കൊഴിഞ്ഞുപോക്ക് എന്ന പ്രതിഭാസം മാറ്റിയിടാന്‍ യൂണിഫോമില്ല, ചെരുപ്പില്ല, ബാഗില്ല, കുടയില്ല, അടുത്തൊന്നും വിദ്യാലയവുമില്ല. ക്ലാസ് മുറികളില്‍ ഇരിക്കണം എന്ന് സര്‍ക്കാറും സാംസ്‌കാരിക നായകരും ഉദബോധിപ്പിക്കുന്ന ആദിവാസി ബാല്യങ്ങള്‍ മണ്ണില്‍ പുരണ്ടുകിടക്കുന്നത് ഇവിടെ പതിവ് കാഴ്ച മാത്രം. കോളനിയിലും നാട്ടുവഴികളിലെല്ലാം അലഞ്ഞുതിരിഞ്ഞ് കാലം കഴിക്കുന്ന ഈ ആദിവാസി തലമുറയുടെ പോക്ക് എവിടേക്കാണ്?
'സ്‌ക്കൂളില്‍ പോയാല്‍ ഗ്രാന്റും കിട്ടും ഭക്ഷണവും കിട്ടും എന്നാലും ഇവരൊന്നും ഇതിന്റെ പടികയറില്ല.' അവരെക്കുറിച്ച് അധികൃതര്‍ക്ക് ആവര്‍ത്തിച്ച് പറയനുള്ളത് ഇതുമാത്രമാണ്. പഠനവിമുഖതയുടെയും കൊഴിഞ്ഞുപോക്കിന്റെയും കാരണങ്ങള്‍ പലതാണ്. അടിസ്ഥാന സൗകര്യവും സാമ്പത്തിക ഭദ്രതയുമില്ലാത്ത വീടുകള്‍, മദ്യത്തില്‍ ഉന്മത്തരായ രക്ഷിതാക്കള്‍, നിരക്ഷരരായ രക്ഷിതാക്കളില്‍ നിന്നുമുളള പ്രോത്സാഹനക്കുറവ്, രോഗം…പലര്‍ക്കും വീട്ടില്‍ വൈദ്യുതിയില്ല, പുസ്തകം വെക്കാനുള്ള അലമാരയല്ല കിടക്കാന്‍ പായ പോലുമില്ല. ഇതിനിടയില്‍ ആര്‍ക്കാണ് പഠിക്കാന്‍ കഴിയുക? ആദിവാസി ജീവതങ്ങളെ അടുത്തറിയുന്നവരുടെ ചോദ്യം ഇതാണ്.
പുക മണക്കുന്ന പുസ്തകക്കെട്ടുകളുമായി മുഷിഞ്ഞ വസ്ത്രവുമിട്ട് സ്‌ക്കൂളിന്റെ പടികയറി വരുന്ന ആദിവാസിക്കുട്ടികള്‍ വയനാടന്‍ സ്‌ക്കൂളുകളിലെ എക്കാലത്തെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. ക്ലാസുമുറിയുടെ ഏറ്റവും പിന്നിലെ ബെഞ്ചില്‍ ഒഴിഞ്ഞ മൂലയില്‍ സംഘം ചേര്‍ന്നിരിക്കുന്ന ആദിവാസിക്കുട്ടുകളുടെ മനസ്സില്‍ നിറയെ ഈ ക്ലാസ്സുമുറിയില്‍ നിന്നും ഓടി അകലാനുളള ചിന്തകളല്ലാതെ മറ്റെന്താണ് ഉണ്ടാവുക.
കുഴഞ്ഞുമറിയുന്ന ഗണിതങ്ങളും ഇംഗ്‌ളീഷ് അക്ഷരമാലയും ഗ്രഹിച്ചെടുക്കാനുള്ള അടിസ്ഥാനപരത ഇവര്‍ക്കില്ല. ഇതെല്ലാം മുന്‍കൂട്ടി അറിയുന്ന അദ്ധ്യാപകര്‍ക്ക് ഇവരോട് ചോദ്യവുമില്ല, ഇവര്‍ക്ക് ഉത്തരവുമില്ല. വര്‍ഷാവസാനം ഇവര്‍ക്കും പ്രമോഷന്‍ നല്‍കി തലവേദനകള്‍ ഒഴിവാക്കാനാണ് പലരുടെയും മത്സരം. ഫലമോ നാലാം ക്ലാസ് ജയിച്ച കുട്ടികള്‍ക്ക് പോലും എഴുതാനും വായിക്കാനും അറിയില്ല. ഇവരെങ്ങനെ സമ്പൂര്‍ണസാക്ഷരരായ മാതാപിതാക്കളുടെയും ട്യൂഷന്‍ മാസ്റ്റര്‍മാരുടെയും പിന്തുണയുള്ള മറ്റു കുട്ടികളക്കൊപ്പം അഞ്ചാം ക്ലാസ്സില്‍ പഠിക്കും? ഇവിടെ തുടങ്ങുന്നു കൊഴിഞ്ഞുപോക്ക് എന്ന പ്രതിഭാസം.
കൊഴിഞ്ഞുപോക്ക് ഒരു താരതമ്യം
(അവലംബം:വിദ്യാഭ്യാസവകുപ്പ് രജിസ്റ്റര്‍)
പൊതുസമൂഹത്തില്‍ നിന്നും ഏറെ വ്യത്യസ്തമായി ആദിവാസി കുട്ടികള്‍ക്കിടയില്‍ കൊഴിഞ്ഞുപോക്ക് കൂടുതലാണ്. പ്രാഥമിക വിദ്യലയങ്ങളില്‍ പഠിച്ചവര്‍ ഹൈസ്‌ക്കൂള്‍ തലത്തില്‍ പ്രവേശനത്തിന് എത്തുന്നത് കാല്‍ഭാഗം മാത്രമാണ്. നാലാം ക്ലാസ് പഠനം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ മാതാപിതാക്കള്‍ ഇവരെ കൂലിപ്പണിക്ക് പറഞ്ഞുവിടുന്നു. കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍ പണിചെയ്യുന്ന നൂറുകണക്കിന് കുട്ടികള്‍ ഇതിന് മാപ്പുസാക്ഷികളാണ്.
വീട്ടിലെ ദാരിദ്ര്യത്തിന് പരിഹാരം കാണാനാണ് മിക്ക കുട്ടികളും ചെറിയ പ്രായത്തിലെ ജോലിഭാരം തലയിലേന്തുന്നത്. പെണ്‍കുട്ടികള്‍ പലരും വീട്ടുവേലക്കാണ് പോകുന്നത്. ജില്ലക്ക് അകത്തും പുറത്തുമായി വീട്ടുജോലിക്കായി പോകുന്ന നിരവധി പെണ്‍കുട്ടികള്‍ വര്‍ഷങ്ങളായി അന്യഗൃഹങ്ങളില്‍ കാലം കഴിച്ചുകൂട്ടുന്നു. ഇതിനിടയില്‍ വിവാഹമെന്നല്ല നല്ല വസ്ത്രധാരണം പോലും ഇവര്‍ക്ക് സ്വപ്നം മാത്രമാണ്. എണ്ണമറ്റ പീഡനങ്ങളും ഇത്തരം വീടുകളില്‍നിന്ന് ആദിവാസി പെണ്‍കുട്ടികള്‍ക്ക് സഹിക്കേണ്ടി വരുന്നു.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ എന്നപേരില്‍ ആദിവാസികളുടെ സ്വന്തം വിദ്യലയങ്ങള്‍ ചിലത് ജില്ലയിലുണ്ട്. ആദിവാസി കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും അകന്ന് സ്വസ്ഥമായ ഒരു താമസസ്ഥലമെന്ന നിലയില്‍ ഇതൊരു ആശ്വാസകേന്ദ്രമാണ്. വീടിന്റെ ദുര്‍ബലതകളൊന്നും അറിയാതെ ഇവിടങ്ങളില്‍ സമാധാനമായിരുന്ന് പഠിക്കാം.
കേവലം 3000- ല്‍ താഴെ കുട്ടികള്‍ക്കാണ് ഈ സഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുക. ജില്ലയില്‍ പ്രൈമറി തലം മുതല്‍ സെക്കന്‍ഡറി തലം വരെ പഠനം നടത്തുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ അതിന്റെ പത്തിരട്ടിയാണ്. ഇതില്‍ എത്രപേര്‍ക്ക് റെസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിക്കാന്‍ അവസരം കിട്ടും?
അധ്യാപകര്‍ അല്‍പ്പമൊന്ന് ശ്രദ്ധകൊടുത്തപ്പോള്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ പലതിനും പത്താം തരത്തില്‍ കഴിഞ്ഞ തവണ നൂറുമേനി വിജയം നേടാനായി. എല്ലാവരാലും തഴയപ്പെട്ട ഈ ആദിവാസിക്കുട്ടികള്‍ തിരുത്തിയെഴുതിയത് മുഖ്യധാരാസമൂഹത്തിന്റെ അതുവരെയുള്ള കാഴ്ചപ്പാടുകളായിരുന്നു. ഇതൊക്കെയാണെങ്കിലും തുടര്‍പഠനങ്ങള്‍ ഇവര്‍ക്ക് ഇന്നും മരീചികയാണ്.
റെസിഡന്‍ഷ്യല്‍ സ്‌ക്കൂളുകള്‍ ഒരു മാതൃകാബദലാണ് എന്ന കാര്യം സര്‍ക്കാറിന് ഉത്തമ ബോധ്യമുണ്ടെങ്കിലും ഇവയുടെ വികസനത്തിന് ഫണ്ട് നല്‍കാന്‍ അധികൃതര്‍ക്ക് വലിയ താത്പര്യമില്ല. പരാധീനതകളില്‍ വീര്‍പ്പുമുട്ടുകയാണ് ട്രൈബല്‍ ഹോസ്റ്റലുകള്‍. ആവശ്യത്തിന് കിടക്കളില്ല, ടോയിലെറ്റുകളില്ല എന്നുതുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു.
വയനാട് ജില്ലാപട്ടികജാതി വിദ്യാര്‍ഥി അനുപാതം
വിദ്യാഭ്യാസത്തിന്റെ അഭാവം മുഖ്യമായി പരിഹരിച്ചാല്‍ ഇവരെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ എളുപ്പമാണ്. എന്നാല്‍ ഇതറിഞ്ഞുകൊണ്ട് തന്നെ ആദിവാസികള്‍ നിരക്ഷരരായി നിലനില്‍ക്കണമെന്ന് ചിലര്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ജില്ലയിലെ 42 ഏകാധ്യാപക വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ ഇതിന് തെളിവായെടുക്കാം. പുതിയ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ പോലും ഇവയൊന്നും പരിഷ്‌കരിക്കപ്പെടുന്നില്ല. അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതെയും കെട്ടിടം നിര്‍മിക്കാതെയും സര്‍ക്കാര്‍ തന്നെ ഏകാധ്യാപക വിദ്യാലയങ്ങളെ തകര്‍ത്തുകളയുകയാണ്.
വയനാട്ടിലെ ഗിരിനിരകളില്‍ എറ്റവും മുകളിലായുള്ള ആദിവാസി സങ്കേതമാണ് വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കോളനി. കാട്ടുനായ്ക്ക, പണിയ വിഭാഗത്തിലെ 40 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 100-ലധികം കുട്ടികള്‍ ഇവിടെയുണ്ട്. സ്‌ക്കൂളിന്റെ പടികാണാത്തവരും പേരിന് പഠിച്ചവരും അതിലുണ്ട്. പകുതിയാള്‍ക്കും മലയാളം ലിപിപോലും അറിയില്ല. മലയോരങ്ങളിലെ കാട്ടിനുള്ളിലൂടെയുള്ള സഞ്ചാരമാണ് ഇവര്‍ക്ക് താത്പര്യം. ആരെങ്കിലും സ്‌ക്കൂളില്‍ പോകണ്ടേ എന്നു ചോദിച്ചാല്‍ അതൊരു വി്ഡ്ഡിത്തമാകും. നിത്യവും ഏഴു കിലോമീറ്ററോളം മലയിറങ്ങിയും കയറിയും വേണം ഇവര്‍ക്ക് സ്‌ക്കൂളില്‍ പോകാന്‍.
പട്ടികജാതിവികസനം ചിലവ് 2006-2012
(അവലംബം വികസനരേഖ 2013)
ലക്ഷ്യം തെറ്റുന്ന പദ്ധതികള്‍
വയനാട്ടിലെ 25 പഞ്ചായത്തുകളും പദ്ധതിവിഹിതത്തിന്റെ നല്ലൊരുശതമാനം ആദിവാസിക്ഷേമത്തിനായി മാറ്റിവെക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ ഫണ്ടുകള്‍ തന്നെ വകമാറ്റുന്നു എന്ന സത്യം ആരുമറിയാറില്ല. ഓരോ ഗ്രാമപ്പഞ്ചായത്തും അവരവരുടെ പഞ്ചായത്തിലെ ആദിവാസി കോളനികളുടെ വിദ്യഭാസ, ആരോഗ്യ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഗോത്രജിവിത പുരോഗതി എന്നേ കൈവരിക്കാന്‍ കഴിയുമായിരുന്നു. വാര്‍ത്തകളും വിവാദങ്ങളും ഉണ്ടാകുമ്പോള്‍ മാത്രമാണ് ആദിവാസികളുടെ കാര്യത്തില്‍ അധികൃതരുടെ താത്കാലികമായ ഇടപെടല്‍.
ഗോത്രസാരഥി, ഗോത്രവെളിച്ചം, ഗോത്രജ്യോതി, പഠനവീട് തുടങ്ങിയ നിരവധി പദ്ധതികള്‍ ആദിവാസി കുട്ടികളുടെ പഠനപുരോഗതിക്കായി സര്‍ക്കാര്‍ വയനാട് ജില്ലയില്‍ നടപ്പാക്കിയിരുന്നു. താത്കാലികമായി ഈ പദ്ധതികള്‍ക്ക് തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചതൊഴിച്ചാല്‍ കാര്യമായി ഒന്നും ഇടപെടാനായില്ല.
വയനാട്ടിലെ ആദിവാസി ക്ഷേമത്തിന് പത്താം പഞ്ചവത്സര പദ്ധതി വിഹിതം
(അവലംബം ജില്ലാപഞ്ചായത്ത് കരട് രേഖ 2013)
അഭയമായി സമാന്തര വിദ്യാലയങ്ങള്‍
കണ്ണൂരിലെ പാനൂര്‍ സ്വദേശികളായ ബി.വി. രാജീവനും സുഹൃത്ത് ഒ. എം. ബാബുരാജുമാണ് വയനാട്ടിലെ നിരവില്‍പ്പുഴയില്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസി കുട്ടികള്‍ക്കായി ഒരു സമാന്തര വിദ്യാലയം തുടങ്ങിയത്. പാതിവഴിയില്‍ പഠനം നിര്‍ത്തി കുടിലിനുള്ളില്‍ ആരും ശ്രദ്ധിക്കാതെ കിടന്ന 210 കുട്ടികള്‍ക്ക് ഇന്ന് ഈ വിദ്യാലയം മറ്റൊരു ജീവിതം നല്‍കുന്നു.
കണ്ണുരുട്ടലുകളില്ലാത്ത ഈ ഗുരുകുല പാഠശാലയില്‍ ഇവര്‍ പഠിച്ചെടുക്കുന്നത് ജിവിതമാണ്. പാഠപുസ്തകത്തിലെ അറിവിനപ്പുറം വിവിധ തൊഴിലുകള്‍ പഠിക്കാന്‍ പെണ്‍കുട്ടികളുമുണ്ട്. പ്രായഭേദമന്യേ കുട്ടികള്‍ ഉത്സാഹത്തോടെ ഈ പാഠശാലയില്‍ എത്തുന്നു. ആശാരിപ്പണി മുതല്‍ ഡ്രൈവിങ്് വരെ പഠിച്ചാണ് ഇവരുടെ തിരിച്ചുപോക്ക്. സര്‍ക്കാറിന്റെ ഗ്രാന്റ് പോലുമില്ലാതെ അഭ്യുദയകാംക്ഷികളുടെ സഹായം കൊണ്ടാണ് ഈ സ്ഥാപനം ഇന്ന് പിടിച്ചുനില്‍ക്കുന്നത്. ഇവരുടെ പരീക്ഷണങ്ങള്‍ സര്‍ക്കാറിന് മാതൃകയാക്കാം. അല്ലെങ്കില്‍ സര്‍ക്കാരിന് ഇവരെ പിന്തുണക്കാം. ഓപ്പണ്‍ മെട്രിക്കുലേഷന്‍ പരീക്ഷയില്‍ ഇവിടത്തെ കുട്ടികള്‍ നേടിയ നൂറുശതമാനം വിജയം പൊന്നിന്‍ തിളക്കമുള്ളതായിരുന്നു.
ഒരുപക്ഷേ, ജീവിതത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളപ്പെടുമായിരുന്ന ബാല്യങ്ങള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇന്ന് ഈ സമാന്തര വിദ്യാലയം.
വേണം ഇവര്‍ക്കായി പാഠ്യപദ്ധതി
വയനാട് ഡയറ്റാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പണിയ വിഭാഗം ആദിവാസിക്കുട്ടികള്‍ക്കായി അവരുടെ ഭാഷയില്‍ ഒരു പാഠപുസ്തകം (നായം)തയ്യാറാക്കിയത്. അധ്യാപകര്‍ക്ക് പ്രത്യേക ഭാഷാപരിശീലനം നല്‍കി സ്‌കൂളുകളില്‍ പണിയകുട്ടികള്‍ക്ക് മനസ്സിലാവും വിധം പാഠ്യഭാഗങ്ങള്‍ പറഞ്ഞു നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ഒരു മാസത്തോളം കാലം ഇതിനെ നിലനിര്‍ത്തിയതൊഴിച്ചാല്‍ പിന്നീട് ഇതിന് ഒരു തുടര്‍ച്ചയുണ്ടായില്ല.
കണക്ക് , ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയവ പഠിപ്പിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം വേണം. ആദിവാസി കുട്ടികള്‍ക്കായി പത്താം തരം പരീക്ഷയുടെ മുന്നോടിയായി നടത്തുന്ന പഠനക്യാമ്പുകള്‍ ഗുണകരമാണ്. എന്നാല്‍ പരിക്ഷയുടെ തലേന്ന് നടത്തുന്നതിന് പകരം ആറുമാസം മുന്നിലായി ഇവ നടത്തിയാല്‍ ഒരു അനുഗ്രഹമാവുമായിരുന്നു.
ആദിവാസി കോളനിയില്‍ ദിവസവും വൈകിട്ട് ഒരു അധ്യാപകന്റെ സേവനം ഉറപ്പുവരുത്തുന്ന പഠനവീട് പദ്ധതി പരീക്ഷണവിജയം നേടിയതാണ്.കോളനിയിലെ മുഴുവന്‍ കുട്ടികളെയും ഒരു വീട്ടില്‍ വിളിച്ചുകൂട്ടി പഠനഭാഗങ്ങള്‍ പറഞ്ഞു നല്‍കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പരീക്ഷക്കാലത്തിന്റെ മുന്നില്‍ മാത്രമാണ് ഇതൊക്കെ ആസുത്രണം ചെയ്യുന്നത്. ഇതിനൊരു മാറ്റമാണ് ഇനി അനിവാര്യം.
പണം വാരിയെറിഞ്ഞതിന്റെ കണക്കുകള്‍ നിരത്തിയാണ് അധികൃതര്‍ ഏതു ചോദ്യങ്ങള്‍ക്കും മറുപടി പറയുക. ആദിവാസി ക്ഷേമത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് പതിവു രീതി. എത്ര പദ്ധതികള്‍ ലക്ഷ്യത്തിലെത്തി എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഇതുതന്നെയാണ് സാക്ഷര കേരളം നേരിടുന്ന വെല്ലുവിളിയും.അജ്ഞാന തിമിരം കൊണ്ട് മൂടുന്ന ഒരു സമൂഹം പുതിയ കാലത്തിലും എന്ത് സ്വപ്നം കാണാനാണ്.
No comments:
Post a Comment