അഞ്ച് കിലോ സിലിണ്ടറുകള്‍ ഇനി എല്ലാ പമ്പുകളിലും ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും അഞ്ച് കിലോ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ അനുവദിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. അഞ്ച് മെട്രോ നഗരങ്ങളില്‍ ആരംഭിച്ച പദ്ധതി വിജയമായതിനെത്തുടര്‍ന്നാണ് രാജ്യവ്യാപകമായി നടപ്പാക്കുന്നത്.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ അഞ്ച് കിലോ സിലിണ്ടറുകള്‍ വില്‍ക്കാന്‍ ഒക്ടോബറില്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. വിപണിവിലയായിരിക്കും ഇത്തരം സിലിണ്ടറുകള്‍ക്ക് ഈടാക്കുക. സിലിണ്ടര്‍ ആദ്യം സ്വന്തമാക്കാന്‍ 1000 രൂപയും നികുതിയും നല്‍കണം. റെഗുലേറ്റര്‍ ആവശ്യമെങ്കില്‍ 250 രൂപയും നികുതിയും കൂടുതല്‍ നല്‍കേണ്ടിവരും. വിപണിവിലയ്ക്കാകും ഗ്യാസ് നിറയ്ക്കുക.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രമുഖ എണ്ണക്കമ്പനികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത പമ്പുകളെയും ഇതിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. ഇത്തരം പമ്പുകള്‍ സുരക്ഷാചട്ടങ്ങള്‍ പാലിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിങ്ങനെ മൂന്ന് കമ്പനികള്‍ക്കായി ഏകദേശം 1,440 പെട്രോള്‍ പമ്പുകളാണ് ഉള്ളത്. ഐ.ടി. മേഖലയിലും ബി.പി.ഒ. അടക്കമുള്ള തൊഴില്‍മേഖലയിലുമുള്ള, വ്യക്തമായി തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
.........................................................................................................
Mathrubhumi