1875നുശേഷം ആദ്യമായി ഒരു ഫ്രഞ്ച് പ്രസിഡന്‍റ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചത് 2009ലാണ്. ആ വര്‍ഷം ജൂണ്‍ 21ന് പ്രസിഡന്‍റ് നികളസ് സാര്‍കോസിയുടെ പ്രഭാഷണം കേള്‍ക്കാനായി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും വേഴ്സാ കൊട്ടാരത്തില്‍ സമ്മേളിച്ചു. പ്രസിഡന്‍റിന്‍െറ പ്രഭാഷണത്തിന്‍െറ ഉള്ളടക്കമെന്തെന്നല്ലേ? മുസ്ലിം സ്ത്രീകളുടെ തട്ടം. തലമറയ്ക്കുന്ന തട്ടം പൊതുവിടങ്ങളില്‍ നിരോധിക്കുന്ന ബില്‍ പാര്‍ലമെന്‍റ് പാസാക്കാന്‍ പോവുകയാണ്. അതിന്‍െറ മുന്നോടിയായാണ് ഈ മഹത്തായ പ്രഭാഷണം. പരമാവധി ഒരു മീറ്റര്‍ മാത്രം നീളം വരുന്ന ഒരു തുണിക്കഷണത്തിന്‍െറ കാര്യം ചര്‍ച്ചചെയ്യാന്‍ ലോകത്തിലെ വന്‍ശക്തികളിലൊന്നിന്‍െറ പാര്‍ലമെന്‍റ് സംയുക്ത യോഗം ചേരുന്നതും, അസാധാരണമായ നിലയില്‍ പ്രസിഡന്‍റ് ആ യോഗത്തെ അഭിമുഖീകരിക്കുന്നതും ഒരര്‍ഥത്തില്‍ കൗതുകകരം തന്നെ. തട്ടം മറയില്ലാത്ത ഒരു രാഷ്ട്രീയ പ്രശ്നവും രാഷ്ട്രീയ പ്രസ്താവനയുമായി മാറിയതിന്‍െറ തെളിമയാര്‍ന്ന അടയാളമായിരുന്നു അത്.
തട്ടം വെറുമൊരു തുണിക്കഷണമല്ലെന്ന് ദിനംദിനേന തെളിയിച്ചുകൊണ്ടിരിക്കുന്നത് തട്ട വിരോധികള്‍ തന്നെയാണ്. മുസ്ലിം കുട്ടികളെ തട്ടമിടാന്‍ അനുവദിക്കാതിരുന്ന ആലുവ നിര്‍മല ഹൈസ്കൂളിലേക്ക് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) പ്രവര്‍ത്തകര്‍ 2013 ജൂണ്‍ മൂന്നിന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു ചിത്രം സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ വ്യാപകശ്രദ്ധ നേടിയിരുന്നു. സ്കൂള്‍ ഗേറ്റില്‍ മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രകടനക്കാര്‍ക്കുനേരെ ലാത്തി വീശുന്നതാണ് ആ ഫോട്ടോ. പൊലീസും പ്രകടനക്കാരും തമ്മിലുള്ള സംഘര്‍ഷം ആകാംക്ഷയോടെ നോക്കിനില്‍ക്കുകയാണ് സ്കൂള്‍ ജീവനക്കാരായ, തല മറച്ച രണ്ട് കന്യാസ്ത്രീകള്‍! തലമറച്ചുകൊണ്ട് തന്നെ തലമറക്കാനുള്ള അവകാശത്തെ നിഷേധിക്കുകയായിരുന്നു ആ സ്കൂള്‍ അധികൃതര്‍. അപ്പോള്‍ പ്രശ്നം തുണിക്കഷണമോ തല മറക്കുന്നതോ അല്ല എന്നുവരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ അവരുടെയൊരു സാംസ്കാരിക ചിഹ്നം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന വര്‍ഗീയ ചിന്തയോ അധീശബോധമോ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതല്ലെങ്കില്‍, എപ്പോഴും സ്വന്തം മതചിഹ്നമായ തലപ്പാവ് ധരിച്ചു മാത്രം പ്രത്യക്ഷപ്പെടുന്ന ഒരാള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഇന്ത്യയില്‍ മുസ്ലിം പെണ്‍കുട്ടികളുടെ തട്ടം മാത്രം ഇത്രയും വലിയ പ്രശ്നമാകേണ്ട കാര്യമുണ്ടായിരുന്നില്ല. ഇസ്ലാമോ ഫോബിയ വലിയൊരു പകര്‍ച്ചവ്യാധിയായി നമ്മുടെ നാട്ടിലും ശക്തിപ്പെടുന്നതിന്‍െറ ചിത്രമാണ് അടിക്കടി ഉയരുന്ന തട്ട വിവാദങ്ങള്‍ തെളിയിക്കുന്നത്.
കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഈയിടെ ഇറങ്ങിയ 'നമ്പര്‍ എം.4/23261/2013/ഡി.പി.ഐ' എന്ന സര്‍ക്കുലര്‍ പ്രശ്നവത്കരിക്കപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. തട്ടമിട്ടതിന്‍െറ പേരില്‍ മുസ്ലിം പെണ്‍കുട്ടികള്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നതിന്‍െറ ഉദാഹരണങ്ങള്‍ കേരളത്തില്‍ വ്യാപകമാണ്. പൊതുസ്ഥലത്ത് മതചിഹ്നങ്ങള്‍ അണിയാന്‍ പാടില്ല എന്നൊക്കെ ചില മതേതര പ്രഭുക്കള്‍ ഇതിന് ന്യായം പറയാറുണ്ടെങ്കിലും പൊട്ടുതൊടുന്നതിന്‍െറയോ കുരിശു ധരിക്കുന്നതിന്‍െറയോ കന്യാസ്ത്രീകള്‍ അവരുടെ ആചാരവസ്ത്രം ധരിക്കുന്നതിന്റെയാ പേരില്‍ ഈ വക പ്രശ്നങ്ങള്‍ ഉണ്ടാവാറില്ല എന്നതാണ് സത്യം. ഈ പീഡനമാകട്ടെ, കാലാകാലങ്ങളായി തുടരുന്നതാണ് താനും. എന്നാല്‍, അടുത്ത ഏതാനും വര്‍ഷങ്ങളായി ഇതിനെതിരായ പ്രതിഷേധങ്ങളും വ്യാപകമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ കത്തോലിക്കാ സഭയുടെ വക്താവായ ഫാ. പോള്‍ തേലക്കാട്ടില്‍ ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. മുമ്പൊന്നുമില്ലാത്ത പ്രശ്നം ഇപ്പോള്‍ മാത്രമെന്തേ രൂക്ഷമാവാന്‍? ഒരര്‍ഥത്തില്‍ ഈ ചോദ്യം ശരിയാണ്. മുമ്പ് ഇല്ലാത്തവിധം ഈ പ്രശ്നം ഇന്ന് സജീവമാണ്. അതിനുകാരണം, 'മതമൗലികവാദ ശക്തികള്‍ ബോധപൂര്‍വം സമുദായ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ്' എന്നാണ് വിദ്യാഭ്യാസ വകുപ്പ് അയച്ച സര്‍ക്കുലറില്‍ അറ്റാച്ച് ചെയ്തിട്ടുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തട്ടം നിരോധിക്കുന്നതോ തട്ടം ധരിച്ചവരില്‍നിന്ന് ഫൈന്‍ ഈടാക്കുന്നതോ അല്ല, അത് പാടില്ല എന്ന് ജനാധിപത്യ രീതിയില്‍ പറഞ്ഞതാണ് കുഴപ്പം എന്നാണ് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും പറയുന്നത്.
മുമ്പില്ലാത്ത പ്രശ്നം ഇപ്പോള്‍ രൂക്ഷമാവുന്നതെന്ത് എന്ന ചോദ്യത്തിലേക്ക് വരാം. മുമ്പില്ലാത്ത പല പ്രശ്നങ്ങളും ഇന്ന് രൂക്ഷമാവുന്നുണ്ട്. അത് ജനാധിപത്യത്തിന്‍െറ വികാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ദലിതര്‍ ഭൂമിപ്രശ്നം ഇത്ര രൂക്ഷമായി മുമ്പ് ഉന്നയിച്ചിരുന്നില്ല. സ്വകാര്യത സംരക്ഷണത്തിന്‍െറ പ്രശ്നം ആക്ടിവിസ്റ്റുകള്‍ ഇന്ന് ഉന്നയിക്കുന്നതുപോലെ മുമ്പാരും ഉന്നയിച്ചിരുന്നില്ല. സ്ത്രീ സ്വാതന്ത്ര്യത്തിന്‍െറ വിഷയം ഫെമിനിസ്റ്റുകള്‍ ഇന്ന് ഉയര്‍ത്തുന്നതുപോലെ മുമ്പ് ഉയര്‍ത്തപ്പെട്ടിരുന്നില്ല. ജനാധിപത്യം വികസ്വരമാവുന്ന മുറക്ക് അവകാശങ്ങളെക്കുറിച്ച ബോധവും തിരിച്ചറിവും വ്യാപകമാവും. അത് നേടിയെടുക്കാനുള്ള സമരങ്ങള്‍ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുവരുകയും ചെയ്യും. അതിനെ സാമുദായിക സ്പര്‍ധ ഉണ്ടാക്കാനുള്ള മതമൗലികവാദികളുടെ ശ്രമമായി വ്യാഖ്യാനിക്കുകയും അവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശമടങ്ങിയ സര്‍ക്കുലര്‍ സ്കൂളുകള്‍ക്ക് മുഴുവന്‍ അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് അപകടകരമായിട്ടുള്ളത്. ജനാധിപത്യപരമായ ഉണര്‍വിനെ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല, അവയെ വര്‍ഗീയമുദ്ര കുത്തി അവമതിക്കാനുള്ള നീക്കം കൂടിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടത്തിയിരിക്കുന്നത്.
തട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും തുടരും; ഒരുപക്ഷേ ഇതിനേക്കാള്‍ രൂക്ഷമായി. ഇതാകട്ടെ, അടുത്തിടെ മാത്രം തുടങ്ങിയതുമല്ല. കേരളത്തില്‍ മാത്രം പരിമിതവുമല്ല. നമ്മുടെ ഇടത്-മതേതര സാംസ്കാരികത കാലങ്ങളായി ഭയത്തോടെയാണ് ഈ തുണിക്കഷണത്തെ നോക്കിക്കണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഈ നാട്ടില്‍ എന്തെല്ലാം സംവാദങ്ങളുണ്ടായിട്ടുണ്ട്. പര്‍ദക്ക് കറുപ്പ് നിറമാകയാല്‍, കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്നതാകയാല്‍, മുസ്ലിം സ്ത്രീകളെല്ലാം മതാധികാരത്തിന്‍െറ ചൂടില്‍ എരിയുകയാണെന്ന് 'മതേതര രക്ഷാധികാര ബുദ്ധിജീവികള്‍' മുമ്പ് എഴുതിയിട്ടുണ്ട്. ലോകത്തെങ്ങുമുള്ള പുരുഷ എക്സിക്യൂട്ടിവുകള്‍ കറുത്ത കോട്ട് ആണ് ധരിക്കുന്നതെന്ന യാഥാര്‍ഥ്യം അപ്പോള്‍ അവര്‍ മറന്നു. പര്‍ദ ധരിച്ചാല്‍ അള്‍സേഷ്യന്‍ പട്ടി കടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മലയാളത്തിലെ ഒരു ദേശീയ പത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയിരുന്നു. ഇത്തരത്തിലുള്ള മതേതര രക്ഷാധികാരത്തില്‍നിന്ന് കുതറിമാറി, സ്വന്തം വഴി സ്വയം വെട്ടിക്കണ്ടെത്തിയ പുതിയ തലമുറ മുസ്ലിംകളില്‍നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള ആധികളും സംരക്ഷണ തൃഷ്ണയും ഈ രക്ഷാധികാരികള്‍ നിരന്തരം പ്രസരിപ്പിച്ചുകൊണ്ടിരിക്കെത്തന്നെയാണ് തട്ടമിട്ട പെണ്‍കുട്ടികള്‍ നമ്മുടെ പൊതുജീവിതത്തിന്‍െറ സര്‍വ മണ്ഡലങ്ങളിലും ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. മതേതര രക്ഷാധികാരത്തിന്‍െറ സാധ്യത ഇല്ലാതാക്കുന്നതാണ് ഈ മുന്നേറ്റങ്ങള്‍. അതിനാലാണ് അവര്‍ ഇടക്കിടെ മുസ്ലിം പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട വ്യാജ വിവാദങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. അടുത്തിടെ പൊങ്ങിവന്ന 16ാം വയസ്സിലെ കല്യാണം അത്തരത്തിലുള്ള ഒന്നായിരുന്നു. വൃദ്ധരക്ഷാധികാരികള്‍ ചാനല്‍ മുറികളില്‍ വന്ന് ലാസ്യനടനമാടിയ സന്ദര്‍ഭമായിരുന്നു അത്. മുമ്പ് വിവാഹം കഴിഞ്ഞ പലര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം, ഗള്‍ഫ് യാത്രകള്‍ മുടങ്ങുന്ന ഒരു പശ്ചാത്തലത്തില്‍, അത്തരക്കാരെ സഹായിക്കാന്‍ തികഞ്ഞ മാനുഷിക പരിഗണനയില്‍ സര്‍ക്കാര്‍ എടുത്ത ഒരു തീരുമാനത്തിനെതിരെ, മുസ്ലിം പെണ്‍കുട്ടികളെയാകമാനം മതാധികാര ശക്തികള്‍ അരച്ചുകുഴച്ച് ചട്നിയാക്കുന്നുവെന്ന മട്ടില്‍ പ്രചാരണം നടത്തുകയായിരുന്നു അവര്‍. മുസ്ലിംകളുടെ കാര്യത്തില്‍ എപ്പോഴും 'പ്രത്യേക' താല്‍പര്യം കാണിക്കാറുള്ള വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള ഇടതുപക്ഷവും ഈ വൃദ്ധ സാംസ്കാരികതയോടൊപ്പം ചേര്‍ന്ന് ബഹളംവെക്കാന്‍ തുടങ്ങി. മുസ്ലിം പെണ്‍കുട്ടികളുടെ പഠനം മുടക്കുന്നതാണ് ഈ സര്‍ക്കുലര്‍ എന്നതായിരുന്നു അവരുടെ വാദം. എന്നാല്‍, പഠിക്കാന്‍ പോകുന്ന മുസ്ലിം പെണ്‍കുട്ടികളെ തട്ടമിട്ടതിന്‍െറ പേരില്‍ ആട്ടിപ്പായിക്കുന്നതിനെതിരെ ഇവര്‍ ഒന്നും മിണ്ടിയതുമില്ല. അതാണ് കാര്യം, നിങ്ങള്‍ എത്രത്തോളം മതേതരനാകുന്നുവോ, അത്രത്തോളം മുസ്ലിം വിരുദ്ധനാകേണ്ടി വരുന്നുവെന്ന, ഇസ്ലാമോഫോബിയക്കാലത്തെ സംത്രാസത്തില്‍പെട്ടു പോയവരാണവര്‍.
കേംബ്രിജ് യൂനിവേഴ്സിറ്റിയിലെ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് 2013 മാര്‍ച്ചില്‍ പുറത്തിറക്കിയ 'Narratives of Conversions to Islam in Britain; Female Perspectives' എന്ന 129 പേജുള്ള റിപ്പോര്‍ട്ട് ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമാവും (ഈ റിപ്പോര്‍ട്ടിനെ അവലംബിച്ച് Seeking Allah in the Midlands എന്നപേരില്‍ ദ ഹിന്ദു ദിനപത്രം 2013 മേയ് 24ന് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി). ഇസ്ലാമോ ഫോബിയയും മുസ്ലിം സ്ത്രീകളുടെ ദൈന്യതകളെക്കുറിച്ച മാധ്യമ/ മതേതര പ്രചാരണങ്ങളും നമ്മുടേതിനേക്കാള്‍ ശക്തമായ ബ്രിട്ടനില്‍ വെള്ളക്കാരായ സ്ത്രീകള്‍ ധാരാളമായി ഇസ്ലാമിനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ് പഠനം. ബ്രിട്ടനില്‍ ഒരു വര്‍ഷം ശരാശരി 50,000 പേര്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇവരില്‍ നല്ലൊരു ശതമാനം ഉയര്‍ന്ന പ്രഫഷനല്‍ മേഖലകളില്‍നിന്നുള്ള സ്ത്രീകളാണ്. ടോണി ബ്ളെയറിന്‍െറ ഭാര്യാസഹോദരി ലോറന്‍ ബൂത്, എം.ടി.വി അവതാരക ക്രിസ്റ്റീന ബേക്കര്‍, പ്രശസ്ത പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്ലി എന്നിവരെ റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു. സ്ത്രീകളെ ഇടിച്ചു ചമ്മന്തിയാക്കുന്ന ഒരു സംസ്കാരത്തിലേക്ക് സ്ത്രീകള്‍ വ്യാപകമായി ആകര്‍ഷിക്കപ്പെടുന്നതിന്‍െറ പ്രചോദനമെന്തെന്ന് നമ്മുടെ നാട്ടിലെ രക്ഷാധികാര ബുദ്ധിജീവികള്‍ ആലോചിക്കുന്നത് നന്നാവും. ഇവരെല്ലാവരും കൂടി നടത്തുന്ന നെഗറ്റിവ് കാമ്പയിനിങ് ഇസ്ലാമിന് ഗുണകരമായി ഭവിക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. ഇങ്ങനെ സ്ത്രീകള്‍ ഇസ്ലാമിനെ തെരഞ്ഞെടുക്കുമ്പോള്‍ അതിനെ ലൗ ജിഹാദ് എന്നുവിളിച്ച് അവമതിക്കാനാണ് പലരും മുതിരാറ്. അത് പിന്നെയും മുസ്ലിം സ്ത്രീയെ സംവാദ വെളിച്ചത്തില്‍ കൊണ്ടുനിര്‍ത്തുന്നു. അങ്ങനെ സ്കൂള്‍ ഗേറ്റില്‍നിന്നും ഓഫിസ് വളപ്പില്‍നിന്നും എത്ര ആട്ടിപ്പായിക്കാന്‍ ശ്രമിച്ചിട്ടും തട്ടം മറയാതെ, മായാതെ നമ്മുടെ സംവാദ മണ്ഡലത്തില്‍ പാറിക്കളിച്ചുകൊണ്ടേയിരിക്കുന്നു.
No comments:
Post a Comment