Monday 4 November 2013

[www.keralites.net] =?UTF-8?B?4LSV4LS+4LSy4LWN4oCNIOC0qOC1guC0seC1jeC0seC0vuC0o+C1j

 

കാല്‍ നൂറ്റാണ്ടിന്റെ സുകൃതം


 

ചില വിശേഷഭാഗ്യങ്ങളുണ്ട്. Privilege എന്ന് ഇംഗ്ലീഷ് ഭാഷയില്‍ വിശേഷിപ്പിക്കപ്പെടുന്ന ചില ഭാഗ്യങ്ങള്‍. ഓരോരുത്തര്‍ക്കും അതിന് ഓരോ വിശദീകരണങ്ങളായിരിയ്ക്കും ഉണ്ടാവുക. മുന്‍ഗണനകളും ജീവിതവീക്ഷണവും പോലെ അതില്‍ വ്യത്യസ്തതകള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. 1983-ലെ ഒരു പ്രഭാതം 'ജയിച്ചു!! ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്' എന്ന ഒരു വാര്‍ത്തയുമായി ഉണര്‍ന്നപ്പോള്‍ അതിലെ അസാധാരണത്വം അന്വേഷിച്ചുള്ള യാത്രയിലാണ് ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള ഒരു തലമുറ ക്രിക്കറ്റ് എന്ന ഗെയിമിനെ അടുത്തറിയുന്നത്. ആദ്യമാദ്യം കടുത്ത ആവേശമായിരുന്നു. പിന്നീട് എവിടെയോ വെച്ച് അതൊരു ആരാധനയും പ്രണയവുമായി മാറുന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞു.

മലയാള പത്രത്തില്‍ വരുന്ന വിശേഷങ്ങള്‍ക്ക് ഞങ്ങളില്‍ പലരുടെയും വിശപ്പടക്കാനായില്ല. സ്‌പോര്‍ട്സ്റ്റാര്‍ എന്ന വാരികയിലേയ്ക്ക് ഞങ്ങള്‍ ചുവടു മാറി. എല്ലാ ആഴ്ച്ചയിലും 'സ്റ്റാര്‍' വാങ്ങാനായി മറ്റു പല മുന്‍ഗണനകളും ഞങ്ങള്‍ മാറ്റിവെച്ചു. ഒരെണ്ണം പോലും നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ചിതലരിയ്ക്കാത്ത നാനൂറിലേറെ പുസ്തകങ്ങള്‍ ഈ എഴുത്തിന് സാക്ഷിയായി മുമ്പില്‍ ഇപ്പോഴും ഇരിയ്ക്കുന്നു. അരിച്ചുപെറുക്കുക എന്ന നാടന്‍ പ്രയോഗത്തിനെ അടിവരയിടുന്ന അന്വേഷണമാണ് ഓരോ വരികളിലൂടെയും. പിന്നെ അതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ , സംവാദങ്ങള്‍ , തര്‍ക്കങ്ങള്‍ - അതങ്ങനെ അന്തമില്ലാതെ പോയ്‌ക്കൊണ്ടിരിയ്ക്കും. അതിനിടയിലാണ് ലോകറെക്കോഡ് തിരുത്തിയെഴുതിയ രണ്ട് ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂള്‍ കുട്ടികളെപ്പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് സ്‌പോര്‍ട്സ്റ്റാറില്‍ പ്രത്യക്ഷപ്പെടുന്നത്.

 

ബോംബെയിലെ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടിയിലുമൊക്കെ പിന്നെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നൊരു വിഷയം മാത്രമേ കുറെക്കാലത്തേയ്ക്ക് ഉണ്ടായിട്ടുള്ളൂ എന്ന് കേട്ടിട്ടുണ്ട്. ഇവിടെ കൊയ്ത്ത് കഴിഞ്ഞ പാടത്തും പറമ്പുകളുടെ ഒഴിഞ്ഞ കോണുകളിലും മടലിന്റെ ബാറ്റും ഉണങ്ങിയ കായകളും കൊണ്ട് ക്രിക്കറ്റ് കളിച്ച് തളര്‍ന്നിരിയ്ക്കുന്ന യുവത്വവും മറ്റൊരു വിഷയത്തെപ്പറ്റി അക്കാലത്ത് ആലോചിച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്.

പിന്നെ പുസ്തകങ്ങള്‍ എന്ന മുന്‍ഗണന എവിടെയോ വെച്ച് മാറി. പകരം അവിടെ തെണ്ടുല്‍ക്കറുടെ ഇന്നിങ്ങ്‌സുകള്‍ കുടിയേറി. 1989 നവംബര്‍ മുതല്‍ 24 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ നിമിഷം വരെ അതിനൊരു മാറ്റമുണ്ടയിട്ടില്ല. മാറാന്‍ തെണ്ടുല്‍ക്കര്‍ അനുവദിച്ചിട്ടുമില്ല. ഇന്ത്യക്കാരന്‍ എന്ന സ്വകാര്യ അഭിമാനം ഒരിയ്ക്കല്‍ പോലും ഈ പരിഗണനയെ സ്വാധീനിച്ച ഓര്‍മയില്ല. മനീന്ദര്‍ സിങ്ങിനെയും രവിശാസ്ത്രിയെയും തച്ചു തകര്‍ക്കുന്ന വിവിയന്‍ റിച്ചസ്ഡിനെ വെറുക്കാത്ത അതേ മനസ്സിലാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രതിഷ്ഠിയ്ക്കപ്പെട്ടത്. പഴയ ചരിത്രത്താളുകളില്‍ നിന്നും അത്ഭുതങ്ങളെയും അതികായന്മാരെയുമൊക്കെ അടുത്തറിഞ്ഞപ്പോഴും തെണ്ടുല്‍ക്കര്‍ക്കുള്ള ഇടം മറ്റാര്‍ക്കും പങ്കുവെയ്ക്കാന്‍ മനസ്സ് സമ്മതിച്ചില്ല. ദ്രാവിഡിനെയും ഗവാസ്‌കറെയും കപിലിനെയുമൊക്കെ ബഹുമാനിയ്ക്കുന്നു ആരാധിയ്ക്കുന്നു, അല്ലെങ്കില്‍ സ്‌നേഹിയ്ക്കുന്നു. അവര്‍ അര്‍ഹിയ്ക്കുന്നത്രയും അതിലപ്പുറവും. എന്നാല്‍, തെണ്ടുല്‍ക്കര്‍ എന്ന വികാരത്തോളം എത്താന്‍ അവര്‍ക്കൊന്നും സാധിയ്ക്കുന്നില്ല. അതോ മനസ്സ് അതിന് അനുവദിയ്ക്കുന്നില്ല എന്നോ? രണ്ടാമത് പറഞ്ഞതാവാനാണ് കൂടുതല്‍ സാധ്യത.

 

കാല്പനികതയും അതിഭാവുകത്വവുമൊക്കെയായിരുന്നു ആദ്യകാലങ്ങളില്‍ തെണ്ടുല്‍ക്കര്‍ തന്നിരുന്ന കാഴ്ച്ചകള്‍. കാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് തെണ്ടുല്‍ക്കറുടെ ഓരോ ഇന്നിങ്‌സുകളിലൂടെയും കയറിയിറങ്ങി നടക്കുമ്പോഴും അതേ കാല്പനികത തന്നെയാണ് മനസ്സില്‍ നിറയുന്നത്. ഇതിനു മുമ്പോ ശേഷമോ ആരും സ്‌ട്രെയ്റ്റ് ഡ്രൈവ് കളിച്ചിട്ടില്ലേ എന്നാണെങ്കില്‍ ഉണ്ട്. ഒരുപക്ഷേ, തെണ്ടുല്‍ക്കറേക്കാള്‍ ആധിപത്യത്തോടെത്തന്നെ. പക്ഷേ, കയ്യൊപ്പ് പോലെ പതിഞ്ഞു കിടക്കുന്ന ആ സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍ - നീട്ടിയ കൈകള്‍ക്ക് മുകളിലൂടെയും വശങ്ങളിലൂടെയും സൈറ്റ്-സ്‌ക്രീന്‍ ലക്ഷ്യമാക്കി പാഞ്ഞ വെളുത്തതും ചുവന്നതുമായ പന്തുകളെ തിരിഞ്ഞു നോക്കുന്ന വഖാര്‍ യൂനിസ് മുതല്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ വരെയുള്ള പ്രഗത്ഭരുടെ മുഖത്തെ അവിശ്വസനീയത പോലൊന്ന് മറ്റെവിടെയെങ്കിലും കണ്ടതായി ഓര്‍ത്തെടുക്കാനേ സാധിയ്ക്കുന്നില്ല. ഹര്‍ഷ ഭോഗ്ലെ ഒരിക്കല്‍ പറഞ്ഞതുപോലെ തെണ്ടുല്‍ക്കറുടെ സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍ ഇംഗ്ലീഷിലെ താരതമ്യങ്ങളിലെ ഡിഗ്രി പോലെയാണ്. സ്‌ട്രെയ്റ്റ്/സ്‌ട്രെയ്റ്റര്‍/ദ സ്‌ട്രെയ്റ്റസ്റ്റ്. ഏതും എത് നിമിഷവും പുറത്ത് വരാം. സ്റ്റമ്പിന്റെ ഏത് വശത്തുകൂടിയും അപ്രത്യക്ഷമാകാം. ആര്‍ക്കും പ്രവചിയ്ക്കാനാവില്ല. പറഞ്ഞയയ്ക്കുന്ന തെണ്ടുല്‍ക്കര്‍ക്ക് പോലും.

ആദ്യം പറഞ്ഞ വിശേഷഭാഗ്യം എന്നത് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരു ഇതിഹാസത്തോടൊപ്പം സഞ്ചരിയ്ക്കാനായി എന്നതു തന്നെയാണ്. ആടിയും ഉലഞ്ഞും പോകുന്ന ദൂരദര്‍ശന്‍ സ്‌ക്രീനിലെ ചിത്രങ്ങള്‍ പറഞ്ഞുതന്ന കഥകള്‍ മനസ്സിലേയ്ക്ക് പകര്‍ന്നപ്പോള്‍ അതില്‍ അവ്യക്തതകള്‍ക്ക് അല്പം പോലും ഇടമുണ്ടായില്ല. ഓരോ ചലനവും ഓരോ ഷോട്ടും മനസ്സില്‍ പതിഞ്ഞത് ഇന്നും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ക്ലാസിക്കല്‍ കലകള്‍ ആസ്വദിയ്ക്കുമ്പോള്‍ അമൂര്‍ത്തമായ ഒരു ആനന്ദം അനുഭവിയ്ക്കാറുണ്ട്. ഒരു ഗായകന്‍ പാടാന്‍ പോകുന്നതെന്ത് എന്ന് ഒരു സെക്കന്‍റ് മുമ്പ് തിരിച്ചറിയുന്നത്ര താദാത്മ്യത്തിലേയ്ക്ക് അത് പലപ്പോഴും വളരും. സച്ചിന്റെ കാര്യത്തിലും അത് സദാ സംഭവിച്ചു കൊണ്ടിരുന്നു. പന്ത് പിച്ച് ചെയ്യുമ്പോഴേ മനസ്സ് കണക്കുകൂട്ടലുകള്‍ നടത്തി. എത്രയോ തവണ പന്ത് മനസ്സ് പറയുന്നിടത്തേയ്ക്ക് പറന്നകന്നു!

 

എന്തുണ്ട് ക്രിക്കറ്റ് വിശേഷങ്ങള്‍? സ്‌പോര്‍ട്സ്റ്റാറിന്റെ അവസാനത്തെ പേജിലെ കേശവിന്റെ ഒരു കാര്‍ട്ടൂണ്‍ ഒരിക്കല്‍ ചോദിച്ചു. ഉത്തരവും അതില്‍ത്തന്നെ ഉണ്ടായിരുന്നു. ഈയിടെയായി ക്രിക്കറ്റ് മത്സരങ്ങളൊക്കെ തെണ്ടുല്‍ക്കറൈസ്ഡ് ആയിരിയ്ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വാകാര്യതകളേക്കാള്‍ അന്താരഷ്ട്രക്രിക്കറ്റ് തന്നെ തെണ്ടുല്‍ക്കര്‍വല്‍ക്കരിയ്ക്കപ്പെട്ട എത്രയോ നാളുകളിലൂടെ നാം കടന്നുപോയി! എന്തും തെണ്ടുല്‍ക്കറില്‍ ചെന്ന് നില്‍ക്കുന്ന ഒരവസ്ഥ പലപ്പോഴും ഉണ്ടായി. ബ്രയന്‍ ലാറ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 275 റണ്ണുകള്‍ അടിച്ചപ്പോഴും പിന്നെ രണ്ട് പ്രാവശ്യം ലോക റെക്കോഡ് മറികടന്നപ്പോഴും 400-ഉം 500-ഉം ഒക്കെ ആ ബാറ്റില്‍ നിന്നും ഉണ്ടായപ്പോഴുമൊക്കെ അതിന്റെ സമ്മര്‍ദ്ദങ്ങള്‍ തെണ്ടുല്‍ക്കറില്‍ എത്തിയിരുന്നു. കണക്കുകള്‍ കൊണ്ട് എന്തൊക്കെ ചെയ്താലും അതിനപ്പുറത്തേയ്ക്ക് പ്രതീക്ഷിയ്ക്കുന്നവരെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല എന്ന് തെണ്ടുല്‍ക്കര്‍ അതിനോടകം തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ സ്വയം വെട്ടിയെടുത്ത വഴിയിലൂടെത്തന്നെ ആ യാത്ര തുടര്‍ന്നു. ഈ മനുഷ്യന് ഡോണ്‍ ബ്രാഡ്മാനെപ്പോലെ ക്രിക്കറ്റിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്താനുള്ള ഒരു ദൗത്യമുണ്ട് എന്ന് ആദ്യം പറഞ്ഞത് സുനില്‍ ഗവാസ്‌കര്‍ . കാലം ആ അവസരത്തെ രണ്ടു കൈകളും നീട്ടി സ്വീകരിയ്ക്കുകയും ചെയ്തു.

ഫൈസലാബാദിലും സിയാല്‍ക്കോട്ടിലും പാതിസെഞ്ച്വറികളുമായി മടങ്ങുന്ന പതിനാറുകാരന്റെ അഭിമാന ചിത്രങ്ങള്‍ എത്ര പെട്ടെന്നാണ് നിരാശകളിലേയ്ക്ക് വഴിപിരിഞ്ഞത്! ക്രൈസ്റ്റ്ചര്‍ച്ചില്‍ റിച്ചഡ് ഹാഡ്‌ലിയെ മെരുക്കി നേടിയ 88 റണ്ണുകള്‍ പോലൊരു ദുരന്തം പിന്നീടൊരിയ്ക്കല്‍ പോലും അനുഭവിച്ചിട്ടില്ല. കന്നി സെഞ്ച്വറി എന്ന് ഉറപ്പിച്ചത് കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെടുമ്പോള്‍ തെണ്ടുല്‍ക്കറേക്കാള്‍ ഉള്ളില്‍ക്കൊണ്ടത് നമുക്കായിരുന്നു. 22 വര്‍ഷങ്ങള്‍ക്ക്‌ശേഷം നൂറാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി അകന്നകന്ന് പോകുമ്പോള്‍ അതിലൊട്ടും തന്നെ അവിശ്വസനീയത തോന്നാതിരുന്നതും അതുകൊണ്ട് തന്നെയാവണം. കാത്തുനിന്ന് നേടാനുള്ള ഊര്‍ജ്ജം തെണ്ടുല്‍ക്കറില്‍ എന്നും നിലനിന്നതും ഈ ജീവിതപാഠത്തില്‍ നിന്നാവണം.

അങ്ങനെ കാത്തുകാത്തു നിന്ന ആ സുദിനവും വന്ന് ചേര്‍ന്നു. തീവ്രമായ ക്രിക്കറ്റ് പ്രണയം കൊണ്ടുനടക്കുന്നവര്‍ക്കൊക്കെ നിരാശയായിരുന്നു അന്നൊക്കെ. തെണ്ടുല്‍ക്കറേക്കാള്‍ പ്രതീക്ഷ അക്കാലത്ത് മറ്റൊരു ബോംബേക്കാരനിലായിരുന്നു. സഞ്ജയ് മഞ്ജ്‌രേക്കറില്‍. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ അടുത്ത ദശകത്തിലെ അമരക്കാര്‍ ആര്‍ എന്ന ചോദ്യത്തിനുള്ള ആദ്യ ഉത്തരമായിരുന്നു മഞ്ജ്‌രേക്കര്‍. സീനിയറിന്റെ നഷ്ടം തെണ്ടുല്‍ക്കര്‍ക്കുള്ള ഒരു ക്ഷണമായിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡിലെ ആദ്യത്തെ സെഞ്ച്വറി പിറക്കുമ്പോള്‍ 9 മാസത്തെ പരിചയം. ആകെ കളിച്ചതും 9 ടെസ്റ്റുകള്‍ . റോഡിലൂടെ ഡ്രൈവ് ചെയ്യാന്‍ കഷ്ടിച്ച് ഒരുവര്‍ഷം കൂടി കാത്തിരിക്കേണ്ടതായിട്ടുണ്ട്. മാഞ്ചെസ്റ്ററില്‍ ഡ്രൈവുകളുടെ പെരുമഴ. ബിബിസി ടെസ്റ്റ് മാച്ച് സ്‌പെഷ്യല്‍ എന്ന മറ്റൊരു വിസ്മയം അതൊക്കെ വള്ളിപുള്ളി വിടാതെ വീട്ടിലെത്തിച്ചു. ഇന്ന് ഹൈ ഡെഫിനിഷന്‍ ടെലിവിഷനില്‍ പോലും കാണാത്ത വിശദാംശാങ്ങള്‍ അവര്‍ പറഞ്ഞു തന്നു.

 

സിഡ്‌നി, പെര്‍ത്ത്, ജോഹാനസ്ബര്‍ഗ് - യാത്രകള്‍ അനുസ്യൂതം തുടര്‍ന്നു. 20 ടെസ്റ്റുകള്‍ കഴിഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ബാറ്റ്‌സ്മാന്‍ ലോകത്തിന്റെ സ്വത്തായി മാറി. ചണ്ഡീഗഡില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒരേയൊരു ഇന്നിങ്ങ്‌സ്. അത് മറ്റൊരു കാത്തിരിപ്പിന്റെ കഥയാണ്. അതവസാനിയ്ക്കുന്നത് ചെപ്പോക്കില്‍. പിന്നെ പത്ത് വര്‍ഷത്തിലേറെ നീണ്ട ബന്ധമായിരുന്നു എം.എ.ചിദംബരം സ്റ്റേഡിയവുമായിട്ട്. ചരിത്രം കുറിച്ച പലതും നടന്നത് അവിടെയാണ്. ഷെയ്ന്‍ വോണിനെ ദു:സ്വപ്നം കാണാന്‍ ശീലിപ്പിച്ച ഇന്നിങ്ങ്‌സും പുറം വേദനയോട് യുദ്ധം ചെയ്ത് പാകിസ്താനെ ഒറ്റയ്ക്ക് മെരുക്കിയ സെഞ്ച്വറി അവസാനത്തെ പതിനഞ്ച് മിനിറ്റുകളില്‍ ഒരു ദു:സ്വപ്നമായിട്ട് മാറിയതുമെല്ലാം ചെന്നൈയുടെ സ്വകാര്യനിമിഷങ്ങള്‍.

ചെപ്പോക്കിനേക്കാള്‍ സുകൃതം ചെയ്തത് നമ്മള്‍ തന്നെയാണ്. കാല്‍ നൂറ്റാണ്ടിനിടെ സംഭവിച്ചതെല്ലാം നമ്മുടെ സ്വകാര്യതയായിരുന്നു. കണക്കുകള്‍ കൊണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറെ അത്ഭുതപ്പെടുത്തുന്ന എതെങ്കിലും ഒരു ക്രിക്കറ്റര്‍ എന്നെങ്കിലുമൊക്കെ ഉയര്‍ന്ന് വരുമായിരിയ്ക്കാം- ഇല്ലായിരിയ്ക്കാം. എന്നാല്‍, ഒന്നുറപ്പ്. 'സച്ചിന്‍ ഔട്ടായില്ലേ, ഇനി ടിവി ഓഫാക്കി ഉറങ്ങിക്കോ' എന്ന് പറയുന്ന ഒരു മുത്തശ്ശിയും ഇനി ഉണ്ടാകാന്‍ പോകുന്നില്ല.
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment