Thursday, 4 July 2013

[www.keralites.net] Current Affairs in Kerala

 

സരിതയെ വിളിച്ചവരുടെ പട്ടിക അന്വേഷണസംഘത്തില്‍നിന്ന് ശേഖരിച്ച് ഭരണാനുകൂല മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് മന്ത്രി കൈമാറുകയായിരുന്നു. ചില മാധ്യമപ്രതിനിധികളെ രഹസ്യമായി വിളിച്ചാണ് ആഭ്യന്തരമന്ത്രി പട്ടിക കൈമാറിയത്. ഐ ഗ്രൂപ്പ് മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ പി അനില്‍കുമാര്‍, ചില ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പുറത്തുവിട്ടത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പേരും എ ഗ്രൂപ്പില്‍ തനിക്ക് ഭീഷണിയായി നില്‍ക്കുന്ന മന്ത്രി കെ സി ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ പേരും മന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കി. കോള്‍ ലിസ്റ്റിനു പുറമെ ചില പ്രമുഖരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കി നല്‍കി. ഇതും ചാനലുകള്‍ സംപ്രേഷണം ചെയ്തു.
സരിതയെ വിളിച്ചവരുടെ പേരുകള്‍ വ്യാഴാഴ്ച രാവിലെയാണ് കൂട്ടത്തോടെ പുറത്തുവിട്ടത്. തങ്ങളുടെ പേരുകള്‍ പുറത്തുവന്നതുകണ്ട് ഞെട്ടിയ മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും തിരുവഞ്ചൂരിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കെപിസിസി പ്രസിഡന്റിനോടും പരാതിപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നല്ലാതെ വിവരങ്ങള്‍ പുറത്തുപോകില്ലെന്ന് അടൂര്‍ പ്രകാശും അനില്‍കുമാറും തറപ്പിച്ചു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രിമാര്‍ വ്യക്തമാക്കിയെന്നാണ് വിവരം.
കോണ്‍ഗ്രസില്‍ നേതൃമാറ്റ തര്‍ക്കം രൂക്ഷമായ ഘട്ടത്തില്‍ മുഖ്യമന്ത്രി പദത്തില്‍ തിരുവഞ്ചൂരിന് കണ്ണുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി മാറിയാല്‍ മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശമുന്നയിക്കാന്‍ തിരുവഞ്ചൂര്‍ കരുനീക്കി. മുഖ്യമന്ത്രി ഇതു മണത്തറിഞ്ഞു. അതിന്റെ തുടര്‍ച്ചയെന്നോണം മുഖ്യമന്ത്രിയുടെ ഓഫീസ് തിരുവഞ്ചൂരിനെ കുരുക്കാന്‍ ചില വിവരങ്ങള്‍ പുറത്തുവിട്ടു. താന്‍ സരിതയെ വിളിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ് പുറത്തുപോയതെന്നാണ് തിരുവഞ്ചൂരിന്റെ വിശ്വാസം.
നടി ശാലു മേനോനുമായുള്ള അടുത്തബന്ധം വിവാദമായതിനു പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് തിരുവഞ്ചൂര്‍ സംശയിക്കുന്നത്. ശാലുവും സരിതയുമായി തനിക്കുള്ള ബന്ധം മറച്ചുവയ്ക്കാന്‍ തിരുവഞ്ചൂര്‍ പാടുപെട്ടെങ്കിലും വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നു. ശാലു മേനോനെ ഒരു പരിചയവുമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിയിച്ചാണ് ശാലുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി മാത്രമല്ല, മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി ജോസഫ്, ഷിബു ബേബിജോണ്‍, ആര്യാടന്‍ മുഹമ്മദ്, എം കെ മുനീര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഇതില്‍ ആര്യാടനും മുനീറും സരിതയുമായി ഫോണില്‍ സംസാരിച്ചുവെന്ന് നേരത്തെ സമ്മതിച്ചിരുന്നു. ഫോണ്‍ വിളിച്ച കാര്യം അതീവ രഹസ്യമാക്കി വെച്ചവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകാണ്ടിരിക്കുന്നത്.
സൗരോര്‍ജ പാനലിന്റെ പേരില്‍ ഭരണ സ്വാധീനമുപയോഗിച്ച് സംസ്ഥാന ഖജനാവില്‍ നിന്നും കോടികള്‍ കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത്. കേവലം സ്ത്രീ വീഷയമായി ഒതുക്കാന്‍ കഴിയാത്ത വിധമാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. നിഗൂഢമായ സാമ്പത്തിക ഇടപാടുകളാണ് സരിതയും സംഘവും നടത്തുന്നത്. ഇതിനുള്ള സഹായം നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത്.
മന്ത്രി എ പി അനില്‍കുമാര്‍ നാല് തവണ വിളിച്ചതിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി നസറുള്ള 20 തവണ വിളിച്ചു. ഇതില്‍ 10 തവണ സരിതയെ വിളിച്ചതാണ്. ഓരോ കോളും 400 സെക്കന്‍ഡ് മുതല്‍ 650 സെക്കന്‍ഡ് വരെ നീണ്ടു. പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ വിളിച്ചതാണെന്നാണ് അനില്‍കുമാറിന്റെ ന്യായം.
റവന്യു മന്ത്രി അടൂര്‍ പ്രകാശും സരിതയുമായി പലവട്ടം ഫോണില്‍ സംസാരിച്ചു. തന്റെ മണ്ഡലത്തിലെ ഒരു റിട്ടയേര്‍ഡ് അധ്യാപികയുടെ പണം തട്ടിയെടുത്ത കേസിലാണ് സരിതയെ ബന്ധപ്പെട്ടതെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. സരിത തട്ടിപ്പുകാരിയാണെന്ന് മന്ത്രിക്ക് അറിയാമായിരുന്നുവെന്ന് ഈ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു.
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതയെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചത് അറസ്റ്റ് ചെയ്യാന്‍ പൊലീസ് യാത്രതിരിച്ചതിനു തൊട്ടു പിന്നാലെയെന്ന് വ്യക്തമായി. കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരെ കൂട്ടത്തോടെ കബളിപ്പിച്ച കേസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ മെയ് 23ന് കാലത്ത് 10.30നാണ് എസ്ഐ ബിജുജോണും രണ്ട് പൊലീസുകാരും തലശ്ശേരിയില്‍ നിന്നും പുറപ്പെട്ടത്. 11 മണിക്ക് തിരുവഞ്ചൂര്‍ സരിതയെ വിളിച്ചു. മന്ത്രിയുമായി കൂടിയാലോചിച്ച് നിമിഷങ്ങള്‍ക്കകം സരിത പെരുമ്പാവൂരില്‍ നിന്ന് മുങ്ങി.
ഡോക്ടര്‍മാരുടെ പരാതിയില്‍ തുടര്‍നടപടിക്കായി മേലുദ്യോഗസ്ഥരുടെ സമ്മതം വാങ്ങിയ ശേഷമാണ് ബിജുജോണും സംഘവും പുറപ്പെട്ടത്. ഇക്കാര്യം തലശ്ശേരി എസ്പി നീരജ്കുമാര്‍ ഗുപ്തയേയും കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനേയും അറിയിച്ചിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍ ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടെന്നാണ് വിവരം. തൊട്ടുപിന്നാലെ തിരുവഞ്ചൂര്‍ സരിതയെ വിളിച്ചു. ഇതിനു പുറമെ തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രന്റെ ഫോണില്‍ സരിതയുമായി തുടര്‍ച്ചയായി സംസാരിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ മുപ്പതോളം തവണ സംസാരിച്ചു. സരിതയെ അറസ്റ്റ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്. മെയ് 30നും പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ സരിതയുമായി കൂടിയാലോചന നടന്നിട്ടുണ്ട്.
തന്നെ വിളിച്ചതാണെന്നും താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ടിരുന്ന തിരുവഞ്ചൂര്‍ ഒടുവില്‍ താനും വിളിച്ചെന്ന് സമ്മതിച്ചു. മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിച്ചതാണെന്ന മന്ത്രിയുടെ വാദം പരിഹാസ്യമായി. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും മന്ത്രിയെ വിളിക്കാറുണ്ടെങ്കിലും തിരിച്ചുവിളിക്കുന്ന പതിവില്ല. താന്‍ വിളിച്ചാല്‍ പോലും മന്ത്രി തിരിച്ചുവിളിക്കാറില്ലെന്നാണ് എംഎല്‍എയും മുന്‍ കെപിസിസി പ്രസിഡന്റും കൂടിയായ കെ മുരളീധരന്‍ തുറന്നടിച്ചത്.
സരിത കെഎല്‍07 ബിക്യു 8593 നമ്പരിലുള്ള ഐ- 20 കാറില്‍ രാവിലെ പത്തിനാണ് തിരുവഞ്ചൂരിനെ കാണാനെത്തിയത്. തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രനെയും വീട്ടിലെത്തി സരിത കണ്ടു. രണ്ടരമാസം മുമ്പാണ് തിരുവഞ്ചൂരിന്റെ വീട്ടില്‍ സരിതയെത്തിയത്. രണ്ടുമണിക്കൂറോളം സംസാരം തുടര്‍ന്നു. അറസ്റ്റ് നടക്കുന്നതിന് ഒന്നരമാസം മുമ്പാണ് പ്രൈവറ്റ് സെക്രട്ടറിയുടെ തിരുവനന്തപുരത്തുള്ള വീട്ടില്‍ സരിത എത്തിയതെന്നും ശ്രീജിത്ത് "ദേശാഭിമാനി"യോട് പറഞ്ഞു.
സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി നേരിട്ട് തെളിവെടുക്കും. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും നടപടിയെടുത്തില്ലെന്നു കാണിച്ച് വലിയതുറ സ്വദേശി സെബാസ്റ്റ്യന്‍ ടോംസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) നേരിട്ട് തെളിവെടുക്കാന്‍ തീരുമാനിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്്. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ട് ഇടപെട്ടാണ് നശിപ്പിച്ചത്. സരിത നായര്‍ 2013 ജനുവരി 23ന് വൈകിട്ട് 6.11നും 24ന് പകല്‍ 1.30നും വൈകിട്ട് 3.15നുമിടയിലും 28ന് വൈകിട്ട് 5.23നും തിരുവഞ്ചൂരിനെ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ട്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___