Thursday 26 September 2013

[www.keralites.net] =?UTF-8?B?4LSy4LWL4LSV4LSCIOC0qOC0qOC1jeC0qOC0vuC0teC0o+C0ruC1h

 

നാം എപ്പോഴും നാട്ടിലെ സ്ഥിതിയെപ്പറ്റിയും ലോകത്തിലെ അനിശ്ചിതാവസ്ഥയെപ്പറ്റിയും പരാതിപ്പെടാറുണ്ട്. ഈ നിലയ്ക്ക് പോകുന്നതായാല്‍ നമ്മുടെ ഭാവി എന്തായിരിക്കുമെന്നു നാം ഭയപ്പെടുകയാണ്. ലോകം നന്നാവുന്നതിന് നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് ഓരോരുത്തരും ആലോചിച്ചുനോക്കുക.

 

വലുതായിവരുന്ന ലോകവലയങ്ങളുടെ മധ്യത്തില്‍ നില്‍ക്കുകയാണ് ഓരോ വ്യക്തിയും. കുടുംബം, അയല്‍വാസി, സമുദായം, പ്രദേശം, രാഷ്ട്രം, ലോകം എന്നീ വലയങ്ങളുടെ നടുവില്‍ എന്റെ കുടുംബത്തിനും അയല്‍ക്കാര്‍ക്കും സമുദായത്തിനും എന്റെ പ്രദേശത്തിനും നാട്ടിന്നും ലോകത്തിന്നാകമാനവും വേണ്ടി ഞാന്‍ എന്തുചെയ്തു എന്ന് ഇടയ്ക്കിടെയെങ്കിലും നാം ഇരുന്നു ചിന്തിക്കേണ്ടതാണ്. മനുഷ്യരുടെ നിലയില്‍ നമ്മുടെ വളര്‍ച്ച നിജപ്പെടുത്തുന്നത് ഈ ഓരോ നിലയിലുമുള്ള നമ്മുടെ പ്രവൃത്തികളെ പരിഗണിച്ചാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ 'ലോകം നന്നാവണമെങ്കില്‍ ആദ്യമായി വേണ്ടത് ഞാന്‍ നന്നാവുകയാണെ'ന്ന് നമുക്ക് ബോധ്യം വരും.

കുടുംബത്തോടും അയല്‍വാസികളോടും നാട്ടിനോടും മറ്റും നാം ചെയ്യേണ്ടുന്ന കടമയും നിറവേറ്റേണ്ടുന്ന ബാധ്യതകളും തൃപ്തികരമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് തന്നത്താന്‍ ചോദിക്കേണ്ടതാണ്. അവനവന്‍ ചെയ്യേണ്ടുന്നതു ചെയ്യാതെ മറ്റുള്ളവരുടെ പ്രവൃത്തികളും അഭിപ്രായങ്ങളും വിമര്‍ശിക്കാനാണ് പലര്‍ക്കും വാസന. നാം സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ നമ്മെപ്പറ്റി ശരിയായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് സുഖവും സന്തോഷവും ഉണ്ടാക്കത്തക്ക വിധത്തിലായിരിക്കണം നിങ്ങളുടെ പ്രവൃത്തിയും പെരുമാറ്റവും.

നാം ഓരോരുത്തരും ജനിച്ചത് ഈ വിശാലമായ ലോകത്തിന്റെ ഒരു മൂലയിലാണ്. നമ്മുടെ പ്രവൃത്തിയും ഒരു ചെറിയ പ്രദേശത്തിന്റെ പരിധിക്കുള്ളിലായിരിക്കും. എന്നാല്‍ ആഫ്രിക്കയിലോ അമേരിക്കയിലോ ജീവിക്കുന്നവരും, ഇന്ത്യയിലോ അറേബ്യയിലോ പാര്‍ക്കുന്നവരും ഈ ലോകത്തിലെ പൗരന്മാരാണ്. ഓരോരുത്തരും താന്താങ്ങളുടെ പ്രദേശത്തെപ്പറ്റി മാത്രം ഓര്‍ത്താല്‍ പോര, ലോകത്തെപ്പറ്റി കൂടി ഓര്‍ക്കേണ്ടതുണ്ട്. ഉത്തരവാദിത്വത്തില്‍ ഇരിക്കുന്ന ഒരാള്‍ ആലോചന കൂടാതെ പറയുന്ന വാക്കോ പ്രവൃത്തിയോ അയാള്‍ നിവസിക്കുന്ന പ്രദേശത്തിന്റെ മാത്രമല്ല, അതിനു പുറത്തുള്ള സ്ഥലങ്ങളിലെയും ജനങ്ങളുടെ സൈ്വരജീവിതത്തെയും ഭാവിയെയും സ്​പര്‍ശിക്കുമെന്ന് ഒരുപക്ഷേ, അയാള്‍ അറിഞ്ഞുവെന്നു വരില്ല. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധം എത്രയും അടുത്തതാണ്.
കുടുംബസ്‌നേഹം മനുഷ്യന്ന് സഹജമാണ്. അതില്ലാത്തവരെ കാണുക ചുരുക്കമായിരിക്കും. എന്നാല്‍ അതില്‍ക്കവിഞ്ഞ് സമുദായത്തെയും രാജ്യത്തെയും ലോകത്തെയും പറ്റി വിചാരിക്കുന്നവര്‍ താരതമ്യേന എത്രയോ കുറവും.

മറ്റു രാജ്യത്തെക്കാള്‍ തന്റെ രാജ്യം മെച്ചപ്പെട്ടതാണെന്നോ അന്യവര്‍ഗക്കാര്‍ തന്റേതിനേക്കാള്‍ താണവരാണെന്നോ കരുതുന്നത് സംസ്‌കാരത്തിന്റെ ലക്ഷണമല്ല. പല കാരണങ്ങളാലും വൈവിധ്യം നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ പല നിറത്തിലുള്ളവരെയും ആചാരസമ്പ്രദായങ്ങള്‍ അനുഷ്ഠിക്കുന്നവരെയും കാണാം; അതുപോലെത്തന്നെ പുരോഗതിയുടെ വ്യത്യസ്ത തലങ്ങളില്‍ എത്തിയവരെയും. ഈ പരമാര്‍ഥം മനസ്സിലാക്കിയിട്ടാവണം മറ്റുള്ളവരെ വിമര്‍ശിക്കുന്നതും അവരോടു പെരുമാറുന്നതും. എപ്പോഴും നാം തേടേണ്ടത് മറ്റുള്ളവരുമായുള്ള ഐക്യത്തെയാണ്, വ്യത്യാസത്തെയല്ല. ന്യൂസീലാന്‍ഡിലെ വെള്ളക്കാരനും നൈജീരിയയിലെ കറുത്ത മനുഷ്യനും തമ്മില്‍ ആചാരങ്ങളിലും ജീവിതരീതിയിലും വലിയ വ്യത്യാസങ്ങള്‍ കാണാം. എങ്കിലും മനുഷ്യരുടെ നിലയില്‍ അവര്‍ ഇരുവര്‍ക്കും പൊതുവായ ചില ഗുണങ്ങളുണ്ട്. അതു കണ്ടുപിടിക്കാനും അതറിഞ്ഞു പ്രവര്‍ത്തിക്കാനുമാവണം സംസ്‌കാരസമ്പന്നനെന്നഭിമാനിക്കുന്ന മനുഷ്യന്റെ ശ്രമം.

നമ്മുടെ നാടിനെ നന്നാക്കുന്നതെങ്ങനെ? സമുദായത്തിന്റെ പൊതുനന്മയ്ക്കായി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളെ ആദരിക്കുക, പൊതുനന്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു ഹാനി തട്ടാത്തവിധം നിങ്ങളുടെ പ്രവൃത്തി നിര്‍വഹിക്കുക, നീതി എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ് എന്ന വിചാരത്തോടെ അതിന്ന് തടസ്സമായി നില്‍ക്കുന്ന ഒന്നും ചെയ്യാതിരിക്കുക.

ജീവിതനിലവാരം ഉയര്‍ത്തുന്നതിലും നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തിയതുകൊണ്ട് തൃപ്തിപ്പെട്ടുകൂടാ. സമുദായസ്​പര്‍ധ ഉണ്ടാകുമ്പോഴും അയല്‍വാസികള്‍ തമ്മില്‍ കലഹിക്കുമ്പോഴും നിങ്ങളുടെ സാന്നിധ്യവും ഇടപെടലും കൊണ്ട് അതവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതാണ്. വാസ്തവത്തില്‍ നമ്മുടെ കഴിവിനെപ്പറ്റിയും നമ്മുടെ ബാധ്യതകളെപ്പറ്റിയും ശരിയായ ബോധമില്ലായ്മയാണ് നമ്മുടെ ജീവിതം കൂടുതല്‍ പ്രയോജനകരമാക്കിത്തീര്‍ക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്.

''ഞാന്‍ സമുദായത്തിലെ ഒരംഗം മാത്രമാണ്. എല്ലാം ചെയ്യാന്‍ എന്നെക്കൊണ്ട് കഴിഞ്ഞുവെന്ന് വരില്ല. എന്നാല്‍ ചിലതെല്ലാം ചെയ്യാന്‍ തീര്‍ച്ചയായും എനിക്ക് കഴിയും. അത് ഞാന്‍ ചെയ്‌തേ ഇരിക്കൂ'' - അങ്ങനെ സമുദായത്തിലുള്ളവര്‍ ഓരോരുത്തരും കരുതുന്നതായാല്‍ എന്തൊരു മാറ്റമായിരിക്കും സമുദായത്തില്‍ വന്നുചേരുക! മറ്റുള്ളവര്‍ ചെയ്യാന്‍ പോകുന്നത് അവിടെ ഇരിക്കട്ടെ. നിങ്ങളെ സംബന്ധിച്ചിടത്തോളം ചെയ്യേണ്ടതെല്ലാം ചെയ്തു എന്ന കൃതാര്‍ഥത മനസ്സിന്ന് ഉണ്ടാകത്തക്കവിധത്തിലായിരിക്കട്ടെ നിങ്ങളുടെ പ്രവൃത്തികള്‍.

പെരുമാറ്റം ഒരു മഹത്തായ കല

നാം ഓരോരുത്തരും സമുദായത്തിലെ അംഗങ്ങളാണ്. നിത്യജീവിതത്തില്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ നമുക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതായി വരും. അത് ഭംഗിയായും വേണ്ടപോലെയും ചെയ്യുന്നതനുസരിച്ചിരിക്കും നമ്മുടെ സുഖവും വിജയവും. മറ്റുള്ളവരെ നാം ആത്മാര്‍ഥമായി ഇഷ്ടപ്പെടുമ്പോള്‍ അവര്‍ നമ്മെയും ഇഷ്ടപ്പെടാതിരിക്കില്ല. കൊടുക്കാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ലത് കൊടുക്കുകയാണെങ്കില്‍ അതിലും നല്ലത് നിങ്ങള്‍ക്ക് തിരിച്ചുകിട്ടും എന്ന് ഒരു തത്ത്വചിന്തകന്‍ ഉപദേശിക്കുന്നു.

ഭംഗിയായി പെരുമാറുക എന്നതിന്റെ അര്‍ഥം മറ്റുള്ളവരില്‍ സന്തോഷം ജനിപ്പിക്കത്തക്കവിധം പെരുമാറുക എന്നതാണ്. അതിന്ന് നിങ്ങളുടെ മാത്രമല്ല ശബ്ദവും ഭാവവും വാക്കുകളും ആംഗ്യങ്ങളും വേണ്ടപോലെ നിയന്ത്രിക്കേണ്ടതുണ്ട്. സമന്മാരോടു മാത്രമല്ല, കീഴിലുള്ളവരോടുകൂടി ധിക്കാരത്തോടെ പെരുമാറാന്‍ പാടില്ല. നിങ്ങള്‍ അവലംബിച്ച നില ശരിയായിരുന്നാല്‍പോലും അത്തരം പെരുമാറ്റം ന്യായീകരിക്കുക വയ്യ. അതു തെറ്റാണെങ്കില്‍ പിന്നെ പറയേണ്ടതുമില്ലല്ലോ. മറ്റുള്ളവരെക്കാള്‍ താന്‍ സമര്‍ഥനാണെന്നോ ബുദ്ധിമാനാണെന്നോ കാര്യവിവരമുള്ളവനാണെന്നോ ഭാവിക്കാനുള്ള വെമ്പല്‍ ചിലരില്‍ കാണാം. ഒട്ടും അനുകരണീയമായ സ്വഭാവമല്ല ഇത്. ആരും അത് ഇഷ്ടപ്പെടുകയില്ല. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ വല്ല കാര്യങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നതായാല്‍ അതില്‍ നിങ്ങള്‍ക്കും താല്പര്യമുണ്ടെന്ന് അവരെ അറിയിക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും നന്നായിരിക്കും. നിങ്ങളോട് അവര്‍ക്ക് പ്രീതി തോന്നുന്നതിന് അത് കാരണമാവുകയും ചെയ്യും.

ഒരാളൊരു തെറ്റ് ചെയ്തു എന്നു വിചാരിക്കുക. നിങ്ങള്‍ക്കത് ചൂണ്ടിക്കാണിക്കേണ്ടതുണ്ടാവും. പക്ഷേ, അങ്ങനെ ചെയ്യുന്ന സമ്പ്രദായം രണ്ടുവിധത്തില്‍ കാണാം. അയാളെ പാടെ മുഷിപ്പിക്കുന്ന വിധത്തിലും, അല്ലെങ്കില്‍ സന്തോഷമുണ്ടാക്കുന്ന വിധത്തിലും. തെറ്റ് ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുമ്പോള്‍, തെറ്റ് ചെയ്തവന്റെ വിഷമതകളം അവശതകളും നാം നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടെന്നും അതറിഞ്ഞുകൊണ്ടു തന്നെയാണ് വിമര്‍ശിക്കാന്‍ പുറപ്പെട്ടതെന്നുമുള്ള തോന്നല്‍ ഉണ്ടാക്കാന്‍ കഴിയണം. എന്താണ് അല്ലെങ്കില്‍ എവിടെയാണ് തെറ്റുപറ്റിയതെന്ന് പറയുന്നതിനു മുന്‍പായി, പരാമര്‍ശത്തിലുള്ള പ്രവൃത്തിയുടെ ഏതെങ്കിലും നല്ലവശം കണ്ടറിഞ്ഞ് അതിനെ ആദ്യമായി പ്രശംസിക്കണം. വിമര്‍ശനത്തിന്റെ കര്‍ക്കശത്വം കുറയ്ക്കുന്നതിന് ഇതു സഹായകരമായിത്തീരും. ഈ വസ്തുത നാം പലപ്പോഴും മറക്കാറുണ്ട്.
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചു കാട്ടാനുള്ള വാസന പലരിലുമുണ്ട്. ഇത് അനുകരണീയമല്ല. നേരെമറിച്ച് അവരുടെ വല്ല പ്രവൃത്തിയെയും പ്രശംസിക്കാന്‍ അവസരം കിട്ടുമ്പോള്‍ അത് സ്വയം പാഴാക്കരുത്.

സ്വയം താല്പര്യമുള്ള വല്ല കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവര്‍ സംസാരിക്കുകയാണെങ്കില്‍ അതു തടസ്സപ്പെടുത്തി നമുക്ക് താല്പര്യമുള്ള കാര്യങ്ങളെപ്പറ്റി പറയുന്നത് സംസ്‌കാരത്തിന്റെ ലക്ഷണമല്ല.
നമ്മെപ്പറ്റി നാം തന്നെ വലിയ മതിപ്പ് നടിക്കുന്നതും മറ്റുള്ളവരുമായുള്ള സൗഹാര്‍ദ്ദ സമ്പര്‍ക്കത്തിന് തടസ്സമായി നില്‍ക്കുകയേയുള്ളൂ.
മറ്റുള്ളവര്‍ക്ക് വല്ല വിജയങ്ങളോ നേട്ടങ്ങളോ ഉണ്ടായിട്ടുണ്ടെന്നറിഞ്ഞാല്‍ അതില്‍ നാം സന്തോഷം കൊള്ളുന്നുണ്ടെന്നറിയിക്കാനും അഭിനന്ദിക്കാനും എപ്പോഴും തയ്യാറായിരിക്കണം. ആപത്തു നേരിടുമ്പോള്‍ ആശ്വാസപ്പെടുത്താനും സഹതാപം രേഖപ്പെടുത്താനും അതുപോലെത്തന്നെ മറന്നുപോവരുത്. ജന്മദിനം, വിവാഹം എന്നിങ്ങനെയുള്ള സന്തോഷാവസരങ്ങളില്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് അവസരത്തിന്നു യോജ്യമായ വല്ല സമ്മാനങ്ങള്‍ കൊടുക്കുന്നതും നന്നായിരിക്കും.
സന്ദര്‍ശകന്മാര്‍ വരുമ്പോള്‍ അവരെ കാണാനും അവരോട് സംസാരിക്കാനും സമയമില്ലെന്ന ഭാവത്തോടെ പ്രാമാണ്യം നടിക്കുന്ന ചിലരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. നമ്മളെന്തു നടിച്ചാലും ലോകര്‍ക്ക് നമ്മെ ശരിയായി വിലയിരുത്തുന്നതിനു കഴിയുമെന്ന കാര്യം മറക്കരുത്.

ജനങ്ങളില്‍ തികഞ്ഞ വിശ്വാസം പുലര്‍ത്തണം. നിങ്ങളെ മറ്റുള്ളവര്‍ വെറുക്കുകയാണെന്ന് വിചാരിക്കരുത്. അതുപോലെ എപ്പോഴും സ്വന്തം ആവശ്യത്തിന്ന് അവര്‍ നിങ്ങളെ ഉപയോഗപ്പെടുത്താന്‍ തുനിയുകയാണെന്നും കരുതേണ്ടതില്ല. എല്ലാവരും താന്താങ്ങളുടെ ജീവിതം വിജയകരവും സുഖപ്രദവുമാക്കാന്‍ ശ്രമിക്കുകയാണ്. അതിന്ന് അവരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ വേണ്ട, തടസ്സപ്പെടുത്താന്‍ ശ്രമിക്കരുത്.

കഷ്ടതകളും വിഷമങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ മറ്റുള്ളവരുടെ ദുഃഖഭാരം ലഘൂകരിക്കുന്നതിന്നും വീണുകിടക്കുന്നവരെ പിടിച്ചുയര്‍ത്തുന്നതിനും ഉള്ള അവസരങ്ങള്‍ എത്രയോ കാണും. കണ്ണുതുറന്നു ചുറ്റും നോക്കുകയേ വേണ്ടൂ. എല്ലാവരേയും സഹായിക്കാന്‍ സാധിച്ചുവെന്നു വരില്ല. എന്നാല്‍ ചിലരെയെങ്കിലും സന്തോഷപ്പെടുത്താന്‍ കഴിയാതിരിക്കില്ല. അതിന് അവസരം കാത്തിരിക്കുകയല്ല വേണ്ടത്, അവസരം തേടുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ നാം ഉയരുന്നു. നമുക്ക് ഒരു പുതിയ ശക്തി ഉണ്ടാവുന്നു. ജീവിതസാഫല്യം കൈവന്നതായും അനുഭവപ്പെടുന്നു.

മാന്യതയുടെ മാനദണ്ഡം

മാന്യത പാലിക്കാനുള്ള ആഗ്രഹം നമുക്കെല്ലാവര്‍ക്കുമുണ്ട് - മറ്റുള്ളവരുടെ സമ്മതിയും ബഹുമാനവും കൊണ്ട് ഒരു മാന്യനായി ജീവിക്കാനുള്ള മോഹം. എങ്കിലും എന്താണ് മാന്യത എന്നതിനെപ്പറ്റി ശരിയായ ബോധം പലര്‍ക്കുമുണ്ടോയെന്നു സംശയമാണ്. പണവും പദവിയും കൈവന്നതുകൊണ്ട് മാന്യത ഉണ്ടായെന്നു വരില്ല. സത്യനിഷ്ഠ ഒരാള്‍ക്കുണ്ടായിരിക്കാം. അതുകൊണ്ടുമാത്രം അയാള്‍ മാന്യനായിക്കൊള്ളണമെന്നില്ല. മാന്യതക്ക് പല ഗുണങ്ങളും ആവശ്യമാണ്.

മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തില്‍ അവരെ ആകര്‍ഷിക്കുകയും അവരുടെ സ്‌നേഹവും വിശ്വാസവും ബഹുമാനവും നിലനിര്‍ത്തുകയും ചെയ്യുന്ന സ്വഭാവവിശേഷമാണ് മാന്യത. നല്ലതും മറ്റുള്ളവര്‍ക്ക് സുഖമുണ്ടാക്കുന്നതും സദാചാരത്തിന്നനുസൃതവുമായ സംസാരവും നടപ്പും പെരുമാറ്റവും ഇതിന്നു കൂടിയേ കഴിയൂ. നികൃഷ്ടമായതോ മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തിവെക്കുന്നതോ ആയ യാതൊരു നടപടികളും മാന്യനില്‍ ഉണ്ടാകില്ല.

ഒരു മാതൃകാസമുദായത്തിന്റെ ഭദ്രതയ്ക്ക് അതിലെ അംഗങ്ങളില്‍ ചില അടിസ്ഥാന ഗുണങ്ങള്‍ തെളിഞ്ഞുകാണണം. സ്വഭാവദാര്‍ഢ്യം, കടമ നിര്‍വഹിക്കാനുള്ള വെമ്പല്‍, ധര്‍മബോധം, അവശന്മാരെ സഹായിക്കാനുള്ള സന്നദ്ധത എന്നിവ. സമുദായത്തിന്റെ സൗഖ്യത്തിന്നുതകുന്ന പ്രവൃത്തി ചെയ്യുകയാവണം നമ്മുടെ പരമലക്ഷ്യം.

ഒരു മാന്യന്റെ പ്രാര്‍ഥന എന്തായിരിക്കണമെന്ന് ഒരിടത്ത് കണ്ടത് ഇവിടെ ഉദ്ധരിക്കാം.

''മറ്റുള്ളവര്‍ വല്ല വിഷയത്തെപ്പറ്റിയും സംസാരിക്കുകയാണെങ്കില്‍ അതിലിടപെട്ട് സ്വഭിപ്രായം പ്രകടമാക്കാനുള്ള വ്യഗ്രത എനിക്കില്ലാതിരിക്കട്ടെ! എല്ലാവരുടെയും കാര്യങ്ങള്‍ ശരിപ്പെടുത്താനുള്ള ബാധ്യത എനിക്കുണ്ടെന്ന ദുരഭിമാനം എന്നെ ബാധിക്കാതിരിക്കട്ടെ.
ചിന്താശീലനായിത്തീരാനുള്ള സ്വഭാവം എന്നില്‍ വളര്‍ന്നുവരട്ടെ! എന്നാല്‍ കുണ്ഠിതവും നിരുത്സാഹവും എന്റെ മനസ്സിനെ ബാധിക്കാതെയുമിരിക്കട്ടെ! മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹം എന്നില്‍ കുറയാതിരിക്കട്ടെ! അതേസമയത്ത് അന്യരില്‍ ആധിപത്യം ചെലുത്താനുള്ള വാസന ഉണ്ടാകാതെയുമിരിക്കട്ടെ; എന്റെ അറിവും കഴിവും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായിത്തീരാന്‍ തക്കവണ്ണം പ്രവര്‍ത്തിക്കാന്‍ എന്നെ അനുഗ്രഹിക്കണേ!

കാര്യത്തിന്റെ കാതല്‍ കണ്ടുപിടിക്കാനുള്ള കഴിവ് എന്നില്‍ വളര്‍ന്നുവരട്ടെ. പലതരത്തിലുള്ള വേദനകളും ഇച്ഛാഭംഗവും എനിക്ക് അനുഭവിക്കേണ്ടതായി വന്നേക്കാം. അവ ക്ഷമയോടെ സഹിക്കാനും അവയെപ്പറ്റി ആവലാതിപ്പെടാതിരിക്കാനും ഉള്ള മനക്കരുത്ത് എനിക്കുണ്ടാകട്ടെ.

പരിതഃസ്ഥിതികള്‍ ഉത്സാഹജനകമല്ലാത്ത സമയത്തുകൂടി എന്റെ ധീരതയും എന്റെ പ്രസന്നതയും എന്നെ കൈവിടാതിരിക്കട്ടെ! സര്‍വസംഗപരിത്യാഗിയായ സന്ന്യാസിയാകണമെന്ന ആഗ്രഹം എനിക്കില്ല. മറ്റുള്ളവരില്‍ നല്ലതു കാണാനും ദുര്‍ഘടം നിറഞ്ഞ ഘട്ടങ്ങളില്‍ക്കൂടി ശുഭപ്രതീക്ഷ മനസ്സില്‍ ഉണ്ടാകാനും എന്നെ അനുഗ്രഹിക്കണേ! അന്യന്മാരില്‍ വിശേഷഗുണങ്ങള്‍ കാണുമ്പോഴും അവര്‍ വല്ല നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോഴും അതില്‍ സന്തോഷിക്കാനും അതിനവരെ അഭിനന്ദിക്കാനുമുള്ള മനസ്സ് എനിക്കുണ്ടാകട്ടെ.''

നാം ഓരോരുത്തരും ഓരോ തൊഴിലില്‍ ഏര്‍പ്പെട്ടവരാണ് - സര്‍ക്കാര്‍ ഉദ്യോഗം, കച്ചവടം, അഭിഭാഷകജോലി, ഡോക്ടറുടെ തൊഴില്‍, അധ്യാപകജോലി - അങ്ങനെ പലതിലും. തൊഴില്‍ എന്തായാലും അതിനെ നാലു നിലയില്‍ വീക്ഷിക്കേണ്ടതുണ്ട്. ഉദാഹരണമായി ഒരു ഡോക്ടറുടെ ജോലി എടുത്തുനോക്കുക: ആദ്യമായി ചിന്തിക്കേണ്ടത് ചെലവിന്നാവശ്യമായ മാന്യമായ മാര്‍ഗത്തില്‍ ആ തൊഴിലില്‍നിന്നു ഉണ്ടാക്കുന്നത് എങ്ങനെയെന്നാണ്. രണ്ടാമത് തന്റെ രോഗിയുടെ കാര്യം. അധ്വാനവും അസൗകര്യവും വകവെക്കാതെ രോഗിക്ക് ആശ്വാസവും ആരോഗ്യവും ഉണ്ടാക്കുന്നതിന് കഴിയുന്നതെല്ലാം ആത്മാര്‍ഥമായി ചെയ്യുക. തന്റെ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവരോടും താന്‍ ഏര്‍പ്പെട്ട തൊഴിലിനോടും തനിക്കുള്ള കടമകളും മര്യാദകളും പാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം ലാഭത്തിനോ പേരിനോ വേണ്ടി മറ്റൊരു ഡോക്ടര്‍ക്ക് ദുഷ്‌പേരുണ്ടാക്കാനോ അദ്ദേഹത്തെ തരംതാഴ്ത്താനോ ശ്രമിക്കുന്നത് ഹീനത്വമാണ്. പഠിപ്പും കഴിവും ദുരുപയോഗപ്പെടുത്തുന്നതും അതുപ്പോലെത്തന്നെ. അവസാനമായി സമുദായത്തോട് തനിക്ക് വലിയൊരു കടമയുണ്ടെന്നും പൊതുനന്മയ്ക്ക് വിരോധമായി താന്‍ ഒന്നും ചെയ്യുകയില്ലെന്നും നിശ്ചയിക്കണം. എല്ലാ തൊഴിലിനെ സംബന്ധിച്ചും ഇപ്പറഞ്ഞത് ബാധകമാണ്.

സ്വന്തം താല്പര്യവും സമുദായത്തിന്റെ പൊതുനന്മയും തമ്മില്‍ സംഘട്ടനമുണ്ടാകുന്നതായാല്‍ തീര്‍ച്ചയായും രണ്ടാമതു പറഞ്ഞതിന് മുന്‍ഗണന കൊടുക്കണം. അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ എത്രയെങ്കിലുമുണ്ടായെന്നു വരാം. ഈ വസ്തുതകള്‍ ശരിയായി അറിഞ്ഞ് അതിന്നനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തി മാന്യസ്ഥാനത്തെത്തുമെന്നത് തീര്‍ച്ചയാണ്.

മാന്യത പദവിക്കുള്ള മാര്‍ഗം മാത്രമല്ല, അത് മനഃസൗഖ്യത്തിനുള്ള വഴി കൂടിയാണ്. ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴും വലിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ഈ ഓര്‍മ നമുക്കുണ്ടാവണം. പണം ഉണ്ടായാലും ഇല്ലെങ്കിലും, അധികാരം കൈവന്നാലും അത് ലഭിക്കാതിരുന്നാലും മാന്യത ഒരിക്കലും കൈവിടരുത്. മനുഷ്യന്റെ മഹത്ത്വം നിലക്കൊള്ളുന്നത് അതിലാണ്.

ജീവിതമൂല്യങ്ങള്‍

കൈക്കൂലിയെപ്പറ്റിയും അഴിമതികളെപ്പറ്റിയും എത്രയെങ്കിലും ആവലാതികള്‍ കേള്‍ക്കുന്ന കാലമാണിത്. പണം സമ്പാദിക്കാനുള്ള വെമ്പലില്‍ മനുഷ്യത്വത്തെയും സദാചാരത്തെയും അവഗണിക്കാനുള്ള വാസന നമ്മില്‍ വര്‍ധിച്ചുവരികയാണ്. ഈ സ്വഭാവം നാട്ടിന്റെ സല്‍പ്പേരിനു മാത്രമല്ല, നമ്മുടെ പുരോഗതിക്കുകൂടി ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. ജീവിതമൂല്യങ്ങളെ സംബന്ധിച്ച തെറ്റായ ധാരണകളാണ് ഇതിനു പ്രധാന കാരണം. മഹാത്മാഗാന്ധിയെ നാം സ്‌നേഹിക്കുന്നതും ആരാധിക്കുന്നതും അദ്ദേഹം കോടീശ്വരനായതുകൊണ്ടല്ല. പല സല്‍ഗുണങ്ങളുടേയും സമ്മോഹനമായ സമ്മേളനം അദ്ദേഹത്തില്‍ കാണുകകൊണ്ടാണ്. നമ്മുടെ ആദര
വും ഭക്തിയും അനായാസേന മഹാത്മജിയിലേക്കു ഒഴുകുന്നത് അദ്ദേഹം സ്വീകരിച്ച ഉന്നതങ്ങളായ ജീവിതാദര്‍ശങ്ങള്‍ നമ്മെ ആകര്‍ഷിക്കുന്നതുകൊണ്ടാണ്.
താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കാനാണ് മനുഷ്യന്‍ പ്രയത്‌നിക്കുന്നത്. ഒന്നിനും ആഗ്രഹമില്ലാതിരുന്നാല്‍ പ്രയത്‌നിക്കുന്നതിന്നു ഉത്സാഹമില്ലാതാകും. കാലദേശാവസ്ഥകള്‍ക്കനുസരിച്ച് ആഗ്രഹങ്ങളും മാറിക്കൊണ്ടിരിക്കും. ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്നുള്ള മാര്‍ഗം ശുദ്ധമായിരിക്കണമെന്ന നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ടായെന്നു വരില്ല.അവ എങ്ങനെയാണെങ്കിലും സാധിക്കണം എന്നു മാത്രമേ അധികമാളുകള്‍ക്കും വിചാരമുള്ളൂ. മനുഷ്യന്റെ ഈ സ്വഭാവം ചരിത്രത്തില്‍ നെടുനീളെ കാണാം. സ്വന്തംകാര്യം സാധിക്കാന്‍ എന്തു നീചകര്‍മങ്ങള്‍ ചെയ്യുന്നതിനും എന്തു ക്രൂരതകള്‍ പ്രവര്‍ത്തിക്കുന്നതിനും മനുഷ്യന്നു മടിയില്ല. അതേ സമയത്തു പ്രലോഭനങ്ങള്‍ക്കു വിധേയമാവാതെ ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന ചില മഹാവ്യക്തികളെയും കാണാം, അവരാണ് മനുഷ്യരത്‌നങ്ങള്‍. ലോകാഭിവൃദ്ധിയുടെ താങ്ങുതൂണായി നില്‍ക്കുന്നത് അത്തരക്കാരാണ്. ജീവിതമൂല്യങ്ങളെ സംബന്ധിച്ച് അവരെടുക്കുന്ന നിലപാടാണ് ഈ പദവി അവര്‍ക്ക് കൈവരുത്തുന്നത്. ഈ കാരണത്താല്‍ അവരുടെ ഉപദേശവും അനുഭവങ്ങളും കേള്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് വലിയ ഔത്സുക്യമായിരിക്കും.

അമേരിക്കയിലെ പ്രസിഡണ്ടുമാരുടെ കൂട്ടത്തില്‍ ചില മഹാവ്യക്തികളുണ്ടായിട്ടുണ്ട് - മനുഷ്യരാശിക്ക് എന്നെന്നും മാര്‍ഗദര്‍ശികളായിത്തീര്‍ന്നിരിക്കുന്ന ലോകാചാര്യന്മാര്‍. മൂന്നാമത്തെ പ്രസിഡണ്ടായ തോമസ് ജെഫേഴ്‌സനാണ് അവരില്‍ ഒരാള്‍. അമ്പത്തെട്ടാം വയസ്സിലാണ് അദ്ദേഹം പ്രസിഡണ്ടായത്. എട്ടുകൊല്ലം ആ സ്ഥാനത്തുണ്ടായിരുന്നു. പ്രസിഡണ്ടെന്ന നിലയിലും അതിന്നുമുമ്പും ഏകദേശേം നാല്പതുകൊല്ലം മഹത്തായ സേവനമദ്ദേഹം നാട്ടിനു വേണ്ടിയനുഷ്ഠിച്ചു. റിപ്പബ്ലിക് പടുത്തുകെട്ടിയിരുന്ന കാലമായിരുന്നു അത്. പണം ഉണ്ടാക്കാന്‍ പ്രയാസമില്ലാതിരുന്ന കാലവും. അറുപത്താറാമത്തെ വയസ്സില്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്നൊഴിഞ്ഞ് സ്വകാര്യ ജീവിതമാരംഭിച്ചപ്പോള്‍ ജെഫേഴ്‌സന്‍ പറഞ്ഞ വാക്കുകള്‍ ആദരണീയമാണ്.

''പൊതുസേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് എന്റെ സ്വകാര്യമുതല്‍ വര്‍ധിപ്പിക്കുന്നതിന്ന് ഞാന്‍ യാതൊരു ശ്രമവും ചെയ്തിട്ടില്ല. എന്റെ കൈകള്‍ ഒഴിഞ്ഞതാണെങ്കിലും അവയ്ക്ക് യാതൊരു മാലിന്യവും പറ്റിയിട്ടില്ലെന്ന അഭിമാനം എനിക്കുണ്ട്.''

എട്ടുകൊല്ലം ഒരു നിര്‍ണായകഘട്ടത്തില്‍ അമേരിക്കയിലെ പ്രസിഡണ്ടായിരുന്ന ആള്‍ പറഞ്ഞതാണീ വാക്കുകള്‍ എന്നു ഓര്‍ക്കേണ്ടതുണ്ട്. പണമാണ് എല്ലാറ്റിലും വലിയതെന്ന് അദ്ദേഹം കരുതിയിരുന്നുവെങ്കില്‍ അത്തരം വാക്കുകള്‍ അദ്ദേഹത്തില്‍നിന്ന് പുറപ്പെടുകയില്ലായിരുന്നു. മാലിന്യം തട്ടാത്ത ആ കൈകള്‍ മാറത്തുവെച്ചുകൊണ്ട് ആ വാക്കുകള്‍ ഉച്ചരിച്ചപ്പോള്‍ എന്തൊരു ആനന്ദമായിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയിരിക്കുക!

മനുഷ്യനെ ഉല്‍കൃഷ്ടവും ഫലപ്രദവുമായ ജീവിതം നയിക്കുന്നതിനു പ്രാപ്തരാക്കുകയാണ് എല്ലാ മതങ്ങളുടെയും തത്ത്വശാസ്ത്രങ്ങളുടെയും ലക്ഷ്യമെന്ന് ജെഫേഴ്‌സന്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജീവിതം നേര്‍വഴിക്കു നയിക്കുന്നതിന്ന് ആറു കാര്യങ്ങള്‍ ആവശ്യമാണ്.

(1) ദൈവത്തില്‍ വിശ്വസിക്കുക,
(2) മാതാപിതാക്കന്മാരെ സനേഹിക്കുകയും ആദരിക്കുകയും ചെയ്യുക,
(3) അയല്‍വാസികളോട് അനുഭാവത്തോടെ പെരുമാറാനും അവരെ സഹായിക്കാനും എപ്പോഴും സന്നദ്ധരാവുക,
(4) അനീതി ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുക,
(5) സത്യത്തില്‍ ഉറച്ചുനില്‍ക്കുക,
(6) പ്രതീക്ഷകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ ഈശ്വരനെ പഴിക്കാതിരിക്കുക.


മനുഷ്യനെ സ്‌നേഹിക്കുകയും, സേവിക്കുകയുമായിരുന്നു ജെഫേഴ്‌സന്റെ മതം. ഈശ്വരന്റെ നിശ്ചയം ഇന്നതാണെന്നു മനസ്സാക്ഷി പറഞ്ഞുകൊടുക്കുന്നതിനനുസരിച്ച് ജീവിതം നയിക്കുന്നതിന്നു അദ്ദേഹം പരിശീലിച്ചിരുന്നു. അന്ത്യകാലത്ത് അദ്ദേഹത്തിനുണ്ടായ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും രഹസ്യമിതാണ്.
അമേരിക്കയിലെ പ്രസിഡണ്ടുമാരില്‍ ഏറ്റവും പ്രസിദ്ധനായ എബ്രഹാം ലിങ്കന്റെ വാക്കുകളും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. സത്യത്തിനും നീതിക്കും എന്തൊരുയര്‍ന്ന സ്ഥാനമാണ് അദ്ദേഹം കല്പിച്ചിട്ടുള്ളത്. ലിങ്കണ്‍ പറയുകയാണ്: ''നിങ്ങള്‍ എന്നെ ചുട്ടുകരിച്ച് എന്റെ ചാമ്പല്‍ ചുറ്റും വിതറിക്കൊള്ളുവിന്‍. കഴിയുമെങ്കില്‍ എന്റെ ആത്മാവിനെ നരകത്തിലേക്കു തള്ളിവിട്ട് എന്ത് ദണ്ഡങ്ങളും അനുഭവിക്കുന്നതിന്നു അതിനെ വിട്ടുകൊള്ളുവിന്‍. എന്നാല്‍ കൂടി തെറ്റാണെന്നു ഞാന്‍ ബലമായി വിശ്വസിക്കുന്ന ഒരു കാര്യത്തിന്നു എന്റെ ആനുകൂല്യം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.''

നന്മ ചെയ്യാനുള്ള തൃഷ്ണയാണ് സംസ്‌കാരത്തിന്റെ പ്രധാന ലക്ഷണം. ആരാണ് സംസ്‌കാരസമ്പന്നന്‍? തങ്ങളുടെ കാലത്ത് പ്രചാരമുള്ള ഉന്നതമായ ആദര്‍ശങ്ങളനുസരിച്ച് ജീവിക്കുകയും അവ മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവരെക്കൊണ്ട് സ്വീകരിപ്പിക്കാനും ശ്രമിക്കുന്നവര്‍. അത്തരം ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിലാണ് നാട്ടിന്റെ അഭിവൃദ്ധിയും നാട്ടാരുടെ സൗഖ്യവും.

ജീവിതമൂല്യങ്ങളെ സൂക്ഷ്മമായി പുനഃപരിശോധന ചെയ്യേണ്ട കാലമാണിത്. ദീര്‍ഘകാലത്തെ അനുഭവംകൊണ്ട് രൂപമെടുത്തതാണ് നമ്മുടെ സദാചാരം. കാലം കൊണ്ടും പരിതഃസ്ഥിതികള്‍കൊണ്ടും അവയില്‍ ചില ഭാഗങ്ങള്‍ക്ക് സ്വല്പം മങ്ങല്‍ പറ്റിയിട്ടുണ്ടാവാം. അത് നീക്കി സദാചാരങ്ങളെ അവ അര്‍ഹിക്കുന്ന ഉയര്‍ന്ന സ്ഥാനത്തുതന്നെ നിര്‍ത്താന്‍ തുനിഞ്ഞ് പരിശ്രമിച്ചേ തീരൂ.

പുഞ്ചിരിയുടെ ശക്തി

''എനിക്ക് അയാളെ സമീപിക്കാനേ തോന്നുന്നില്ല. ഒരു പുഞ്ചിരി ആ മനുഷ്യന്റെ മുഖത്ത് കാണുകയില്ല. അത് തന്റെ ഗൗരവത്തിന്നു പറ്റിയതല്ലെന്നാണയാളുടെ ഭാവം.'' ഉദ്യോഗസംബന്ധമായ കാര്യത്തിന് ഒരു മാന്യനെ ചെന്നുകാണാന്‍ ഒരു ചെറുപ്പക്കാരനോട് അച്ഛന്‍ ഉപദേശിച്ചപ്പോള്‍ പറഞ്ഞ മറുപടിയാണിത്. ആ യുവാവിന്റെ വാക്കുകള്‍ നല്ലപോലെ മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയും. ഒരു പുഞ്ചിരിയുടെ വശീകരണ ശക്തി അറിയാത്തവരാരുണ്ട് - വാക്കുകൊണ്ട് പറയാതെ തന്നെ. ''ഞാന്‍ നിങ്ങളുടെ സുഹൃത്താണ്. നിങ്ങളെ സഹായിക്കാനും തയ്യാറാണ്. എന്തു വേണമെങ്കിലും പറഞ്ഞോളൂ'' എന്നു സൂചിപ്പിക്കുന്ന പുഞ്ചിരിയെക്കുറിച്ച് മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെയോ ദുര്‍മുഖത്തോടുകൂടിയോ ഇരിക്കുന്ന ഒരാളെ കാണുമ്പോള്‍ എന്തായിരിക്കും നമ്മുടെ വിചാരം? വല്ലതും ആവശ്യപ്പെടാനാണ് അയാളെ സമീപിക്കുന്നതെങ്കില്‍ ആ ആവശ്യം പറയാന്‍ തന്നെ നാം മടിക്കും. അവിടെ പോകേണ്ടിയിരുന്നില്ല എന്നുകൂടി തോന്നിപ്പോവും. തനിക്കും മറ്റുള്ളവര്‍ക്കും സന്തോഷമുണ്ടാക്കുന്ന ഒന്നാണ് പുഞ്ചിരി. എങ്കിലും എത്ര ചുരുക്കം പേരില്‍ മാത്രമേ നല്ലൊരു പുഞ്ചിരി നാം കാണുന്നുള്ളൂ?

പുഞ്ചിരി കോപത്തെയകറ്റും, നൈരാശ്യത്തെ നശിപ്പിക്കും; ആത്മവിശ്വാസം ഉളവാക്കും. ഒരു പുതിയ ബന്ധു നമുക്കുണ്ടായി എന്ന തോന്നലും ജനിപ്പിക്കും. യാതൊരു നഷ്ടവും അത് നിങ്ങള്‍ക്ക് വരുത്തുകയില്ല. വേണ്ടുവോളം ലാഭം ഉണ്ടാക്കുകയും ചെയ്യും. പിന്നെ എന്തുകൊണ്ട് ആ സ്വഭാവം ശീലിച്ചുകൂടാ - സന്ദര്‍ശകന്മാരെ നല്ലൊരു പുഞ്ചിരിയോടെ സ്വീകരിക്കുന്ന ആകര്‍ഷകമായ ആ സ്വഭാവം.

പുഞ്ചിരിക്കു വലിയൊരര്‍ഥമുണ്ട്. ''എന്റെ കാര്യത്തില്‍ മാത്രം നിമഗ്നരായി ഇരിക്കുന്നവനല്ല ഞാന്‍. എനിക്ക് നിങ്ങളുടെ കാര്യത്തിലും താല്‍പ്പര്യമുണ്ട്. നിങ്ങളെ സഹായിക്കാനും ഞാന്‍ തയ്യാറാണ്.'' എന്നു സന്ദര്‍ശകരെ അറിയിക്കുകയാണ് നിങ്ങള്‍ പുഞ്ചിരികൊണ്ട് ചെയ്യുന്നത്.

ചിലര്‍ കാണിച്ചുകൂട്ടാന്‍ വേണ്ടിയോ മര്യാദപ്രകടനമെന്ന നിലയ്‌ക്കോ സ്വല്പം പ്രയാസത്തോടെ മുഖത്ത് പുഞ്ചിരി വരുത്താന്‍ ശ്രമിക്കുന്നത് കാണാം. അത് അറിയാന്‍ കാണുന്നവര്‍ക്ക് പ്രയാസമുണ്ടാവില്ല. ആത്മാര്‍ഥമായ പുഞ്ചിരി ഒരാളുടെ വ്യക്തിപ്രഭാവത്തിന്റെ പ്രതിഫലനമാണ്. സൗഹാര്‍ദവും അനുഭാവവും സഹായിക്കാനുള്ള സന്നദ്ധതയും ആ മുഖത്ത് തെളിഞ്ഞുകാണാം. വളരെ ആകര്‍ഷകമല്ലാത്ത മുഖത്തിനുകൂടി പുഞ്ചിരി പ്രകാശം നല്‍കുന്നു, സൗന്ദര്യമുണ്ടാക്കുന്നു. കാണുന്നവരുടെ മുഖത്ത് പുഞ്ചിരി ഉണ്ടാകുമ്പോള്‍ നമ്മുടെ അകത്തുള്ള അമര്‍ഷം താനേ കെട്ടുപോവുന്നു.

അവനവന്നു വല്ല ആപത്തും നേരിട്ടിരിക്കുന്ന സമയം നൈരാശ്യം നിറഞ്ഞ മുഖത്തോടെ സന്ദര്‍ശകന്മാരെ സ്വീകരിക്കുന്നതിനുപകരം ധൈര്യം സൂചിപ്പിക്കുന്ന നേരിയ പുഞ്ചിരിയോടെ അവരെ സ്വീകരിക്കുന്നതായാല്‍ എന്തൊരു മാറ്റമാണ് അത് അവരില്‍ ഉണ്ടാക്കുക? വാക്കുകള്‍കൊണ്ട് ഘോഷിക്കാതെ തന്നെ നിങ്ങളുടെ മനക്കരുത്ത് പ്രകടിപ്പിക്കുന്നതിന്ന് അതുകൊണ്ട് സാധിക്കും. മറ്റുള്ളവര്‍ക്ക് ഇത് നല്ലൊരു മാതൃകയായിത്തീരും.

നമുക്കെല്ലാവര്‍ക്കുമുണ്ടാവും മനസ്സ് മടുത്ത് ഉത്സാഹം കുറഞ്ഞ് ജീവിതത്തില്‍ യാതൊരു താല്‍പ്പര്യവും ഇല്ലെന്നു തോന്നുന്ന ചില സമയം. ഈ വക അവസരങ്ങളില്‍ ആരെ കാണാനാണ് നാം ഇഷ്ടപ്പെടുക? കുണ്ഠിതത്തോടെ തലയും താഴ്ത്തി ഇരിക്കുന്ന ഒരാളെയല്ല, ഉത്സാഹത്തോടെ പുഞ്ചിരി തൂകുന്ന ഒരു സുഹൃത്തിനെയാണ്.
''എവിടെനിന്നാണ് ഇപ്പോള്‍ വരുന്നത്'' എന്നു കുറേ ദിവസം മുമ്പ് എന്നെക്കാണാന്‍ വന്ന ഒരാളോട് ചോദിച്ചപ്പോള്‍ ഉത്തരമിങ്ങനെയായിരുന്നു.''ഞാന്‍ വാസ്തവം പറയട്ടെ എനിക്ക് മനസ്സിന് ഒരു സുഖവുമില്ലായിരുന്നു. വല്ലാത്ത വെറുപ്പുണ്ടായി. മനസ്സ് താഴോട്ടു താഴോട്ട് വലിഞ്ഞുപോവുന്നതായി തോന്നി. എന്നിട്ടാണ് ആശ്വാസത്തിനായി - യെ കാണാന്‍ ചെന്നത്. അദ്ദേഹത്തിന്റെ പുഞ്ചിരി കണ്ടപ്പോള്‍ മറ്റെല്ലാം മറന്നു. അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വേറൊരു ലോകത്തിലേക്കു മാറ്റി. അത് കഴിഞ്ഞിട്ടാണ് ഞാന്‍ വരുന്നത്. ആ സന്തോഷം ആരോടെങ്കിലും പറഞ്ഞേ തീരൂ എന്നു തോന്നി. അതിനാണ് ഇവിടെ വന്നത്.'' ഒന്നാലോചിച്ചുനോക്കൂ. ആ പുഞ്ചിരിയുടെ ശക്തി.
മറ്റുള്ളവരുടെ പുഞ്ചിരി നമ്മിലുണ്ടാക്കുന്ന സന്തോഷത്തെപ്പറ്റി നമുക്കെല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ട് മറ്റുള്ളവര്‍ക്കും ആ തരത്തിലുള്ള സന്തോഷം നമുക്കുണ്ടാക്കിക്കൂടാ - നമ്മുടെ ആത്മാര്‍ഥമായ പുഞ്ചിരികൊണ്ട്.

ചുറ്റുപാടും സൗഹാര്‍ദം വിതറാനുള്ള കഴിവ് പുഞ്ചിരിക്കുണ്ട്. അത് മറ്റുള്ളവരെ സന്തോഷപ്പെടുത്തുമ്പോള്‍ ആ സന്തോഷം നമ്മെയും ആഹ്ലാദഭരിതരാക്കും. സുഹൃത്തുക്കള്‍ നിറഞ്ഞ ഒരു ലോകമാണിത് എന്ന ബോധം നമ്മളിലുളവാക്കുകയും ചെയ്യും.

മഞ്ഞും മൂടലുമുള്ള പുലരിയില്‍ സൂര്യന്‍ ഉദിച്ചുപൊങ്ങുമ്പോള്‍ അതെല്ലാം ഒഴിഞ്ഞുപോകുന്നു. അതുപോലെയാണ് പുഞ്ചിരി കാണുമ്പോള്‍ മൗഢ്യവും നൈരാശ്യവും മാറിപ്പോവുന്നത്. ഒരു നിശ്ചയം നിങ്ങള്‍ക്ക് ചെയ്തുകൂടേ, സന്ദര്‍ശകന്മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന ആദ്യത്തെ സമ്മാനം പുഞ്ചിരിയായിരിക്കുമെന്ന്. ചുണ്ടു വിരുത്തി പല്ലു കാണിച്ചതുകൊണ്ടുമാത്രം വരുത്തിത്തീര്‍ക്കുന്ന പൊള്ളച്ചിരിയല്ല, ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് പൊങ്ങിവരുന്ന സൗഹാര്‍ദവും സന്മനസ്സും പ്രദര്‍ശിപ്പിക്കുന്ന ആത്മാര്‍ഥമായ, ആകര്‍ഷകമായ പുഞ്ചിരി! എന്തൊരു അനുഗ്രഹമാവും അത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും
 
 

www.keralites.net
 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment