Thursday, 26 September 2013

[www.keralites.net] =?utf-8?B?4LSq4LWG4LSj4LWN4oCN4LS24LSw4LWA4LSw4LSCOiDgtJrgtL/gt

 



കുറച്ചുദിവസം മുമ്പാണ് പരിചയമുള്ളൊരാള്‍ ഒരു യൂട്യബ് ലിങ്ക് അയച്ചുതന്നത്. സ്ത്രീയുടെ ശരീരത്തെക്കുറിച്ചും ആ ശരീരം പുരുഷനെ എങ്ങനെയെല്ലാം കാമാന്ധനാക്കുന്നു എന്നും കാണിച്ച് എന്നെ ബോധവത്ക്കരിക്കുകയായിരുന്നിരിക്കണം ലക്ഷ്യം. 

ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ പുരുഷനില്‍ വളരെ കൂടുതലാണെന്ന് ശാസ്ത്രം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും പുരുഷന് സത്രീയെ കാണുമ്പോള്‍ തന്നെ ആസക്തിയുണ്ടാവുന്നുവെന്നും അതുകൊണ്ട് സത്രീകള്‍ അടങ്ങിയൊതുങ്ങിയിരിക്കണമെന്നും ശരീരപൂര്‍ണ്ണമായി മറച്ചുകൊണ്ടുമാത്രം പുറത്തിറങ്ങണമെന്നും ആ യൂട്യൂബ് ലിങ്കിലെ പ്രസംഗത്തില്‍ പറയുന്നു. 

പെണ്ണുങ്ങളെ ഞങ്ങള്‍ക്ക് കുറച്ചു ഹോര്‍മോണുകള്‍ കൂടുതലാണ്...നിങ്ങള്‍ സൂക്ഷിച്ചോ ഇല്ലെങ്കില്‍ ആക്രമിച്ചു കളയും എന്നല്ലേ അതിന്റെ ധ്വനി എന്നോര്‍ത്തുപോയി. സ്ത്രീകള്‍ക്കു നേരെയുള്ള ലൈഗിംക ആക്രമണത്തിന് ശാസ്ത്രത്തെ വരെ കൂട്ടുപിടിച്ചുകൊണ്ട് പുരുഷഭാഗം ന്യായീകരിക്കുകയാണ്. അപ്പോള്‍ കുറ്റക്കാരി സ്ത്രീ തന്നെ.

അതുകൊണ്ട് സ്ത്രീ പുറത്തിറങ്ങരുത്. വെളിച്ചം കാണരുത്. സഞ്ചരിക്കരുത്. അടുക്കളയില്‍ നിന്ന് കിടപ്പുമുറിയിലേക്കുള്ളതാവണം അവളുടെ ദൂരം. 

ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്കിത് അനുവദിച്ചുകൊടുക്കാനാവുമോ

ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളില്‍ ഏതെങ്കിലും പെണ്‍ജീവി ഇണയേയോ, ഏതിര്‍ലിംഗജീവിയെയോ ഭയന്ന് പുറത്തിറങ്ങാതിരിക്കുന്നുണ്ടോ എന്നറിയില്ല. ഇല്ലെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അപ്പോള്‍ മനുഷ്യജാതിയില്‍ മാത്രമെന്താണ് പ്രത്യേകത

ഈ ലോകം പുരുഷന്റെ, ഈ ആകാശം, ഈ നദികള്‍, കടല്‍, വഴികള്‍, കാഴ്ചകള്‍ എല്ലാമെല്ലാം പുരുഷന്റെ....
ഭൂമിയില്‍ സ്വന്തമായിട്ട്, സ്വതന്ത്രമായിട്ട് ഇറങ്ങി നടക്കാന്‍ സ്ത്രീക്ക് ഒരവാകാശവുമില്ലെന്നു പറഞ്ഞാല്‍ എങ്ങനെ സമ്മതിച്ചു കൊടുക്കാനാവും

ഇവരുടെ ആക്രമണം ഭയന്ന് എന്നും ഒളിച്ചു ജീവിക്കാനാകുമോ

അടുത്തകാലത്ത്് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട് രണ്ടു സ്ത്രീകള്‍ കൂടുന്ന എവിടെയും ചര്‍ച്ച പെണ്‍കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തും എന്നാണ്. അതുകേള്‍ക്കുമ്പോള്‍, ആ ചര്‍ച്ചകളില്‍ അറിയാതെയെങ്കിലും പങ്കാളിയാവുമ്പോള്‍ എന്തെന്നില്ലാത്ത അസ്വസ്ഥത ഈയുള്ളവള്‍ക്കുണ്ടാകാറുണ്ട്. 

എനിക്കും ഒരു മകളുള്ളതുകൊണ്ടോ ഞങ്ങള്‍ മൂന്നുപെണ്‍കുട്ടികള്‍ പലപ്പോഴും ഒറ്റയ്ക്കായി വളര്‍ന്നതുകൊണ്ടോ അല്ല. എന്നാല്‍ അതൊക്കെ അസ്വസ്ഥതയ്ക്കു പിന്നിലുണ്ടുതാനും. 

മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ അവധി ദിവസങ്ങളില്‍, ഞങ്ങളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ടായിരുന്നു അമ്മ ജോലിക്കു പോയിരുന്നത്. റോഡിലേക്കിറങ്ങരുത്, വഴക്കുകൂടരുത് എന്നൊക്കെ പറയുന്നതല്ലാതെ പെണ്‍ശരീരം ഭാരമാണെന്നോ ആരെങ്കിലും ഉപദ്രവിച്ചുകളയും എന്നോ പറഞ്ഞിട്ടില്ലായിരുന്നു. അമ്മ ജോലിക്കു പോയില്ലായിരുന്നുവെങ്കില്‍ ഞങ്ങളെ പഠിപ്പിക്കുവാനോ ആഹാരം തരുവാനോ കഴിമായിരുന്നുമില്ല. അതുകൊണ്ടുതന്നെ യാതൊരു വേവലാതിയുമില്ലാതെ ഞങ്ങള്‍ കളിച്ചു നടന്നു. ചിലപ്പോള്‍ അനിയത്തിമാര്‍പോലുമില്ലാതെ ഒററയ്ക്കിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴോ പിന്നീട് മുതിര്‍ന്നപ്പോഴോ 'നീ പെണ്ണാണ് പെണ്ണാണ്' എന്ന് ആരും പറഞ്ഞില്ല. 

അതുകൊണ്ടൊക്കെയാവണം പെണ്‍ശരീരം അത്ര നിഗൂഢമാണെന്നൊന്നും തോന്നിയിട്ടില്ല. ആണ്‍ശരീരവും. 

ഒരുപക്ഷേ, കുട്ടിക്കാലത്ത്് പ്രകൃതിയോട് വല്ലാതെ അടുത്തു നില്ക്കുകയും എന്തിനേയും പ്രകൃതിയോട് ചേര്‍ത്ത് കണ്ടതുകൊണ്ടുമാവണം. മനുഷ്യന്‍ പറയുമ്പോള്‍ മാത്രമേ ശരീരത്തിന് നിഗൂഢതകളുള്ളു. അല്ലാതെ സര്‍വ്വജീവജാലങ്ങള്‍ക്കും ശരീരം ഭാരമേയല്ലല്ലോ എന്നു വിചാരിച്ചിരുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭാരമുണ്ടാകുന്നത് ശരീരത്തിനല്ല, മനസ്സിനാണ്.

'
പണ്ടത്തെക്കാലമല്ല.. എങ്ങനെ പെണ്‍കുട്ടികളെ ഒറ്റയ്ക്കാക്കി പോകും? ഏറ്റവും അടുത്ത അച്ഛനെപ്പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലം' എന്നൊക്കെ കേട്ടുകൊണ്ടേയിരിക്കുന്നു. പത്രങ്ങളില്‍ വായിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെക്കാലത്തിനുമാത്രമാണ് കുറ്റം. മുകളില്‍ യൂട്യൂബില്‍ പ്രസംഗിച്ച ആളു പറഞ്ഞപ്രകാരം ടെസ്‌റ്റോസ്റ്റിറോണ്‍ ഇപ്പോഴുണ്ടായ ഹോര്‍മോണാണോ

ചെറുപ്പത്തില്‍ ഏതെങ്കിലും അടുത്ത ബന്ധുവില്‍ നിന്നു തന്നെ ലൈംഗികപീഡനം ഉണ്ടായിട്ടുണ്ടെന്ന് പല പെണ്‍സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. ചിലര്‍ രക്ഷപെട്ടു. ചിലര്‍ വിധേയരായി. പക്ഷേ, പിന്നീടാരോടും പറഞ്ഞില്ല. കേസുകൊടുത്തില്ല. പത്രത്തില്‍ വാര്‍ത്തയായില്ല. അത്രമാത്രം. 

ഗാര്‍ഹിക പീഡനം, ബന്ധുക്കളില്‍ നിന്നുള്ള ലൈംഗികപീഡനം ഇവയെ വെച്ചുനോക്കുമ്പോള്‍ പുറത്തുനിന്നുള്ള പീഡനങ്ങള്‍ കുറവാണെന്നു കാണാം. പക്ഷേ, ഇന്ന് ഇത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുകയും അതുവഴി ജനങ്ങളെ കൂടുതല്‍ ആധിപിടിപ്പിക്കുന്നില്ലേയെന്നും സംശയം. 

അടുത്തകാലത്തായി, പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാനും സംസാരിക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട് . അതു സാമൂഹ്യമാറ്റമായി തന്നെ കാണണം. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ ആധിപിടിക്കുന്ന വീട്ടുകാര്‍ അവരെ എത്രത്തോളം പുറത്തിറക്കും? സ്ത്രീകള്‍ പലപ്പോഴായി നേടിയെടുത്ത ചെറിയ സ്വതന്ത്ര്യത്തിന്റെ വാതിലുകള്‍ അടഞ്ഞുപോവുകയല്ലേയുള്ളു. ആ രീതിയിലാണ് വീട്ടുകാരുടെ, പുറത്തെ സമൂഹത്തിന്റെ ചിന്താരീതികള്‍ മാറികൊണ്ടിരിക്കുന്നത്. 

പുരുഷനെ പേടിച്ച്, മാനം രക്ഷിക്കുക എന്ന പേരിലാണ് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മചെയ്യുന്നുത്. 
അത്രക്കങ്ങ് പുരുഷനെ ഭയക്കണോ

ആക്രമിക്കും ആക്രമിക്കും എന്ന വിചാരത്തോടെയല്ലാതെ നമ്മുടെ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങിയേ മതിയാവൂ. എപ്പോഴും കൂട്ടുവരാന്‍ ആരെങ്കിലുമുണ്ടായികൊള്ളണമെന്നില്ല. ഇതേ കോളത്തില്‍ സ്ത്രീകളുടെ സഞ്ചാരങ്ങളെക്കുറിച്ചെഴുതിയപ്പോള്‍ തനിച്ചുപൊയക്കോ! പക്ഷേ, പോകുമ്പോള്‍ ഒരു തോക്കും കൂടെ വേണം. ഇല്ലെങ്കില്‍ തിരിച്ചു വരുമ്പോള്‍ മാനം കാണില്ല എന്നൊരാള്‍ കമന്റെഴുതി. 
പുരുഷന് തലയ്ക്കുമുകളില്‍ കാണുന്നതാണ് മാനമെങ്കില്‍ സ്ത്രീക്കും അതുതന്നെയാണെന്നാണ് വിശ്വാസം. നഷ്ടപ്പെടുത്തുന്നവന് ഇല്ലാത്ത മാനം സ്ത്രീക്കു മാത്രമായിട്ടെന്തിനാണ്

പെണ്‍കുട്ടികളെ കരാട്ടെ പടിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നിങ്ങളുടെ തരളശരീരം കാത്തുകൊള്ളേണ്ടത് വീട്ടിനുള്ളില്‍ അടച്ചിട്ട മുറിയിലാണെന്ന് പറഞ്ഞ് അവളെ കൂടുതല്‍ കൂടുതല്‍ അസ്വതന്ത്രയാക്കേണ്ട. തരള ശരീരികളും തരള ചിത്തരുമാവേണ്ടവരല്ല അവര്‍. ശരീരത്തെക്കുറിച്ച് എന്തിനാണ് ഇത്ര വേവലാതി

ബലാത്സംഗം ചെയ്യപ്പെട്ടാല്‍ എന്തുചെയ്യും? ഒരു പെണ്‍കുട്ടി അമ്മയോടു ചോദിച്ചതാണിത്. 



എവിടെയെങ്കിലും വീണ് മുറിവുപറ്റിയാല്‍ എന്താണ് ചെയ്യുന്നത് അത്രയേയുള്ളു ഇതിലും എന്ന് ആ അമ്മ മറുപടി പറഞ്ഞു. അങ്ങനെ എത്രപേര്‍ക്കു പറയാനാവും

ഇതിനോട് സാമ്യമായൊരുകാര്യം വിനയേച്ചി ഒരിക്കല്‍ പറയുകയുണ്ടായി (എന്‍ എ വിനയ, ഹെഡ് കോണ്‍സ്റ്റബ്ള്‍, തൃശൂര്‍) പിന്നീട് അവരത് ബ്ലോഗിലിടുകയും ചെയ്തു.

എന്റെ മകള്‍ക്ക് 12 വയസ്സുള്ളപ്പോള്‍ അവള്‍ എന്നോടൊരു സംഭവം വിവരിച്ചു.അവളുടെ ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്.കഥയും അവളുടെ ആശങ്കയും എന്റെ മറുപടിയും ഞാനിനിടെ വിവരിക്കാം. ....

'
അമ്മേ എന്റെ കൂട്ടുകാരി പറയാ അവളുടെ അമ്മയുടെ നാട്ടില് ഞങ്ങടെ അത്ര പ്രായമുള്ള ഒരു കുട്ടിയെ ഒരു മാമന്‍ കത്തികൊണ്ട് കുത്തി കൊന്നൂത്രെ. ഒരീസം സന്ധ്യക്ക് ആളൊഴിഞ്ഞ ഒരു വഴിയിലൂടെ അവള്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരു തോട്ടത്തിനു നടുവിന്‍ വെച്ച് കൈയ്യില്‍ കത്തിയുമായി ഒരു മാമന്‍ തടഞ്ഞുനിര്‍ത്തി അയാള്‍ അവളോട് അയാള്‍ പറയുന്നതുപോലെ ചെയ്യാന്‍ പറഞ്ഞു .അതുകേള്‍ക്കാത്ത അവളെ അയാള്‍ കുത്തി കൊന്നു പോലും.' 'അമ്മേ ഞാനങ്ങനെ ഒറ്റപ്പെട്ടു പോയാല്‍ ഇങ്ങനെ കത്തീം കാട്ടി ഒരാള്‍ നിന്നാല്‍ ഞാനെന്താ ചെയ്യേണ്ടത്?

ഉത്തരം : മോളേ ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ജീവന്‍ തന്നെയാണ്. അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് ബോധ്യമായാല്‍ അയാള്‍ എന്തു പറയുന്നവോ അതുപോലങ്ങ് അനുസരിക്കണം എന്നിട്ട് വീട്ടില്‍ വന്ന അമ്മയോട് പറയണം. ഒരിക്കലും അമ്മ മോളെ കുറ്റപ്പെടുത്തില്ല. പക്ഷേ നിര്‍ബന്ധമായും പറഞ്ഞിരിക്കണം.

'
അല്ലമ്മേ അങ്ങനൊക്കായാല് പെണ്ണുങ്ങക്കല്ലേ ഗര്‍ഭണ്ടാവ്വാ. അങ്ങനെ ഗര്‍ഭായാലോ....?'ഉത്തരം : ആ അയ്‌ക്കോട്ടെ. മെഡിക്കല്‍ഷോപ്പില്‍ ഗുളിക കിട്ടും. അത് കഴിച്ചാല്‍ അതൊക്കെയങ്ങ് പോകും. ടെറ്റോളിട്ട് അമ്മ നന്നായി മോളെയങ്ങ് കുളിപ്പിക്കും. ഇതൊന്നും അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലമോളേ ..

അങ്ങനെ എത്രപേര്‍ക്കു പറയാനാവും

ഒരു വനിതാദിനത്തില്‍ ചര്‍ച്ച നടക്കുകയാണ്...സത്രീകളും പുരുഷന്മാരുമുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ചര്‍ച്ച. സ്വാഭാവികമായും സ്ത്രീപീഡനങ്ങളെക്കുറിച്ചും അത് സ്ത്രീയെ മാനസീകമായി മുറവേല്പ്പിക്കുന്നതിലും എത്തി. 

അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പയ്യന്‍ എഴുന്നേറ്റു നിന്നു. അവന് ചെറുപ്പത്തില്‍ മുതിര്‍ന്ന പുരുഷനില്‍ നിന്ന് പീഡനമേല്‌ക്കേണ്ടി വന്നിട്ടുണ്ട്. തന്റെ ചാരിത്ര്യം നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്ത് വിഷമിച്ചിട്ടില്ലെന്ന് അവന്‍ പറഞ്ഞു. 

രാത്രി ഒരു നേരം കഴിഞ്ഞാല്‍ 'കുണ്ട'ന്മാരുടെ ശല്യം കൊണ്ട് ഒറ്റയ്ക്ക് നടക്കാന്‍ പ്രയാസമാണെന്നു പറഞ്ഞ ആണ്‍ സുഹൃത്തിനെ ഓര്‍ക്കുന്നു. 

സ്ത്രീകള്‍ക്കുനേരെ മാത്രമാണ് ലൈംഗികപീഡനങ്ങളുണ്ടാവുന്നത് എന്ന് കരുതേണ്ടെന്നും ശബ്ദിക്കില്ല എന്നു തോന്നുന്നവരോട്, ബലഹീനരെന്ന് തോന്നുന്ന ഏതു വര്‍ഗ്ഗത്തോടും പീഡനത്വരയുണ്ടാവുന്നു എന്നും പറയേണ്ടിയിരിക്കുന്നു. 

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ബലഹീനരാവാതിരിക്കുക എന്നതു മാത്രമാണ് രക്ഷ. അതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും അറിയണം. 

സ്ത്രീയുടെ സൗന്ദര്യമാണോ അവള്‍ ശക്തികുറഞ്ഞവളെന്ന തോന്നലോ പീഡനത്തിനു പിന്നില്‍

കാഴ്ചയ്ക്ക് അത്രയൊന്നും സൗന്ദര്യം തോന്നിക്കാത്ത, ഇരുണ്ട നിറവും പതിഞ്ഞമൂക്കുമുള്ള എത്രയോ ആദിവാസി സ്ത്രീകള്‍ നിരന്തരം പീഡനത്തിനിരയാകുന്നു. നാട്ടില്‍ അവസരങ്ങളില്ലാഞ്ഞിട്ടല്ല എന്നാല്‍ അശക്തരെ ഏതുമാര്‍ഗ്ഗത്തിലൂടെയും വിധേയരാക്കാം എന്ന തോന്നലല്ലേ ഇതിനു പിന്നില്‍

സ്ത്രീകള്‍ക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കു നേരെ പ്രതികരിക്കാന്‍ അവളെ പ്രാപ്തയാക്കിയില്ലെങ്കില്‍ പെണ്‍ഭ്രൂണഹത്യ സാധാരണമാവുകയും പെണ്‍കുഞ്ഞ് പണ്ടത്തെപ്പോലെ സമൂഹത്തിന് ഭാരമാവുകയുമാവും ഫലം. 

അപ്പോള്‍, പീഡനവാര്‍ത്തകള്‍ കാണുമ്പോള്‍ പണ്ടത്തെകാലമല്ല എന്നു പറഞ്ഞ് പെണ്‍കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയല്ല മറിച്ച്, അവരെ ധൈര്യവതിയാക്കുകയും ശക്തരാക്കുകയുമാണ് വേണ്ടത്. 

ഇനി ആണ്‍പക്ഷത്തേക്കൊന്ന് നോക്കാം. യൂട്യൂബ് ലിങ്ക് അയച്ചുതന്നത് എനിക്കാണല്ലോ..അതായത് ഒരു പെണ്ണിന്...ഒരു പെണ്ണെങ്ങനെ നടക്കണമെന്ന്.. എങ്ങനെ നടക്കരുതെന്ന്...

എല്ലാ പുരുഷന്മാരും ഒരേ വിചാരത്തോടെ നടക്കുന്നവരാണെന്ന് ഇവള്‍ വിചാരിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഇവിടെ ദിവസവും കൂട്ടബലാത്സംഗങ്ങള്‍ തന്നെ ഉണ്ടായേനേ..അപ്പോള്‍ ആണിന്റെ പേര് ഇത്തരത്തില്‍ ചീത്തയാക്കാന്‍ കുറച്ചുപേരുണ്ട്..അതു തീര്‍ച്ച. (അത് ചീത്തയാക്കലാണോ എന്നു ചോദിച്ചാല്‍ ആരെങ്കിലും സമ്മതിച്ചു തരുമോ എന്നത് സംശയമാണ്) അന്നേരം അവരെ നന്നാക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് എതിര്‍ലിംഗത്തില്‍ പെട്ടവരെ ഉപദേശിക്കാന്‍ വരുന്നത് ശരിയോ? ഒരിടത്തും അങ്ങനെയൊരു ശ്രമവും നടക്കുന്നതായി അറിവില്ല. പുരുഷന്‍ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, എപ്പോഴൊക്കെ എവിടെയൊക്കെ സഞ്ചരിക്കാം എന്നൊന്നും ക്ലാസ്സെടുക്കുന്നതോ പ്രസംഗിക്കുന്നതോ ശ്രദ്ധയില്‍പെട്ടിട്ടില്ല. 

ഇനി ഇങ്ങനെയെങ്ങാന്‍ കുറേ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വെച്ചുകൊണ്ട് പെണ്ണുങ്ങള്‍ പ്രസംഗിക്കുകയും അത് യൂട്യൂബിലിടുകയും ചെയ്‌തെന്നിരിക്കട്ടെ..എങ്ങനെയാവും പ്രതികരണം? അതേ പ്രതികരണമാണ് ഞങ്ങള്‍ക്കുമെന്ന് അറിയുക.

 

 

 

Regards,

 

RAHUL RAVI KUMAR


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment