മധു ജനാര്‍ദനന്‍
12 വര്‍ഷംമുമ്പ് എം.എസ്. ബാബുരാജിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കുന്നതിന്റെ ഭാഗമായി, കുടുംബമായി കോഴിക്കോട്ട് താമസിക്കുന്ന ഒരു ഉത്തരേന്ത്യന്‍ തെരുവുഗായകസംഘത്തെ ഞങ്ങള്‍ ഷൂട്ടുചെയ്യുകയായിരുന്നു. ബസ്സ്റ്റാന്‍ഡില്‍ ഷൂട്ട് നടക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എന്നെ കൂട്ടത്തില്‍നിന്ന് മാറ്റിനിര്‍ത്തി. കോഴിക്കോട്ടെ പ്രസിദ്ധനായ ഒരു പഴയകാല വയലിനിസ്റ്റിന്റെ അഭിമുഖം ചിത്രീകരിക്കാതെ ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കരുതെന്ന് പറഞ്ഞു. അയാളുടെ വയലിനിന്റെ അകമ്പടിയില്ലെങ്കില്‍ ബാബുരാജിന് സംഗീതസംവിധാനം നിര്‍വഹിക്കാന്‍ കഴിയുകയില്ലായിരുന്നെന്നും അയാള്‍ അവകാശപ്പെട്ടു. ബാബുരാജ് മരിച്ചതിനുശേഷംമാത്രം ജനിച്ച ഈ യുവാവ് താന്‍ പരാമര്‍ശിച്ച വയലിനിസ്റ്റിന്റെ ശിഷ്യനാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
യാഥാര്‍ഥ്യമോ ഫാന്റസിയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഭൂതകാല പുരാവൃത്തങ്ങളിലെ നായകരില്‍ ഏറ്റവും പ്രധാനിയാണ് എം.എസ്. ബാബുരാജ്. നിശ്ശബ്ദത കഴിഞ്ഞാല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാധ്യമമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീതത്തിന്റെ ഒരു ചക്രവര്‍ത്തിയെക്കുറിച്ച് കഥകള്‍ സങ്കല്പിക്കാത്ത സമൂഹത്തെയേ ഭയപ്പെടേണ്ടതുള്ളൂ. സംഗീതം ബാബുരാജിന് എന്തായിരുന്നു അഥവാ എങ്ങനെയായിരുന്നു ആ മെലഡികള്‍ രൂപപ്പെട്ടത് എന്ന പഠനം ഇനിയും നടക്കേണ്ടതുണ്ട്. ആ സര്‍ഗസൃഷ്ടികള്‍ക്കുള്ളിലെ ഭാവതലങ്ങളാണോ അതോ നിര്‍വചനങ്ങള്‍ക്കതീതമായ മാസ്മരികതയാണോ ഈ ജനപ്രിയതയ്ക്ക് കാരണമെന്നത് അജ്ഞാതമാണ്.
കലാകാരിയായ അമ്മയുടെ പാരമ്പര്യമാണോ അതോ അനാഥബാല്യമാണോ ചാപ്ലിന്‍ എന്ന ജീനിയസിനെ സൃഷ്ടിച്ചത് എന്നതിന് സമാനമായ പ്രഹേളികയാണ്, കിഴക്കന്‍ ബംഗാളിലെ ഖവാലി ഗായകനായ മുഹമ്മദ് എന്ന ജാന്‍ മുഹമ്മദിന്റെ പിതൃത്വമാണോ അതോ മുഹമ്മദ് സാബിര്‍ ബാബുവിന്റെ കേരളത്തിലെ ബാല്യമാണോ ഈ ഭാവഗായകനെ മലയാളത്തിന് നല്‍കിയതെന്നത്. മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളോടെയും ജീവിക്കുന്നതിനിടയില്‍ത്തന്നെയാണ് ഇവര്‍ ക്ലാസിക്കുകള്‍ സൃഷ്ടിച്ചത്.
മരിച്ചിട്ട് 35 വര്‍ഷമായെങ്കിലും ബാബുരാജിന്റെ പാട്ടുകളില്ലാതെ കേരളത്തിലെ ഒരു മെഹ്ഫിലും ഇന്നും പൂര്‍ണമാവില്ല, ചലച്ചിത്ര ഗാനശാഖയെക്കുറിച്ചുള്ള ഒരു ചിന്തയും ആരംഭിക്കാനുമാവില്ല എന്ന യാഥാര്‍ഥ്യമാണ്, ഒക്ടോബര്‍ 7-നെ മലയാളത്തിലെ കലണ്ടറുകള്‍ ഈയര്‍ഥത്തില്‍ രേഖപ്പെടുത്തിയില്ലെങ്കിലും മലയാളികള്‍ ഓര്‍ത്തുവെക്കുന്നത്.
മനുഷ്യജീവിതത്തിന്റെ സ്ഥായിയായ എല്ലാ ഭാവങ്ങളും ആവിഷ്‌കരിച്ചതിലൂടെയാണ് പരുക്കനും അരസികനുമായ ഒരാള്‍പോലും ബാബുരാജ് ആരാധകനാകുന്നത്. പ്രണയം, വിരഹം, പ്രതീക്ഷ, നിരാശ, ഏകാന്തത, ആഹ്ലാദം, ഉന്മാദം, ആഘോഷം, ഭ്രമാത്മകത, മരണം എന്നിങ്ങനെയുള്ള വികാരങ്ങളില്‍മാത്രം അത് പരിമിതപ്പെടുന്നില്ല.
ജീവിതത്തില്‍ ഒരിക്കല്‍പോലും കാണാത്ത ആരാധകനുപോലും ബാബുരാജ് ബാബുക്കയാണ്. അഭൗമമായ ഒരു സ്‌പേസില്‍ അയാള്‍ക്ക് ബാബുക്കയെ കാണാനും അറിയാനുമാകുന്നുണ്ട്. ബാബുക്ക അയാളുടെ ആത്മാവിലെ നിശ്ശബ്ദത പാടുന്നത് അയാള്‍ക്ക് കേള്‍ക്കാനാകുമെന്നതാണ് ഇങ്ങനെ അതിഭൗതികമായ ഒരു ബന്ധം അവര്‍ക്കിടയില്‍ കെട്ടുന്നത്.
സുഹൃദ്‌സംഘങ്ങള്‍ക്കിടയില്‍ ഇരുന്നുകൊണ്ടാണ് തന്റെ മികച്ച ഗാനങ്ങളൊക്കെയും ബാബുക്ക കമ്പോസ്‌ചെയ്തിട്ടുള്ളതെന്ന് നടന്‍ മാമുക്കോയ പറഞ്ഞുകേട്ടിട്ടുണ്ട്. പാട്ട് കമ്പോസ്‌ചെയ്യുമ്പോള്‍ ബാഹ്യമായി ഒരേകാന്തത അത്യാവശ്യമായിരുന്നില്ല ബാബുക്കയ്ക്ക് എന്നും ഈ പ്രക്രിയ്ക്കുവേണ്ട അവധാനത അദ്ദേഹത്തിന്റെ ഉള്ളില്‍ത്തന്നെ ഉണ്ടായിരുന്നെന്നും വേണം അനുമാനിക്കാന്‍. ആദ്യം കൊടുത്ത ട്യൂണ്‍ നന്നായിട്ടില്ലെന്ന് സുഹൃത്തുക്കളുടെ മുഖത്തുനിന്ന് മനസ്സിലാക്കി ഹാര്‍മോണിയത്തിന്റെ മുന്നില്‍നിന്ന് എഴുന്നേറ്റ് പുറത്തുപോകുന്ന ബാബുക്ക ഒന്ന് കറങ്ങിത്തിരിച്ചുവന്ന് പാടുന്നത് ഒരു മാസ്റ്റര്‍ പീസായിരുന്നുവെന്ന് മാമുക്കോയ ഓര്‍ക്കുന്നു.
ആന്തരികചോദനപോലെത്തന്നെ സംഗീതം അദ്ദേഹത്തിന് സാമൂഹിക പരിപ്രേക്ഷ്യമുള്ള സര്‍ഗാത്മകത കൂടിയായിരുന്നു. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടി ഒരു കാലത്ത് ബാബുരാജും കോഴിക്കോട് അബ്ദുള്‍ ഖാദറും നൂറുകണക്കിന് വേദികളില്‍ പാട്ടുപാടിയിരുന്നു.
എം.എസ്. ബാബുരാജ്-മിത്തും മനസ്സും എന്ന ഡോക്യുമെന്ററിയില്‍ കോഴിക്കോട്ടെ ഒരു കള്ളുഷാപ്പില്‍വെച്ച് ഒരു പാട്ട് ഷൂട്ട്‌ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മാനേജരുടെ സമ്മതത്തോടെ ഷൂട്ടുചെയ്യാന്‍ ഒരുങ്ങുന്നതിനിടയില്‍ അന്ന് ഷാപ്പുകള്‍ നിയന്ത്രിച്ചിരുന്ന സഹകരണസംഘത്തിന്റെ ഉത്തരവാദപ്പെട്ട ഒരു വ്യക്തി വരികയും അദ്ദേഹത്തിന്റെ മേല്‍ഘടകത്തിലുള്ള നേതാക്കളുടെ ഫോണ്‍വഴി ബന്ധപ്പെടുകയും ചെയ്തു.ബാബുരാജ് തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആളായിരുന്നെന്നും അയാളെ കള്ളുകുടിയനായി ചിത്രീകരിച്ചാല്‍ ഞങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാബുരാജിന്റെ പാര്‍ട്ടി അംഗത്വമല്ല അദ്ദേഹത്തിന്റെ പാട്ടിന്റെ ജനപ്രിയതയാണ് ഞങ്ങളുടെ വിഷയമെന്ന് ഞാന്‍ പറഞ്ഞു.
ഒരു കാര്യം വ്യക്തമാണ്. ബാബുരാജിന്റെ കോപ്പിറൈറ്റ് എച്ച്.എം.വി.യിലോ അദ്ദേഹത്തിന്റെ കുടുംബത്തിലോ അദ്ദേഹത്തില്‍ത്തന്നെയോ നിക്ഷിപ്തമല്ല. അത് കാലാകാലമായി അദ്ദേഹത്തിന്റെ പാട്ടുകളെ സ്‌നേഹിക്കുന്നവര്‍ക്കും അത് പാടിനടക്കുന്നവര്‍ക്കുമുള്ളതാണ്. ഏത് പാമരനും അതില്‍ ഒരു പങ്കുണ്ട്.
ഉസ്താദ് മെഹ്ദി ഹസന്‍, ഉസ്താദ് ഗുലാം അലി എന്നിവര്‍ക്കൊപ്പം ഇന്നും മലയാളികളുടെ മെഹ്ഫിലുകള്‍ക്കിടയില്‍ ബാബുരാജ് ഒരു സാന്ദ്രസാന്നിധ്യമാകുന്നത് അദ്ദേഹം നമ്മുടെ മൗനങ്ങള്‍ ആലപിച്ചതുകൊണ്ടാണ്.
--
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment