Saturday, 20 July 2013

[www.keralites.net] കേരമേഖലയുടെ പ്രതിസന്ധിക്കു പ്രതിവിധി നീര

 

കേരമേഖലയുടെ പ്രതിസന്ധിക്കു പ്രതിവിധി നീര


നീരയുടെ അദ്ഭുതകരമായിട്ടുള്ള വ്യാപാര- വാണിജ്യ- വ്യാവസായിക സാധ്യതകള്‍ കണ്ടറിഞ്ഞതോടെ ആഗോള കേരകൃഷിരംഗത്ത് നവോത്ഥാനത്തിന്റെ ഒരു പുതിയശക്തി രൂപംകൊണ്ടിരിക്കുന്നു. കരിക്കിന്‍ വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയിലും സൃഷ്ടിച്ച പ്രതീക്ഷയുടെ പിന്നാലെയാണ് 'നീര'രൂപംനല്‍കിയിരിക്കുന്ന വമ്പിച്ച പ്രതീക്ഷകളും വിപുലമായ അവസരങ്ങളും ഉദിച്ചിരിക്കുന്നത്.
മദ്യാംശം (ആല്‍ക്കഹോള്‍) ഇല്ലാതെ, പുളിക്കാന്‍ അനുവദിക്കാതെ,മൂന്നുമുതല്‍ ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്ന ശാസ്ത്രീയ കണ്ടുപിടിത്തം മാത്രമല്ല അതുവഴി കേരപഞ്ചസാരയും ശര്‍ക്കരയും തുടങ്ങി ആധുനികലോകത്തിന് പ്രിയങ്കരമായ നൂഡില്‍സ് പോലുള്ള വിഭവങ്ങളും ഉണ്ടാക്കാമെന്ന ഉറപ്പുകളാണ് പുതിയ പ്രതീക്ഷകളുടെ സജീവയാഥാര്‍ഥ്യങ്ങള്‍.
ഇന്‍ഡൊനീഷ്യയാണ് നീര ഉത്പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും മുന്‍പില്‍നില്ക്കുന്ന രാഷ്ട്രം. പ്രതിമാസം അരലക്ഷം ടണ്‍ കേരപഞ്ചസാര അവര്‍ ഉത്പാദിപ്പിക്കുന്നു. വര്‍ഷത്തില്‍ 6 ലക്ഷം ടണ്‍! ഒരു വര്‍ഷം 150 കോടി ഡോളറിന്റെ ബിസിനസ്സാണ് അവര്‍ക്ക് ഇതുവഴി കിട്ടുന്നത്. പഞ്ചസാരയുടെ ആറ് ഇരട്ടി സിറപ്പും ഉത്പാദിപ്പിച്ച് അവര്‍ വില്‍ക്കുന്നു. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലേക്കും ഇതിന് എത്താന്‍ കഴിയും. തിരുവനന്തപുരത്ത് ഇപ്പോള്‍ തായ്‌ലന്‍ഡില്‍നിന്ന് ടിന്നില്‍ പായ്ക്കുചെയ്ത 'ഇളനീര്‍' സമൃദ്ധമായി വില്‍ക്കുന്നതുപോലെ വിദേശനിര്‍മിത നീരയും നീര ഉത്പന്നങ്ങളും ഇന്ത്യയിലും കേരളത്തിലും വില്‍ക്കുന്നത് കാണാന്‍ നമുക്ക് കഴിഞ്ഞെന്നുവരാം.
നീരയുടെയും അതില്‍നിന്നുള്ള ഉത്പന്നങ്ങളുടെയും ഗുണങ്ങള്‍ ഇന്‍ഡൊനീഷ്യയിലെയും ഫിലിപ്പീന്‍സിലെയും ഗവേഷകരും ഇന്ത്യയിലെ ശാസ്ത്രജ്ഞരും പറയുന്നത് കേള്‍ക്കുക.

* ഇതില്‍ ആല്‍ക്കഹോള്‍ ഇല്ല.
* നീരയില്‍ കൊഴുപ്പും കൊളസ്‌ട്രോളും ഇല്ല.
* പൊട്ടാസ്യവും സോഡിയവും സമൃദ്ധം.
* കേരപഞ്ചസാരയും ശര്‍ക്കരയും പ്രമേഹസൗഹൃദങ്ങളായ വിഭവങ്ങളാണ്.
* എല്ലാ പ്രായക്കാര്‍ക്കും ഇത് കഴിക്കാം.
* ഇതൊരു പ്രകൃതിദത്ത ആരോഗ്യപാനീയമാണ്. മദ്യമായി ഇതിനെ ചിത്രീകരിക്കുന്നില്ല.
ഇന്‍ഡൊനീഷ്യ ഇതിന്റെ വ്യാപാരം വന്‍ വ്യവസായമാക്കുന്നു. തദ്ദേശീയരും വിദേശികളും വ്യവസായരംഗത്തുണ്ട്. വമ്പന്‍ ബഹുരാഷ്ട്ര കമ്പനിയായ 'യൂണിലിവര്‍' പ്രതിവര്‍ഷം 30000 ടണ്‍ കേരപഞ്ചസാര വാങ്ങുന്നുണ്ട്. മധുരമുള്ള 'സോയി സോസ് 'ഉണ്ടാക്കാനാണിത്. അതുപോലെ 'ഇന്‍ഡൊഫുഡ്' എന്നപേരില്‍ ഒരുതരം നൂഡില്‍സ് ഉണ്ടാക്കാന്‍ 30000 ടണ്‍ കേരപഞ്ചസാര ഉപയോഗിക്കുന്നുണ്ടത്രേ.
ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും ഈ വ്യവസായം ക്രമേണ രൂപംകൊള്ളുന്ന വിവരം നാം മറക്കരുത്. ഇന്ത്യയില്‍ കേരകൃഷി തമിഴകത്തിലും കര്‍ണാടകത്തിലും ആന്ധ്രയിലും ഒഡിഷയിലും മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പെരുകുകയാണ്. വളരെ ശാസ്ത്രീയമായിട്ടാണ് പുത്തന്‍ കേരകൃഷി.
കര്‍ണാടക സര്‍ക്കാര്‍ നാളികേര വികസന ബോര്‍ഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 'നീര' തയ്യാറാക്കി വില്പന തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന വാര്‍ത്ത വന്നുകഴിഞ്ഞു. കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുമ്പോള്‍ അത് കേരളത്തിലേക്ക് പ്രവഹിക്കും. ഇപ്പോള്‍ കര്‍ണാടക ഇളനീര്‍ കേരളീയരുടെ ദാഹം ശമിപ്പിക്കുന്നത് സര്‍വയിടത്തും കാണാം. കരിക്കിന്‍ കോര്‍ണര്‍ പോലെ നാളെ 'നീര കോര്‍ണര്‍' നടത്താന്‍ അവര്‍ ആസൂത്രിത പദ്ധതികള്‍ വഴി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്.

ഒരു തെങ്ങില്‍നിന്ന് ദിനംപ്രതി രണ്ടുലിറ്റര്‍ നീര സാധാരണഗതിയില്‍തന്നെ ലഭിക്കും. 175 തെങ്ങുള്ള ഒരു ഹെക്ടര്‍ തെങ്ങിന്‍തോപ്പിലെ 80 തെങ്ങുകളുടെ മൂന്ന് പൂങ്കുലകള്‍ വീതം ചെത്തിയാല്‍ വാര്‍ഷിക ആദായം ഏഴു ലക്ഷം രൂപയിലധികം വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. നീരയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍കൂടി പുറത്തുവരുമ്പോള്‍ ആദായവും തൊഴില്‍സാധ്യതയും വ്യവസായിക ഉയര്‍ച്ചയും മറ്റു പലതും ഇതിനുപുറമേ സൃഷ്ടിക്കപ്പെടും.

ഇവിടെ ഇപ്പോള്‍ ഉയര്‍ന്നുവരേണ്ട ഒരു ശക്തിയാണ് കര്‍ഷക താത്പര്യം. 'നീരകര്‍ഷകര്‍' എന്ന ഒരു വിഭാഗം തന്നെ ഈ രംഗത്ത് വേഗം രൂപംകൊള്ളും. കേരകര്‍ഷകരുടെ 'ഫാര്‍മര്‍ കമ്പനി'ക്കാരായിരിക്കും പുതിയ പ്രസ്ഥാനത്തിന്റെ സംഘാടകരും നടത്തിപ്പുകാരും. അല്ലെങ്കില്‍ കൃഷിക്കാരുടെ താത്പര്യം ഇല്ലാതായിപ്പോകും. നിലവില്‍ കള്ളുവ്യവസായത്തില്‍ കൃഷിക്കാര്‍ പാടേ ശക്തിഹീനരാണ്. ശക്തരായ വ്യവസായികളും സംഘടിതരായ തൊഴിലാളികളും അതിശക്തമായ സര്‍ക്കാര്‍ വകുപ്പും കൂടിച്ചേരുമ്പോള്‍ കര്‍ഷകര്‍ക്ക് അതില്‍ താത്പര്യമില്ലാതാകുന്നതിനു കാരണം തെങ്ങിന്റെ ഉടമയ്ക്ക് തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്നതുമൂലമാണ്.

'കര്‍ഷകരക്ഷ' ഉണ്ടായാല്‍ മാത്രമേ 'കേരരക്ഷ' ഉണ്ടാകൂ. അതില്ലെങ്കില്‍ കേരകൃഷിയും അനുബന്ധവ്യവസായങ്ങളും വരണ്ടുനശിക്കും. പക്ഷേ, ഇന്ത്യയിലെ മറ്റ് പ്രമുഖ കേരകൃഷി സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴകവും ആന്ധ്രയും മഹാരാഷ്ട്രയും ഒഡിഷയുമൊക്കെ വിപുലമായി 'നീര' ഉത്പാദനത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതുപോലെ പുതിയ റീജ്യണല്‍ കരാറുകളുടെ പഴുതുകളിലൂടെയും അല്ലാതെയും ശ്രീലങ്കയും ഇന്‍ഡൊനീഷ്യയും ഫിലിപ്പീന്‍സും നീരയും നീര വിഭവങ്ങളും ഇന്ത്യയിലേക്കും അങ്ങനെ കേരളത്തിലേക്കും എത്തിക്കും എന്നത് ഉറപ്പാണ്.

ഈ കാഴ്ചപ്പാടില്‍ കേരളം വളരെവേഗം നീര ഉത്പാദനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളിലും ശ്രദ്ധിക്കണം. ഇതിന് സാങ്കേതിക വിദഗ്ധരുടെയും ഗവേഷകരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും വന്‍കൂട്ടായ്മ സര്‍ക്കാര്‍ നേതൃത്വത്തില്‍തന്നെ രൂപമെടുക്കണം. അപ്പോഴും ഒരു കാര്യം മറക്കരുത് കൃഷിക്കാരുടെ തെങ്ങുകൃഷിയില്‍ നിന്നുള്ള ആദായമാകണം മുഖ്യലക്ഷ്യം. കാരണം60 ലക്ഷം ചെറുകിട കൃഷിയിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തെങ്ങുകൃഷി ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ കേരവൃക്ഷങ്ങള്‍ അന്യമാവുകയാണ്.കാലാവസ്ഥാ വ്യതിയാനം മൂലം രോഗങ്ങളും കീടങ്ങളും തെങ്ങിനെ കൂടുതലായി ബാധിക്കുന്നു.സങ്കരയിനം തെങ്ങുകളില്‍പ്പോലും കീടാക്രമണം അതി രൂക്ഷമാണ്.ഫലപ്രദമായ കീടനാശിനികള്‍ ലഭിക്കാനില്ല.സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വളപ്രയോഗത്തിനും കര്‍ഷക തൊഴിലാളികളുടെ അഭാവം ദൃശ്യമാണ്.കൂലിയും വളരെ കൂടുതലാണ്.

വളത്തിനു തീപിടിച്ച വില.തേങ്ങയിടാന്‍ തെങ്ങുകയറ്റക്കാര്‍ക്കു കൊടുക്കുന്ന കൂലി പോലും തേങ്ങ വിറ്റാല്‍ കിട്ടുന്നില്ല.

45 ലക്ഷം കേരകര്‍ഷകരും ലക്ഷക്കണക്കിനു തെങ്ങും കേരളത്തിലുണ്ട്.വളപ്രയോഗമോ സസ്യസംരക്ഷണമോ ഒന്നും ചെയ്യാതെ കേരവൃക്ഷങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.ഉത്പന്നത്തിനു വില ലഭിച്ചാല്‍ മാത്രമേ തെങ്ങു സംരക്ഷണം സാധ്യമാകൂ.ഒരു കോഴിമുട്ടയുടെ വില പോലും ലഭിക്കുന്നില്ല.തേങ്ങാ വിറ്റു കുടുംബം പോറ്റിയിരുന്ന തേങ്ങാകര്‍ഷകര്‍ ഇനി എങ്ങനെ എന്നു ചിന്തിക്കുകയാണ്.

കേരളം എന്ന പേരു പോലും ഇല്ലാതാകാതിരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതീവ താല്പര്യം കാണിക്കണം.ഇത്രയധികം കേന്ദ്രമന്ത്രിമാരും ഭരണസ്വാധീനവും കേരളത്തിനുണ്ടായിട്ടും ഭരണാധികാരികള്‍ കേരകൃഷിയുടെ നാശം കണ്ടില്ലെന്നു നടിക്കുകയാണോ?

കുറേ പച്ചത്തേങ്ങ ചില ജില്ലകളില്‍ നിന്നു സംഭരിച്ചതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ല.വിദേശ സസ്യ എണ്ണകളുടെ ഇറക്കുമതി വര്‍ഷം തോറും കൂടിക്കൂടി വരുന്നു.കഴിഞ്ഞ നവംബര്‍ മുതല്‍ ഇക്കൊല്ലം മെയ് വരെയുള്ള ഏഴു മാസം ഇന്ത്യ ഇറക്കുമതി ചെയ്തത് 11 ലക്ഷത്തോളം ടണ്‍ പാമോയില്‍ ആണ്.

മുന്‍ കൊല്ലം ഇതേ കാലയളവില്‍ അഞ്ടര ലക്ഷം ടണ്‍ മാത്രമായിരുന്നു ഇറക്കുമതി.ഇവ കേന്ദ്ര സബ്‌സിഡിയോടെയാണ് പൊതുവിതരണ സംവിധാനം വഴി ഉപഭോക്താക്കളുടെ കൈകളില്‍ എത്തുന്നത്.ഇതേ രീതിയില്‍ സബ്‌സിഡി നല്‍കി വെളിച്ചെണ്ണയും പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞാല്‍ ഒരു സമാശ്വാസ നടപടിയാകും.

നാളികേര വൈവിധ്യവത്കരണ വിഭാഗത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല 2000 മുതല്‍ നാലു വര്‍ഷക്കാലം ഗവേഷണങ്ങള്‍ നടത്തി.'കേരസുധ' എന്ന പേരില്‍ വിഭവങ്ങള്‍ ഉരുത്തിരിച്ചെടുത്തത് ഇന്നും വെളിച്ചം കാണാതെ കിടക്കുന്നു.

നിയമക്കുരുക്കില്‍ നിന്ന് എത്രയും വേഗം നീരയെ മോചിപ്പിച്ചാല്‍ അത് തെങ്ങു കര്‍ഷകര്‍ക്കു രക്ഷയാകും.പ്രമേഹ രോഗികള്‍ക്കു പോലും ഉപയോഗിക്കാവുന്ന മധുരം എന്ന സവിശേഷത നീരയ്ക്കുണ്ട്.

നീരയില്‍ 17 ശതമാനം അന്നജമാണുള്ളഥ്.പോഷക ഔഷധമൂല്യ സമ്പന്നമായ നീര ക്ഷയരോഗത്തിനും വിളര്‍ച്ചയ്ക്കും ആസ്തമയ്ക്കും പ്രതിവിധിയാണ്.മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ മൈസൂരിലെ ഡിഎഫ്ആര്‍എല്‍ ,ഡിഎഫ്ടിആര്‍ഐ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്തിട്ടുണ്ട്.

തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ നീരയാകും.ലോകത്തു ലഭ്യമാകുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്നു നീരയെ വിശേഷിപ്പിക്കുന്നു.ഇതു മദ്യാംശം തീരെയില്ലാത്തതും ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാവുന്നതുമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.കേരസുധ എന്ന പേരില്‍ നീര വിപണിയിലിറക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
തെങ്ങു കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ണാടക സംസ്ഥാനം നീര ഉത്പാദനം ആരംഭിക്കുന്നു.ശ്രീലങ്ക ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ,തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തെങ്ങില്‍ നിന്നു നീരയും നീരയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് ആഭ്യന്തര ഉപഭോഗത്തിലൂടെയും കയറ്റുമതിയിലൂടെയും മികച്ച വരുമാനം ഉണ്ടാക്കുന്നു.
റബ്ബര്‍ വിലയിടിവ് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനു റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനെ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ പരിഷോധിക്കണമെന്ന് പ്രധാനമന്ത്രി കേന്ദ്ര വാണിജ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയതുപോലെ , നാളികേര വികസന ബോര്‍ഡ് ചെയര്‍മാനുമായി കൃഷിമന്ത്രി ചര്‍ച്ച ചെയ്തു സസ്യ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കണം.
അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നീര ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തെങ്ങില്‍ നിന്ന് ഉത്പാദിപ്പിച്ച് ആഭ്യന്തര-വിദേശ പിവണി കണ്ടുപിടിക്കുകയും ചെയ്താല്‍ കേരളത്തിലെ തെങ്ങും തെങ്ങു കര്‍ഷകനും രക്ഷപ്പെടും.തേങ്ങയുടെ വിലയിടിവിനു ശാശ്വത പരിഹാരമാകണമെങ്കില്‍ തെങ്ങില്‍ നിന്നു നീര ഉത്പാദിപ്പിക്കുകയും മൂള്യവര്‍ധിത ഉത്പന്നങ്ങള്‍ ധാരാളമായി വിപണിയില്‍ ഇറക്കുകയും വേണം.
നാളികേര വികസ ബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനു രൂപം നല്‍കിയതുപോലെ നീര ഉത്പാദനത്തിനു മുമ്പോട്ടു വരുന്ന യുവജനങ്ങള്‍ക്കു പ്രോത്സാഹനവും പരിശീലനവും നല്‍കണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment