Tuesday 6 August 2013

[www.keralites.net] Solar... - സോളാര്‍പ്രശ്നം വെറുമൊരു തട്ടിപ്പുകേസല്ല,...

 

2003 ലെ കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് വഴിയാണ് ഉല്‍പ്പാദന-വിതരണ-പ്രസരണ രംഗങ്ങളില്‍ സ്വകാര്യകമ്പനികള്‍ക്കും വ്യക്തികള്‍ക്കും കടന്നുവരാന്‍ സൗകര്യംചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി, പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തുകയാണുണ്ടായത്. എന്നാല്‍, ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സൗരോര്‍ജ രംഗത്ത് പുതിയ നയം പ്രഖ്യാപിച്ച് ഈ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കി.
2013ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സോളാര്‍ നയത്തില്‍, 3000 സ്ക്വയര്‍ഫീറ്റിലധികം തറവിസ്തീര്‍ണമുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും സോളാര്‍ പാനല്‍ നിര്‍ബന്ധമാക്കണമെന്ന് വ്യവസ്ഥചെയ്തു. പിന്നീട് മന്ത്രിസഭ തീരുമാനമെടുത്തപ്പോള്‍ അത് 2500 സ്ക്വയര്‍ഫീറ്റും അതിന് മുകളിലും എന്നാക്കി. ടീം സോളാര്‍പോലുള്ള തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനായിരുന്നു ആ തീരുമാനം.
പെരിയാര്‍വാലി ഇറിഗേഷന്റെ സ്ഥലങ്ങള്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പാട്ടത്തിന് നല്‍കാമെന്ന ഉത്തരവ് 2012 ല്‍ ഇറിഗേഷന്‍ വകുപ്പിന്റെ ചീഫ് എന്‍ജിനിയര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് ടീം സോളാറിനു വേണ്ടിയായിരുന്നു. ഇത്തരം സ്ഥലങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ പാടില്ലെന്ന 1998 ജൂണ്‍ 10ലെ ഹൈക്കോടതി വിധിക്ക് വിരുദ്ധമായിട്ടായിരുന്നു തീരുമാനം. നിയമവിരുദ്ധമായ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുവാന്‍മാത്രം വിപുലമായ സ്വാധീനം തട്ടിപ്പു കമ്പനിക്കുണ്ടായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പിന്റെ അംഗീകാരമുള്ള സ്വകാര്യ കമ്പനികള്‍ക്കുമാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടിന് അംഗീകാരം നല്‍കാന്‍ കഴിയൂ എന്നതുകൊണ്ടാണ് കേന്ദ്രമന്ത്രി ഫറൂക്ക് അബ്ദുള്ളയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും തട്ടിപ്പുസംഘം സമീപിച്ചത്. ഇതിനായി സരിത എസ് നായരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഫറൂക്ക് അബ്ദുള്ളയ്ക്ക് മുഖ്യമന്ത്രി അയച്ച കാര്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഒപ്പിട്ടുനല്‍കിയ നാല് കത്തുകള്‍ സരിത ഉപയോഗിച്ചിട്ടുണ്ട്. അതിലൊന്നുമാത്രമാണ് വ്യാജ കത്തെന്ന് പറഞ്ഞ് കണ്ടെടുക്കാന്‍ പൊലീസിനു കഴിഞ്ഞത്. ഫറൂക്ക് അബ്ദുള്ളയ്ക്ക് മുഖ്യമന്ത്രി നല്‍കിയ കത്ത് വ്യാജമാണെന്ന് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തട്ടിപ്പുസംഘത്തിന് എന്ത് സഹായമാണ് സര്‍ക്കാര്‍ ചെയ്തത് എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി, ഈ കത്തിന്റെ കാര്യം വിസ്മരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും ചെയ്തുകൊടുത്ത സഹായങ്ങള്‍കൊണ്ടാണ് ഈ സംഘം വ്യാപകമായി തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രിയും പന്ത്രണ്ട് മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പത്തുപേരും വിവിധരീതിയില്‍ തട്ടിപ്പുസംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഭരണമുന്നണിയിലെ ഒട്ടേറെപേര്‍ ഇവര്‍ക്ക് ഒത്താശയുംചെയ്തു. ഈ കാര്യങ്ങള്‍ വിശദമായി കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സരിത ശ്രമിച്ചത്.
റിമാന്‍ഡ് കാലാവധിയില്‍ പ്രതി കോടതിയുടെ കസ്റ്റഡിയിലാണ്. ആ സമയം പ്രതിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മജിസ്ട്രേട്ടിന് ബാധ്യതയുണ്ട്. അതുപ്രകാരം തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതിയുടെ മുന്നില്‍ തുറന്നുപറയാന്‍ ശ്രമിച്ച സരിതയ്ക്ക് ഈ അവകാശം നിഷേധിക്കുകയായിരുന്നു. സരിതയില്‍നിന്ന് ഇരുപതുമിനിറ്റ് കാര്യങ്ങള്‍ കേട്ട മജിസ്ട്രേട്ട്, അത് അഭിഭാഷകന്‍ മുഖേന എഴുതിത്തരണമെന്നും പിന്നീട് അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് വഴി നല്‍കണമെന്നും നിര്‍ദേശിച്ചതിലൂടെ മൊഴിമാറ്റത്തിലിടപെടാന്‍ സര്‍ക്കാരിന് അവസരമൊരുങ്ങി.
ജയില്‍ ഉദ്യോഗസ്ഥര്‍ മുഖേന സരിതയെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയുംചെയ്ത് 22 പേജുള്ള മൊഴി നാലുപേജാക്കി കുറച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സരിതയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ പത്തനംതിട്ട ജില്ലാജയിലില്‍വച്ച് അവര്‍ നോട്ടായി കുറിക്കുകയും അത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് കൈമാറിയതായും പത്തനംതിട്ട ജയിലില്‍ രേഖയുണ്ട്.
2013 ജൂലൈ 24ന് ഇരുപത്തൊന്ന് പേജ് കടലാസുകള്‍ ഉള്‍ക്കൊള്ളുന്ന നോട്ട് സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന്‍ കൈപ്പറ്റിയതിന് ജയിലില്‍ റസിപ്റ്റ് നല്‍കിയിട്ടുണ്ട്. ഈ 21 പേജുള്ള നോട്ട് (മാധ്യമങ്ങള്‍ 22 പേജാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്) നാലു പേജിലേക്ക് കുറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആശ്വാസം പ്രകടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പിന്നില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായും ഉന്നതനായ ഭരണകക്ഷി എംഎല്‍എയും വ്യവസായിയും ഇടപെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ കൈയില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നാണ് മുഖ്യമന്ത്രി ആദ്യംമുതലേ പറയുന്നത്. അത്തരത്തില്‍ പുറത്തുവരുന്ന തെളിവുകള്‍ നശിപ്പിക്കാനാണ് മുഖ്യമന്ത്രി അധികാരം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായും ബന്ധുക്കള്‍ക്കെതിരായും ഓഫീസിലുള്ളവര്‍ക്കെതിരായുമുള്ള എല്ലാ തെളിവുകളും ജുഡീഷ്യല്‍ കമീഷന്റെ മുമ്പില്‍ ഹാജരാക്കാമെന്ന് പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കിയതാണ്.
എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണത്തിനു തയ്യാറാവാതെ ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ് മുഖ്യമന്ത്രി. ക്രിമിനല്‍ നടപടി നിയമം 164 പ്രകാരം താന്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി പൊലീസ് ചോദ്യംചെയ്യലിലും ശ്രീധരന്‍നായര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യാതെ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.
ഇത്തരം കേസുകളില്‍ ആക്ഷേപവിധേയനെ പ്രതിചേര്‍ത്ത് നോട്ടീസ് നല്‍കി അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യേണ്ടത്. അതൊഴിവാക്കാന്‍ സെക്രട്ടറിയറ്റിലെ ഓഫീസില്‍ എഡിജിപി മുഖ്യമന്ത്രിയെ ചോദ്യംചെയ്തതായി രേഖയുണ്ടാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി രേഖപ്പെടുത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിട്ടുള്ളത്. ഇത് നിയമവിരുദ്ധമായ കാര്യമാണ്; നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ് എന്ന നിയമസൂക്തത്തെ അട്ടിമറിക്കലും കുറ്റവാളിയായ മുഖ്യമന്ത്രിയോട് പ്രത്യേക മമതകാട്ടലുമാണ്.
കേസില്‍ പ്രതിചേര്‍ക്കപ്പെടേണ്ടതിന് ആവശ്യത്തിലേറെ തെളിവുകള്‍ പുറത്തുവന്ന ജിക്കുമോന്‍, സലിംരാജ്, തോമസ് കുരുവിള എന്നിവരെ കേസില്‍ ഉള്‍പ്പെടുത്താനോ അറസ്റ്റ് ചെയ്യാനോ അന്വേഷണസംഘത്തെ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഇതിന്റെ ഫലമായി അന്വേഷണം വഴിമുട്ടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നത് തടയാന്‍ മുഖ്യമന്ത്രിസ്ഥാനം ഉപയോഗപ്പെടുത്തുന്നു എന്ന ഗുരുതരമായ പ്രശ്നമാണ് ഇവിടെ ഉയരുന്നത്.
സോളാര്‍ കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായാല്‍മാത്രമേ ഫലപ്രദമാവുകയുള്ളു. ഉന്നതങ്ങളിലുള്ളവരുടെ ബന്ധം പുറത്തുവരാതിരിക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിക്കുന്നത്. വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തകരുടെയും ഭരണ-പ്രതിപക്ഷ എംഎല്‍എമാരുടെയും നേതാക്കളുടെയും ഫോണ്‍സംഭാഷണങ്ങള്‍വരെ നിരീക്ഷിക്കാനും ചോര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഏത് വിധേനയും തട്ടിപ്പുസംഘത്തെ രക്ഷപ്പെടുത്തി മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന കുംഭകോണം മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
LDF ന്റെ സമരം അഴിമതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണ്. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കുടിവെള്ളവിതരണം, മാലിന്യസംസ്കരണം, വെയ്റ്റിങ്ഷെല്‍ട്ടര്‍ നിര്‍മാണം, വിനോദസഞ്ചാരികള്‍ക്കുള്ള ടോയ്ലറ്റ് നിര്‍മാണം തുടങ്ങിയവ നടപ്പാക്കാന്‍ നാല് സ്വകാര്യ കമ്പനികള്‍ രൂപീകരിക്കാനാണ് അനുമതി നല്‍കിയത്.
ഇതിന്റെ തുടര്‍ച്ചയായി സൗരോര്‍ജം, കുടിവെള്ളം, ഭൂമി, മണല്‍, കരിങ്കല്ല് തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചും നെല്‍വയലുകളടക്കമുള്ള തണ്ണീര്‍ത്തടങ്ങള്‍ വില്‍പ്പനയ്ക്കുവച്ചും കേരളത്തിലും കുംഭകോണങ്ങളുടെ തുടര്‍ച്ചയുണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നയം തിരുത്തിക്കാനും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന സമരമാണ് പന്ത്രണ്ടിന് ആരംഭിക്കുന്നത്....

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment