്ന് ഞാനവരോടു പറഞ്ഞു. ആ വിമര്‍ശനം ഞാന്‍ അംഗീകരിക്കുകയും ചെയ്തു.

ഫോട്ടോ: എസ്.ഹരിശങ്കര്‍

 

 

 

Abdul Jaleel
Office Manager


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment