കുഴപ്പങ്ങള്‍ക്കു കാരണം ശാലുവിന്റെ വരവ്
Story Dated: Wednesday, September 18, 2013 04:31
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു തീപിടിച്ചത് സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ ചില വെളിപ്പെടുത്തലുകളോടെ ആയിരുന്നു. കേസില്‍ ചില ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സരിതയുടെ മൊഴി ശരിയായി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്നു സരിത കോടതിയെ സമീപിച്ചു. പറയാനുള്ളത് എഴുതി നല്‍കുവാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സരിത ഫെനി ബാലകൃഷ്ണന് 21 പേജ് കുറിപ്പു കൈമാറി. മൊഴിയില്‍ പരാമര്‍ശിക്കുന്ന ഉന്നതരുടെ പേരുകള്‍ പുറത്തുവിടുമെന്നും. അതു ദേശീയ- സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കുമെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. വെറുമൊരു സാമ്പത്തിക തട്ടിപ്പുകേസില്‍പെട്ട് കേരള രാഷ്ട്രീയം ആടിയുലഞ്ഞു. ഇതിനെത്തുടര്‍ന്ന് പരാതി തയാറാക്കി നല്‍കുന്നതില്‍ നിന്നും ഫെനിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി വിലക്കി. സരിത വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നും അവര്‍ സ്വന്തം കൈപ്പടയില്‍ പരാതി എഴുതണമെന്നും അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ദിവസങ്ങള്‍ക്കുശേഷം സരിത സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ പരാതിയിലെ കടലാസുകളുടെ എണ്ണം വെറും നാലായി ചുരുങ്ങി. ഉന്നതന്‍മാരുടെ പേരുകള്‍ ആവിയായിപ്പോയി. അതിലുള്ളതാവട്ടെ മാധ്യമങ്ങള്‍ക്കും ബിജു രാധാകൃഷ്ണനും എതിരേയുളള കുറ്റപ്പെടുത്തലുകള്‍ മാത്രം.
നടന്ന കാര്യങ്ങള്‍ ഫെനി ബാലകൃഷ്ണന്‍ മംഗളത്തോടു പറയുന്നു
? സരിതയുമായും ബിജുവുമായും എങ്ങിനെയാണു പരിചയം.
സരിതയുടെയും ബിജുവിന്റെയും ചില ചെക്ക് കേസുകള്‍ അഞ്ചു കൊല്ലം മുമ്പ് ഞാന്‍ നടത്തിയിട്ടുണ്ട്. ബിജുവിന്റെ ഒരു ബന്ധുവാണ് അവരെ എനിക്കു പരിചയപ്പെടുത്തുന്നത്. ഭാര്യാ ഭര്‍ത്താക്കന്‍മാരാണ് എന്നാണ് എന്നോടന്നു പറഞ്ഞത്. അതിനു ശേഷം വീണ്ടും അവരെ കാണുന്നത് ഈ വര്‍ഷമാണ്. ശാലു മേനോന്റെ സ്‌കൂളില്‍ എന്റെ മകള്‍ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ഒരു പരിപാടിയില്‍ ബിജു മുഖ്യാതിഥി ആയിരുന്നു. അവിടെ വെച്ചാണ് സൗഹൃദം പുതുക്കുന്നത്. ചില പ്രശ്‌നങ്ങളും കേസുകളുമൊക്കെയുണ്ട് സാര്‍ സഹായിക്കണം എന്നു ബിജു പറഞ്ഞു.
? സോളാര്‍ കേസില്‍ ഇടപെടുന്നത് എപ്പോഴാണ്.
അന്നു കണ്ടതിനുശേഷം കുറച്ചു ദിവസം കഴിഞ്ഞ് ബിജു വീണ്ടും വിളിച്ചു. തിരുവനന്തപുരത്ത് ഉപഭോക്തൃ കോടതിയില്‍ ചില കേസുകള്‍ ഉണ്ടെന്നും അതു പരിഹരിക്കാന്‍ സഹായിക്കണമെന്നും പറഞ്ഞു. ബിജു പിന്നീടു വിളിച്ചത് സരിതയുമായി ചില പ്രശ്‌നങ്ങള്‍ പറയാനാണ്. കുട്ടിയുടെ സംരക്ഷണ ചുമതല തനിക്കു വേണമെന്നും അതിനായി നിയമ നടപടി നീക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് സരിത എന്നെ വിളിച്ചു. ബിജു ഞാനുമായി ബന്ധപ്പെട്ടകാര്യം തിരക്കി. ഞാന്‍ വിവരങ്ങള്‍ സരിതയെ ധരിപ്പിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇരുവരും എന്റെ വീട്ടില്‍ എത്താം എന്ന് സമ്മതിച്ചു. പിന്നീട് ഇരുവരും വന്നു കണ്ടു സംസാരിച്ചപ്പോഴാണ് ഞാന്‍ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നത്. ആറു കോടി രൂപയ്ക്കടുത്ത് ബാധ്യത ഇരുവര്‍ക്കും ഉണ്ടെന്നും. അതില്‍ രണ്ടു കോടി സരിത കൊടുത്തു തീര്‍ത്തു എന്നും പറഞ്ഞു. ബാധ്യതകള്‍ വരുത്തി വെച്ചത് ബിജു ആണെന്നും അതുകൊണ്ട് കരാര്‍ ഉണ്ടാക്കി ബിജു അതെല്ലാം ഏറ്റെടുക്കണമെന്നും സരിത ആവശ്യപ്പെട്ടു. തുടര്‍ന്ന് കരാര്‍ തയ്യാറാക്കി ഇരുവരും ഒപ്പിട്ടു. പണം കൊടുക്കാനുണ്ടായിരുന്ന ഇടപാടുകാരുമായി ഞാന്‍ സംസാരിച്ചു. എന്നാല്‍ അവരോടു സമ്മതിച്ച ദിവസങ്ങളില്‍ പണം നല്‍കാന്‍ ബിജുവിനു കഴിഞ്ഞില്ല. അതേത്തുടര്‍ന്ന് കേസുകളുടെ സ്വഭാവം മാറി. പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്ന് സരിതയെ അറസ്റ്റു ചെയ്തു. ബിജു ഒളിവില്‍ പോയി.
? ബിജുവിന്റെ അഭിഭാഷകനായ താങ്കള്‍ സരിതയുടെ കേസുകള്‍ ഏറ്റെടുക്കാന്‍ കാരണം.
സരിതയാണ് ആദ്യം അറസ്റ്റിലാവുന്നത്. തുടര്‍ന്ന് ബിജു എന്നെ ബന്ധപ്പെട്ട് എന്തു ചെയ്യണം എന്ന് ആരാഞ്ഞു. നിങ്ങളും അറസ്റ്റിലാകും അതിനുമുമ്പ് കീഴടങ്ങുന്നതാണു നല്ലത് എന്നു ഞാന്‍ പറഞ്ഞു. പക്ഷേ ബിജു അതിന് തയ്യാറായിരുന്നില്ല. താല്‍പ്പര്യം ഉണ്ടെങ്കില്‍ സരിതയുടെ വക്കാലത്ത് ഏറ്റെടുക്കാമെന്നും ബിജു പറഞ്ഞു. പിന്നീട് സരിതയുടെ അമ്മ എന്നെ വിളിച്ചു കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു.
? സരിതയുടേയും ബിജുവിന്റേയും സോളാര്‍ കമ്പനി തട്ടിപ്പുനടത്താനായി തുടങ്ങിയ ഒന്നായിരുന്നോ.
എന്നു ഞാന്‍ കരുതുന്നില്ല. കാരണം അവരുടെ കമ്പനി രജിസ്‌ട്രേഡാണ്. കമ്പനി നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. കൃത്യമായി നികുതി അടയ്ക്കുന്നുണ്ടായിരുന്നു. സാങ്കേതിയ വൈദഗ്ധ്യം ഉള്ളവര്‍ കമ്പനിയില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.
അവര്‍ പലര്‍ക്കും സോളാര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു നല്‍കിയിട്ടുമുണ്ട്. പക്ഷേ പണം കൈാര്യം ചെയ്യുന്ന കാര്യത്തില്‍ ചുവടു പിഴച്ചു. ശാലുവിന്റെ കടന്നുവരവാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ബിജുവാണ് ബാധ്യതകള്‍ വരുത്തിവെച്ചതെന്നും വകമാറ്റി ബിജു ശാലുവിനു പണം നല്‍കി എന്നും സരിത പറഞ്ഞു.
? സരിത പറയുന്നത് സത്യമാണെന്നു കരുതുന്നുണ്ടോ.
കേസുകൊടുത്ത പലരുമായും ഞാന്‍ സംസാരിച്ചിരുന്നു. അതില്‍ പലര്‍ക്കും പണം മടക്കി നല്‍കാന്‍ സരിത ശ്രമിച്ചിരുന്നു. കേസ് കൊടുത്ത സജാദ് എന്നയാളില്‍നിന്നു നാല്‍പ്പതു ലക്ഷം രൂപയാണ് കൈപ്പറ്റിയത്. പക്ഷേ പദ്ധതി സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സരിത ഏഴര ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി
പണം നല്‍കാന്‍ സാവകാശം ചോദിച്ചു. എന്നാല്‍ പറഞ്ഞ സമയത്ത് പണം മടക്കി നല്‍കാനായില്ല. തുടര്‍ന്നാണ് കേസായത്. ഒരാള്‍ കേസ് കൊടുത്തതിനെത്തുടര്‍ന്ന് ബാക്കിയുള്ളവരും ഓടിപ്പോയി പരാതികൊടുത്തു. അങ്ങിനെയാണ് അവര്‍ ഊരാക്കുടുക്കിലാവുന്നത്.
എന്തായാലും തട്ടിപ്പിനുവേണ്ടി തുടങ്ങിയ സ്ഥാപനമല്ല അവരുടേത്. പണം കൈകാര്യം ചെയ്യുന്നതില്‍ പാളിച്ചപറ്റി. അതിനകത്ത് എന്തു നടന്നു എന്ന കാര്യം എനിക്ക് അറിയില്ല.
? സരിതയുടെ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി താങ്കള്‍ക്കു കൈമാറിയ 21 പേജുള്ള മൊഴി പിന്നീട് കോടതിയില്‍ എത്തിയപ്പോള്‍ എങ്ങിനെ വെറും നാലു പേജായി.
ഞാന്‍ സരിതയുടെ അഭിഭാഷകനാണ്. അവരുടെ താല്‍പര്യ പ്രകാരമാണ് ഞാന്‍ പ്രവര്‍ത്തിക്കുക. സരിത കോടതിയില്‍ മൊഴി കൊടുത്തുകഴിഞ്ഞു. അതുതന്നെയാണ് സരിതയുടെ മൊഴി. സരിതയുടെ മൊഴി അട്ടിമറിച്ചുവെന്നു മാധ്യമങ്ങള്‍ പറയുന്നതാണ്. അതെന്തായാലും എനിക്ക് അതില്‍ റോളില്ല. കാരണം മൊഴികൊടുക്കുംവരെ സരിതയെ കാണാന്‍ എനിക്ക് കോടതിയുടെ വിലക്കുണ്ടായിരുന്നു. ജയിലില്‍ എന്നെ കയറ്റിവിട്ടില്ല
? കക്ഷിയെ കാണാന്‍ അഭിഭാഷകനെ വിലക്കിയ നടപടി പതിവുള്ളതല്ല. എന്നിട്ടും താങ്കള്‍ എന്തുകൊണ്ടത് ചോദ്യം ചെയ്തില്ല.
കോടതിയില്‍ കൊടുക്കാനുള്ള മൊഴി തയ്യാറാക്കാന്‍ സരിത എനിക്കു തന്ന കുറിപ്പില്‍ 21 പേജുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ സരിത തന്നെ എഴുതി തരട്ടേയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. സരിതയെ കാണുന്നതില്‍ നിന്ന് എന്നെ വിലക്കുകയും ചെയ്തു. അപ്പോള്‍ എനിക്കതില്‍ അസ്വാഭാവികത തോന്നിയില്ല. സരിത സ്വയം തയാറാക്കി നല്‍കുന്ന മൊഴി കോടതി ഭാഷയില്‍ ആയിരിക്കില്ല എന്നേ ഉളളൂ. സരിത തന്ന കുറിപ്പിലെ കാര്യങ്ങള്‍ സ്വയം തയ്യാറാക്കുന്ന മൊഴിയിലും ഉണ്ടാവും എന്നാണു ഞാന്‍ വിശ്വസിച്ചിരുന്നത്. മജിസ്‌ട്രേറ്റ് അത് പോലീസിലേക്ക് അയക്കുമെന്നും കരുതി. പിന്നീട് മാധ്യമങ്ങളിലൂടെയാണ് സരിത നല്‍കിയ മൊഴിയില്‍ നാലുപേജ് മാത്രമേ ഉള്ളൂ എന്നും ഉന്നതരെക്കുറിച്ചൊന്നും പരാമര്‍ശം ഇല്ലെന്നും ഞാന്‍ അറിഞ്ഞത്.
? മൊഴിയില്‍ മാറ്റം വന്നതിനെക്കുറിച്ച് താങ്കള്‍ സരിതയോട് പിന്നീട് ചോദിച്ചോ.
താന്‍ മൊഴി എഴുതി കൊടുത്തുവെന്നും അതില്‍ ബിജുവില്‍ നിന്നും ഭീഷണി ഉണ്ടെന്നും മറ്റും പറഞ്ഞിട്ടുണ്ടെന്നും സരിത പറഞ്ഞു. ഞാന്‍ ആദ്യമൊഴിയെക്കുറിച്ച് ഒന്നും ചോദിക്കാന്‍ പോയില്ല. അഭിഭാഷകന്‍ എന്ന നിലയില്‍ എന്റെ കക്ഷി പറയുന്നതാണ് എന്റെ നിലപാട്. 21 പേജ് എങ്ങിനെ നാലുപേജായെന്നോ ഉന്നതരുടെ പേരുകള്‍ എവിടെ പോയെന്നോ ഞാന്‍ ചോദിച്ചില്ല. എന്റെ കക്ഷിയുടെ താല്‍പര്യം എന്താണോ അത് സംരക്ഷിക്കുകയാണ് എന്റെ ജോലി. എന്റെ കൈയിലിരിക്കുന്ന കടലാസ് എന്തു ചെയ്യണം എന്നു മാത്രം ചോദിച്ചു. അതു നശിപ്പിച്ചു കളയാനായിരുന്നു മറുപടി. വിവരങ്ങള്‍ അമ്മയോടു പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു. എന്തെങ്കിലും ഭീഷണിയോ സമ്മര്‍ദ്ദമോ ഉണ്ടോ എന്നു ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു സരിതയുടെ ഉത്തരം. ഒരുപക്ഷേ അവര്‍ക്കു തോന്നിക്കാണും ഒന്നും വേണ്ടാ എന്ന്. അങ്ങനേയും ആവാമല്ലോ?
? കോടതിയില്‍ നല്‍കാനുള്ള മൊഴി തയ്യാറാക്കാന്‍ സരിത താങ്കളെ ഏല്‍പ്പിച്ച കുറിപ്പിലെ വിവരങ്ങള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത് ശരിയാണോ.
ആ വിവരങ്ങള്‍ ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമോ സ്വാര്‍ത്ഥ ലാഭത്തിനായോ അല്ല വെളിപ്പെടുത്തിയത്.വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സരിത തന്നെ എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഉന്നതരില്‍ പലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നു സാര്‍ പറയണമെന്നും സരിത എന്നോട് ആവശ്യപ്പെടുകയായിരുന്നു.
? അങ്ങനെ വെളിപ്പെടുത്തുന്നതിലൂടെ ബ്‌ളാക് മെയിലിംഗ് ആണോ ഉദ്ദേശിച്ചത്.
എനിക്കറിയില്ല. അതിനുശേഷം എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. സരിതയെ ആരെങ്കിലും ബന്ധപ്പെട്ടോ എന്ന കാര്യം എനിക്കറിയില്ല.
? ആ കടലാസുകള്‍ താങ്കള്‍ എന്തു ചെയ്തു.
സരിത ആവശ്യപ്പെട്ട പ്രകാരം അതു കത്തിച്ചു കളഞ്ഞു. സരിതയുടെ ബന്ധുക്കള്‍തന്നെയാണ് എന്റെ സാന്നിധ്യത്തില്‍ അതു ചെയ്തത്.
പത്തനം തിട്ട ജയിലില്‍ വച്ചാണ് സരിത 21 പേജുള്ള കുറിപ്പ് എനിക്ക് കൈമാറുന്നത്. ചില ഉന്നതരൊക്കെ ഉള്‍പ്പെട്ട കുറെ കാര്യങ്ങള്‍ അതില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു. കോടതിക്ക് സമര്‍പ്പിക്കാന്‍ കഴിയുന്ന രൂപത്തില്‍ ആയിരുന്നില്ല അത്. ഞാനത് കോടതിയില്‍ കൊടുക്കാനുള്ള രൂപത്തിലാക്കിയിരുന്നു. അതുകൊണ്ട് അതിലെ വിവരങ്ങള്‍ എല്ലാം വ്യക്തമായി എനിക്കറിയാം.
? ആ 21 പേജുകളില്‍ ആരെയെല്ലാം പരാമര്‍ശിച്ചിരുന്നു.
അതിനൊക്കെ ഇനി കടലാസിന്റെ വിലപോലുമില്ല. സരിത കോടതിയില്‍ നല്‍കിയതാണ് അവരുടെ മൊഴി. സരിത പറഞ്ഞാല്‍ മാത്രമേ ഇനി ഞാന്‍ ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തൂ. സരിത ആവശ്യപ്പെട്ടാല്‍ മാത്രം.
? സരിതയുടെ വക്കാലത്ത് ഒഴിയാന്‍ താങ്കള്‍ തയ്യാറായെന്നും. സരിത താങ്കളുടെ വക്കാലത്ത് ഒഴിയാന്‍ തീരുമാനിച്ചെന്നും ഇടയ്ക്കു കേട്ടല്ലോ.
ഇതു രണ്ടും ശരിയല്ല. അട്ടക്കുളങ്ങര ജയിലില്‍ സരിതയെക്കാണാന്‍ 29 പേര്‍ അപേക്ഷ നല്‍കി. അതില്‍ ഒന്‍പതുപേര്‍ അഭിഭാഷകരായിരുന്നു. ജയില്‍ അധികൃതര്‍ അക്കാര്യം സരിതയെ അറിയിച്ചപ്പോള്‍ എനിക്ക് ഒരു വക്കീലിനേയും കാണേണ്ട എന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം അധികൃതര്‍ സന്ദര്‍ശകരെ അറിയിച്ചു. അതു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സരിതയ്ക്ക് എന്നെ കാണേണ്ട എന്നു പറഞ്ഞു എന്നായി. അങ്ങനെയൊരു വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് സരിത ജഡ്ജിയോടുനേരിട്ടു പറഞ്ഞു ഫെനിതന്നെയാണ് തന്റെ അഭിഭാഷകനെന്ന്.
? സരിത സ്വന്തം കൈപ്പടയില്‍ പരാതി നല്‍കട്ടെ എന്ന കോടതിയുടെ നിര്‍ദ്ദേശത്തില്‍ അസ്വാഭാവികത തോന്നിയോ.
നിയമ സേവനം കിട്ടാന്‍ കക്ഷിക്കും അതു കൊടുക്കാന്‍ വക്കീലിനും അവകാശമുണ്ട്. പക്ഷേ കോടതി എന്തിനങ്ങനെ ചെയ്തു എന്നു മനസിലായില്ല. എനിക്ക് തന്നതുപോലെ കോടതിയിലും എഴുതി നല്‍കട്ടെ എന്നു ഞാന്‍ കരുതി. മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയില്ല എന്നതാണ് പ്രധാന ആരോപണം. അങ്ങിനെ മൊഴി എഴുതിയെടുക്കണം എന്നു ചട്ടമൊന്നുമില്ല. അത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്. സരിത സംസാരിച്ചുതുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എഴുതി നല്‍കിയാല്‍ മതി എന്നു പറഞ്ഞു. അതില്‍ അസ്വാഭാവികത ഇല്ല. മൊഴി വേണ്ട എന്നു പറഞ്ഞില്ല. വക്കീലിന്റെ സഹായം വേണമെന്നു സരിത പറഞ്ഞു. എന്നോട് അതിനുള്ള അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പിന്നീട് പത്തനംതിട്ട ജയിലില്‍ പോയപ്പോഴാണ് സരിത അതെല്ലാം എഴുതി എനിക്കു തന്നത്. അടുത്ത ദിവസമാണ് കാര്യങ്ങള്‍ മാറിയത്. എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടില്ല. സരിത നേരിട്ട് എഴുതി നല്‍കിയാല്‍ മതി എന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. എനിക്ക് അവരെ ജയിലില്‍ കാണാനും വിലക്കുണ്ടായി.
? താങ്കളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു എന്നു തോന്നുന്നുണ്ടോ.
എന്റെ വിശ്വാസ്യത എന്റെ കക്ഷിയോടാണ്. ഒരു വക്കീല്‍ എന്ന നിലയില്‍ എന്റെ കക്ഷിയുടെ നിലപാടാണ് എന്റെ നിലപാട്. സരിത കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നതാണ് എനിക്കും പറയാനുള്ളത്. 33 കേസുകളാണ് ഇപ്പോള്‍ ഉള്ളത്. എല്ലാം വിശ്വാസ വഞ്ചന കേസുകള്‍ മത്രമാണ്. നഷ്ടപരിഹാരം നല്‍കിയാല്‍ അതില്‍നിന്നെല്ലാം ഒഴിവാകാം. ആ കേസുകളുമായി സരിതയുടെ മൊഴികള്‍ക്ക് യാതൊരു ബന്ധവുമില്ല. ശ്രീധരന്‍ നായര്‍ എന്ന ഒരാളുടെ കേസില്‍മാത്രമാണ് രാഷ്ട്രീയമായ ചില പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതൊരു സാധാരണ സാമ്പത്തിക ഇടപാട് തര്‍ക്കമാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്നാണ് വിഷയം ഇത്രയും വഷളാക്കിയത്.
-സ്റ്റാഫ് പ്രതിനിധി
സരിത എസ്. നായര്‍ കോടതിക്ക് എഴുതിനല്‍കിയ മൊഴിയുടെ പൂര്‍ണ്ണ രൂപം
ബഹുമാനപ്പെട്ട അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എറണാകുളം മുമ്പാകെ ബഹുമാനപ്പെട്ട അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് മുഖേന യു.ടി. നമ്പര്‍ 3721 ആയ സരിത എസ് നായര്‍.
സര്‍,
ഞാന്‍ 3-6-2013 ല്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ്. എനിക്കെതിരെ വിവിധ കോടതികളില്‍ കേസുകള്‍ ഉണ്ട്. മിക്ക കേസുകളിലും എന്റെ കസ്റ്റഡി തീര്‍ന്നിട്ടുള്ളതും ആകുന്നു. ഞാന്‍ ചില കേസുകളില്‍ എ 2 ആണ്. എനിക്ക് മനസ്സറിവില്ലാത്ത കേസുകളില്‍ പോലും എന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ടീം സോളാര്‍ റിന്യുവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ചിറ്റൂര്‍ റോഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
എന്റെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ എന്റെ പേരും കൂടെ ചേര്‍ത്ത് രണ്ട് ഡയറക്‌ടേഴ്‌സിന്റെ പേരില്‍ തുടങ്ങിയ സ്ഥാപനം ആദ്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. എനിക്ക് മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സിന്റെ ചുമതലയായിരുന്നു. കമ്പനിയുടെ ഫിനാന്‍സ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ബാങ്കിംഗ് ഉള്‍പ്പടെ നടത്തിയിരുന്നത് ബിജുവായിരുന്നു. ചെക്കുകള്‍ കസ്റ്റമറുടെ കൈയില്‍ നിന്ന് സ്വീകരിച്ചിരുന്നത് ബിജുവും ബിജു നിര്‍ദ്ദേശിച്ചിരുന്ന ആള്‍ എന്ന നിലയ്ക്ക് രാജന്‍ നായരുമായിരുന്നു.
കമ്പനിയുടെ മേല്‍ കേസുകള്‍ വന്നപ്പോള്‍ മുതല്‍ ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ എന്നിവര്‍ എന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
കമ്പനിയുടെ പണം ബിജുവും ശാലുവും ചേര്‍ന്നാണു ചെലവാക്കിയിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇതു കണ്ടുപിടിച്ചപ്പോള്‍ എന്നെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ അവര്‍ ശ്രമിച്ചു. കസ്റ്റമേഴ്‌സിനു പണം തിരികെ നല്‍കണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടപ്പോഴും അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
ഞാന്‍ ഈ പരാതിക്കാരില്‍ നിന്നു നേടിയ പണത്തില്‍ ഒരു രൂപ പോലുംഞാന്‍ സ്വീകരിച്ചിട്ടില്ല. ശാലു മേനോന്റെ കഴിഞ്ഞ കാലത്തെ സാമ്പത്തികമായുണ്ടായിട്ടുള്ള മാറ്റം അന്വേഷിച്ചാല്‍ ഈ പണത്തിന്റെ ഉറവിടം മനസ്സിലാക്കുവാന്‍ ബഹുമാനപ്പെട്ട കോടതിക്കു സാധിക്കും.
പണവും വസ്തുവകകളും നേടിയവരെയോ അതിനു കാരണക്കാരായവരെയോ (ബിജു, ശാലുമേനോന്‍) മാധ്യമങ്ങള്‍ അവഹേളിക്കുന്നില്ല. എന്നെ മാത്രം ബലിയാടാക്കി പത്രമാധ്യമങ്ങള്‍ സത്യം കാണാതെ വസ്തുതയ്ക്കു നിരക്കാത്ത കഥകള്‍ മെനഞ്ഞ് എന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.
ഭരണത്തിലിരിക്കുന്നവരെയും എന്നെയും ചേര്‍ത്ത് വാസ്തവരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ലാഭം കൊയ്യാന്‍ മറ്റു പാര്‍ട്ടിക്കാരും ഉണ്ട്. അവരുടെ ഭീഷണി വേറെയുണ്ട്. എന്റെ കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ കാരണം എന്റെയും എന്റെ പിഞ്ചു മക്കളുടെയും ഭാവി ഇല്ലാതായിരിക്കുന്നു. എന്റെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ ഒരു വര്‍ഷം മുന്‍പ് തുടങ്ങി വെച്ച കള്ളക്കഥകള്‍ ഇപ്പോള്‍ എന്നെക്കുറിച്ചുള്ള പത്രവാര്‍ത്തകളായി പുറത്തുവരുന്നു.
ആയതിനാല്‍ ബഹുമാനപ്പെട്ട കോടതിയോട് ഞാന്‍ എന്റെ അപേക്ഷ വിനീതമായി ബോധിപ്പിക്കുന്നു.
1. എന്റെ ജീവന് ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, മറ്റു രാഷ്ര്ടീയ പാര്‍ട്ടിക്കാര്‍ (ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെയും പ്രമുഖരെയും കുടുക്കാന്‍ ശ്രമിക്കുന്നവര്‍) എന്നിവരില്‍ നിന്നു ഭീഷണിയുണ്ട്. അവര്‍ പല വിധത്തില്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന് ബഹുമാനപ്പെട്ട കോടതിയെ അറിയിക്കുകയാണ്. ആയതില്‍ നിന്നും എനിക്ക് രക്ഷ തരണമെന്ന് അപേക്ഷിക്കുന്നു.
2. സരിതയുടെ കുഞ്ഞിന്റെ അച്ഛനാര് എന്ന തലക്കെട്ടില്‍ കലാകൗമുദി ബിഗ് ന്യൂസ് ജൂലൈ 22 ന് സംസ്ഥാനമൊട്ടാകെ ഒരു പത്രവാര്‍ത്ത നല്‍കിയിരുന്നു. ആയതിനാല്‍ എന്റെ മകളുടെ ഭാവിജീവിതം തീര്‍ത്തും ഇല്ലാതാകുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. ആയതിനാല്‍ ടി പത്രത്തിന്റെ പേരില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുവാനുള്ള അനുവാദം അങ്ങ് തരണമെന്ന് അപേക്ഷിക്കുന്നു.
3. എന്നെ അനുദിനം വേട്ടയാടുന്ന പത്രമാധ്യമങ്ങളില്‍ നിന്ന് സംരക്ഷിക്കുവാനും കോടതികളില്‍ നിന്നു കോടതികളിലേക്കു പോകുന്ന എന്നെ ഒരു പ്രദര്‍ശനവസ്തുവെന്ന താഴ്ന്ന നിലയില്‍ നിന്ന് മാറ്റുവാനുമായി ' വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിക്കുവാനുള്ള അനുവാദം താഴ്മയായി അപേക്ഷിക്കുന്നു.
4. പല രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും എന്റെ പേര് ചേര്‍ത്ത് കഥകള്‍ മെനയുന്നുണ്ട്. ആ കഥകളും വാര്‍ത്തകളും എല്ലാം തന്നെ വാസ്തവവിരുദ്ധമാണെന്ന് ഞാന്‍ ബഹുമാനപ്പെട്ട കോടതിയെ ബോധിപ്പിച്ചുകൊള്ളുന്നു.
5. എന്റെ പേരില്‍ ഇപ്പോള്‍ ഉള്ള കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായവയ്ക്ക് ജാമ്യം നല്‍കണമെന്നും പരാതികളില്‍ അറസ്‌റ്റോ ഫോര്‍മല്‍ അറസ്‌റ്റോ രേഖപ്പെടുത്താത്ത കേസുകളില്‍ ആ നടപടികള്‍ പെട്ടെന്നുതന്നെ പൂര്‍ത്തീകരിക്കുവാന്‍ സത്വര നടപടി കൈക്കൊള്ളണമെന്നും ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു.
ഭര്‍ത്താവില്‍ നിന്നും ഉഭയകക്ഷി കരാര്‍ മുഖേന ബന്ധം വേര്‍പെടുത്തിയ എനിക്ക് 65 വയസ്സായ ഒരു അമ്മയും 10 വയസ്സും മൂന്നു വയസ്സും ഉള്ള രണ്ടു കുഞ്ഞുങ്ങളും മാത്രമാണുള്ളത്. ആയതിനാല്‍ ഒരു സ്ത്രീയെന്ന പരിഗണന പോലും കാണിക്കാതെ, എന്നെ മാത്രം ബലിയാടാക്കുന്ന ഈ ദുരവസ്ഥയില്‍ നിന്നു കരകയറുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമേയെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
എന്ന് വിധേയപൂര്‍വം,
സരിത എസ്. നായര്‍
28-7-2013
Abdul Jaleel
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment