ദേശീയ സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സ് മീറ്റില്‍ കേരളം ചാമ്പ്യന്മാരായി. ചെന്നൈയില്‍ നടന്ന മീറ്റില്‍ 172.5 പോയിന്റുമായി തുടര്‍ച്ചയായ ഏഴാം വട്ടമാണ് കേരളം കിരീടത്തില്‍ മുത്തമിടുന്നത്.
അവസാന ദിവസമായ വെള്ളിയാഴ്ച രണ്ടു സ്വര്‍ണം കേരളം സ്വന്തം പേരിലാക്കി. ആകെ 11 സ്വര്‍ണം. 147 പോയിന്റുമായി ആതിഥേയരായ തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 105 പോയിന്റുമായി ഹരിയാന മൂന്നാമതായി.
വനിതകളില്‍ 112.5 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്തള്ളിയ കേരളത്തിന് പുരുഷവിഭാഗത്തില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 60 പോയിന്റായിരുന്നു പുരുഷന്‍മാരുടെ സമ്പാദ്യം. 79 പോയിന്റുമായി തമിഴ്നാട് ഒന്നാമതും 63.5 പോയിന്റുമായി ഹരിയാന രണ്ടാമതുമെത്തി.
അവസാനദിവസം വനിതകളുടെ 10,000 മീറ്ററില്‍ പ്രീജ ശ്രീധരനും 4-400 മീറ്ററില്‍ അഞ്ജു തോമസ്, ആര് അനു, അനില്‍ഡ തോമസ്, അനു മറിയം ജോസ് എന്നിവരും കേരളത്തിന് പൊന്നുചാര്ത്തി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനുവിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
തമിഴ്നാടിനുവേണ്ടി മത്സരിച്ച മലയാളിതാരം രഞ്ജിത് മഹേശ്വരി ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. 10,000 മീറ്ററില്‍ ദേശീയ, മീറ്റ് റെക്കോഡുകാരിയായ പ്രീജ സ്വന്തം പ്രകടനത്തിന്റെ അടുത്തെത്തിയില്ലെങ്കിലും വെല്ലുവിളിയില്ലാതെ സ്വര്‍ണമണിഞ്ഞു (34:38.28). രണ്ടുവര്‍ഷം മുമ്പ് 32:36.53 സമയത്തില്‍ ദൂരംതാണ്ടിയാണ് പ്രീജ മീറ്റ് റെക്കോഡിട്ടത്. 31:50.47ല്‍ ദേശീയ റെക്കോഡും ആ വര്‍ഷം കുറിച്ചു. തമിഴ്നാടിന്റെ എല്‍ സൂര്യയാണ് രണ്ടാമത്. മോണിക ആത്രെ മൂന്നാമതെത്തി. കേരളത്തിന്റെതന്നെ എം ഡി താര നാലാമതായി.
4-400 മീറ്റര്‍ റിലേയില്‍ മൂന്നു മിനിറ്റ് 40.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വനിതകള്‍ കേരളത്തിന് അവസാനദിനം രണ്ടാം സ്വര്‍ണം സമ്മാനിച്ചത്.
സ്വര്‍ണപ്രതീക്ഷയായിരുന്ന ആണ്‍കുട്ടികള്‍ അയോഗ്യരായത് തിരിച്ചടിയായി. ജാര്‍ഖണ്ഡിനായിരുന്നു ഈയിനത്തില്‍ സ്വര്‍ണം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്നാടിന്റെ ഇളവരശി(1:00.70) അനുവിനെ മറികടന്നു. സെമിയിലും അനുവിനെ ഇളവരശി മറികടന്നിരുന്നു. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ സജീഷ് ജോസഫ് വെങ്കലം സ്വന്തമാക്കി (3:57.88). ഹരിയാനയുടെ സന്ദീപിനാണ് സ്വര്‍ണം. അസമിന്റെ പഞ്ചാല്‍ ഗൊഗോയ് വെള്ളിയും നേടി. 200 മീറ്ററിന്റെ ഇരുവിഭാഗത്തിലും കേരളം പച്ചതൊട്ടില്ല. വനിതകളില്‍ ബംഗാളിന്റെ ആശ റോയി സ്വര്‍ണം നേടിയപ്പോള്‍ ദ്യുതീ ചന്ദ്, ശ്രബാണി നന്ദ എന്നിവരിലൂടെ ഒഡീഷ രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി. കേരളത്തിന്റെ എസ് സിനി ഏഴാമതായി. പുരുഷന്മാരില്‍ മഹാരാഷ്ട്രയുടെ പ്രത്യേക് നിനാവെ സ്വര്‍ണമണിഞ്ഞു. കേരളത്തിന്റെ രാഹുല്‍ ജി പിള്ള നാലാമതായി. ട്രിപ്പിള്‍ ജമ്പില്‍ 16.98 മീറ്റര്‍ ദൂരം താണ്ടിയാണ് രഞ്ജിത് മഹേശ്വരി റെക്കോഡിട്ടത്.
No comments:
Post a Comment