ചില നാടന്‍പാട്ടുകള്‍ വായിക്കാം...
Art: Gio McCluskey
പൊണ്ണന്‍പോത്ത് വാഴ തിന്നു
ആ അരിവാളെവിടെ പോയെടി
മധുരങ്കോടി പൊന്നമ്മേ?
ആ അരിവാളല്ലേ ഇന്നലെ
നെല്ലു കൊയ്യാന്‍ പോയത്.
ആ നെല്ല് എവിടെ പോയെടി
മധുരങ്കോടി പൊന്നമ്മേ ?
ആ നെല്ല് അല്ലേ ഇന്നലെ
ഉമി കളഞ്ഞു വെച്ചത്.
ആ ഉമി എന്തു ചെയ്‌തെടി
മധുരങ്കോടി പൊന്നമ്മേ ?
ആ ഉമിയല്ലേ ഇന്നലെ
വാഴച്ചോട്ടില്‍ വിതറിയത്
ആ വാഴ എന്തു ചെയ്‌തെടി
മധുരങ്കോടി പൊന്നമ്മേ?
ആ വാഴയല്ലേ ഇന്നലെ
പൊണ്ണന്‍പോത്ത് തിന്നത്.
മുയ്യ്
തോട്ടിലൊളിക്കും മുയ്യേ
നീയെന്നോടു കളിക്കണ്ട
എന്നോടു കളിച്ചാല്‍ നിന്നെ
ചൂണ്ടലിട്ടു പിടിക്കും ഞാന്‍
ചൂണ്ടലിട്ടു പിടിച്ചിട്ട്
നന്നായ് കല്ലിലുരച്ചിട്ട്
ഉപ്പും മുളകും തേച്ചിട്ട്
ചട്ടീലിട്ടു പൊരിക്കും ഞാന്‍.
കക്കരിക്ക
കരിയില കരിച്ച തടത്തില്
കക്കരി നട്ടൂ ബാപ്പുട്ടി
മുളച്ചു പൊങ്ങീ കക്കരിവള്ളി
വെണ്ണീര്‍ വിതറി ബാപ്പുട്ടി.
പാറ്റി നനച്ചൂ ബാപ്പുട്ടി
പന്തലു കെട്ടീ ബാപ്പുട്ടി
പന്തല്‍ നിറച്ചും കക്കരിവള്ളി
പടര്‍ന്നു കേറി, പൂവിട്ടു.
പച്ചടി വെക്കാന്‍ കക്കരിക്ക
പറിച്ചെടുത്തൂ ബാപ്പുട്ടി
അങ്ങേ വീട്ടിലുമിങ്ങേവീട്ടിലും
കൊണ്ടുകൊടുത്തൂ ബാപ്പുട്ടി
മൂത്തു മുരച്ചൊരു കക്കരിക്ക
വിത്തിനു വെച്ചൂ ബാപ്പുട്ടി.
നുണകള്‍
ആലത്തൂരാലിന്മേല്‍ അഞ്ചെട്ടു ചക്ക
നേരാണ്, ചങ്ങാതീ ഞാന്‍ കണ്ടതാണേ
മുന്നാഴി വെള്ളത്തില്‍ മൂന്നാന മുങ്ങ്യേ
പൊളിയല്ല, ചങ്ങാതീ ഞാന്‍ കണ്ടതാണേ
കൊച്ചീലൊരച്ചിക്കു മീശമുളച്ചേ
കളവല്ല, ചങ്ങാതീ ഞാന്‍ കണ്ടതാണേ
പത്തായം നീങ്ങീ രണ്ടീച്ച ചത്തേ
നുണയല്ല, ചങ്ങാതീ ഞാന്‍ കണ്ടതാണേ.
കോഴി കൊത്തല്ലേ
തത്തമ്മേ, തത്തമ്മേ എന്നെ
കോഴി കൊത്തല്ലേ
കോഴി കൊത്ത്യാലോ എന്റെ
മാല പൊട്ടൂലോ
മാല പൊട്ട്യാലോ എന്നെ
അമ്മ തല്ലൂലോ
അമ്മ തല്ല്യാലോ എന്നെ
അച്ഛന്‍ കൊല്ലൂലോ
അച്ഛന്‍ കൊന്നാലോ എന്നെ
ചിതലരിക്കൂലോ
ചിതലരിച്ചാലോ എന്നെ
കോഴി കൊത്തൂലോ.
എനിക്കു വയ്യേ
പത്തായം തുറന്നിത്തിരി
നെല്ലെടുക്കെടി പെണ്ണേ
എനിക്കു വയ്യേ- എന്നെ
എലി കടിച്ചു തിന്നാലോ ?
ഇത്തിരി നെല്ല് ഉരലിലിട്ട്
ഇടിച്ചു തായോ പെണ്ണേ
എനിക്കു വയ്യേ - ചെറുക്കന്മാര്‍
ഒളിഞ്ഞു നോക്ക്യാലോ ?
അടുക്കളയില്‍ ചെന്നിട്ടിത്തിരി
അരിവെക്കാന്‍ വാ പെണ്ണേ
എനിക്കു വയ്യേ - അടുപ്പെന്നെ
തുറിച്ചു നോക്ക്യാലോ ?
മടിയന്‍
നെല്ലു കൊയ്യാന്‍ വാടാ
എനിക്കു വയ്യെന്റെമ്മേ
നെല്ലു കുത്തെട മടിയാ
എനിക്കു വയ്യെന്റെമ്മേ
കഞ്ഞി വെക്കെട തടിയാ
എനിക്കു വയ്യെന്റെമ്മേ
കഞ്ഞി കുടിക്കാന്‍ വാടാ
അങ്ങനെ പറയെന്റെമ്മേ.
(തേനൂറും നാടന്‍ പാട്ടുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment