Saturday, 21 September 2013

[www.keralites.net] =?UTF-8?B?4LSq4LWN4LSw4LS/4LSv4LSq4LWN4LSq4LWG4LSf4LWN4LSfIOC0q

 

പ്രിയപ്പെട്ട പാര്‍വതി അഥവാ പ്രിയാമണി

Priyamani

തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാമണിയുടെ ജീവിതവും സിനിമയും...

തൃശൂര്‍ വരന്തരപ്പള്ളിയിലെ സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ നിന്നിറങ്ങി വരുന്ന വെള്ളയുടുപ്പിട്ട മാലാഖയെ കണ്ടു കൂടിനിന്ന നാട്ടുകാരില്‍പ്പലരും കൗതുകം കൊണ്ടു മൂക്കത്തു വിരല്‍വച്ചു. ഷാരൂഖ്‌ ഖാന്റെ ചെന്നൈ എക്‌സ്പ്രസ്സില്‍ ഐറ്റം ഡാന്‍സ്‌ ചെയ്‌ത സുന്ദരിയോ ഇത്‌?
പ്രിയാമണി അങ്ങനെയാണ.്‌ പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലും വന്ന്‌ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തും. ഇ ന്ത്യയിലെ ഏതൊരഭിനേത്രിയും കൊതിക്കുന്ന ദേശീയ അവാര്‍ഡ്‌ വരെ നേടിയിട്ടും, ഗ്‌ളാമറിനോട്‌ അലര്‍ജി കാണിക്കാത്ത പ്രകൃതം. പരുത്തിവീരനിലെ മുത്തഴക്‌, തിരക്കഥയിലെ മാളവിക, പ്രാഞ്ചിയേട്ടനിലെ പത്മശ്രീ, ചാരുലതയിലെ ചാരുവും ലതയും, ഗ്രാന്‍ഡ്‌മാസ്‌റ്ററിലെ ദീപ്‌തി... പ്രിയയുടെ അഭിനയപാടവം തിരിച്ചറിഞ്ഞ വേഷങ്ങള്‍ അനവധി. അന്യഭാഷകളില്‍ പ്രിയാമണി അഭിനയിച്ച വേഷങ്ങളെ പോലും മലയാളികര്‍ അഭിനന്ദിച്ചിട്ടുണ്ട്‌. ചെറിയ ഇടവേളയ്‌ക്കു ശേഷം ദ്‌ ട്രൂ സ്‌റ്റോറി എന്ന ചിത്രത്തിലെ നായികപ്രാധാന്യമുള്ള വേഷത്തിലൂടെ പ്രിയാമണി മലയാളിക്ക്‌ മുന്നില്‍ വീണ്ടുമെത്തുകയാണ്‌. തിരക്കിനിടയില്‍ പ്രിയാമണിക്കൊപ്പം അല്‌പനേരം...

ഇടവേളയ്‌ക്ക് ശേഷം വീണ്ടുമെത്തുമ്പോള്‍...?

അതെ. ഗ്രാന്‍ഡ്‌മാസ്‌റ്ററിനു ശേഷം മലയാളത്തില്‍ ഇടവേളയെടുത്തു. അരുണ്‍ ദാസിന്റെ ദ്‌ ട്രൂ സ്‌റ്റോറി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില നാടകീയമുഹൂര്‍ത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ്‌. അത വളുടെ മാനസികനില വരെ തെറ്റിക്കുന്നു. നല്ല പ്രാധാന്യമുള്ള വേഷമാണ്‌. പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്‌.

ആദ്യത്തെ ഡബിള്‍ റോള്‍ ആയിരുന്നല്ലോ ചാരുലത?

വളരെ എക്‌സൈറ്റഡായി ചെയ്‌ത വേഷമാണത്‌. രണ്ടു ഭാഷകളില്‍ ആ സിനിമ റിലീസായപ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നി. ഇരട്ട സഹോദരിമാര്‍ എന്നതിലുപരി സയാമീസ്‌ സഹോദരിമാരുടെ കഥ പറഞ്ഞ ചാരുലത എന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു. ചാരുവിനെയും ലതയെയും ഒരേ സമയം പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കണം, എന്നാല്‍ രണ്ടു പേരുടെയും മാനറിസങ്ങള്‍ തമ്മില്‍ വ്യത്യാസവും വേണം. സത്യം പറഞ്ഞാല്‍ ആ സിനിമ എനിക്കൊരു ചലഞ്ച്‌ തന്നെയായിരുന്നു. ഹോളിവുഡ്‌ ചിത്രമായ സ്‌റ്റക്ക്‌ ഓണ്‍ യു കണ്ട സമയത്താണ്‌ പോന്‍കുമരന്‍ സാര്‍ എനിക്ക്‌ ഈ വേഷം ഓഫര്‍ ചെയ്യുന്നത്‌. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്‌ടപ്പെട്ടു. ആ സിനിമയുടെ വിജയം കൊണ്ടാകാം മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്‌തത്‌. എനിക്കതിന്‌ കന്നഡയിലെ സുവര്‍ണ്ണ ഫിലിം അവാര്‍ഡ്‌ കിട്ടുകയും ചെയ്‌തു. ആ സ്‌നേഹം പ്രേക്ഷകരുടെ ഉള്ളിലുള്ളതു കൊണ്ടാകാം പലരും എന്നെ "ചാരുലത"യെന്ന്‌ വിളിക്കാറുണ്ട്‌. ആ വിളി കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്‌.

അമ്മൂമ്മ കമലാകൈലാസനാഥ്‌ കര്‍ണാടക സംഗീതജ്‌ഞ, അമ്മായി മാര്‍ഗുഡി ശുഭ പിന്നണിഗായിക... കലാപാരമ്പര്യമുള്ള കുടുംബം തന്നെയാണോ സിനിമയിലേക്കുള്ള ചവിട്ടുപടി ?

ഇവരൊക്കെ എന്റെ അനുഗ്രഹങ്ങളാണ്‌. പക്ഷേ സിനിമയിലേക്കെത്താന്‍ സഹായിച്ചത്‌ എന്റെ അച്‌ഛന്റെ അമ്മയാണ്‌, പാര്‍വ്വതി. ഞങ്ങളുടെ കുടുംബത്തില്‍ ആദ്യത്തെ പെണ്‍കുട്ടിക്ക്‌ അച്ചമ്മയുടെ പേരാണിടുന്നത്‌. അങ്ങനെ എനിക്കും പാര്‍വ്വതിയെന്ന പേരു തന്നു. അച്ചമ്മയ്‌ക്ക് എന്നോട്‌ ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. അതുകൊണ്ട്‌ സിനിമയിലേക്കുള്ള ഓഫര്‍ കിട്ടിയപ്പോള്‍ വിടണോ വേണ്ടയോ എന്ന ആശങ്കപ്പെട്ടിരുന്ന അമ്മയ്‌ക്കും അച്‌ഛനും മുന്നില്‍ തീരുമാനമറിയിച്ചത്‌ അച്ചമ്മയാണ്‌. "അവള്‍ക്ക്‌ പാടാനും നൃത്തം ചെയ്യാനുമുള്ള കഴിവുണ്ട്‌. ആ കഴിവിനെ ഒന്നുമല്ലാതാക്കി കളയരുത്‌. അതുകൊണ്ട്‌ അവളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ മാത്രമേ തീരുമാനമെടുക്കാവൂ. കുട്ടിക്ക്‌ അവസരം വച്ചു നീട്ടുമ്പോള്‍ വേണ്ടെന്നു വയ്‌ക്കരുത്‌. അവള്‍ സിനിമയില്‍ അഭിനയിക്കട്ടെ."എന്നാണ്‌ അച്ചമ്മ പറഞ്ഞത്‌. അച്ചമ്മയ്‌ക്ക് ചെറുപ്പത്തില്‍ നന്നായി പഠിക്കണം ജോലി നേടണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹിതയായതു കൊണ്ട്‌ നടന്നില്ല. ആഗ്രഹം സാധിക്കാതെ പോയ വിഷമം അറിയാവുന്നത്‌ കൊണ്ടാണ്‌ എന്റെ കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പറഞ്ഞത്‌.

ചെറുപ്പത്തില്‍ വേദികളില്‍ സജീവമായിരുന്നോ ?

അച്‌ഛന്‍ വാസുദേവ മണിക്ക്‌ ബിസിനസ്സായിരുന്നു. അമ്മ ലതാമണി ബാങ്കില്‍ നിന്ന്‌ വി.ആര്‍.എസ്‌ എടുത്തു. നല്ല ബാഡ്‌മിന്റണ്‍ പ്ലെയറായിരുന്നു. ചേട്ടന്‍ വിശാഖ്‌ദേവ്‌മണിയും അച്‌ഛന്റെ പാതയിലേക്ക്‌ തിരിഞ്ഞു. എനിക്ക്‌ ചെറുപ്പത്തില്‍ തന്നെ പാട്ടും നൃത്തവും ബാഡ്‌മിന്റണുമൊക്കെ ഇഷ്‌ടമായിരുന്നു. എങ്കിലും ഞാന്‍ നന്നായി പഠിച്ച്‌ ജോലി നേടണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അതുകൊണ്ട്‌ കലാവാസനകള്‍ക്ക്‌ രണ്ടാം സ്‌ഥാനമായിരുന്നു. ആദ്യമായി വേദിയില്‍ കയറുന്നതു പോലും പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌. ഫാഷന്‍ ഷോയ്‌ക്ക് എന്റെയൊരു സുഹൃത്തിന്‌ വരാന്‍ കഴിയാഞ്ഞപ്പോള്‍ പകരക്കാരിയായിട്ടാണ്‌ കയറിയത്‌. അതു കണ്ട്‌ പലരും അമ്മയെ നിര്‍ബന്ധിച്ചു. അങ്ങനെ ലിന്റാസ്‌ ക്രിയേറ്റീവില്‍ ഉദ്യോഗസ്‌ഥനായ, അമ്മയുടെ സഹോദരന്‍ വഴി ചെന്നൈയിലെ മോഡലിംഗ്‌ കോ- ഓര്‍ഡിനേറ്ററെ സമീപിച്ചു. അവിടെ നിന്ന്‌ പോര്‍ട്ട്‌ഫോളിയോ എടുത്ത്‌ മോഡലിംഗ്‌ രംഗത്ത്‌ സജീവമായി. കുടുംബത്തിന്റെ പിന്‍ബലമാണ്‌ ഇന്നത്തെ പ്രിയാമണിയാകാന്‍ സഹായിച്ചത്‌.

Inline image 1
 

മോഡലിംഗും സിനിമയിലേക്കെത്താന്‍ സഹായിച്ചോ ?

മോഡലിംഗില്‍ ഒരു ദിവസത്തെ അഭിനയം മതി. പ്രസന്നമായ മുഖമാണ്‌ പരസ്യചിത്രങ്ങള്‍ക്ക്‌ കൂടുതല്‍ ആവശ്യം. പക്ഷേ സിനിമയില്‍ അങ്ങനെയല്ല. രണ്ടും രണ്ടാണ്‌. എനിക്ക്‌ സിനിമയിലെത്താനുള്ള വഴി തുറന്നു തന്നത്‌ മോഡലിംഗാണ്‌. മോഡലിംഗ്‌ രംഗത്ത്‌ എത്തിയ ശേഷം കൂടുതല്‍ പരസ്യചിത്രങ്ങളും അച്ചടി മാധ്യമങ്ങളിലായിരുന്നു. ദൃശ്യ മാധ്യമങ്ങളില്‍ ചെയ്‌തത്‌ വളരെ കുറവായിരുന്നു. പരസ്യചിത്രങ്ങള്‍ കണ്ടിട്ടാണ്‌ ഫാസില്‍ സാറില്‍ നിന്ന്‌ ആദ്യത്തെ ഓഫര്‍ വരുന്നത്‌.

ആദ്യത്തെ സിനിമ മലയാളമായിരുന്നോ?

അല്ല. ആലപ്പുഴയിലുള്ള ഫാസില്‍ സാറിന്റെ വീട്ടില്‍ വച്ച്‌  സ്‌ക്രീന്‍ ടെസ്‌റ്റ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു നായകന്‍. എല്ലാം പറഞ്ഞ്‌ തിരികെ വീട്ടിലെത്തിയപ്പോഴാണ്‌ എനിക്ക്‌ പരീക്ഷയാണെന്ന കാര്യം ഓര്‍ക്കുന്നത്‌. സിനിമയ്‌ക്കു വേണ്ടി പഠനം കളയാന്‍ വയ്യാത്തതു കൊണ്ട്‌ ആ സിനിമ ഉപേക്ഷിച്ചു.


പിന്നീടാണ്‌ ഭാരതീരാജ സാറിന്റെ തമിഴ്‌ ചിത്രമായ കണ്‍കള്‍ കൈയ്‌തി സെയ്‌ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്‌. അന്ന്‌ ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുകയാണ്‌. സിനിമയെന്തെന്നറിയില്ല. പക്ഷേ, ഗുരുവായ ഭാരതീരാജ സാര്‍ എല്ലാം പറഞ്ഞു തന്നു. അദ്ദേഹത്തില്‍ നിന്ന്‌ തന്നെ എന്റെ കരിയര്‍ തുടങ്ങാനായത്‌ ഏറ്റവും വലിയ ഭാഗ്യം. അഭ്രലോകത്തെക്കുറിച്ചുള്ള എല്ലാ അറിവുകളും പകര്‍ന്നു തന്നത്‌ അദ്ദേഹമാണ്‌. ഇന്ന്‌ എനിക്ക്‌ കിട്ടുന്ന ഓരോ കഥാപാത്രവും ആ ഗുരുനാഥന്‍ തന്ന അറിവുകളും അനുഗ്രഹങ്ങളും കാരണമാണ്‌.

മലയാളത്തിലേക്കെത്തിയത്‌ ?

കണ്‍കള്‍ കൈയ്‌തി സെയ്‌ നു ശേഷം ഒരു തെലുങ്ക്‌ ചിത്രം ചെയ്‌തു. വിനയന്‍ സാര്‍ സത്യത്തിലേക്കു വിളിക്കുന്നത്‌ ആ സമയത്താണ്‌. പൃഥ്വിരാജിന്റെ നായികയായിരുന്നു ഞാന്‍. (പിന്നീട്‌ പുതിയമുഖത്തിലും ഞങ്ങളുടെ ജോഡി ആവര്‍ത്തിച്ചു) ആ ലൊക്കേഷന്‍ വളരെ ഇഷ്‌ടമായിരുന്നു. കുടുംബത്തിലെ അംഗത്തെപ്പോലെയാണ്‌ അവര്‍ സ്വീകരിച്ചത്‌. എന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്കും ഇഷ്‌ടമായി. മലയാള സിനിമയോട്‌ അന്നു തന്നേ ഒരു അടുപ്പം തോന്നിയിരുന്നു. പിന്നീട്‌ എനിക്ക്‌ ബ്രേക്ക്‌ തന്ന സിനിമ പരുത്തിവീരനാണ്‌.

തമിഴില്‍ പരുത്തിവീരനും മലയാളത്തില്‍ തിരക്കഥയും ?

അതെ. ഈ രണ്ടു കഥാപാത്രങ്ങളും എനിക്ക്‌ ഒരുപാട്‌ പ്രശംസ നേടിത്തന്നതാണ്‌. പരുത്തിവീരനിലെ മുത്തഴകും തിരക്കഥയിലെ മാളവികയും എനിക്ക്‌ കിട്ടിയ അംഗീകാരങ്ങളാണ്‌. ഈ രണ്ടു കഥാപാത്രങ്ങളോടും എനിക്കും വല്ലാത്ത അറ്റാച്ച്‌മെന്റുണ്ട്‌. ഗ്ലിസറിന്‍ പോലുമില്ലാതെയാണ്‌ കരയുന്ന സീനുകള്‍ എടുത്തത്‌.
പരുത്തിവീരനില്‍ എന്നെ കൊല്ലുന്ന സീന്‍ കണ്ട്‌ പലരും കരഞ്ഞു പോയിട്ടുണ്ടെന്ന്‌ പറഞ്ഞിട്ടുണ്ട്‌. നാടന്‍ പെണ്‍കുട്ടിയുടെ വേഷം തന്ന പരുത്തിവീരന്റെ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ എന്നില്‍ കണ്ട വിശ്വാസമാണ്‌ ആ സിനിമ. ആ സിനിമയ്‌ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ കിട്ടി. ഫിലിം ഫെയര്‍ അവാര്‍ഡും.
പിന്നെ തിരക്കഥയിലെ മാളവിക. മേക്കപ്പ്‌മാനു പോലും എന്നെ കണ്ടിട്ട്‌ കരച്ചില്‍ വന്നു. രഞ്‌ജിത്തേട്ടന്‍ എന്നിലേല്‍പ്പിച്ച ചലഞ്ചായിരുന്നു ആ സിനിമ. സത്യം പറയട്ടെ ആ സിനിമയ്‌ക്ക് അവാര്‍ഡ്‌ കിട്ടാത്തതില്‍ എനിക്കൊരു സങ്കടവും തോന്നിയില്ല. ഇന്നും മലയാളപ്രേക്ഷകര്‍ മാളവികയെ സ്‌നേഹിക്കുന്നതാണ്‌ എനിക്കു കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്‌. അതിനു ശേഷം രഞ്‌ജിത്തേട്ടന്‍ പ്രാഞ്ചിയേട്ടനിലും ഒരു നല്ല വേഷം തന്നു.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ?

വലിയ ഭാഗ്യം. പ്രഗല്‌ഭരായ അഭിനയപ്രതിഭകളാണ്‌ രണ്ടു പേരും. സിനിമയെ ജീവിതത്തെ ഭാഗമാക്കി സ്‌നേഹിക്കുന്നവര്‍. കഥാപാത്രത്തെ മികച്ചതാക്കാന്‍ വളരെ ഹാര്‍ഡ്‌വര്‍ക്കു ചെയ്യുന്നവരാണ്‌ രണ്ടു പേരും. സിനിമയോടുള്ള അവരുടെ അഭിനിവേശം കാണുമ്പോള്‍ ബഹുമാനിക്കാന്‍ തോന്നും.
നല്ല സിനിമകളില്‍ അവരോടൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ട്‌. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ രണ്ടുപേരും സഹായിച്ചിട്ടുണ്ട്‌. അല്ലെങ്കിലും മലയാള സിനിമയില്‍ അതുല്യപ്രതിഭകളായ ഒരുപാട്‌ പേരുണ്ട്‌. അതിലൊരാളാണ്‌ എനിക്കിന്നും ബഹുമാനമുള്ള കെ.പി.എ.സി ലളിതചേച്ചി. എന്റെ മനസ്സിലുള്ള സ്‌നേഹം അറിഞ്ഞതു കൊണ്ടാകാം അവാര്‍ഡ്‌ കിട്ടിയപ്പോള്‍ ലളിതചേച്ചി എന്നെ വിളിച്ച്‌ അഭിനന്ദിച്ചു.

ഹിന്ദിയിലും തിളങ്ങി ?

ആദ്യത്തെ സിനിമ മണിരത്നം സാറിന്റെ രാവണായിരുന്നു. അതിന്റെ തമിഴിലും ഹിന്ദിയിലും അഭിനയിച്ചു. തീരെ പ്രതീക്ഷിക്കാത്ത ഓഫറായിരുന്നു. അദ്ദേഹത്തെപ്പോലെ മികച്ച ഒരു സംവിധായകന്‍ അങ്ങനെെയാരു ഓഫര്‍ വച്ചപ്പോള്‍ ഒന്നും ആലോചിക്കാതെ യെസ്‌ പറഞ്ഞു. ചെറിയ വേഷമാണെന്ന്‌ പറഞ്ഞിരുന്നു. പക്ഷേ മണി സാറിനൊപ്പം ഒരു സിനിമ ചെയ്യുന്നത്‌ തന്നെ വലിയൊരു ഭാഗ്യമല്ലേ? അദ്ദേഹം വലിയൊരു അത്ഭുതം തന്നെയാണ്‌. സിനിമയെക്കുറിച്ചുള്ള പാഠപുസ്‌തകം. ഒരു അഭിനേത്രിയെ സംബന്ധിച്ച്‌ ഏറ്റവും വലിയ ഭാഗ്യമാണത്‌. ഇത്രയും വലിയൊരു ലെജന്‍ഡിന്റെ സിനിമയിലെ ഒരു ഭാഗമാകാന്‍ കഴിഞ്ഞത്‌ വലിയൊരു അഭിമാനമാണ്‌. ഇനിയും അദ്ദേഹത്തോടൊപ്പം വര്‍ക്ക്‌ ചെയ്യണമെന്നുണ്ട്‌. പിന്നീടാണ്‌ രക്‌തചരിത്ര്‌ കിട്ടുന്നത്‌. തെലുങ്ക്‌ സംവിധായകനായ പുരി ജഗന്നാഥ്‌ സാറും രാംഗോപാല്‍ വര്‍മ്മ സാറും സുഹൃത്തുക്കളാണ്‌. അങ്ങനെയാണ്‌ ആ വേഷം കിട്ടുന്നത്‌. സൂര്യയ്‌ക്കൊപ്പമാണ്‌ വേഷമെന്ന്‌ പറഞ്ഞു. ആര്‍.ജി.വിയെ പ്പോലെ ബോളിവുഡിലെ മികച്ച സംവിധായകനും തമിഴില്‍ സൂപ്പര്‍ ഹീറോയും ഒരുമിച്ചുള്ള സിനിമ മിസ്‌ ചെയ്യരുതെന്ന്‌ തോന്നി. അതിനു ശേഷം ഷാരൂഖ്‌ സാറിനൊപ്പം ചെന്നൈ എക്‌സ്പ്രസില്‍ ഒരു പാട്ടും ചെയ്‌തു.

പ്രണയം. വിവാഹം ?

പ്രണയം ഇഷ്‌ടമാണ്‌. പ്രണയിച്ച്‌ വിവാഹം കഴിക്കുന്നതും ഇഷ്‌ടമാണ്‌. പക്ഷേ സീരിയസ്സായ പ്രണയങ്ങള്‍ ഉണ്ടായിട്ടില്ല.
ബാംഗ്ലൂരാണ്‌ വളര്‍ന്നതെങ്കിലും ഉള്ളിന്റെയുള്ളില്‍ പാലക്കാട്ടുള്ള അയ്യര്‍ കുടുംബത്തിലെ പെണ്‍കുട്ടിയാണ്‌ ഞാന്‍. ഇന്നും കേരളത്തിലെ ആഹാരത്തിനോടും പ്രകൃതിയോടുമാണിഷ്‌ടം. ഇവിടുത്തെ മഴയും പുഴയും കാറ്റുമൊക്കെ ആസ്വദിച്ച്‌ വീടു വച്ച്‌ താമസിക്കുന്നത്‌ വലിയൊരു സ്വപ്‌നമാണ്‌. കേരളത്തിന്റെ ഊര്‍ജ്‌ജമെന്ന സുകൃതം നഷ്‌ടപ്പെടുത്തണമെന്നില്ല. വിവാഹം ഏതായാലും ഉടനെയില്ല. തത്‌കാലം കരിയറില്‍ ശ്രദ്ധിക്കാനാണ്‌ താത്‌പര്യം.

Vidya My Cousin

എന്റെ ഫസ്‌റ്റ് കസിനാണ്‌ വിദ്യ. വീട്ടുകാര്‍ തമ്മില്‍ നല്ല അടുപ്പമുണ്ട്‌. തിരക്കു കാരണം ഞങ്ങള്‍ തമ്മിലങ്ങനെ കാണാറില്ല.
ജനനം കൊണ്ട്‌ മലയാളികളാണെങ്കിലും ഞങ്ങള്‍ക്ക്‌ അന്യഭാഷയിലാണ്‌ കൂടുതല്‍ തിളങ്ങാന്‍ കഴിഞ്ഞത്‌. ഇത്രയും അറിയപ്പെടുന്ന ഒരു അഭിനേത്രിയുടെ കസിനാണെന്ന്‌ പറയുന്നതില്‍ അഭിമാനമുണ്ട്‌.

Glamour no Taboo

എന്റെ റിയല്‍ ലൈഫില്‍ ഞാനെങ്ങനെയാണെന്ന്‌ അമ്മയോട്‌ ചോദിച്ചു നോക്കണം. വളരെ അലസമായിട്ടാണ്‌ ഞാന്‍ പുറത്തിറങ്ങുന്നതെന്ന്‌ പറഞ്ഞ്‌ അമ്മ ഇപ്പോഴും വഴക്കു പറയും. പുറത്തിറങ്ങുമ്പോഴെങ്കിലും കുറച്ചൊക്കെ ഒരുങ്ങി പൊയ്‌ക്കൂടെ എന്ന്‌ ചോദിക്കും. അതാണ്‌ ശരിക്കും ക്യാമറയ്‌ക്ക് പിന്നിലുള്ള പ്രിയാമണി, അല്ല പാര്‍വ്വതി. ക്യാമറയ്‌ക്കു മുന്നില്‍ ഞാന്‍ കഥാപാത്രമാണ്‌. കഥാപാത്രത്തിന്റെ വിജയത്തിനു വേണ്ടി ഗ്ലാമറാകുന്നതില്‍ തെറ്റുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല. എപ്പോഴും ഒരേ രീതിയില്‍ അഭിനയിച്ചാല്‍ എല്ലാവര്‍ക്കും ബോറടിക്കില്ലേ. ഇപ്പോഴത്തെ കാലത്ത്‌ പ്രേക്ഷകര്‍ ഇത്തരം ഗ്ലാമര്‍ കഥാപാത്രങ്ങളെ ആവശ്യപ്പെടുന്നുണ്ട്‌. പ്രേക്ഷകര്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഇത്തരം വേഷങ്ങളും പാട്ടുകളും വിജയിക്കുന്നതെങ്ങനെയാണ്‌. ചെന്നൈ എക്‌സ്പ്രസില്‍ എനിക്ക്‌ കിട്ടിയത്‌ ഐറ്റം സോംഗാണ്‌. ആ സിനിമ അത്‌ ആവശ്യപ്പെടുന്നുണ്ട്‌. ഈ പാട്ട്‌ കണ്ട ശേഷം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ നിന്ന്‌ നല്ല അഭിപ്രായമാണ്‌ എനിക്ക്‌ കിട്ടുന്നത്‌. പ്രേക്ഷകര്‍ സ്വീകരിക്കുന്നത്‌ കൊണ്ടാണ്‌ വീണ്ടും ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്‌. പിന്നെ ഞാന്‍ ഗ്‌ളാമര്‍ മാത്രമല്ലല്ലോ ചെയ്‌തിട്ടുള്ളത്‌. മലയാളത്തില്‍ തന്നെ ഒറ്റനാണയം എന്ന സിനിമയില്‍ ഞാന്‍ തെരുവുതെണ്ടിയായാണ്‌ അഭിനയിച്ചത്‌. എന്നോട്‌ അടുപ്പമുള്ളവര്‍ക്ക്‌ എന്നെയറിയാം. അതുമതി.

ഓണത്തെപ്പറ്റി...?

പത്തു വര്‍ഷം മുന്‍പുള്ള ഓണം വളരെ രസകരമായിരുന്നു. പാലക്കാട്ടെ തറവാട്ടില്‍ എല്ലാവരും കൂടി ഒത്തുകൂടി ആഘോഷിക്കുമായിരുന്നു. അത്തപ്പൂക്കളവും ഓണസദ്യയും കളികളുമൊക്കെയായി ഒരു നല്ല ദിവസം. മുതിര്‍വര്‍ പോലും കുട്ടികളാകുന്ന ദിവസങ്ങളായിരുന്നു അത്‌. പക്ഷേ സിനിമയിലെത്തിയ ശേഷം ഓരോ ഓണവും ഓരോ സെറ്റിലായിരിക്കും. ലൊക്കേഷനിലുള്ളവര്‍ ഒരുമിച്ചു കൂടാറുണ്ടെങ്കിലും വീട്ടില്‍ ആഘോഷിക്കുന്ന സുഖം കിട്ടാറില്ല. ഇപ്പോഴാണ്‌ ശരിക്കും പഴയ ഓണക്കാലങ്ങള്‍ മിസ്‌ ചെയ്യുന്നത്‌. എന്നെ സ്‌നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും നിങ്ങളുടെ സ്വന്തം പ്രിയാമണിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

 
 

www.keralites.net
 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___