ലോകപ്രശസ്ത എഴുത്തുകാരിയും കേരളത്തിലെ പ്രമുഖ നായര്‍ തറവാട്ടിലെ അംഗവുമായ മാധവിക്കുട്ടിയുടെ ഇസ്‌ലാം സ്വീകരണം വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ കമലാ സുറയ്യക്കെതിരെ നിരന്തരം വ്യാജാരോപണങ്ങളുന്നയിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് ഇസ്‌ലാം മടുത്തുവെന്നും അവര്‍ ഹിന്ദുമതത്തിലേക്കു തന്നെ തിരിച്ചുപോവുകയാണെന്നും പ്രചരിപ്പിക്കുകയും ചെയ്തു. അവര്‍ കേരളത്തിലുണ്ടായിരുന്നപ്പോഴെല്ലാം പലപ്പോഴും അവഗണിക്കുകയും ചിലപ്പോഴെല്ലാം മറുപടി പറയുകയും ചെയ്യുമായിരുന്നു.
കമാലാ സുറയ്യ പരലോകം പ്രാപിച്ച സ്ഥിതിക്ക് അവര്‍ തിരിച്ചുവന്ന് മറുപടി പറയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടായിരിക്കാം ഇപ്പോള്‍ ജന്മഭൂമിയില്‍ അതിന്റെ പത്രാധിപ ലീലാമേനോന്‍ വ്യഭിചാരാരോപണം വരെ ഉന്നയിച്ചിരിക്കുന്നത്. ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്ത് ചുട്ടുകൊല്ലുന്ന സംഘ്പരിവാര്‍ സംസ്‌കാരത്തില്‍ നിന്ന് ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. കമലാ സുറയ്യ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരാതിരിക്കാന്‍ കാരണം മുസ്‌ലിംകള്‍ അവരെ കൊല്ലുമെന്ന് മൂത്തമകന്‍ എം.ഡി നാലപ്പാട് ഭയപ്പെടുത്തിയതിനാലും അദ്ദേഹം തടസ്സം നിന്നതിലുമാണെന്ന് ലീല വാദിക്കുന്നു. എന്നാല്‍ ശിവസൈനികര്‍ക്ക് വമ്പിച്ച സ്വാധീനമുള്ള പൂനയിലായിരിക്കെ കമലാ സുറയ്യ ഇസ്‌ലാം കയ്യൊഴിക്കാന്‍ എന്തിനു ഭയപ്പെടണം? മൂത്ത മകനാണ് തടസ്സമായിരുന്നതെങ്കില്‍ അവര്‍ താമസിച്ചിരുന്നത് ഇളയ മകന്‍ ജയസൂര്യയുടെ കൂടെയായിരുന്നുവല്ലോ.
കമലാ സുറയ്യയുടെ അവസാനത്തെ രചന പ്രസിദ്ധീകരിക്കാന്‍ ഏല്‍പിച്ചത് എന്നെയാണ്. 2008 ഒക്ടോബര്‍ 27-ന് തിങ്കളാഴ്ച മൂത്തമകന്‍ എം ഡി നാലപ്പാടിന് പറഞ്ഞുകൊടുക്കുകയും അദ്ദേഹം എഴുതി എടുക്കുകയും ചെയ്ത മൂന്ന് ഇംഗ്ലീഷ് കവിതകള്‍ അവരെ സന്ദര്‍ശിക്കാനെത്തിയ എന്നെയും എന്‍. എം അബ്ദുറഹ്മാനെയും ഏല്‍പിക്കുകയായിരുന്നു. പ്രൊഫസര്‍ യാസീന്‍ അശ്‌റഫ് അത് വിവര്‍ത്തനം ചെയ്തു വാരാദ്യ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഞാന്‍ എന്റെ 'കമലാ സുറയ്യ : സഫലമായ സ്‌നേഹാന്വേഷണം' എന്ന പുസ്തകത്തില്‍ അത് ചേര്‍ത്തിട്ടുണ്ട്. പ്രസ്തുത പുസ്തകം രചിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് നാലപ്പാടാണ്. അദ്ദേഹം പറഞ്ഞു: 'പത്തുവര്‍ഷത്തെ അനുഭവത്തിലൂടെ താങ്കള്‍ അമ്മയുടെ മനസ്സ് നന്നായി വായിച്ചറിഞ്ഞിരിക്കുമല്ലോ. അതിനാല്‍ താങ്കള്‍ അമ്മയുടെ ഇസ്‌ലാമിക ജീവിതത്തിന് ഊന്നല്‍ നല്‍കി ഒരു പുസ്തകമെഴുതണം. അമ്മയെ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങള്‍ ചരിത്രത്തില്‍ ഇടംനേടാതിരിക്കാന്‍ അത് കൂടിയേ തീരൂ'. അങ്ങനെയാണ് 154 പുറങ്ങളുള്ള പുസ്തകം രചിച്ചത്. അതിന് അവതാരിക എഴുതിയതും എം.ഡി നാലപ്പാടു തന്നെ.
കനേഡിയന്‍ എഴുത്തുകാരി മെറില്‍ വീസ്‌ബോര്‍ഡ് സുറയ്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നാലപ്പാട് എഴുതിയ മറുപടി ഞാനെന്റെ പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അതിലദ്ദേഹം എഴുതുന്നു : 'എന്റെ അമ്മ ഇസ്‌ലാം ആശ്ലേഷിച്ചതിലെ ആത്മാര്‍ഥതക്കു നേരെയും മെറില്‍ സംശയത്തിന്റെ പുരികക്കൊടികളുയര്‍ത്തുന്നു.(മറ്റു ചിലരും ഇത്തരം സന്ദേഹം ഉയര്‍ത്തിയിരുന്നുവല്ലോ). എന്റെ വളര്‍ത്തു സഹോദരങ്ങളായ ഇംതിയാസ്, ഇര്‍ഷാദ് എന്നിവര്‍ക്ക് അമ്മ പടിപടിയായി ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ട കാര്യം വളരെ വ്യക്തമായി ബോധ്യപ്പെട്ടതാണെന്ന യാഥാര്‍ഥ്യം മെറില്‍ ഇവിടെ വിസ്മരിക്കുന്നു. അല്ലാഹുവിനെ കണ്ടെത്തിയതില്‍ താന്‍ ആഹ്ലാദാനുഭൂതി അനുഭവിക്കുന്ന കാര്യം സുറയ്യ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ച വസ്തുതയും ഗ്രന്ഥകാരി മറന്നു പോകുന്നു. അമ്മയുടെ ഇസ്‌ലാമാശ്ലേഷത്തെ മക്കളായ ഞങ്ങള്‍, മുസ്‌ലിം സമുദായത്തിന്റെ രോഷം ഭയന്നാണ് അംഗീകരിച്ചിട്ടുള്ളതെന്നും മെറില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഇത് ഞങ്ങള്‍ക്കു മാത്രമല്ല, മുസ്‌ലിം സമുദായത്തിനൊന്നടങ്കം അപകീര്‍ത്തികരമായ പരാമര്‍ശമാണ്. എന്റെ കാര്യം പറയട്ടെ, വര്‍ഷങ്ങളായി നിര്‍ഭയനാണ് ഞാന്‍ പത്രപംക്തികളിലൂടെ എന്റെ വീക്ഷണം പ്രകടിപ്പിച്ചുവരുന്നത്. മുസ്‌ലിം സമുദായത്തിലെ ഏറ്റവും പ്രബലരെ പോലും ഞാന്‍ വിമര്‍ശിക്കുകയുണ്ടായി. മാതൃഭൂമി പത്രാധിപരായിരിക്കെ ശാബാനു കേസില്‍ ശാബാനുവിന്റെ പക്ഷത്തായിരുന്നു ഞാന്‍ നിലയുറപ്പിച്ചിരുന്നത്. അല്ലാതെ ശഹാബുദ്ധീന്റെയോ രാജീവ് ഗാന്ധിയുടെയോ പക്ഷത്തായിരുന്നില്ല'(പേജ് 150).
'അമ്മ യഥാര്‍ഥ വിശ്വാസിയല്ലെന്ന് കരുതാന്‍ ആളെ കിട്ടില്ല. ഇസ്‌ലാം ആശ്ലേഷിച്ചതോടെ സുറയ്യയില്‍ അസാധാരണ ചൈതന്യം വിരിയുന്നത് ദൃശ്യമായെന്ന് അമ്മു(ആയ) അറിയിച്ചപ്പോള്‍ ഞാന്‍ ചിരിച്ചുപോയെന്നും മെറില്‍ എഴുതിയിരിക്കുന്നു. തന്റെ ആ പൂര്‍വാനുഭവം അമ്മ എന്നെ ഫോണില്‍ അറിയിച്ചത് ഞാന്‍ പറഞ്ഞപ്പോഴും മെറില്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ ദോഷൈകദൃക്കുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസകരമാകുമെന്നും കനേഡിയന്‍ എഴുത്തുകാരിയെ അത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്നും അമ്മ എന്നോട് സൂചിപ്പിക്കുകയുണ്ടായി'. (പേജ് 151)
മെറില്‍ എഴുതിയത് കുറേ കൂടി സംസ്‌കാര ശൂന്യമായ ഭാഷയില്‍ ആവര്‍ത്തിച്ചിരിക്കുകയാണ് ലീലാമേനോന്‍ ചെയ്തത്. മരിച്ചുപോയ സുകുമാര്‍ അഴിക്കോടിനെയും കടമ്മനിട്ടയെയും സാക്ഷികളായാണ് അത് അവതരിപ്പിച്ചിരിക്കുന്നുവെന്ന് മാത്രം. രണ്ടു പേരും തിരിച്ചുവന്ന് സാക്ഷ്യം പറയില്ലല്ലോ.
No comments:
Post a Comment